
തിരുവനന്തപുരം: തണ്ണീർത്തടങ്ങൾ നികത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സുപ്രീംകോടതി തടയിട്ടതോടെ ടെക്നോപാർക്ക് മൂന്നാം ഘട്ട വികസനം വഴിമുട്ടി. അമേരിക്കൻ കമ്പനിയായ ടോറസിനെ സഹായിക്കാൻ പരിസ്ഥിതി ചട്ടങ്ങളിൽ സർക്കാർ വെള്ളം ചേര്‍ത്തതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് തടസമായത്.
ടോറസുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി 2017 ഡിസംബറിലാണ് ടെക്നോപാർക്ക് സിഇഒ രണ്ട് മേഖലകളിലായി പത്തൊമ്പതര ഏക്കർ ഭൂമിയിൽ മണ്ണിട്ട് നികത്താൻ അനുമതി തേടുന്നത്. അപേക്ഷക്കെതിരെ റിപ്പോർട്ടിംഗ് അധികാരിയായ ആറ്റിപ്ര കൃഷി ഓഫീസർ ജൈവ വൈവിദ്ധ്യങ്ങൾ നിറഞ്ഞ തണ്ണീർത്തടങ്ങൾ നികത്താൻ പറ്റില്ലെന്ന് നിലപാട് എടുത്തു. വില്ലേജ് ഓഫീസർമാരും കൃഷി ഓഫീസർമാരും ജനപ്രതിനിധികളും ഉൾപ്പെട്ട പ്രാദേശിക തല നീരീക്ഷണ സമിതിയും നികത്തലിനെ എതിർത്തു.കുളങ്ങളും മറ്റ് ജലാശയങ്ങളും സ്ഥിരീകരിച്ച് സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്‍റ് എൻവയോണ്‍മെന്‍റൽ സെന്‍ററിന്‍റെ മാപ്പിംഗായിരുന്നു പ്രധാനം. എല്ലാ കണ്ടെത്തലുകളും അവഗണിച്ച് 2018 ഫെബ്രുവരിയിൽ സർക്കാർ ഇറക്കിയ അസാധാരണ ഉത്തരവോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
പൊതുആവശ്യത്തിനായി ഭൂമിയിൽ മാറ്റം വരുത്താം എന്ന് ചൂണ്ടികാട്ടിയായിരുന്നു സർക്കാർ ഉത്തരവ്. പിന്നാലെ 2018 മാർച്ച് 14ന് ടെക്നോപാർക്ക് ടോറസിന്‍റെ അനുബന്ധ കമ്പനികളുമായി പാട്ടക്കരാർ ഒപ്പിട്ടു. റിയൽ എസ്റ്റേറ്റ് ലക്ഷ്യങ്ങളുള്ള ടോറസിന് വേണ്ടി ഭൂമിയൊരുക്കാൻ ടെക്നോ പാർക്ക് തന്നെ ഒരുലക്ഷം ക്യുബിക്ക് മീറ്റർ മണ്ണടിച്ചെന്ന് വ്യക്തമാക്കുന്ന രേഖയും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ചട്ടലംഘനങ്ങളെല്ലാം വിശദമായി പ്രതിപാദിച്ച് പരിസ്ഥിതി പ്രവർത്തകനായ തോമസ് ലോറൻസ് കോടതിയെ സമീപിച്ചതോടെ ടെക്നോപാർക്കും ടോറസും കുരുക്കിലായി. പദ്ധതി നിർത്തി വക്കേണ്ടി വന്നു.
പരിസ്ഥിതി പ്രശ്നങ്ങളിൽ അടക്കം നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കും എന്ന് സർക്കാര് ആവര്ത്തിക്കുന്നതിനിടെയാണ് സ്വപ്ന പദ്ധതി അതേ പരിസ്ഥിതി പ്രശ്നങ്ങളിൽ ഉടക്കി മുടങ്ങി നിൽക്കുന്നത്. .പത്ത് കിലോമീറ്റർ മാറി പള്ളിപ്പുറത്ത് ഉപയോഗപ്രദമായ ഭൂമിയുണ്ടായിട്ടും പരിസ്ഥിതി പ്രാധാന്യമുള്ള ഈ ഭൂമി എന്തിനായിരുന്നു പരീക്ഷണം എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam