Latest Videos

എന്റെ മകള്‍ക്ക് അമ്മയെ തിരിച്ചുകൊടുത്തത്  ഇവരാണ്, തളരാതെ പൊരുതാന്‍ പഠിപ്പിച്ചതും

By Web TeamFirst Published Sep 14, 2021, 7:44 PM IST
Highlights

പ്രിയഡോക്ടര്‍. തൃശൂര്‍ മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി യൂണിറ്റ് 3 വിഭാഗത്തിലെ ഒരു  കൂട്ടം ഡോക്ടര്‍മാരെക്കുറിച്ച്  രഞ്ജുഷ അനൂപ് എഴുതുന്നു

പ്രിയഡോക്ടര്‍. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഡോക്ടര്‍മാരെ കുറിച്ചുള്ള കുറിപ്പുകള്‍. മറക്കാനാവാത്ത ചികില്‍സാ അനുഭവങ്ങള്‍ അയക്കൂ. വിലാസം: submissions@asianetnews.in. കുറിപ്പിനൊപ്പം ഡോക്ടറുടെയും നിങ്ങളുടെയും ഒരു ഫോട്ടോ കൂടി അയക്കൂ. സബ്ജക്റ്റ് ലൈനില്‍ പ്രിയഡോക്ടര്‍ എന്നെഴുതാന്‍ മറക്കരുത്.

 

 

മുറിയില്‍ മൂന്ന് സീറ്റ് ഉള്ള നാലു കസേരകള്‍. ക്രമീകരണം കണ്ടപ്പോള്‍ അലക്ഷ്യമായി ഇട്ടതുപോലെ തോന്നി. അതുവരെയില്ലാത്തൊരു മൗനം. ഒരു കണ്ണാടി ചില്ലിനപ്പുറം ഉറ്റവരും ഉടയവരുമെന്നെ ഉറ്റുനോക്കുന്നുണ്ട്. മുഖഭാവങ്ങള്‍ ഒപ്പിയെടുത്തതുകൊണ്ടാവാം അദ്ദേഹം എന്റെയടുത്തേക്ക് വന്നു.

എന്തുപറ്റി?

ഒന്നുമില്ല... ചിരിക്കാന്‍ ശ്രമിച്ചു.

പേടിയുണ്ടോ?

ഇല്ല... കണ്ണുകള്‍  താഴ്ത്തി.

പേടി...കഴിഞ്ഞ ജനുവരി 22 മുതല്‍ അതെന്നെ പിടികൂടിയിരിക്കുന്നു.

രഞ്ജുഷയുടെ വയസ് എത്രയാ?

27.

മക്കളുണ്ടോ?

ഉണ്ട്.. ഒരാള്‍.. പെണ്‍കുട്ടി.. 11 മാസം.. എന്താ  ഡോക്ടര്‍?

Nothing. It looks like Tuberculosis

പല  വേദന സംഹാരികളുടെയും തടവറ പൊട്ടിച്ച് ചാടിയ വയറുവേദനയുടെ ഉറവിടം തേടി അള്‍ട്രാ സ്‌കാനിംഗ് ചെയ്തശേഷമാണ് ഡോക്ടര്‍ ഇങ്ങനെ പറഞ്ഞത്. 

ഒരമ്മയ്ക്ക്, ഭാര്യക്ക്, മകള്‍ക്ക് പേടിക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്!

ആരോ പിഴുത്തെറിഞ്ഞ ചരലുകള്‍ ദേഹത്ത് മുറിവുകളുണ്ടാക്കി ചോരയൊലിപ്പിച്ചു, കുതറിയോടിയിട്ടും വീണുപോവുന്നില്ല. തൊണ്ടയിലാഴ്ന്നിറങ്ങിയത് കുപ്പിച്ചില്ലാണ്. മുരളാനല്ലാതെ വാക്കുകള്‍ പിടിത്തരുന്നില്ല.
 
എനിക്കിന്നും ഓര്‍മയുണ്ട് അദ്ദേഹത്തിന്റെ കൈയില്‍ നിന്നും മോളെ വാങ്ങി മാറോടച്ചു ഉറക്കെ കരഞ്ഞതും, ചുറ്റുമുള്ളവര്‍ എന്നെ അതിശയത്തോടുകൂടി നോക്കിയതും.

ഒരു സ്‌കാനിംഗില്‍ എന്താണിത്ര കരയാനിരിക്കുന്നത്?

എന്നെ മാത്രം അലോസരപ്പെടുത്തുന്ന വെള്ളയും, മഞ്ഞയും, പച്ചയും ഇടകലര്‍ന്ന ദുര്‍ഗന്ധമുള്ള ദ്രാവകങ്ങള്‍ മൂക്കിലിട്ട കുഴലിലൂടെ ഇറ്റു വീണ് അനുസരണയുള്ള കുട്ടികളെപ്പോലെ സഞ്ചിയില്‍ നിറയുന്നത് ഞാന്‍ നോക്കിയിരുന്നു.

