സാധാരണക്കാരന്റെ വെള്ളംകുടി മുട്ടിച്ച് പൊതുടാപ്പുകൾ ഇല്ലാതാകുന്നു; വാട്ടര്‍ അതോറിറ്റി എടുത്തുമാറ്റുന്നത് ഒന്നര ലക്ഷം ടാപ്പുകള്‍

By Sumam ThomasFirst Published Nov 11, 2019, 12:56 PM IST
Highlights

പൈപ്പിൻ ചുവടുകൾ കേരളത്തിന്റെ സാമൂഹിക ജിവിതത്തിന്റെ ഒരു പരിച്ഛേദം തന്നെയായിരുന്നു. എന്നാൽ പൊതുടാപ്പുകൾ ഇല്ലാതാകുന്ന കാലം വിദൂരമല്ല. ഒന്നരലക്ഷം പൊതുടാപ്പുകളാണ് കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ പോകുന്നത്. 

ഒരു കാലത്ത് കേരളത്തിലെ വാർത്താവിതരണ കേന്ദ്രങ്ങളായിരുന്നു പൈപ്പിൻ ചുവടുകൾ. പൈപ്പിൽ വെള്ളം വന്നോ എന്ന് അയൽവക്കത്തേയ്ക്ക് വിളിച്ചു ചോദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്. ഇന്നത്തെ തലമുറയ്ക്ക് അന്യമായ ആ പൈപ്പിൻ ചുവട്ടിലിരുന്ന് കുടം നിറയുന്ന ഇത്തിരി നേരം കേരളത്തിലെ വീട്ടമ്മമാർ ഒത്തിരി വിശേഷങ്ങൾ പങ്ക് വച്ചു. ക്യൂ നിന്ന് വെള്ളമെടുക്കുന്ന കാഴ്ചയൊക്കെ ഇന്ന് ചില സിനിമകളിൽ മാത്രമേ കാണാൻ സാധിക്കൂ. ചുരുക്കത്തിൽ പൈപ്പിൻ ചുവടുകൾ കേരളത്തിന്റെ സാമൂഹിക ജിവിതത്തിന്റെ ഒരു പരിച്ഛേദം തന്നെയായിരുന്നു. എന്നാൽ പൊതുടാപ്പുകൾ ഇല്ലാതാകുന്ന കാലം വിദൂരമല്ല. ഒന്നരലക്ഷം പൊതുടാപ്പുകളാണ് കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ പോകുന്നത്. 

പൈപ്പിൽ ചുവടുകളിലെ കൂട്ടുകൂടലുകൾക്ക് സമയമില്ലെങ്കിലും ഇപ്പോഴും ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സാണ് പൊതുപൈപ്പുകൾ. ഒന്നരലക്ഷം പൊതു പൈപ്പുകൾ എടുത്തു മാറ്റുന്നത് വഴി വാട്ടർ അതോറിറ്റി അത്രയും ആളുകളുടെ കുടിവെള്ളമാണ് ഇല്ലാതാക്കുന്നത്. കിലോമീറ്ററുകളോളം നടന്ന് വീടുകളിൽ കിണർവെള്ളം തേടിപ്പോയിരുന്നവർ ദൈനംദിന ആവശ്യങ്ങൾക്ക് ആശ്രയിച്ചിരുന്നത് പൊതുടാപ്പുകളെ‌ ആയിരുന്നു. ലക്ഷക്കണക്കിന് ആളുകൾ കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇപ്പോഴും ഉപയോ​ഗിക്കുന്നത് ഈ വെള്ളമാണ്. കുട്ടനാട് പോലെയുള്ള സ്ഥലങ്ങളിൽ ഇപ്പോഴും നല്ലൊരു ശതമാനം ആളുകളും പൊതുപൈപ്പുകളിൽ നിന്നാണ് വെള്ളമെടുക്കുന്നത്. 

ജലജീവൻ പദ്ധതി
കേന്ദ്രസർക്കാരിന്റെ ജലജീവൻ പദ്ധതി നടപ്പിൽ വരുത്തുന്നതിന്റെ ഭാ​ഗമായിട്ടാണ് പൊതുപൈപ്പുകൾ എടുത്തുമാറ്റുന്നതെന്ന് വാട്ടർ അതോറിറ്റി പറയുന്നു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അതായത് 2024 ഓട് കൂടി എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ജലജീവൻ പദ്ധതി. മോദി സർക്കാരിന്റെ ജലജീവൻ ദൗത്യത്തിന്റെ ഭാ​ഗമെന്നാണ് ഈ പദ്ധതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ​ഗജേന്ദ്ര സിം​ഗ് ഷെഖാവത്തിനാണ് ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജലഅതോറിറ്റി, ​ഗ്രാമപഞ്ചായത്തുകൾ എന്നിവ വഴിയാണ് 55 ലക്ഷം പൈപ്പ് കണക്ഷനുകൾ വീടുകളിലെത്തിക്കാൻ ലക്ഷ്യമിടുന്നത്. പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ചെലവ് പകുതിയിൽ കൂടുതൽ വഹിക്കുന്നത് കേന്ദ്ര സർക്കാരായിരിക്കും.

