വെറുതെയിരിക്കാനുള്ളതല്ല റിട്ട. ജീവിതം; ലോക്ക്ഡൗണില്‍ പുതിയ സ്വപ്നങ്ങള്‍ കാണുകയാണ് ഈ അധ്യാപകന്‍

By Bibin BabuFirst Published Apr 30, 2020, 2:33 PM IST
Highlights

കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡ‍ൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുപ്പിന്‍റെ കൂടെ തന്‍റെ സ്വപ്നം കൂടെ യാഥാര്‍ഥ്യമാക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഈ റിട്ട. അധ്യാപകന്‍. ലോറിയും ബസും തുടങ്ങി റോഡ് റോളറും മെട്രോയും ഉള്‍പ്പെടെ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും കളിപ്പാട്ട വണ്ടികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് പരീത്.

കോട്ടയം: ''ഓ... എന്നാ പറയാനാന്നേ, കൊച്ച് രണ്ട് ദിവസം കളിച്ച് കഴിയുമ്പോള്‍ കളിപ്പാട്ട കാറിന്‍റെ പണി തീരും...'' കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ ഫാന്‍സി, ഗിഫ്റ്റ് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം നടത്തുന്ന കെ യു പരീത് കുഞ്ഞിന്‍റെ മുന്നില്‍ ഇതേ പരാതികള്‍ വന്നു കൊണ്ടേയിരുന്നു. സംഭവം ചൈനീസ് കളിപ്പാട്ടങ്ങള്‍ ജോറാണെങ്കിലും വേഗം നശിക്കുന്നുവെന്ന പരാതികള്‍ ആണെപ്പോഴും. 

ഇതിനൊരു പരിഹാരം കണ്ടേ പറ്റുകയുള്ളുവെന്ന് അന്നേ പരീത് മനസില്‍ കരുതി. മാനസികമായ ഉല്ലാസത്തിന് ചെറുപ്പം തൊട്ട് ചെയ്തു വരുന്ന തടി കൊണ്ടുള്ള കളിപ്പാട്ട വണ്ടികളുടെ നിര്‍മാണം അന്ന് മുതല്‍ അല്‍പ്പം 'സീരിയസ്' ആയി ചെയ്തു തുടങ്ങാന്‍ പരീത് തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ കൂടിയായ പരീതിന് പക്ഷേ കൂടുതല്‍ സമയം ഇതിനായി മാറ്റിവയ്ക്കാനായില്ല.  

അങ്ങനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചതോടെ കൂടുതല്‍ സമയം ഇതിനായി മാറ്റിവച്ചു. കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡ‍ൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുപ്പിന്‍റെ കൂടെ തന്‍റെ സ്വപ്നം കൂടെ യാഥാര്‍ഥ്യമാക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഈ റിട്ട. അധ്യാപകന്‍. ലോറിയും ബസും തുടങ്ങി റോഡ് റോളറും മെട്രോയും ഉള്‍പ്പെടെ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും കളിപ്പാട്ട വണ്ടികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് പരീത്. 

ലോക്ക്ഡൗണ്‍ സമയത്ത് മാത്രം ഇതുവരെ 30ല്‍ അധികം കളിപ്പാട്ട വണ്ടികള്‍ പരീത് നിര്‍മിച്ചു കഴിഞ്ഞു. തടി ഉപയോഗിച്ചാണ് കളിപ്പാട്ട വണ്ടികള്‍ ഉണ്ടാക്കുന്നത്.  90 ശതമാനവും പാഴ്വസ്തുക്കളാണ് നിര്‍മാണത്തിനായി പരീത് ഉപയോഗപ്പെടുത്തുന്നത്. ചക്രമുണ്ടാക്കുന്നതായിരുന്നു ഏറെ പ്രയാസകരം. എങ്ങനെ തടി വെട്ടിയെടുത്താലും ചക്രം ശരിയാകുന്നില്ലായിരുന്നു. അങ്ങനെയാണ് മറ്റൊരു ബുദ്ധി പ്രയോഗിച്ചത്. വര്‍ക്ക് ഷോപ്പുകളില്‍ പോയി ഓയില്‍ വരുന്ന ജാറിന്‍റെ അടപ്പ് ശേഖരിക്കും. 

അതിനുള്ളില്‍ സിമന്‍റ്  നിറച്ചു കഴിഞ്ഞ് കറുത്ത പെയിന്‍റ്  അടിച്ചു കഴിഞ്ഞാല്‍ ചക്രവും ശരിയാകും. മെട്രോ ട്രെയിന്‍റെ എ‍ഞ്ചിന്‍ മാത്രം തെര്‍മോക്കോള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്. മെട്രോയ്ക്ക് മോട്ടോര്‍ ഘടിപ്പിച്ചതിനാല്‍ തടി മാറ്റി തെര്‍മോക്കോള്‍ പരീക്ഷിച്ചു.  ഒരു തടിയുടെ ആകൃതി കാണുമ്പോള്‍ തന്നെ അതിനെ എങ്ങനെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് മനസിലാകുമെന്ന് പരീത് പറയുന്നു. 

അതിന് ശേഷം ആ തടി വെട്ടി മനസില്‍ കണ്ട ആകൃതിയിലേക്ക് മാറ്റിയെടുക്കുകയാണ് പ്രധാന പ്രക്രിയ. ആവശ്യക്കാരേറി വരുന്നതിനാല്‍ ഇപ്പോള്‍ മറ്റൊരു വരുമാനമാര്‍ഗം കൂടി പരീത് ഈ മേഖലയില്‍ കാണുന്നുണ്ട്. വിശ്രമജീവിതം കൂടുതല്‍ ആനന്ദകരമാക്കാനും ഒപ്പം വരുമാനമെന്ന നിലയിലും കൂടുതല്‍ കളിപ്പാട്ടങ്ങള്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഭാര്യ ഷഫാനിയും പരീതിന് പിന്തുണ നല്‍കി ഒപ്പമുണ്ട്. 

മക്കള്‍ രണ്ട് പേര്‍. മകന്‍ അന്‍സല്‍ എംടെക് പൂര്‍ത്തിയാക്കി നില്‍ക്കുന്നു. മകള്‍ ബിസ്മി എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. വലിപ്പമനുസരിച്ചാണ് കളിപ്പാട്ട വണ്ടികള്‍ വില നിശ്ചയിക്കുന്നത്. 100 മുതല്‍ 500 രൂപ വരെയൊക്കെ വിലയിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. കളിപ്പാട്ട വണ്ടികള്‍ വേഗം നശിക്കുന്നവെന്ന സ്ഥിരം പരാതി എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ തന്നെയാണ് എന്തായാലും പരീതിന്‍റെ ദൃഢനിശ്ചയം. 

click me!