Asianet News MalayalamAsianet News Malayalam

കാൻസറിനെ തോൽപ്പിച്ച പുഞ്ചിരി, അവനി നാട്ടിലേക്ക് മടങ്ങുന്നത് എ ​ഗ്രേഡോടെ

ചികിത്സയും ആത്മവിശ്വാസവും പ്രിയപ്പെട്ടവരുടെ കരുതലും എല്ലാം അവനിയുടെ അതിജീവനം വേ​ഗത്തിലാക്കി. പലയിടങ്ങളിൽ നിന്നായി തന്നെയും തന്റെ പാട്ടിനെയും സ്നേഹിച്ച അനേകം മനുഷ്യർ തനിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്ന് അവനി പറയുന്നു. അവരോടെല്ലാം അവൾക്ക് നന്ദിയുണ്ട്. 

avani cancer survivor a grade state kalolsavam
Author
First Published Jan 6, 2023, 7:00 PM IST

പലരും കലോത്സവ വേദികളിൽ നിന്നും പോകുന്നത് പലയിടങ്ങളിലേക്കായിരിക്കും. എന്നാൽ, ഹയർ സെക്കൻഡറി വിഭാ​ഗം ശാസ്ത്രീയസം​ഗീത മത്സരത്തിൽ എ ​ഗ്രേഡും വാങ്ങി അവനി പോകുന്നത് കോഴിക്കോടുള്ള ഹോപ്പ് ചൈൽഡ് കാൻസർ കെയറിലേക്കാണ്. തിരികെ നാട്ടിലേക്ക് മടങ്ങും മുമ്പ് അവിടെയുള്ള കുഞ്ഞുങ്ങളെ വീണ്ടും കാണണം, സംസാരിക്കണം, അവർക്ക് കഴിയും പോലെ പ്രചോദനമാവണം. മത്സരദിവസത്തിന് തലേന്ന് വെഞ്ഞാറമൂട്ടിൽ നിന്നും അവനി എത്തിയതും അവി‌ടേക്ക് തന്നെയാണ്. കാൻസറിനെ പാട്ടുംപാടിത്തോൽപ്പിച്ച ഒരാളെന്ന നിലയിൽ ആ കുഞ്ഞുങ്ങളോട് മിണ്ടുക എന്നത് അവനിക്ക് വളരെ പ്രധാനപ്പെട്ട കാര്യം തന്നെ. 

മൂന്ന് വയസ് തൊട്ട് പാട്ടുപാടിത്തുടങ്ങിയ അവനി ആധികാരികമായി പാട്ട് പഠിച്ച് തുടങ്ങുന്നത് അഞ്ചാം വയസ് തൊട്ടാണ്. അന്ന് തൊട്ടിന്നോളം സം​ഗീതത്തെ അവൾ തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ചിട്ടുണ്ട്. കിളിമാനൂർ ശിവപ്രസാദ് എന്ന ​ഗുരുവിന്റെ കീഴിൽ അന്ന് തുടങ്ങിയ സം​ഗീത പഠനം ഇന്നും അവനി തുടരുന്നുണ്ട്. 

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവനി തനിക്ക് കാൻസറാണ് എന്ന് തിരിച്ചറിയുന്നത്. അത് തിരിച്ചറിയുന്നതും സം​ഗീതത്തിലൂടെ തന്നെയാണ്. വളരെ അനായാസമായി പാ‌ടിയിരുന്ന പലതും പാടുമ്പോൾ ശ്വാസം കിട്ടാത്ത അവസ്ഥ. അങ്ങനെയാണ് ആശുപത്രിയിൽ പോകുന്നത്. മൂന്നുനാല് ആശുപത്രികളിൽ കാണിച്ചു. അപ്പോഴെല്ലാം ജലദോഷവും പനിയുമാവും എന്നും പറഞ്ഞ് മരുന്ന് കൊടുത്തു മടക്കി. എന്നാൽ, അവസാനം പലവിധ ടെസ്റ്റുകൾക്കൊടുവിലാണ് കാൻസറാണ് എന്ന് തിരിച്ചറിഞ്ഞത്. 

ആദ്യം ഇതറിയുന്നത് അവനിയുടെ അച്ഛനും അമ്മയുമാണ്. അച്ഛനും അമ്മയും ആകെ തകർന്നു പോയി. കാൻസർ സെന്ററിന്റെ മുന്നിൽ വണ്ടിയിൽ ചെന്നിറങ്ങി അവിടെയുള്ള ബോർഡ് കാണുമ്പോഴാണ് കാൻസറാണ് തനിക്ക് എന്ന് അവനി തിരിച്ചറിയുന്നത്. പീഡിയാട്രിക്കിന്റെ ഒമ്പത് കീമോ ചെയ്തു. അഡൽറ്റിന്റെ എട്ട് കോഴ്സ്, 25 റേഡിയേഷൻ, പിന്നെ ഇരുപത്തിയാറ് ഇരുപത്തിയേഴ് മെയിന്റനൻസ് കീമോ ഒക്കെയും ചികിത്സയുടെ ഭാ​ഗമായി ചെയ്തു. 

പീഡിയാട്രിക്കിന്റെ കീമോ ചെയ്യുമ്പോഴൊന്നും ഒന്നും തോന്നിയിരുന്നില്ല. എന്നാൽ, അഡൽറ്റിന്റെ കീമോ ചെയ്തതോടെ താനാകെ കിടന്നുപോയി എന്ന് അവനി പറയുന്നു. എന്നാൽ, അന്നും അവനിയുടെ മനസിൽ ഒറ്റ ആ​ഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, തനിക്ക് പാടണം, എന്നിനി പാടാനാവും. 

എന്നാൽ, ചികിത്സയും ആത്മവിശ്വാസവും പ്രിയപ്പെട്ടവരുടെ കരുതലും എല്ലാം അവനിയുടെ അതിജീവനം വേ​ഗത്തിലാക്കി. പലയിടങ്ങളിൽ നിന്നായി തന്നെയും തന്റെ പാട്ടിനെയും സ്നേഹിച്ച അനേകം മനുഷ്യർ തനിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്ന് അവനി പറയുന്നു. അവരോടെല്ലാം അവൾക്ക് നന്ദിയുണ്ട്. 

ഭേദമായപ്പോൾ അവൾ വീണ്ടും ഒന്നേന്ന് പാടിത്തുടങ്ങി. പിന്നെയും പിന്നെയും പാടി. 'പഴനിയപ്പാ...' എന്ന ​ഗാനം കേട്ട് അനേകം മനുഷ്യർ അക്ഷരാർത്ഥത്തിൽ കരഞ്ഞു. ഇന്ന് എ ​ഗ്രേഡുമായി അവസാന സ്കൂൾ കലോത്സവത്തിന്റെ പടിയിറങ്ങുകയാണ് പ്ലസ്ടുക്കാരിയായ അവനി. കാൻസറിനെ പാട്ടുംപാടിത്തോൽപ്പിച്ച അവനിക്ക് ഒന്നേ മനുഷ്യരോട് പറയാനുള്ളൂ. പ്രതീക്ഷ കൈവിടരുത്, ജീവിതത്തെ സ്നേഹിക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios