ട്രംപും പുചിനും കണ്ടപ്പോള്‍ സംഭവിച്ചത്

By Alaka NandaFirst Published Jul 8, 2017, 12:39 PM IST
Highlights

ജി 20 ഉച്ചകോടിക്ക് രാഷ്ട്രത്തലവന്‍മാരെ ജര്‍മ്മനി സ്വാഗതം ചെയ്തത് പ്രതിഷേധങ്ങളോടെയാണ്. ട്രംപിനെതിരെയായിരുന്നു പ്രതിഷേധം കൂടുതലും. നാട്ടിലും കുഴപ്പങ്ങള്‍ കുറവായിരുന്നില്ല.

19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും. അതാണ് ജി 20. അമേരിക്ക, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി, സൗദി അറേബ്യ  എന്നിവരെല്ലാം ഇ്തില്‍ അംഗങ്ങളാണ്. ജര്‍മ്മനിയാണ് ഇപ്പോള്‍ അധ്യക്ഷ പദവിയില്‍.  ഇത്തവണ നോര്‍വേ, നെതര്‍ലന്റസ്്, സിംഗപ്പൂര്‍, ആഫ്രിക്കന്‍ യൂണിയന്‍ അപെക് എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്. സ്‌പെയിന്‍ സ്ഥിരം ക്ഷണിതാവാണ്.

ജി 20 ഉച്ചകോടിക്ക് രാഷ്ട്രത്തലവന്‍മാരെ ജര്‍മ്മനി സ്വാഗതം ചെയ്തത് പ്രതിഷേധങ്ങളോടെയാണ്. ട്രംപിനെതിരെയായിരുന്നു പ്രതിഷേധം കൂടുതലും. നാട്ടിലും കുഴപ്പങ്ങള്‍ കുറവായിരുന്നില്ല. ജി 20 ഉച്ചകോടിക്കായി ട്രംപ് അമേരിക്ക വിട്ടപ്പോള്‍ സര്‍ക്കാരിന്റെ എത്തിക്‌സ് മേധാവി രാജിവെച്ചു. ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെയും ബരാക് ഒബാമയുടെയും ഭരണകാലത്ത് എത്തിക്‌സ് മേധാവിയായിരുന്നു വാള്‍ട്ടര്‍ ഷോബ്. ട്രംപിന്റെ ഭരണകാലത്ത് എത്തിക്‌സ് നിയമങ്ങള്‍ തിരുത്തിയെഴുതണമെന്ന് തോന്നുന്നു എന്നുപറഞ്ഞാണ് വാള്‍ട്ടര്‍ രാജിവെച്ചൊഴിഞ്ഞത്. 

ജി 20 ഉച്ചകോടിക്ക് രാഷ്ട്രത്തലവന്‍മാരെ ജര്‍മ്മനി സ്വാഗതം ചെയ്തത് പ്രതിഷേധങ്ങളോടെയാണ്.

ട്രംപ് ഭരണമേല്‍ക്കുന്നതിനുമുമ്പുതന്നെ തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നു. തന്റെ വ്യവസായ സാമ്രാജ്യം മക്കള്‍ക്ക് കൈമാറാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തു വാള്‍ട്ടര്‍. അതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. ട്രംപിന്റെ കാബിനറ്റ് അംഗങ്ങളുടെ കാര്യത്തില്‍ അടുത്തത്. വൈറ്റ് ഹൗസിലെ നടപടികള്‍ക്ക് സുതാര്യത വേണമെന്ന വാള്‍ട്ടറിന്റെ അഭ്യര്‍ത്ഥന ട്രംപ് തള്ളിക്കളഞ്ഞു. പ്രസിഡന്റിന്റെ സംഘാംഗമായ കെല്ലിയാന്‍ കോണ്‍വേ ഫോക്‌സ് ന്യൂസ് പ്രേക്ഷകരോട് ഇവാന്‍കയുടെ വസ്ത്രങ്ങള്‍ വാങ്ങാന്‍ പറഞ്ഞതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു വാള്‍ട്ടര്‍. ഉണ്ടായില്ല. എന്തായാലും ഇനി അടുത്ത എത്തിക്‌സ് മേധാവിയെ തെരഞ്ഞെടുക്കണം ട്രംപ്.  ജി 20 ഉച്ചകോടി കഴിഞ്ഞ് തിരിച്ചെത്തുന്നവഴി അതുണ്ടാകും.

