Asianet News MalayalamAsianet News Malayalam

'ഐടി വകുപ്പിൽ നിരവധി പിൻവാതിൽ നിയമനം, അമേരിക്കൻ പൗരയ്ക്ക് ജോലി'; ചെന്നിത്തല

സർവീസ് റൂൾ ലംഘിച്ച ശിവശങ്കരനെ സസ്പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ മന്ത്രിസഭ യോഗം കൂടി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും വെല്ലുവിളി. 

illegal appointments under it department says chennithala demands cm resignation again
Author
Trivandrum, First Published Jul 9, 2020, 11:53 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കൻ പൗരത്വമുള്ള സ്ത്രീക്ക് ഐടി സ്റ്റാർട്ടപ്പ് മിഷനിൽ ജോലി കിട്ടിയത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷനിൽ സീനിയർ ഫെലോ ആയിട്ടാണ് അമേരിക്കൻ പൗരയെ നിയമിച്ചെതന്നാണ് ചെന്നിത്തലയുടെ ആരോപണം. കേരളത്തിലെ ഐടി വകുപ്പിൽ നൂറു കണക്കിന് അനധികൃത നിയമനങ്ങൾ നടക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. 

ഈ പിൻവാതിൽ നിയമനങ്ങൾ എല്ലാം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്ന് ചെന്നിത്തല പറയുന്നു. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രിൻസിപ്പൾ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കരനെ മാറ്റി നിർത്തിയത് കൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ ചെന്നിത്തല സർവീസ് റൂൾ ലംഘിച്ച ശിവശങ്കരനെ സസ്പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ എല്ലാ കൊളളയുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും അഗ്നിപർവതത്തിനു മുകളിൽ നിൽക്കുന്നത് സംസ്ഥാനമല്ല ഈ സർക്കാരാണെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ആ സ്ത്രീയെയും ശിവശങ്കരനെയും ന്യായീകരിച്ചു, പച്ചനുണ പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത് - ചെന്നിത്തല പറയുന്നു. 

മുഖ്യമന്ത്രി ശിവശങ്കരനെ ഭയപ്പെടുന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. ശിവശങ്കരൻ നിയമപരമായി തെറ്റു ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുൻകൂർ ജാമ്യമെടുക്കലാണ്. എല്ലാ കാലത്തും ശിവശങ്കരനെ സംരക്ഷിച്ച മുഖ്യമന്ത്രി തന്റെ കൈപൊള്ളുമെന്ന് കണ്ടപ്പോഴാണ് നടപടി എടുത്തത്. മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ മന്ത്രിസഭ യോഗം കൂടി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല വെല്ലുവിളിച്ചു. 

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധ ധർണ്ണയുടെ സംസ്ഥാന തല ഉൽഘാടനം മലയിൻകീഴ് ജംഗ്ഷനിൽ വച്ച് നിർവഹിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 

Follow Us:
Download App:
  • android
  • ios