കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റ് വേണമെന്ന് ആവര്‍ത്തിച്ച് സിഎജി, സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു

By Web TeamFirst Published Nov 12, 2019, 9:10 PM IST
Highlights

മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രാഹിമിനെ ഇറക്കി സിഎജിയെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍  ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെ ബകന്‍ പരാമര്‍ശത്തിലൂടെ ആരംഭിച്ച കിഫ്ബി വിവാദം പുതിയ തലങ്ങളിലേക്ക്. കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റ് നടത്താന്‍ അവസരമൊരുക്കണം എന്നാവശ്യപ്പെട്ട് സിഎജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) അയച്ച കത്തിലെ വിശദാംശങ്ങള്‍  പുറത്തു വന്നതോടെയാണ് വിഷയം കൂടുതല്‍ ഗൗരവം പ്രാപിക്കുന്നത്. കിഫ്ബിയില്‍ ചട്ടപ്രകാരമുള്ള ഓഡിറ്റിംഗ് നടക്കുന്നുണ്ടെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് സെക്ഷന്‍ 20 പ്രകാരം ഓഡിറ്റ് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎജി സര്‍ക്കാരിന് നല്‍കിയ കത്ത് പുറത്തുവന്നത്. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരവ്-ചിലവ് കണക്കുകള്‍ പരിശോധിച്ച് നിയമനിര്‍മ്മാണ സഭകളില്‍ റിപ്പോര്‍ട്ട് നല്‍കുന്ന ഭരണഘടനാ സ്ഥാപനമാണ് സിഎജി അഥവാ കണ്‍ട്രോളര്‍ ആന്‍ഡ് ഓ‍ഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ. സര്‍ക്കാരിന്‍റെ വരവും ചിലവും കൂടാതെ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിക്കാനും ഭരണഘടന സിഎജിക്ക് അധികാരം നല്‍കുന്നുണ്ട്. 

കിഫ്ബിയില്‍ ഓഡിറ്റ് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ വാദങ്ങളുടെ മുനയൊടിച്ച് എജിയുടെ കത്ത് വരുന്നത്. സെക്ഷൻ 14 പ്രകാരമുള്ള ഓഡിറ്റിന്‍റെ അപര്യാപ്തത കിഫ്ബിയിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചും സെക്ഷൻ 20 പ്രകാരം ഓഡിറ്റ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും  എജി സർക്കാരിന് പുതിയ കത്ത് നൽകി. നേരത്തെ നല്‍കിയ കത്തുകള്‍ക്ക് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ കത്ത് എജി നല്‍കിയത്. 

സിഎജിയുടെ അധികാരവും ഉത്തരവാദിത്തവും നിർണ്ണയിക്കുന്ന ഡിപിസി നിയമം സെക്ഷൻ 20 പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ആവശ്യമാണെന്നും  ഇതിനായി സർക്കാരിന് അയച്ച കത്തുകൾക്ക് ഇപ്പോഴും മറുപടി കാത്തിരിക്കുകയാണെന്നും എജി പുതിയ കത്തില്‍ വ്യക്തമാക്കുന്നു. 

19 ദിവസം മുന്‍പ് ഒക്ടോബര്‍ 24 ന് ചീഫ് സെക്രട്ടറിക്കാണ് എജി ഈ കത്ത് അയച്ചത്. കിഫ്ബി ഓഡിറ്റിനായി ഫെബ്രുവരി പതിനൊന്നിന് ചീഫ്സെക്രട്ടറിക്കയച്ച കത്തിന് ഇതു വരെ മറുപടി കിട്ടിയിട്ടില്ലെന്നും എജി ചൂണ്ടിക്കാണിക്കുന്നു. സെക്ഷൻ 14 അനുസരിച്ചുള്ള ഓഡിറ്റ് മതിയെന്ന് സർക്കാർ നിയമസഭയ്ക്കകത്തും പുറത്തും നടത്തുന്ന വാദങ്ങൾ പൊളിക്കുന്നതാണ് സിഎജി യുടെ പുതിയ കത്ത്. 

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ധനസെക്രട്ടറിക്കും ഈ വർഷം ഫെബ്രുവരിയിൽ ചീഫ് സെക്രട്ടറിക്കും മാർച്ചിൽ മുഖ്യമന്ത്രിക്കും നൽകിയ കത്തുകൾക്ക് സർക്കാർ എജിക്ക് മറുപടി നൽകിയിട്ടില്ലെന്നും ഇതോടെ വ്യക്തമാകുകയാണ്. സർക്കാരിന് പതിനായിരക്കണക്കിന് കോടിയുടെ തിരിച്ചടവ് ബാധ്യതയുള്ളകിഫ്ബിയിൽ സെക്ഷൻ 20 ഓഡിറ്റ് എന്തുകൊണ്ട് വേണമെന്നും 14 പ്രകാരമുള്ള ഓഡിറ്റ് എന്തുകൊണ്ട് അപര്യാപ്തമാണെന്നും സിഎജി കത്തിൽ വിശദീകരിക്കുന്നു. സർക്കാർ ഇക്കാര്യത്തിൽ ഇതു വരെ പറഞ്ഞതെല്ലാം എജി തള്ളുകയും ചെയ്യുന്നു. കിഫ്ബിയിൽ സെക്ഷൻ 14 പ്രകാരമുള്ള ഓഡിറ്റ് സാധ്യത പോലും വരും വർഷങ്ങളിൽ എങ്ങനെ ഇല്ലാതാവുമെന്നും എജി ചൂണ്ടിക്കാണിക്കുന്നു 

കിഫ്ബി ഓഡിറ്റ് വിവാദം മുറുകിയതോടെ കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.എം.ഏബ്രഹാമിനെക്കൊണ്ട് വിശദമായ കത്തയപ്പിച്ചായിരുന്നു സർക്കാരിൻറെ അനുനയ നീക്കം. സെക്ഷൻ 20 പ്രകാരമുള്ള ഓഡിറ്റ് ആവശ്യപ്പെട്ട് സിഎജി കത്തയച്ചിട്ടുള്ളത് സർക്കാരിന് മാത്രമാണ്. നിയമപ്രകാരമുള്ള ഈ നീക്കങ്ങളിൽ ഒരു പങ്കുമില്ലാത്ത കിഫ്ബി സിഇഒ പക്ഷേ വിചിത്രമായ ന്യായങ്ങൾ നിരത്തിയും വ്യക്തിപരമായ സ്മരണകൾ അയവിറക്കിയുമാണ് സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തിന് കത്തയച്ചത്. 

ചീഫ് സെക്രട്ടറിയായി റിട്ടയർ ചെയ്ത താൻ 2017 മുതൽ കിഫ്ബിയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. നാല് പതിറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതത്തിൽ എജിമാരുമായി പരസ്പര ബഹുമാനത്തോടെ നല്ല ബന്ധം പുലർത്തിയിട്ടുണ്ട്. ട്രഷറി കംപ്യൂട്ടർവൽക്കരണത്തിൻറെ അംഗീകാരത്തിനായി 1997 ൽ നേരിട്ട് ദില്ലിയിലെത്തി സാക്ഷാൽ സിഎജിയ്ക്ക് മുന്നിൽ വിശദാംശങ്ങൾ അവതരിപ്പിക്കാനായത് മനസ്സിൽ താലോലിക്കുന്ന ഓർമ്മയാണ്.

അങ്ങനെയുള്ള താൻ സിഎജി ഓഡിറ്റിന് എതിരു നിൽക്കുന്നുവെന്ന് കേൾക്കുന്നത് വെറുപ്പുളവാക്കുന്നതാണ്, വേദനാജനകമാണ്. ഒന്‍പത് പേജിൽ കെ.എം ഏബ്രഹാം എഴുതിയ ഈ കത്തിന്  എജിയുടെ മറുപടി പക്ഷേ മൂന്നേ മൂന്ന് വാചകങ്ങളിൽ ഒതുങ്ങി. സെക്ഷൻ 20 പ്രകാരമുള്ള ഓഡിറ്റ് ആവശ്യം സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. സർക്കാരിന്‍റെ മറുപടിക്കായി കാത്തിരിക്കുന്നു. മറപുടി കിട്ടുമ്പോള്‍ താങ്കളേയും അറിയിക്കാം. വ്യക്തിപരവും വൈകാരികവുമായി പ്രശ്നത്തിൽ ഇടപെടാനുള്ള കെ.എം.ഏബ്രാഹാമിന്‍റെ ശ്രമവും നേരിട്ട് മറുപടി നൽകാതെ വിവാദം അവസാനിപ്പിക്കാനുള്ള സർക്കാരിന്‍റെ കൗശലവും സിഎജിയുടെ ഈ മറുപടി കത്തില്‍ പൊളിഞ്ഞു.

അതേസമയം കിഫ്ബിയില്‍ സെക്ഷന്‍ 20 പ്രകാരമുള്ള ഓഡിറ്റ് വേണമെന്ന സിഎജിയുടെ ആവശ്യം ധനമന്ത്രി ഡോ.തോമസ് ഐസക് തള്ളിക്കളയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് സിഎജിക്ക് കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അതിനു മറുപടി നല്‍കുമെന്നും, സെക്ഷന്‍ 14 പ്രകാരമുള്ള ഓഡിറ്റ് മതിയെന്ന് താന്‍ ഫയലില്‍ തന്നെ എഴുതിയതാണെന്നും തോമസ് ഐസക് പറയുന്നു. ഇക്കാര്യം എന്തുകൊണ്ട് ചീഫ് സെക്രട്ടറി സിഎജിയെ അറിയിച്ചില്ലെന്നത് പരിശോധിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കിഫ്ബിയിലെ സമ്പൂർണ്ണ ഓഡിറ്റ് നിഷേധിച്ച സര്‍ക്കാര്‍ നടപടി പ്രതിപക്ഷം നിയമസഭയില്‍ ചര്‍ച്ചയാക്കിയെങ്കിലും ഇതിനു സര്‍ക്കാര്‍ വഴങ്ങിയില്ല. ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്ന കിഫ്ബിയിലെ സിഎജിയുടെ സമ്പൂർണ്ണ ഓഡിറ്റ് നിഷേധവും കിയാലിൽ ഓഡിറ്റ് അനുമതിയില്ലാത്തതുമായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയ നോട്ടീസിലെ വിഷയം. ചോദ്യോത്തരവേളയിൽ തന്നെ കിഫ്ബിയിൽ സെക്ഷൻ 14 പ്രകാരം സിഎജിക്ക് ഓഡിറ്റ് ചെയ്യാം എന്ന പഴയ നിലപാട് ധനമന്ത്രി ആവർത്തിച്ചു. പക്ഷെ 20 അനുസരിച്ചുള്ള സമ്മൂർണ്ണ ഓഡിറ്റ് വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നെങ്കിലും ധനമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

ഇന്നും നേരത്തെ പലതവണയും ചോദ്യോത്തരവേളയിൽ ഉന്നയിക്കപ്പെട്ടതിനാൽ സിഎജി ഓഡിറ്റ് പ്രശ്നം അടിയന്തിരപ്രമേയമായി പരിഗണിക്കാനാകില്ലെന്ന സ്പീക്കർ നിലപാടെടുത്തതോടെ സഭയില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. സ്പീക്കർ സർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ ചട്ടം പാലിക്കുക മാത്രമാണ് ചെയ്തതെന്ന് പി ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു.

click me!