സംസ്ഥാനത്തെ പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു

By Web TeamFirst Published Aug 21, 2019, 11:37 AM IST
Highlights

നിലവിൽ ഉരുൾപൊട്ടൽ മുൻകരുതലുകളില്ലെന്ന് വിശദീകരണം. പ്രാദേശികമായി കളക്ടർമാർ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും. 
 

തിരുവനന്തപുരം: സംസ്ഥാനത്ത് പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ഉരുൾപൊട്ടലിനെ  തുടർന്ന് ഏര്‍പ്പെടുത്തിയ നിരോധനമാണ് പിൻവലിക്കുന്നത്. നിലവിൽ ഉരുൾപൊട്ടൽ മുൻകരുതലുകളില്ലെന്നാണ് വിശദീകരണം. പ്രാദേശികമായി കളക്ടർമാർ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിൻവലിച്ചിരിക്കുന്നത്.

കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുൾപൊട്ടലിനും മണ്ണിടിച്ചലിനും പിന്നാലെയായിരുന്നു സംസ്ഥാനത്ത് പാറഖനനവും മണ്ണ് നീക്കലും നിരോധിച്ചത്. പശ്ചിമഘട്ടത്തിലെ പാറക്വാറികൾ ഉയർത്തുന്ന ഭീഷണി മാധവ് ഗാഡ്ഗിലടക്കമുള്ള വിദഗ്ധർ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണത്തെ ദുരന്തങ്ങളുടേയും കാരണങ്ങളിലൊന്നായി പരിസ്ഥിതി ശാസ്ത്രജ്ഞർ ഉന്നയിക്കുന്നത് ഖനനം തന്നെ. കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുന്നതിനിടെയാണ് പാറഖനനത്തിനുള്ള നിരോധനം സർക്കാർ പിൻവലിക്കുന്നത്.

പലയിടത്തും അനധികൃതമായും നിയമവിധേയമായും പ്രവർത്തിക്കുന്ന പാറമടകൾ മണ്ണിന്‍റെ സ്വഭാവത്തെ ബാധിക്കുന്നതായി ശക്തമായ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് 9-ാം തീയതി സംസ്ഥാന മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. 

പക്ഷെ ഖനനം നിരോധിച്ച് 11 ദിവസത്തിനുള്ളിൽ തന്നെ പിൻവലിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ നിലവില്ലാത്ത സാഹചര്യത്തിലാണിതെന്നാണ് വിശദീകരണം. അതേ സമയം പ്രാദേശികമായി കലക്ടർമാർ ഏർപ്പെടുത്തുന്ന നിരോധനം തുടരുമെന്ന് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 750 ക്വാറികളാണ് അനുമതിയോടെ പ്രവർത്തിക്കുന്നത്. എന്നാൽ കേരള ഫോറസ്റ്റ് ആന്‍റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ 5924 ക്വാറികൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് സംസ്ഥാനത്ത് അനുമതി കിട്ടിയത്. ഒരു വർഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടൺ പാറക്കല്ലുക‌ളാണെന്നാണ് കണക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉല്പാദനം കൂടിയാണിത്.

ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പഠിക്കാൻ ദുരന്ത നിവാരണ അതോറിറ്റി വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയും ശാസ്ത്രീയ പഠനത്തിനൊരുങ്ങുകയാണ്. ഇത്തരം പഠനങ്ങളെല്ലാം പൂർത്തിയാകും മുമ്പാണ് ഖനനത്തിനുള്ള പച്ചക്കൊടി .

ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും കണ്ണുമടച്ച് ഖനനം: ഒരു വർഷത്തിൽ അനുമതി കിട്ടിയത് 129 ക്വാറികൾക്ക്

.

click me!