 

രഞ്ജു..., ക്ഷീണം തോന്നുന്നുണ്ടോ? കിടക്കണോ? -അദ്ദേഹമാണ്.

വ്യര്‍ത്ഥമായ ചോദ്യങ്ങളാണെന്നറിയാം എന്നാലും.

എനിക്ക് അതുല്യ ഡോക്ടറെ ഒന്ന് കാണണം.

സംസാരിക്കാന്‍ വയ്യാത്തതുകൊണ്ട് ഫോണില്‍ ടൈപ് ചെയ്താണ് വിവരം അറിയിച്ചത്.

എന്തിന്?
 
അറിയില്ല... എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി..

അദ്ദേഹം തിടുക്കത്തില്‍ പുറത്തേക്കോടി. ദുര്‍ബലമായ ശരീരത്തിന്റെയും, വീണിടറുന്ന മനസ്സിന്റെയും പിരിമുറുക്കത്തില്‍ ഞാന്‍ ആകെ തളര്‍ന്നു. ഒരു പുല്‍നാമ്പ് എവിടെയെങ്കിലും കണ്ടേ പറ്റൂ. പക്ഷെ ആരില്‍ നിന്ന്? വീണ്ടും കണ്ണീര്‍ അണപ്പൊട്ടിയൊഴുകി.

എന്താടാ?

ശബ്ദം കേട്ടിട്ടും തലപൊക്കാനാവാതെ, മുഖം കൈക്കുള്ളിലൊതുക്കി ഞാന്‍ ഇരുന്നു. എന്നില്‍ മഴപെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ മാത്രം നനഞ്ഞു വിറച്ചു.

പേടിക്കരുത്. ഒന്നും ഉണ്ടാവില്ലാട്ടോ..എല്ലുന്തിയ ചുമലില്‍ കൈവച്ചുകൊണ്ട് പറഞ്ഞു.

എന്റെ മോള്‍, അവള്‍ക്കെന്നെ വേണം- പലയാവര്‍ത്തി മനസ്സില്‍ പറഞ്ഞുകൊണ്ട് തുറിച്ചു നില്‍ക്കുന്ന ഞരമ്പുകളുള്ള കൈകള്‍ കൊണ്ട് ഞാന്‍ ആംഗ്യം കാണിച്ചു. 

കരയരുത്. എല്ലാം ശരിയാവും. തിരിച്ചു വന്ന് മോളെ കാണാം. ഞങ്ങള്‍ എല്ലാരും ഇവിടെ തന്നെയുണ്ടാവും ട്ടോ.. സമാധാനമായിരിക്കു.

നിരതെറ്റിയ ചിലന്തിവലയിലായിരുന്നു ഞാന്‍, ആടിയും ഉലഞ്ഞും ഉള്ളുലച്ച കാറ്റിനൊപ്പം നിരങ്ങിക്കൊണ്ടിരുന്നു. ഒഴുകാന്‍ ഒരിലയും, കരയ്ക്കടുക്കാന്‍ ഒരു പിടി മണ്ണും തന്നത് ഇവരാണ്.

നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?

സ്‌കാനിങ് സെന്ററില്‍ നിന്നും ഇറങ്ങുമ്പോഴും, വീട്ടിലേക്ക് കേറുമ്പോഴും നെഞ്ചില്‍ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു. പല ചോദ്യങ്ങളുടേയും ഉത്തരം ചികഞ്ഞെത്തിയത് വക്ക് പൊട്ടിയ മണ്കുടത്തിനുള്ളിലേക്കാണ്, കൂര്‍ത്ത മുനകളില്‍ അകം നീറിയും, ശ്വാസം കിട്ടാതെ പിടഞ്ഞും നാളുകള്‍ നീണ്ടു. കിഴവിയായ നായയെ പോലെ ഞാന്‍ നിന്ന് കിതച്ചു. ആ ദിവസങ്ങളിലൊന്നും ചിരിച്ചതായി എനിക്ക് ഓര്‍മയില്ല. മോളെയരികില്‍ ചേര്‍ത്തുകൊണ്ടിരിക്കും. 'എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മോള്‍.... എന്റെ കുട്ടി... ഈശ്വരാ'

വേദനയും വിളര്‍ച്ചയും മൂര്‍ച്ഛിച്ഛതോടെ സി ടി സ്‌കാനും കോളനോസ്‌കോപ്പിയും പെട്ടെന്നാക്കി. 

ബയോപ്‌സി റിസള്‍ട്ടും മോള്‍ടെ ആദ്യ പിറന്നാളും കഴിഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റാവാമെന്ന എന്റെ തീരുമാനത്തിന് വിലങ്ങുതടിയായി ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അവശ നിലയില്‍ എത്തി.

 

...............................

ജീവിതത്തിന്റെ ഫ്രെയിമിലേക്ക്  തൃശൂര്‍ മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി യൂണിറ്റ് 3 വിഭാഗത്തിലെ ഒരു  കൂട്ടം ഡോക്ടര്‍മാര്‍ വന്നത് ദൈവഹിതം ആണെങ്കില്‍, അവരെ ക്യാമറക്കണ്ണുകളിലേക്ക് ക്ഷണിച്ചത് എന്റെ ആഗ്രഹപ്രകാരമായിരുന്നു.


