ജനാഭിമുഖ കുര്‍ബാന: നിരാഹാരം തുടർന്ന് പുരോഹിതർ; ഒരു വൈദികന്റെ ആരോ​ഗ്യനില മോശമായി

By Web TeamFirst Published Jan 16, 2022, 1:15 AM IST
Highlights

അതിരൂപതാ സംരക്ഷണ സമിതി നേതാക്കളായ ഫാ. ബാബു ജോസഫ് കളത്തില്‍ സ്വകാര്യ ആശുപത്രിയിലും ഫാ. ടോം മുള്ളന്‍ചിറ രൂപത ആസ്ഥാനത്തുമാണ് നിരാഹാരം നടത്തുന്നത്. ഇതില്‍ ബാബു ജോസഫിന്‍റെ  ആരോഗ്യനില തൃപ്തികരമല്ല.

കൊച്ചി: ജനാഭിമുഖ കുര്‍ബാന അർപ്പിക്കാൻ എറണാകുളം അങ്കമാലി അതിരൂപതക്ക് ലഭിച്ച താല്‍കാലിക അനുമതി  സ്ഥിരമാക്കണമെന്നാവശ്യപെട്ട് അതിരുപതയിലെ വൈദികര്‍ നടത്തുന്ന അനിശ്ചിത നിരാഹാര സമരം അ‍ഞ്ചാം ദിവസത്തിലേക്ക്. അതിരൂപതാ സംരക്ഷണ സമിതി നേതാക്കളായ ഫാ. ബാബു ജോസഫ് കളത്തില്‍ സ്വകാര്യ ആശുപത്രിയിലും ഫാ. ടോം മുള്ളന്‍ചിറ രൂപത ആസ്ഥാനത്തുമാണ് നിരാഹാരം നടത്തുന്നത്. ഇതില്‍ ബാബു ജോസഫിന്‍റെ  ആരോഗ്യനില തൃപ്തികരമല്ല.

ഇന്നലെ സീറോമലബാര്‍ സിനഡ് പൂർത്തിയായെങ്കിലും ഏകീകൃക കുര്‍ബാനയിലുള്ള ഇളവ് സംബന്ധിച്ച് കാര്യമായ വിവരങ്ങളോന്നും പുറത്തുവിട്ടിട്ടില്ല. സിനഡ് ഇളവ് നല്‍കിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് അതിരൂപതയിലെ പുരോഹിതരുടെ തീരുമാനം. ഇന്ന് സിനഡ് യോഗത്തിലെ വിവരങ്ങള്‍ ലഭിച്ച ശേഷമാകും തുടര്‍ സമരപരിപാടികളെകുറിച്ച് പുരോഹിതര്‍ അന്തിമ തീരുമാനമെടുക്കുക.

നേരത്തെ, കെ റെയില്‍ വിഷയത്തിൽ ജനാഭിപ്രായം തേടണം എന്ന പ്രസ്താവന ഇറക്കിയ സിനഡ് സഭയുടെ ആരാധനാക്രമ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്ന് അതിരൂപത സംരക്ഷണ സമിതി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ തളിയൻ പറഞ്ഞിരുന്നു. വിശ്വാസികളെയും പുരോഹിതരെയും ചർച്ചയ്ക്ക് വിളിക്കാൻ പോലും സിനഡ് തയ്യാറാകുന്നില്ല. ബിഷപ്പ് ആൻ്റണി കരയിനെ മാറ്റാൻ സിനഡ് തീരുമാനിച്ചാൽ അപ്പോൾ പുരോഹിതർ ശക്തമായ നിലപാട് എടുക്കുമെന്നും ഫാ. സെബാസ്റ്റ്യൻ തളിയൻ വ്യക്തമാക്കിയിരുന്നു.

click me!