വെട്രിവേല്‍ യാത്ര: തമിഴ്‍നാട്ടില്‍ നൂറോളം ബിജെപി പ്രവർത്തകർ അറസ്റ്റിൽ

By Web TeamFirst Published Nov 8, 2020, 3:22 PM IST
Highlights

ചെന്നൈയിൽ നിന്നുമാണ് സംസ്ഥാന സർക്കാരിനെ ധിക്കരിച്ച് കൊണ്ട് സംസ്ഥാന ബിജെപി വേൽയാത്ര ഇന്ന് വീണ്ടും തുടങ്ങിയത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ്റെ നേതൃത്വത്തിലാണ് യാത്ര. 

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ നിർദ്ദേശം ലംഘിച്ച് വീണ്ടും വേൽയാത്ര നടത്തിയ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ മുരുകന്‍ ഉൾപ്പടെ നൂറുകണക്കിന് പ്രവർത്തകരാണ് അറസ്റ്റിലായത്. ചെന്നൈയ്ക്ക് സമീപം തിരുവോട്ടിയൂർ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

ചെന്നൈയിൽ നിന്നുമാണ് സംസ്ഥാന സർക്കാരിനെ ധിക്കരിച്ച് കൊണ്ട് സംസ്ഥാന ബിജെപി വേൽയാത്ര ഇന്ന് വീണ്ടും തുടങ്ങിയത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ്റെ നേതൃത്വത്തിലാണ് യാത്ര. അകമ്പടിയായി നൂറ് കണക്കിന് പ്രവർത്തകരാണ് റോ‍ഡിലിറങ്ങിയിരിക്കുന്നത്. സർക്കാർ അനുമതിയില്ലാതെ ആറാം തീയതി നടത്തിയ വേൽ യാത്ര സംസ്ഥാന സർക്കാർ തടയുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് തമിഴ്നാട്ടിൽ വിവാദമായിരുന്നു. എച്ച് രാജ ഉൾപ്പടെ നൂറോളം ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്താണ് അന്ന് യാത്രക്ക് തടയിട്ടത്. കൊവിഡ് വ്യാപനം കാരണമാണ് യാത്രക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതെങ്കിലും ഇത് അംഗീകരിക്കാൻ ബിജെപി തയ്യാറാകാത്തതാണ് പ്രശ്നം. 

മുരുകൻ്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ബാബ്റി മസ്ജിദ് തകർത്തതിൻ്റെ വാർഷിക ദിനമായ ഡിസംബർ 6 ന് അവസാനിക്കുന്ന വേൽയാത്ര വർഗീയവിദ്വേഷം ലക്ഷ്യമിട്ടെന്ന് ഡിഎംകെ ആരോപിക്കുന്നത്. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും മുൻനിര താരങ്ങളെയും യാത്രയിൽ അണിനിരത്താനായിരുന്നു ബിജെപി പദ്ധതി.

click me!