സിലബസ് പുതുക്കി കണ്ണൂർ സർവകലാശാല; ഗാന്ധിയൻ, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും ഉൾപ്പെടുത്തി

By Web TeamFirst Published Sep 29, 2021, 3:44 PM IST
Highlights

ആർഎസ്എസ് സൈദ്ധാന്തികനായ എംഎസ് ഗോൾവാൾക്കർ എഴുതിയ ബഞ്ച് ഓഫ് തോട്ട്സ് ഉൾപെടെയുള്ള തീവ്ര ഹിന്ദുത്വ പാഠഭാഗങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതാണ് വൻ വിവാദത്തിന് കാരണമായത്

കണ്ണൂർ: വിവാദമായ പിജി സിലബസിൽ (PG Syllabus) മാറ്റം വരുത്തി കണ്ണൂർ സർവകലാശാല (Kannur University). പുതുതായി തുടങ്ങിയ പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് (PG Governance and Politics) മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് മാറ്റം വരുത്തിയത്. ദീൻ ദയാൽ ഉപാധ്യായ, ബൽരാജ് മദോക് എന്നിവരുടെ പുസ്തകങ്ങൾ സിലബസിൽ നിന്നും ഒഴിവാക്കി. ഗോൾവാൾക്കർ(MS Golwalkar), സവർക്കർ (Vinayak Damodar Savarkar) എന്നിവരുടെ കൃതികൾ വിമർശന വിധേയമാക്കി പഠിപ്പിക്കും. ഗാന്ധിയൻ(Gandhian), ഇസ്ലാമിക്(Islamic), സോഷ്യലിസ്റ്റ്(Socialist) ധാരകളും ഉൾപ്പെടുത്തും. പുതുക്കിയ സിലബസിന് സർവകലാശാല അക്കാദമിക് കൗൺസിൽ (Academic Council) അംഗീകാരം നൽകി. വിദഗ്ധ സമിതി നിർദ്ദേശങ്ങൾ പ്രകാരം ബോർഡ് ഓഫ് സ്റ്റഡീസാണ് പുതിയ സിലബസ് തയ്യാറാക്കിയത്.

ആർഎസ്എസ് സൈദ്ധാന്തികനായ എംഎസ് ഗോൾവാൾക്കർ എഴുതിയ ബഞ്ച് ഓഫ് തോട്ട്സ് ഉൾപെടെയുള്ള തീവ്ര ഹിന്ദുത്വ പാഠഭാഗങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതാണ് വൻ വിവാദത്തിന് കാരണമായത്. വിഡി സവർക്കർ, ബൽരാജ് മധോക്ക്, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങളും സിലബസിൽ ഉണ്ടായിരുന്നു. പ്രതിഷേധമുയർന്നതോടെ സിലബസിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. 

കേരള സർവകലാശാലയിലെ മുൻ പൊളിറ്റിക്കൽ സയൻസ് മേധാനി യു പവിത്രൻ, കാലിക്കറ്റ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് മേധാവിയായിരുന്ന ജെ പ്രഭാഷ് എന്നിവരാണ് സിലബസ് പരിശോധിച്ചത്. പ്രതിഷേധക്കാരുടെ നിലപാടിനെ ശരിവച്ച സമിതി സിലബസിൽ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സർവ്വകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങൾ അതുപോലെ ചേർക്കുന്നത് ശരിയല്ലെന്ന് സമിതി പറഞ്ഞു.

ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം മറ്റ് ചിന്താധാരകൾക്ക് പ്രാമുഖ്യം ലഭിച്ചില്ലെന്നും സമിതി കുറ്റപ്പെടുത്തി. ഇതടക്കം സിലബസിൽ ആകെ മാറ്റം കൊണ്ടുവരണമെന്നായിരുന്നു വിദഗ്ദ്ധ സമിതിയുടെ നിലപാട്. റിപ്പോർട്ട് യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലും പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസും ചർച്ച ചെയ്തു. പിന്നീടാണ് ഹിന്ദുത്വ വിഷയങ്ങൾ വിമർശനാത്മകമായി പഠിപ്പിക്കാനും ഗാന്ധിയൻ, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും ഉൾപ്പെടുത്താനും തീരുമാനമായത്.

click me!