
തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് 2015-ലെ വോട്ടർ പട്ടിക തന്നെ ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരന്‍. തദ്ദേശ തെരഞ്ഞെടുപ്പിനായി 2019-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കണമെന്ന എൽഡിഎഫിന്റേയും യുഡിഎഫിന്റേയും ആവശ്യം പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വി.ഭാസ്ക്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതോടെ 2015-ന് ശേഷം 18 വയസ് പൂര്‍ത്തിയായവരെല്ലാം വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കേണ്ടി വരും. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തവരുടെ പേരുകള്‍ തദ്ദേശതെരഞ്ഞെടുപ്പിനുള്ള പട്ടികയിലുണ്ടോ എന്ന് ഉറപ്പാക്കണം.
2019-ലെ പട്ടിക അടിസ്ഥാനമാക്കി വോട്ടർ പട്ടിക പുതുക്കാൻ 10 കോടിയോളം രൂപ വേണ്ടിവരുമെന്നും വാര്‍ഡ് വിഭജനം എന്ന ഭാരിച്ച ജോലി മുന്നില്‍ നില്‍ക്കുമ്പോള്‍ വോട്ടര്‍ പട്ടിക പുതുക്കുന്ന ജോലി കൂടി ഏറ്റെടുക്കുന്നത് അമിതഭാരം സൃഷ്ടിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നു. ഫെബ്രുവരിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം നല്‍കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വി.ഭാസ്കരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
2019- ലോക്സഭാ തെരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തെ എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2016 നിയസഭാ തെരഞ്ഞെടുപ്പിലും ഉപയോഗിച്ച വോട്ടര്‍ പട്ടിക നിയമസഭാ മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയാണെന്നും എന്നാല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് വേണ്ടത് വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നു.
2019-ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍ പട്ടിക തയ്യാറാക്കുകയാണെങ്കില്‍ അതിനായി വീണ്ടും വീടുകള്‍ തോറും എത്തി വിവരങ്ങള്‍ പരിശോധിക്കേണ്ടി വരും. ഇതിനായി പത്ത് കോടിയോളം രൂപ ചെലവാക്കണം എന്നാണ് ഏകദേശ കണക്ക്. ഇതോടൊപ്പം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ജനസംഖ്യാ അനുപാതത്തില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡ് വിഭജനം നടത്തി വോര്‍ട്ടര്‍മാരെ വേര്‍തിരിക്കുന്നത് തന്നെ വലിയൊരു ജോലിയാണ്. ഈ സാഹചര്യത്തില്‍ വോട്ടര്‍ പട്ടിക സമ്പൂര്‍ണമായി മാറ്റുന്നത് അസാധ്യമാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട്.
ജനസംഖ്യ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ പുനക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കുകയും യുഡിഎഫ് എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. വാര്‍ഡുകളെ വിഭജിക്കാനായി സര്‍ക്കാര്‍ ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഗവര്‍ണര്‍ വിജ്ഞാപനം അംഗീകരിച്ച് ഒപ്പിടുന്നതോടെ ഇതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരംഭിക്കും.
2011-ലെ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ വിഭജിക്കണം എന്ന് നേരത്തെ രണ്ട് തവണ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയം മൂലം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. വാര്‍ഡ് വിഭജനത്തില്‍ രാഷ്ട്രീയ അടിസ്ഥാനത്തിലായിരിക്കും എന്ന ആശങ്ക ഉയര്‍ത്തി ഈ പരിഷ്കാരത്തെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്.
അതേസമയം സര്‍ക്കാര്‍ തീരുമാനമായതിനാല്‍ എല്‍ഡിഎഫ് വാര്‍ഡ് വിഭജനത്തെ അനുകൂലിക്കുന്നു. എന്തായാലും വോട്ടര്‍ പട്ടിക പുതുക്കുന്നതിലും വാര്‍ഡുകള്‍ വിഭജിക്കുന്നതിലും ആശങ്കയ്ക്ക് വകയില്ലെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ വ്യക്തമാക്കി കഴിഞ്ഞു.
അതേസമയം 2015-ലെ വോട്ടര്‍ പട്ടിക വച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത്രയും കാലം സമയമുണ്ടായിട്ടും അവസാന ഘട്ടത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരിനും വീഴ്ച പറ്റിയിട്ടുണ്ട്. 2015 മുതല്‍ 2019 വരെയുള്ള നാല് വര്‍ഷത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരെല്ലാം ഇനിയും പേര് ചേര്‍ക്കണമെന്ന നിലപാട് അംഗീകരിക്കാനാവില്ല - കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam