കൊവിഡ്: പ്രവാസികളെ ജന്മനാട് സംരക്ഷിക്കും; കേരളത്തിൽ ഒട്ടനവധി സംരംഭങ്ങൾക്ക് സാധ്യതയെന്നും മന്ത്രി

By Web TeamFirst Published Apr 27, 2020, 4:09 PM IST
Highlights

പ്രവാസികളുടെ പുനരധിവാസം, സംരക്ഷണം, തൊഴിൽ, ചികിത്സ തുടങ്ങിയ എല്ലാ കാര്യത്തിലും സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ഒരു കോടിയോളം മലയാളികൾ കേരളത്തിന് പുറത്താണെന്ന് മന്ത്രി ഇപി ജയരാജൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പുനരധിവാസം, സംരക്ഷണം, തൊഴിൽ, ചികിത്സ തുടങ്ങിയ എല്ലാ കാര്യത്തിലും സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ സുരക്ഷിതത്വം ഗൗരവമേറിയ വിഷയമാണ്. കേരളത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾക്ക് ഒട്ടനവധി സാധ്യതകളുണ്ട്. എംഎസ്എംഇ യൂണിറ്റുകൾ ഇനിയും അവസരമുള്ളതാണ്. കൊവിഡ് കാലത്ത് തന്നെ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന പുതിയ സ്ഥാപനങ്ങൾ ഉണ്ടായി. അത്തരത്തിൽ സാധ്യതകൾ വളരെയേറെയാണ്. അതിനാൽ തന്നെ പ്രവാസികളെ ജന്മനാട് സംരക്ഷിക്കുമെന്നും അക്കാര്യത്തിൽ ഒരു ഭയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് 19 സംബന്ധിച്ച് എല്ലാ കാര്യങ്ങളും വിശദമായി തീരുമാനിക്കാനുള്ള സാഹചര്യമല്ല ഇപ്പോൾ. സാമ്പത്തിക രംഗത്തിന് വലിയ ആഘാതമാണ് കൊവിഡ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ എന്ന് വരെ തുടരും, രോഗഭീതി എന്നവസാനിക്കും എന്നൊന്നും പറയാറായിട്ടില്ല. ആപത്തിനെ കുറിച്ച് ഇപ്പോൾ ഒരു പൂർണ്ണതയിലെത്തി വിശകലനം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിയുടെ വിപത്ത് ഇന്നത്തെ അവസ്ഥയിൽ പുതിയ അനുഭവമാണ്. അസാധാരണ സാഹചര്യമായതിനാൽ സമൂഹത്തെ രോഗവിമുക്തമാക്കുന്നതിനാണ് ലോകരാഷ്ട്രങ്ങൾ പ്രാധാന്യം നൽകുന്നത്. ഭാവിയെ കുറിച്ച് എല്ലാവരും ഉത്കണ്ഠയിലാണ്. വ്യവസായികളെല്ലാം വല്ലാത്ത ഭയത്തിലാണ് ഉള്ളത്. നമ്മുടെ സംവിധാനത്തിൽ എല്ലാത്തിനെയും പ്രതിരോധിക്കാനാവും എന്നാണ് കരുതുന്നത്. 

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് മാസത്തെ വേതനം നൽകാൻ സംസ്ഥാനം സഹായിക്കണം കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹി സുബൈർ പറഞ്ഞു. നിശ്ചിത വൈദ്യുതി ചാർജ് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാഴ്ച മുൻപ് തന്നെ വൈദ്യുതിയുടെ ഫിക്സഡ് ചാർജ് ആറ് മാസത്തേക്ക് ഒഴിവാക്കാൻ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അത് കെഎസ്ഇബിക്ക് വലിയ ബാധ്യതയുണ്ടാക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായം കൂടി തേടിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പ്രവർത്തന മൂലധന വായ്പ, ടേം ലോൺ വായ്പ എന്നിവയ്ക്ക് ഇളവുകൾ നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് വാടക ഇളവ് നൽകണമെന്നാണ് തീരുമാനം. സർക്കാരും അനുബന്ധ സ്ഥാപനങ്ങളും മൂന്ന് മാസത്തേക്ക് വാടക ഇളവ് നൽകിയിട്ടുണ്ട്. കെട്ടിട ഉടമകളും ഇളവ് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ധന വിതരണ മേഖലയുമായി ബന്ധപ്പെട്ട ഇളവുകൾ സംസ്ഥാനത്തിന് തീരുമാനിക്കാനാവുന്നതല്ല, കേന്ദ്രം ഇടപെടേണ്ടതാണ്. അക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

വായ്പകളുടെ മൊറട്ടോറിയം കാലത്തെ പലിശ കൂടി ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്. ഇത് സർക്കാർ നൽകിയിരിക്കുന്ന വായ്പകളിൽ ലഭ്യമാക്കുന്നുണ്ട്. പലിശ കൂടി ഒഴിവാക്കാൻ ബാങ്കുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. റബ്ബർ ടാപ്പിങ് തൊഴിലാളികൾ ക്ഷേമനിധികളിൽ അംഗമാണെങ്കിൽ അതുവഴിയുള്ള സഹായധനം ലഭിക്കും. 

കേന്ദ്ര സർക്കാർ ഖനനത്തിന് അനുമതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ കരിങ്കൽ ക്വാറികൾ പ്രവർത്തിക്കാൻ നടപടികൊടുത്തു. സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും, കൂട്ടംകൂടി നിൽക്കാതെയും വേണം ഖനന പ്രവർത്തനങ്ങൾ നടത്താനെന്നും മന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

click me!