CPM's Thiruvathira : തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് വീണ്ടും സിപിഎമ്മിന്റെ തിരുവാതിരക്കളി

By Web TeamFirst Published Jan 15, 2022, 11:39 PM IST
Highlights

തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിരക്കളി തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്

തൃശ്ശൂർ: തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിരക്കളി തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്.  സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. 

കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ്  സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നു. പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ  പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.  

അതേസമയം, തിരുവാതിരക്കളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ തൽക്കാലത്തേയ്ക്കു നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി  ജില്ലാ നേതൃത്വം അറിയിച്ചു.  21 മുതൽ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം. പാറശ്ശാലയിൽ സിപിഎം ജില്ലാ നേതൃത്വം നടത്തിയ മെഗാ തിരുവാതിരയിൽ സംസ്ഥാന നേതൃത്വം വിശദീകരണം തേടാൻ തീരുമാനിച്ചിരിക്കെയാണ് പുതിയ തിരുവാതിര വിവാദം. 

പാർട്ടി വൈകാരിക ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ എതിരാളികൾക്ക് അവസരം നൽകിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും തിരുവാതിര ഒഴിവാക്കണമായിരുന്നുവെന്ന് വി.ശിവൻകുട്ടിയും പ്രതികരിച്ചു. സമ്മേളന പകിട്ട് കൂട്ടാനുള്ള വ്യഗ്രതയിൽ വകതിരിവ് മറന്ന തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്‍റെ നടപടിയിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. 

തളിപ്പറമ്പിൽ ചിതയെരിഞ്ഞടങ്ങും മുമ്പ് തന്നെ തലസ്ഥാനത്തെ ആൾക്കൂട്ടവും ആനന്ദനൃത്തവും പ്രവർകരേയും അനുഭാവികളെയും അടക്കം പാർട്ടി ശരീരത്തെയാകെ പൊള്ളിച്ചു. ഇടുക്കി കൊലപാതകത്തിൽ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധം സിപിഎം ഉയർത്തുമ്പോൾ പാറശാലയിൽ തിരുവാതിര നടത്തിയത് കെപിസിസി നേതാക്കൾ ആയുധമാക്കിയിരുന്നു. 

വിപ്ലവ തിരുവാതിരയിൽ ചുവട് പിഴച്ച ജില്ലാ നേതൃത്വം മറുപടി പറയേണ്ട നിലയാണിപ്പോൾ. വനിതാ സഖാക്കൾ തിരുവാതിരക്ക് തയ്യാറെടുത്തപ്പോൾ പിന്തിരിപ്പിക്കാനായില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ മറുപടി. ഇക്കാര്യത്തിലുണ്ടായ വീഴ്ചയും അവ‍ര്‍ തുറന്നു സമ്മതിക്കുന്നു.

click me!