ജി 20നെത്തിയെ ട്രംപിനെ എതിരേറ്റതും പ്രതിഷേധങ്ങളാണ്. 'നരകത്തിലേക്ക് സ്വാഗതം' എന്നെഴുതിയ ബാനറുകളുമായി പ്രതിഷേധക്കാര്‍ ഹാംബര്‍ഗ് നഗരത്തില്‍ ദിവസങ്ങള്‍ക്കുമുമ്പേ എത്തിയിരുന്നു, ട്രംപിനോട് മാത്രമായിരുന്നില്ല എതിര്‍പ്പ്. തുര്‍ക്കി പ്രസിഡന്റ തയ്ബ് എര്‍ദോഗന്‍, റഷ്യന്‍ പ്രസിഡന്റ് പ്രസിഡന്റ് വ്‌ളാദീമീര്‍ പുചിന്‍ എന്നിവരെയും ലക്ഷ്യമിട്ടു, പ്രകടനങ്ങള്‍. രാജ്യത്തെ തുര്‍ക്കി സ്വദേശികളോട് സംസാരിക്കാനുള്ള എര്‍ദേഗന്റെ നീക്കം  ജര്‍മ്മനി തടഞ്ഞിരുന്നു. രാജ്യത്തെ കുര്‍ദ്ദുകള്‍ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നു, എര്‍ദോഗനെതിരായി. 

മുതലാളിത്ത വ്യവസ്ഥിതകളോടു മുഴുവനുള്ള ഇടതുസംഘടനകളുടെ പ്രതിഷേധമാണ് ആളിക്കത്തിയത്. സംഗതി ഗുരുതരമാകുമെന്ന് ഒരു സംശയം നഗരാധികൃതര്‍ക്കും ഉണ്ടായി. അതുകൊണ്ട് കനത്ത സുരക്ഷയുമൊരുക്കി. പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റമാണ് പ്രതിഷേധങ്ങള്‍ക്ക് ഒരു കാരണം. കാലാവസ്ഥാ കരാറിനൊപ്പം ട്രാന്‍സ് പസഫിക് കരാറില്‍നിന്നുള്ള പിന്‍മാറ്റം ഉച്ചകോടിയിലും വിഷയമാണ്. 

മറ്റൊരു രസകരമായ സംഭവം ജര്‍മ്മന്‍ ചാന്‍സലറിന്റെ കണ്ണുരുട്ടലാണ്,

ഉരുക്കിന്റെ ഇറക്കുമതിയില്‍ ട്രംപ് ഏര്‍പ്പെടുത്താനാലോചിക്കുന്ന നിയന്ത്രണങ്ങളാണ് മറ്റൊരു വിഷയം.അമേരിക്ക യൂറോപ്യന്‍ യൂനിയനില്‍നിന്നും രാജ്യങ്ങളുമായുള്ള സഹകരണത്തില്‍നിന്നും പിന്‍മാറുന്നുവെന്ന വിമര്‍ശനവും അതൃപ്തിയും കൂടിവരികയാണ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍. അതിനിടെ യൂറോപ്യന്‍ യൂണിയനും ജപ്പാനും തമ്മില്‍ സ്വതന്ത്രവ്യാപാര കരാറൊപ്പിട്ടു. ജപ്പാനില്‍നിന്ന് കാറുകളും യുയൂവില്‍നിന്ന് ഡെയറി ഉത്പന്നങ്ങളും ഇനി അതിര്‍ത്തി കടക്കും. 2012ല്‍ തുടങ്ങിയ ചച്ച കള്‍ ഇടക്കുവെച്ച് മുടങ്ങിയിരുന്നു. പക്ഷേ അമേരിക്കയുടെ പിന്‍വലിയല്‍ ചര്‍ച്ച്കള്‍ വീണ്ടും തുടങ്ങാന്‍ കാരണമായി. സ്വയം ചുരുങ്ങുന്ന ട്രംപിന്റെ അമേരിക്കക്കുള്ള  തിരിച്ചടിയാണത്.

എന്തായാലും ഉച്ചകോടിക്കിടെ ട്രംപും പുചിനുമായി ആദ്യത്തെ കൂടിക്കാഴ്ച നടന്നു. ചര്‍ച്ചചെയ്തത് അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലാണ്. തങ്ങള്‍ ഇടപെട്ടിട്ടില്ലെന്ന പുചിന്റെ വാദം ട്രംപ് അംഗീകരിച്ചുവെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ പക്ഷം. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രി റെക്‌സ് ടില്ലര്‍സണ്‍ പറഞ്ഞത് മറ്റൊന്നാണ്. ഇക്കാര്യത്തില്‍ ഒരു ധാരണയുണ്ടാകാന്‍  പ്രയാസം എന്നായിരുന്നു ടില്ലര്‍സണിന്റെ വിശദീകരണം. 

സിറിയയും ഭീകരവാദവും സൈബര്‍ സുരക്ഷയും ഒക്കെ ഇവിടെ ചര്‍ച്ചാവിഷയമായി. പ്രതീക്ഷിച്ചതിലും നീണ്ടു, ചര്‍ച്ചകള്‍. നിര്‍ത്തിക്കിട്ടാനായിരുന്നു പ്രയാസം എന്നുപറഞ്ഞു, ടില്ലര്‍സണ്‍. ചര്‍ച്ച നിര്‍ത്താന്‍ മെലാനിയയെ മുറിക്കുള്ളിലേക്കയച്ചു ട്രംപ് സംഘം. ഫലമുണ്ടായില്ല,  അത്രമാത്രം സൗഹൃദം സ്ഥാപിച്ചത്രേ രണ്ടുപേരും . സിറിയയുള്‍പ്പടെ സഹകരണത്തിനും സമ്മതിച്ചും രണ്ടുകൂട്ടരും . റഷ്യന്‍ പക്ഷം തൃപ്തരായാണ് തിരിച്ചുപോയത്. പക്ഷേ സമ്മതിച്ചതൊക്കെ നടപ്പാക്കാന്‍ ട്രംപിന് കഴിയുമോ എന്നുറപ്പില്ല, റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ നേരിടുന്ന ആരോപണങ്ങളുടെ കരിനിഴല്‍ നിലനില്‍ക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും. 

എന്തായാലും പ്രതിഷേധങ്ങള്‍ കാരണം അമേരിക്കന്‍ പ്രഥമവനിത മെലാനിയയ്ക്ക്  മറ്റുള്ളവര്‍ക്കൊപ്പം കാഴ്ചകള്‍ കാണാന്‍ പോകാന്‍ പറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഉച്ചകോടിക്കിടെ നടന്ന മറ്റൊരു രസകരമായ സംഭവം ജര്‍മ്മന്‍ ചാന്‍സലറിന്റെ കണ്ണുരുട്ടലാണ്, കണ്ണുരുട്ടിയത് റഷ്യന്‍ പ്രസിഡന്റ് വ്‌ലദീമീര്‍ പുചിനുമായി സംസാരിക്കുന്നതിനിടെയും . എന്താണവര്‍ സംസാരിച്ചതെന്ന് ഉറപ്പില്ല, അത് ഊഹിച്ചെടുത്ത് വ്യാഖ്യാനിച്ച് ആഘോഷിക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.

click me!