ബലക്ഷയമെന്ന് റിപ്പോർട്ട്: കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഗതാഗതമന്ത്രിയുടെ ഉത്തരവ്

By Web TeamFirst Published Oct 8, 2021, 4:32 PM IST
Highlights

കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസിനോട് ഐഐടി റിപ്പോർട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി നിർദ്ദേശം നൽകി.

കോഴിക്കോട്: വർഷങ്ങൾ നീണ്ട അനിശ്ചിതത്തിനൊടുവിൽ പ്രവർത്തനസജ്ജമായ കോഴിക്കോട്ടെ കെഎസ്ആർടിസി (KSRTC Kozhikode Terminal) കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ (Transport minister) ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്‍റെ (Chennai IIT) പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഉത്തരവ്.  കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസിനോട് ഐഐടി റിപ്പോർട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി നിർദ്ദേശം നൽകി.

നിർമാണ ഘട്ടത്തിൽ തന്നെ ഒട്ടേറെ വിവാദമുണ്ടായ കെട്ടിടമാണ് കോഴിക്കോട്ടെ കെഎസ്ആർടിസി സമുച്ചയം. നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടി പഠനം നടത്തിയത്.  ഐഐടിയിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിലുള്ള പഠനത്തിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്ന് സംഘം ശുപാർശ ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കും. തുടർന്ന് ബലപ്പെടുത്തലിനുള്ള നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കും. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ബലപ്പെടുത്താൻ 30 കോടി രൂപ കൂടി ചെലവിടാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.

കെട്ടിട നിർമാണം പൂർത്തിയാക്കിയിട്ടും വർഷങ്ങൾക്ക് ശേഷമാണ് കെഎസ്ആർടിസി പൂർണ തോതിൽ ഉപയോഗിച്ച് തുടങ്ങിയത്. ബലക്ഷയമുണ്ടെന്ന റിപ്പോർട്ട് വന്നതോടെ വീണ്ടും കോഴിക്കോട്ടെ കെഎസ്ആർടിസി സമുച്ചയത്തിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലായി. ബദൽ സംവിധാനം ഏർപ്പെടുത്താൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകൾ കെഎസ്ആർടിസിക്ക് മുന്നിലുണ്ട്. എട്ട് കിലോ മീറ്റർ അകലെയുള്ള പാവങ്ങാട് ഡിപ്പോയിലേക്ക് സർവ്വീസുകൾ മാറ്റുന്നത് അധിക ചെലവിനിടയാക്കും.  നഗരപരിധിയിൽ സ്ഥലം കണ്ടെത്തി താൽക്കാലിക സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി.

2015ലാണ് ഒൻപത് നിലകളിലായി രണ്ട് നിലയിൽ വ്യാപാര സമുച്ചയവും കെഎസ്ആർടിസി സ്റ്റാന്‍റും ഉൾപ്പെടുന്ന കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായത്. എന്നാൽ കൃത്യം ആറു വർഷത്തിനിപ്പുറം കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ട് വരുമ്പോൾ ആരാണ് അതിനുത്തരവാദികൾ എന്ന് വ്യക്തമാക്കേണ്ട ബാധ്യത അധികൃതർക്കുണ്ട്.
 

click me!