Latest Videos

ചവിട്ടുനാടകം ഞങ്ങൾക്ക് കുടുംബക്കാര്യം കൂടിയാണ്; കലോത്സവ വേദിക്ക് പിന്നിൽ നിന്നും റോയ് പറയുന്നു

By Rini RaveendranFirst Published Jan 6, 2023, 7:15 PM IST
Highlights

കോഴിക്കോട് നിന്നും വയനാട് നിന്നുമുള്ള കുട്ടികളുണ്ട് റോയിക്ക്. ഒരു ടീം വേദിയിൽ നിന്നിറങ്ങി അധികം കഴിയും മുമ്പേ അടുത്ത ടീം വേദിയിലേക്ക്. മേക്കപ്പും പ്രോത്സാഹനവാക്കുകളുമായി റോയിയും സംഘവും ഗ്രീൻ‍റൂമിൽ തിരക്കിലാണ്. അതിനിടയിൽ ചവിട്ടുനാടകം തനിക്ക് കുടുംബക്കാര്യമാണ് എന്ന് പറയുകയാണ് റോയി.

തുനേരവും ചവിട്ടുനാടകത്തിന്റെ വിവിധ ശബ്ദങ്ങൾ മുഴങ്ങിയിരുന്ന മുറ്റം. എപ്പോഴും കലയും കലാകാരന്മാരുമായി നടന്നിരുന്ന അപ്പച്ചൻ. രാവുറങ്ങാതെ നീളുന്ന റിഹേഴ്സലുകൾ, അത് കാണാനായി തടിച്ചുകൂടിയിരുന്ന ജനങ്ങൾ. റോയിയുടെ ചവിട്ടുനാടകത്തിലേക്കുള്ള കടന്നുവരവ് ഒരു പുഴ വന്ന് കടലിൽ ചേരുന്നത് പോലെ സ്വാഭാവികമായിരുന്നു. ഇന്ന് റോയിയും മകനും കലോത്സവ വേദിയിൽ ചവിട്ടുനാടകത്തിന്റെ വിദ്യാർത്ഥികളുമായി നിൽക്കുന്നു. മൂന്ന് തലമുറകളായി ചവിട്ടുനാടകത്തെ നെഞ്ചേറ്റിയ കുടുംബമാണ് റോയിയുടേത്.

കോഴിക്കോട് നിന്നും വയനാട് നിന്നുമുള്ള കുട്ടികളുണ്ട് റോയിക്ക്. ഒരു ടീം വേദിയിൽ നിന്നിറങ്ങി അധികം കഴിയും മുമ്പേ അടുത്ത ടീം വേദിയിലേക്ക്. മേക്കപ്പും പ്രോത്സാഹനവാക്കുകളുമായി റോയിയും സംഘവും ഗ്രീൻ‍റൂമിൽ തിരക്കിലാണ്. അതിനിടയിൽ ചവിട്ടുനാടകം തനിക്ക് കുടുംബക്കാര്യമാണ് എന്ന് പറയുകയാണ് റോയി.

അപ്പച്ചനാണ് ശരിക്കും ആശാൻ

പത്ത് നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പാണ്. അന്ന്, എല്ലാ ദിവസവുമെന്നോണം ചവിട്ടുനാടകത്തിന്റെ പരിശീലനമുണ്ടാവും ഗോതുരുത്തിയിൽ നിന്നുള്ള ജോർജ്ജൂട്ടിയാശാന്റെ സംഘത്തിന്. മുറ്റം നിറയെ കാണികളായി ആളുകൾ. പരിശീലനമായാലും അവതരണമായാലും കാണാൻ മുന്നിൽ തന്നെയുണ്ടായിരുന്നു അന്ന് റോയിയും. അപ്പച്ചൻ അതിൽ കാണിക്കുന്നതൊക്കെ കാണുമ്പോൾ ഭയങ്കര കൗതുകമായിരുന്നു കുഞ്ഞുറോയിക്കും. അപ്പച്ചനും കൂട്ടരും ചവിട്ടുമ്പോൾ കൂടെച്ചവിട്ടാതിരിക്കുന്നതെങ്ങനെ? അവനും ചവിട്ടി.

പന്ത്രണ്ട് വയസായപ്പോഴാണ് റോയി രംഗത്തേക്കിറങ്ങുന്നത്. അന്ന് ഗീവർഗീസ് പുണ്യാളന്റെ നാടകം 15 വയസുള്ള കുട്ടികളെക്കൊണ്ട് ചെയ്യിച്ച് വേദിയിൽ കയറ്റുന്നുണ്ടായിരുന്നു. ആ സമയത്ത് ആദ്യമായി അപ്പച്ചന്റെ കൈ പിടിച്ച് റോയി രംഗത്ത് പ്രവേശിച്ചു. അത് കഴിഞ്ഞിപ്പോൾ വർഷം 36 കഴിഞ്ഞു. പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കിയേ ഇല്ല. മറ്റൊരു വഴിയും തെരഞ്ഞെടുക്കാൻ റോയിയെക്കൊണ്ട് കഴിയില്ല എന്നതായിരുന്നു സത്യം.

ചവിട്ടുനാടകത്തിൽ അച്ഛന്റെ അനുഭവം നോക്കിയാൽ ആരായാലും ഉപജീവനമാർഗമായി അത് തെരഞ്ഞെടുക്കാനൊന്ന് പേടിക്കുമെന്ന് റോയി പറയുന്നു. അത്രയും കഷ്ടപ്പാടുണ്ടായിരുന്നു കലാകാരനായ അപ്പച്ചന്. കലയ്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യൻ. എന്നാൽ, കലയിൽ നിന്നും ഒന്നും സമ്പാദിക്കാനായില്ല. അപ്പോഴും മരണം വരെ ആ മനസിൽ മായാതെ നിന്നത് ചവിട്ടുനാടകമായിരുന്നു എന്ന് റോയ് ഓർക്കുന്നു.

മരിക്കുന്നതിന് അഞ്ച് വർഷം മുമ്പ് തളർന്നുപോയി. മറ്റൊന്നും പറയാനൊന്നും സാധിക്കാത്ത അവസ്ഥ. എന്നാൽ, ആ അവസ്ഥയിലും ജോർജ്ജൂട്ടിയാശാൻ കല വിട്ടില്ല. ചവിട്ടുനാടകത്തിന്റെ ചുവടുകളും കവിത്വങ്ങളും എല്ലാം ഓർത്തു. ആ സമയത്തും അതെല്ലാം പറഞ്ഞുകൊണ്ടിരുന്നു. അത് കണ്ടപ്പോൾ റോയ് കൂടുതൽ ഉറപ്പിച്ചു, ഈ കലയ്ക്കൊരു ശക്തിയുണ്ട്. തന്റെ വഴിയും അത് തന്നെയാണ്. അന്ന് കുറേക്കാര്യങ്ങൾ അപ്പച്ചനിൽ നിന്നും എഴുതി വച്ച് പഠിച്ചു. ആ വഴിയിലൂടെ തന്നെ മുന്നോട്ട്...

കലോത്സവങ്ങളിലെ ചവിട്ടുനാടകം

കലോത്സവങ്ങളിൽ പങ്കെടുക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുക എന്നത് റോയിക്ക് വളരെ ഇഷ്ടവും സന്തോഷവുമുള്ള കാര്യം തന്നെയാണ്. കലോത്സവത്തിന് വന്നപ്പോൾ ചവിട്ടുനാടകത്തിന് കുറേക്കൂടി ഭംഗി കൂടി, ഭാവങ്ങൾ കൂടി, താളങ്ങൾ കൂടി, അഭിനയം കൂടി, വേഷവിധാനവും വളരെ നന്നായി എന്ന് റോയ് പറയുന്നു.

മറക്കാനാവില്ല ആ കുട്ടികളെ

സാധാരണ കലോത്സവങ്ങളിൽ കുട്ടികൾ ചവിട്ടുനാടകം പഠിക്കുന്നത് ഗ്രേസ് മാർക്കിനോ, ഒന്നാം സ്ഥാനത്തിനോ അല്ലെങ്കിൽ ആ ഒരു വർഷത്തേക്കോ വേണ്ടിയായിരിക്കും. എന്നാൽ, കൊവിഡിന് മുമ്പ് പുൽപ്പള്ളി വിജയ സ്കൂളിലെ കുട്ടികളെ പഠിപ്പിച്ചിരുന്നു. ആ സ്കൂളിലെ കുട്ടികൾ ചവിട്ടുനാടകത്തോട് വളരെ ആത്മാർത്ഥത കാണിച്ചു. കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും ഒക്കെ അങ്ങനെ തന്നെ ആയിരുന്നു. അങ്ങനെ അവിടുത്തെ പ്രദേശങ്ങളിലെ പള്ളികളിലും ചുറ്റുവട്ടങ്ങളിലും എല്ലാം അവർ ചവട്ടുനാടകം കളിച്ചു. പത്തോളം വേദികളിൽ അവർ അവതരിപ്പിച്ചു. മാതാപിതാക്കളെല്ലാം കൂടെനിന്നു. ആ കുട്ടികളെ ഒരിക്കലും മറക്കില്ല എന്ന് റോയ് പറയുന്നു.

