നൂറ് രൂപയ്ക്ക് കശുവണ്ടി വാങ്ങും, മത്സ്യമേഖലയിൽ മണ്ണെണ്ണ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും: മന്ത്രിയുടെ ഉറപ്പ്

By Web TeamFirst Published Apr 10, 2020, 5:19 PM IST
Highlights

സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് മത്സ്യഫെഡ് നേരിട്ട് മണ്ണെണ്ണ വാങ്ങാനും ഇതിൽ സബ്‌സിഡി ലയിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യാനുമാണ് സർക്കാരിന്റെ ശ്രമം

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കശുവണ്ടി മേഖലയിലും മത്സ്യമേഖലയിലും തൊഴിലാളികളുടെ ആശങ്കകൾ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലൂടെ മന്ത്രി മേഴ്സിക്കുട്ടിയമ്മ പരിഹാരം കണ്ടു. മത്സ്യത്തൊഴിലാളി രംഗത്ത് മണ്ണെണ്ണ വിതരണം നടത്തുന്ന ഇടനിലക്കാരനെ ഒഴിവാക്കാനും നൂറ് രൂപയ്ക്ക് കശുവണടികൾ സംഭരിക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൊല്ലത്ത് നിന്ന് വിളിച്ച ഇല്ല്യാസ് എന്ന മത്സ്യത്തൊഴിലാളിയാണ് ഈ മേഖലയിൽ മണ്ണെണ്ണയുമായി ബന്ധപ്പെട്ട പ്രശ്നം പറഞ്ഞത്. അതേസമയം മണ്ണെണ്ണ വിതരണം ചെയ്യുന്ന ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് മത്സ്യഫെഡ് നേരിട്ട് മണ്ണെണ്ണ വാങ്ങാനും ഇതിൽ സബ്‌സിഡി ലയിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യാനുമാണ് സർക്കാരിന്റെ ശ്രമം. ഇതിനുള്ള നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെന്നും നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി ഉറപ്പുപറഞ്ഞു.

കേരളത്തിൽ കശുവണ്ടി കർഷകർക്ക് കാപെക്സ് പണം നൽകുന്നില്ലെന്നും കശുവണ്ടി സംഭരിക്കാനുള്ള സൗകര്യം സഹകരണ സംഘങ്ങൾക്ക് ഇല്ലെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. സംസ്ഥാനത്ത് വില കുറഞ്ഞ കശുവണ്ടി ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് കശുവണ്ടിക്ക് നൂറ് രൂപ തറവില നിശ്ചയിച്ചിട്ടുണ്ട്. 30 രൂപയുടെയെങ്കിലും വ്യത്യാസം വരും. 90 രൂപ വരെ കൊടുത്ത് ഏത് പ്രാദേശിക സംഘങ്ങൾക്കും കശുവണ്ടി സംഭരിക്കാം. കൊവിഡ് കഴിയുമ്പോൾ നൂറ് രൂപ കൊടുത്ത് സർക്കാർ ഇത് വാങ്ങുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ കശുവണ്ടി സൂക്ഷിക്കാൻ സൗകര്യം ഉണ്ടെന്നും കർഷകരോട് ഇത് ഉണക്കി നൽകാൻ പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കാസർകോട്ടെ പ്ലാന്റേഷൻ കോർപ്പറേഷനിൽ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി ഇവിടുത്തെ തൊഴിലാളി യൂണിയൻ നേതാവ് കൂടിയായ ബിസി കുമാരൻ വിശദീകരിച്ചു. എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നതായി മന്ത്രി പറഞ്ഞു. കാസർകോട്ടെ പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്ന് കശുവണ്ടി ശേഖരിക്കാൻ സംസ്ഥാനത്തെ കശുവണ്ടി കോർപ്പറേഷനും കാപെക്സും കഴിഞ്ഞ തവണ യുദ്ധം നടത്തി. ഉയർന്ന വില നിശ്ചയിച്ചാലും നമുക്ക് തരാതെ പുറത്തുകൊടുക്കുന്നതാണ് പ്ലാന്റേഷൻ അധികൃതരുടെ സമീപനം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഹെക്ടർ പ്രദേശത്ത് ഒരു തൊഴിലാളി എന്ന നിലയിൽ കശുവണ്ടി ശേഖരിക്കാൻ അനുമതി നൽകി. പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്ന് സർക്കാർ ശമ്പളം വാങ്ങുമെന്നും അവർ പറഞ്ഞു.

click me!