തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്‍റെ നിയമനത്തില്‍ പങ്കുണ്ടെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം തള്ളി കെസി വേണുഗോപാൽ. ഗോപാലാകൃഷ്ണന്റെ ആരോപണം തെറ്റിധാരണാജനകമെന്ന് കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യഥാർത്ഥ കേസിൽ നിന്ന് വഴി തിരിച്ച് വിടാനുള്ള ശ്രമമാണിത്. സ്വപ്നയുടെ നിയമനത്തിൽ പങ്കുണ്ടോ എന്ന് തെളിയിക്കാൻ ബിജെപി നേതാവിനെ വെല്ലുവിളിക്കുന്നുവെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. 

'സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെസി വേണുഗോപാൽ', ആരോപണവുമായി ബി ഗോപാലകൃഷ്ണൻ

സ്വപ്നയുടെ നിയമനത്തില്‍ കോൺഗ്രസ് എംപി കെസി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. "സ്വര്‍ണക്കടത്ത് വിഷയത്തിൽ ആരോപണവിധേയയായ സ്വപ്നയ്ക്ക് എയർഇന്ത്യ സാറ്റ്‍സിൽ ജോലി ലഭിച്ചത് കെസി വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെയായിരുന്നുവെന്നും വേണുഗോപാലിന്‍റെ നേരിട്ടുളള ഇടപെടൽ ഇതിൽ ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. കെസി വേണുഗോപാൽ മന്ത്രിയായിരികെ 2012- 2014 വരെ  നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച്  കെസി വേണുഗോപാൽ രംഗത്തെത്തിയത്.