ചവിട്ടുനാടകത്തിലെ പെൺകുട്ടികൾ

ഇത്തവണ കലോത്സവത്തിന് അഞ്ച് ടീമും പെൺകുട്ടികളായിരുന്നു. സമിതികളിലും ചവിട്ടുനാടകങ്ങളിൽ പെൺകുട്ടികളുണ്ട്. സ്ത്രീകളും പണ്ട് മുതലേ ഉണ്ട്. സ്ത്രീവേഷങ്ങൾ മിക്കവാറും ചെയ്യുന്നത് സ്ത്രീകൾ തന്നെയാണ്. എന്നാൽ, കലോത്സവത്തിന് എല്ലാ വേഷവും ചെയ്യുന്നത് പെൺകുട്ടികൾ തന്നെയാണ്. എല്ലാവരും വളരെ നന്നായി ചെയ്യുന്ന കുട്ടികളാണ്. പെട്ടെന്ന് പഠിക്കുന്നുണ്ട്. ആൺകുട്ടികൾക്ക് എന്നത് പോലെ തന്നെ ഗംഭീരമായി അവർ ചുവട് വയ്ക്കുകയും പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്നുണ്ട് എന്നും റോയ് പറയുന്നു.

ഭാര്യയും മക്കളുമുണ്ട് രംഗത്ത്

മോൻ മൂന്നാമത്തെ വയസിലും മകൾ ഒന്നരവയസിലും ചവിട്ടുനാടകത്തിൽ രംഗത്തെത്തി എന്ന് പറയുന്നതിലൂടെ ചവിട്ടുനാടകം ശരിക്കും തങ്ങൾക്ക് കുടുംബക്കാര്യമാണ് എന്ന് പറയുകയാണ് റോയ്. റോയിയുടെ അപ്പച്ചന്റെ ശിഷ്യയായിരുന്ന സിന്ധുവിനെയാണ് റോയ് വിവാഹം കഴിച്ചത്. സിന്ധുവും മകൻ റിദിലും മകൾ ആനും എല്ലാം അന്നും ഇന്നും ചവിട്ടുനാടകം ചെയ്യുന്നുണ്ട്.

ഇനി ഒരിക്കലും താഴില്ല ചവിട്ടുനാടകം

പന്ത്രണ്ടാം വയസിൽ നിന്നും 49 വയസിലെത്തിയപ്പോൾ ചവിട്ടുനാടകത്തിൽ എന്തൊക്കെ മാറ്റം വന്നു എന്ന് റോയ് പറയുന്നു. പണ്ട് വേഷം മൊത്തം വിവിധ പാർട്സുകളായിട്ടായിരുന്നു. പത്ത് പാർട്സൊക്കെ ഉണ്ടായിരുന്നു, പലതവണയായി പിന്നൊക്കെ കുത്തി വേണമായിരുന്നു അവ ധരിക്കാൻ. എന്നാൽ, ഇന്ന് അത്രയൊന്നും ബുദ്ധിമുട്ടണ്ടാതെ എളുപ്പത്തിൽ ധരിക്കാനാവുന്ന വസ്ത്രം വന്നു.

