ചിറകു മുളയ്ക്കുംവരെ മക്കളെ  ചിറകിനടിയില്‍ കാത്തുവയ്ക്കണം

By അഞ്ജു ആന്റണിFirst Published Sep 20, 2017, 4:32 PM IST
Highlights

കുഞ്ഞിനും കരിയറിനുമിടയിലെ അമ്മ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച സംവാദം തുടരുന്നു. 

മാധവിക്കുട്ടിയുടെ ആത്മകഥയില്‍ അവരുടെ അമ്മയെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗം എന്നെ തെല്ലൊന്നുമല്ല അത്ഭുതപെടുത്തിയത്.. വീട്ടിലെ സകല ഉത്തരവാദിത്തങ്ങളും ജോലിക്കാര്‍ക്ക് വിട്ടുകൊടുത്തിട്ട് കാരയ്ക്കയും ചവച്ചുകൊണ്ട് കട്ടിലില്‍ കമഴ്ന്നുകിടന്നു എഴുതുകയോ വായിക്കുകയോ ചെയ്യുന്ന അമ്മ! ആഡംബരഭ്രമം തീരെയില്ലാതെ  ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുറുകെപിടിച്ചിരുന്ന സാത്വികരായ തന്റെ മാതാപിതാക്കള്‍ക്ക് സകല ദുര്‍ഭൂതങ്ങളാലും ദംശനമേറ്റ താനെന്ന മകള്‍ എങ്ങനെയുണ്ടായി എന്ന് മാധവിക്കുട്ടി അതിശയിക്കുന്നുണ്ട്.

എന്നെ സംബന്ധിച്ച്  വളരെ ആശയക്കുഴപ്പമുണ്ടാക്കിയ ഒരു വിഷയമാണ് കുടുംബത്തിലെ അമ്മയുടെ അല്ലെങ്കില്‍ അച്ഛനമ്മമാരുടെ റോള്‍. വ്യക്തികള്‍ എന്ന നിലയില്‍ സര്‍വസ്വാതന്ത്ര്യങ്ങളുമുണ്ടെങ്കിലും തങ്ങളില്‍ നിന്നും ജനിച്ച മക്കള്‍ക്ക്  തിരിച്ചറിവാകുന്നതു വരെയെങ്കിലും എല്ലാ തലത്തിലുമുള്ള ശ്രദ്ധയും  സംരക്ഷണവും നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്നും യാതൊരു കാരണവശാലും മാതാപിതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.. 

കുടുംബത്തില്‍ അച്ഛനോ അമ്മയോ രണ്ടുപേരും ഒരുമിച്ചോ ആ കര്‍മ്മം നിര്‍വഹിക്കേണ്ടത് അവരുടെ മേല്‍ നിക്ഷിപ്തമായിരിക്കുന്ന ധാര്‍മ്മികമായ ബാധ്യതയാണ്.. ആരെങ്കിലും ഒരാള്‍ ഈ ഉത്തരവാദിത്തത്തില്‍ നിന്നും പിന്നോട്ട് പോവുമ്പോള്‍ അടിസ്ഥാനപരമായി താളംതെറ്റുന്നത്  മക്കളുടെ ജീവിതത്തിലാണ്.. 

ഉദ്യോഗത്തിന്റെയും വീട്ടുജോലികളുടെയും പേരില്‍ അമ്മയുടെയും ജോലിത്തിരക്കിന്റെയും മറ്റും പേരില്‍ അച്ഛന്റെയും സാമീപ്യവും വാത്സല്യവും ശ്രദ്ധയും നിഷേധിക്കപ്പെടുന്ന കുട്ടികള്‍ അവ മറ്റിടങ്ങളില്‍ അന്വേഷിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ.. 

വീട്ടുജോലിക്കാരുടെ ചൂഷണങ്ങളും  കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും അടിമത്തവും ചീത്തക്കൂട്ടുകെട്ടുകളും ദുശീലങ്ങളുമാവുന്ന ദുര്‍ഭൂതങ്ങള്‍ അവരെ കീഴ്‌പ്പെടുത്തുമ്പോള്‍ സമത്വത്തിനുവേണ്ടി വാദിക്കുന്ന അമ്മയും പുരോഗമനവും സ്വാതന്ത്ര്യവും തേടിപ്പോവുന്ന അച്ഛനും ഒരു കാര്യം ഉറപ്പിക്കാം. തങ്ങളുടെ മക്കള്‍ കൈവിട്ടു പോയി!
            
പറഞ്ഞു വന്നത് ഇതാണ്.. അമ്മയും അച്ഛനും ആയിക്കഴിഞ്ഞാല്‍ ചില വിട്ടുവീഴ്ചകള്‍ ജീവിതത്തില്‍ അത്യാവശ്യമാണ്. അച്ഛനമ്മമാര്‍  തുല്യപങ്കാളിത്തത്തോടെ ആ ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കുമ്പോഴാണ് കുടുംബമെന്ന ട്രപ്പീസുകളി ബാലന്‍സ് ആവുക. ഏതെങ്കിലും ഒരു ഭാഗത്തു ഭാരം കൂടുമ്പോള്‍ കൈവിട്ടു പോകുന്നത് കുടുംബത്തിന്റെ മുഴുവന്‍ നിയന്ത്രണമാണ്. ഈ തലവേദന ഏറ്റെടുക്കാന്‍ വയ്യെങ്കില്‍ കുട്ടികള്‍ തന്നെ വേണ്ടെന്നു വയ്ക്കുകയാവും നല്ലത്.. 

അപ്പനമ്മമാരുടെ സ്വാതന്ത്ര്യവും വ്യക്തിജീവിതവും കഴിവുകളുമൊക്ക പരിഗണനാര്‍ഹമല്ല എന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. പക്ഷെ മക്കള്‍ക്ക് ഏറ്റവും ശ്രദ്ധയും സ്‌നേഹവും വേണ്ട പ്രായത്തില്‍ അതു നല്കാതെ സ്വന്തം കരിയറും പ്രൊഫഷനും ഭാവിയും നോക്കി പോവുന്ന മാതാപിതാക്കളോട് യോജിപ്പില്ല. ചിറകുകള്‍ മുളയ്ക്കുന്നതുവരെ മക്കളെ സ്വന്തം  ചിറകിനടിയില്‍ തന്നെ കാത്തുവയ്ക്കണം. പറക്കമുറ്റിയാല്‍ പിന്നെ  നമുക്കും അവരോടൊപ്പം പറക്കാമല്ലോ, പുതിയ ആകാശങ്ങള്‍ തേടി.

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍

ദീപ നാരായണന്‍​: അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം
 

click me!