'സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെസി വേണുഗോപാൽ', ആരോപണവുമായി ബി ഗോപാലകൃഷ്ണൻ

By Web TeamFirst Published Jul 9, 2020, 12:30 PM IST
Highlights

"സ്വര്‍ണക്കടത്ത് വിഷയത്തിൽ കോൺഗ്രസിന്  യാതൊരു ആത്മാർത്ഥതയുമില്ല. സ്വപ്നയ്ക്ക് എയർഇന്ത്യയിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെയായിരുന്നു".

തൃശൂര്‍: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിൽ കോൺഗ്രസ് എംപി കെസി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. 'സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയിക്കുന്നതായും ഗോപാലകൃഷ്ണൻ ആരോപിച്ചു.

"സ്വര്‍ണക്കടത്ത് വിഷയത്തിൽ കോൺഗ്രസിന്  യാതൊരു ആത്മാർത്ഥതയുമില്ല. സ്വപ്നയ്ക്ക് എയർഇന്ത്യ സാറ്റ്‍സിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെയായിരുന്നു. കെസിയുടെ നേരിട്ടുളള ഇടപെടൽ ഇതിൽ ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സ്വർണക്കടത്തിന്‍റെ കരങ്ങൾ കോൺഗ്രസിന്‍റേതാണ്. സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയമുണ്ട്. കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേദം ആവശ്യപ്പെട്ടു.  കെസി വേണുഗോപാൽ മന്ത്രിയായിരികെ 2012- 2014 വരെ  നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 

സ്വപ്നയുടെ നിയമനം: ആരോപണം തെളിയിക്കാൻ കഴിയുമോ? ഗോപാലകൃഷ്ണനെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ

"ഐടി വകുപ്പിൽ നൂറ് കണക്കിന് പിൻവാതിൽ നിയമനങ്ങൾ, അമേരിക്കൻ പൗരയ്ക്ക് ജോലി നൽകി"; ആരോപണവുമായി ചെന്നിത്തല

അതേ സമയം സ്വർണക്കടത്ത് കേസിൽ സംസ്ഥാനസര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി. മുഖ്യആസൂത്രകയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന തെളിഞ്ഞ സ്ഥിതിക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്ഥാനം രാജിവയ്ക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയുടെ സ്ഥാനം തെറിക്കുന്ന അവസ്ഥവരെയുണ്ടായിട്ടും കേസിൽ എന്തു കൊണ്ടാണ് സംസ്ഥാന സർക്കാർ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാതിരിക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് മടിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു. കോഴിക്കോട് വച്ചു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

 

click me!