അതുപോലെ അന്ന് നാല് മണിക്കൂറ് കൊണ്ടൊക്കെയാണ് ഒരു ചവിട്ടുനാടകം അവതരിപ്പിച്ചിരുന്നത്. ഇന്ന് അത് ചുരുങ്ങി അര മണിക്കൂറിനുള്ളിൽ തീർക്കുന്നുണ്ട്. കിലോമീറ്ററുകളോളം തിരുവനന്തപുരത്ത് ചുവടുവച്ച് നടന്ന കാലവും ജോയി ഓർക്കുന്നു. 'അപ്പച്ചനുള്ള സമയത്ത് കനകക്കുന്ന് കളിക്കാൻ പോവും ടൂറിസ്റ്റ് വാരാഘോഷത്തിന്റെ ഭാഗമായി. അന്ന് റാലിയിൽ കളിക്കുമ്പോൾ 10 കിലോമീറ്റർ വരെയൊക്കെ ചുവടുവച്ച് പോയിട്ടുണ്ട്. മഴയൊക്കെ കൊണ്ട് നടന്ന കാലമുണ്ട്. എന്നാൽ, ഇന്നത്തെ കുട്ടികൾക്ക് അത്രയൊന്നും പോകാൻ സാധിക്കില്ല'.

ചവിട്ടുനാടകത്തിന് ഇനി ഒരിക്കലും താഴോട്ട് നോക്കേണ്ടി വരില്ല എന്നാണ് റോയ് ഉറപ്പ് പറയുന്നത്. പണ്ട് കഥകളില്ലാത്ത കാരണം നാടകം പ്രതിസന്ധിയിൽ ആയ ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് കഥകളുണ്ട്. 'ചുവടി ഫെസ്റ്റിന് വേണ്ടി ഏറ്റവും ആദ്യം കഥകളെഴുതിയത് ഞാനാണ്. വിശുദ്ധ സെബാസ്ത്യാനോസ്, അതിനുശേഷം ക്രൂശിതൻ, ഛത്രപതി ശിവജി തുട‌ങ്ങി അഞ്ച് കഥകളെഴുതി. എന്റെ കൂട്ടുകാരനാണ് സാബു പുളിക്കത്തറ. അദ്ദേഹവും പുതിയ കുറേ കഥകൾ രചിച്ചിട്ടുണ്ട്. അങ്ങനെ കഥകൾ ഒരുപാട് വരുന്നുണ്ട്. അതുകൊണ്ട് കലയുണ്ടോ അവിടെ ചവിട്ടുനാടകവും ഉണ്ടാകും' എന്നാണ് റോയ് പറയുന്നത്.  

റിദിലും പറയുന്നു, മരണം വരെ ചവിട്ടുനാടകവുമുണ്ടാകും

അച്ഛൻ രാജാവ്, അമ്മ രാജ്ഞി... അന്ന് മൂന്നുവയസുകാരൻ റിദിൽ അതേ ചവിട്ടുനാടകത്തിലൂടെ തട്ടിലേക്കിറങ്ങുന്നത് ഒരു വെള്ളം കോരുന്ന രംഗത്തിലാണ്. ഇന്ന് 'മന്ത്രി' വരെയായി പ്രൊമോഷൻ കിട്ടിയിട്ടുണ്ട്. എന്ന് മാത്രമല്ല, അച്ഛന്റെ വഴി പിന്തുടർന്ന് ചവിട്ടുനാടകം പരിശീലിപ്പിക്കുകയും ചെയ്യുന്നു ഈ 21 -കാരൻ.

'ഐസിഐസി സിലബസിലാണ് പഠിച്ചത്. അവിടെ കലോത്സവങ്ങളോ അതിൽ ചവിട്ടുനാടകമോ ഇല്ലായിരുന്നു. അങ്ങനെ ചവിട്ടുനാടകത്തിൽ മത്സരിക്കാൻ വേണ്ടി മാത്രം സ്റ്റേറ്റ് സിലബസിലേക്ക് മാറി. ഗോതുരുത്ത് സ്കൂളിലാണ് പിന്നെ പഠിച്ചത്. ജോർജുകുട്ടിയാശാന്റെ പേരക്കുട്ടിയാണ് എന്ന് പറഞ്ഞാൽ എല്ലാവരും അറിയും. ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞു, പുറത്തേക്ക് പോകാനാണ് നോക്കുന്നത്. എന്നാൽ, മരണം വരെയും ചവിട്ടുനാടകം കൂടെക്കാണും' എന്നാണ് റിദിലിന് പറയാനുള്ളത്.  

കള്ളന്മാർക്കിടയിലൊരു സത്യൻ, മികച്ച നടനായി കണ്ണൂരിലെ അർജ്ജുൻ

കാൻസറിനെ തോൽപ്പിച്ച പുഞ്ചിരി, അവനി നാട്ടിലേക്ക് മടങ്ങുന്നത് എ ​ഗ്രേഡോടെ

click me!