പൊതുപൈപ്പുകൾ ഇല്ലാതാകുമ്പോൾ 

സാധാരണക്കാരെയും ദരിദ്രരെയും ഭവനരഹിതരെയും സംബന്ധിച്ച് പൊതുടാപ്പുകൾ ഇല്ലാതാകുന്നത് വൻ തിരിച്ചടിയാണ്. തീരദേശ മേഖലകളിലും കോളനികളിലും താമസിക്കുന്നവരും ആദിവാസി വിഭാ​ഗത്തിൽ പെട്ടവരും വെള്ളത്തിന് ആശ്രയിക്കുന്നത് പൊതുപൈപ്പുകളെയാണ്. ഇവർക്ക് കുടിവെള്ളം കിട്ടാക്കനിയാകും. ഏറ്റവും പ്രധാനപ്പെട്ട വസ്തുത സർക്കാർ നൽകുന്ന ഒരു സൗജന്യം കൂടി ഇല്ലാതാകുന്നു എന്നാണ്. വീടുകളിൽ ലഭിക്കുന്ന പൈപ്പ് കണക്ഷനുകളുടെ എല്ലാ ബാധ്യതയും ഉപഭോക്താവിനായിരിക്കും. മറ്റൊരു രീതിയിൽ പറയുമ്പോൾ മീറ്ററിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കേണ്ടതും ഉപഭോക്താവിന്റെ ഉത്തരവാദിത്വമായി മാറും. പൊതുപൈപ്പുകൾ‌ ഇത്തരം പ്രതിസന്ധി ഉണ്ടാക്കുന്നില്ല. പൊതുപൈപ്പിൽ നിന്ന് എത്ര വേണമെങ്കിലും വെള്ളം എടുക്കാം. അതിന് കണക്ക് രേഖപ്പെടുന്നില്ല. എന്നാൽ സ്വകാര്യ കണക്ഷനുകളിൽ ജലഉപയോ​ഗത്തിന് നിയന്ത്രണം വരും. 

പൊതുടാപ്പുകൾ എടുത്ത് കളയുന്നതിലൂടെ ജനങ്ങൾ നിർബന്ധപൂർവ്വം സ്വകാര്യ കണക്ഷൻ എടുക്കേണ്ടിവരും. അത് ഉപഭോക്താവിന് കൂടുതൽ ചെലവ് വരാൻ കാരണമായിത്തീരും. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പോകുന്ന വഴിയിൽ കുഴിയെടുക്കുന്നത് മുതലുളള ജോലികളുടെ ചെലവ് ഉപഭോക്താവ് തന്നെ വഹിക്കേണ്ടി വരികയും ചെയ്യും. പൈപ്പ് കണക്ഷനുകളുടെ മറ്റൊരു പോരായ്മ കുത്തനെയുള്ള സ്ഥലങ്ങളില്‍ വെള്ളമെത്തില്ല എന്നാണ്. വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോളനികളും വീടുകളുമുള്ള നാടാണ് കേരളം. ഇവിടങ്ങളിലെ പൈപ്പ് കണക്ഷനുകൾ ജനങ്ങൾ പ്രയോജനപ്പെടുമോ എന്ന കാര്യം സംശയമാണ്. 

ഓരോ വർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 118 കോടി രൂപ പൊതുടാപ്പുകൾക്കായി നൽകുന്നുണ്ട്. ഇതിൽ 78 കോടി രൂപ ലഭിക്കുന്നത് പഞ്ചായത്തിൽ നിന്നാണ്. എന്നിട്ടും പൊതുടാപ്പുകൾ നഷ്ടത്തിലാണെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. ജലവിതരണം സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് പൊതു ടാപ്പുകൾ എടുത്തുകളയുന്നത് എന്ന വാദവും നിലനിൽക്കുന്നുണ്ട്. 

വാട്ടർ അതോറിറ്റി പറയുന്നു

​ഗ്രാമപ്രദേശങ്ങളിലും മറ്റും ഉൾമേഖലകളിലാണ് പൊതുപൈപ്പുകൾ ഉള്ളത്. പലയിടത്തും പൈപ്പിന്റെ ദുരുപയോ​ഗം കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഘട്ടംഘട്ടമായിട്ടാണ് പൊതുടാപ്പുകൾ എടുത്തുമാറ്റാൻ ഉദ്ദേശിക്കുന്നത്. അതുപോലെ വീടുകളിൽ പൈപ്പ് കണക്ഷൻ എത്തിച്ചതിന് ശേഷം മാത്രമേ പൊതു പൈപ്പ് എടുത്തുമാറ്റുകയുള്ള‌ൂ. പൊതുപൈപ്പിൽ നിന്ന് ജലമുപയോ​ഗിക്കുന്ന ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു നീക്കം. പദ്ധതി നടപ്പിൽ വരുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടേയുള്ളുവെന്നും വാട്ടർ അതോറിറ്റി അധികൃതർ കൂട്ടിച്ചേർക്കുന്നു. ടാപ്പുകൾ എടുത്തുമാറ്റുന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നിരുന്നാലും ജലവിതരണ സംവിധാനം തകരാറിലാക്കിയ നിരവധി പദ്ധതികൾ നമ്മുടെ കൺമുന്നിലുണ്ട്. ജലജീവൻ പദ്ധതി ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുമോ എന്നത് കാത്തിരുന്ന് കാണാം.  

click me!