    

പിന്നെടങ്ങോട്ട് ഞാനും കൊറോണയും, രോഗവും തമ്മിലുള്ള യുദ്ധമായിരുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാനാവാതെ, എന്റെ ജീവനെ കാണാനാവാതെ, കൊഞ്ചല്‍ കേള്‍ക്കാനാവാതെ, ചേര്‍ത്തുറക്കാനാവാതെ ഞാന്‍ പകലിരവുകള്‍ കരഞ്ഞു നീക്കി. ആ  രണ്ടു മാസം ഞാന്‍ ഉരുക്കുകയായിരുന്നു. ഒരമ്മയും ഇതിലൂടെ കടന്നുപോവരുതെന്നു ഞാന്‍  പ്രാര്‍ത്ഥിച്ചു.

കാത്തിരിപ്പിനൊടുവില്‍ മയക്കത്തിലേക്ക് വീണതും പേരുവിളിച്ചതും, തൊട്ടുണര്‍ത്തിയതും ഇപ്പോഴിതാ തുറന്ന വാതിലുള്ള ശീതികരിച്ച മുറിയിലേക്ക് എന്നെ കൈപിടിച്ച് കൊണ്ടുപോവുന്നതും അവരാണ്.

രഞ്ജുഷയ്ക്ക് അസുഖം എന്താണെന്നറിയുമോ?

ഉം.. കാന്‍സര്‍..' നിര്‍വികാരതയോടെയായിരുന്നു മറുപടി.

പലരും എന്നോട് പറയാന്‍ പേടിച്ചത് ചോദ്യമായി എന്നില്‍ തന്നെ നിക്ഷിപ്തമായിരിക്കുന്നു. കാരണം അതിന്റെ ആദ്യവും അവസാനവും എന്നിലായിരുന്നിരിക്കണം.

'വന്‍കുടലിലാണ് കാന്‍സര്‍. സര്‍ജറി കഴിഞ്ഞ് വെന്റിലേറ്ററില്‍ കിടത്താനാനല്ല, ആരോഗ്യത്തോടെ നിങ്ങള്‍ക്ക് തിരിച്ചു തരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രഞ്ജുഷ  കൊറോണ ബാധിതയായതുകൊണ്ട് പഴയ ആരോഗ്യ സ്ഥിതിയിലെത്താന്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കണം'- കരുതലിന്റെ സ്‌നേഹം പകര്‍ന്ന് വേദനയുടെ ഉള്ളുണക്കിയ ആദ്യത്തെ ദൈവം ഡോ. അശ്വിന്‍.

രഞ്ജുഷ Ca Colon. കുറിപ്പടിയിലേക്ക് മഷി ചോര്‍ന്നു. മാര്‍ച്ച് 10 ന അഡ്മിറ്റ് ആവാനും, 15 നു സര്‍ജറി ചെയ്യാനും നിര്‍ദ്ദേശിച്ചു.

ഫെബ്രുവരി 17 മുതല്‍  മാര്‍ച്ച് 10 വരെയുള്ള ദിവസങ്ങള്‍ യുഗങ്ങളായി രൂപാന്തരപ്പെട്ടു. ചികിത്സ വൈകുന്നതിനുള്ള പരാമര്‍ശങ്ങള്‍ സ്വകുടുംബത്തില്‍ നിന്ന് ഉണ്ടായിട്ടുകൂടി ഞാന്‍ പിന്‍വാങ്ങിയില്ല. അവരില്‍  ഞാന്‍ പൂര്‍ണമായി വിശ്വസിച്ചു.

തുറന്നിട്ട മുറിയിലെ, കട്ടിലിന്റെ പച്ചവിരിപ്പും, മഞ്ഞ ബള്‍ബുകളും, ഓപ്പറേഷന്റെ സാമഗ്രികളും എന്റെ നനുത്ത പാദങ്ങളെ നിശ്ചലമാക്കി. എവിടെയോ മുഴങ്ങുന്ന ഇടയ്ക്കയുടെ തുടിപ്പ് മാത്രം ഞാന്‍ ശ്രദ്ധിച്ചു കേട്ടു. ആനയും അമ്പാരിയും ആവശ്യമില്ലാത്ത ഗജരാജന്‍ എന്നു ഞാന്‍ മനസ്സാ അഭിസംബോധന ചെയ്യുന്ന ശസ്ത്രക്രിയ വിഭാഗം തലവന്‍ ഡോ.  ശ്രീകുമാര്‍ ആണ് 35 കിലോ മാത്രമുള്ള എന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നതെന്നറിഞ്ഞപ്പോള്‍ അതില്‍പ്പരം സുകൃതം മറ്റെന്തു വേണം?

'വിണ്ടുകീറിയ ചാലിനു കുറുകെയായുള്ള 14 വരമ്പുകളെയും പേറുന്ന കടപുഴകുന്ന മരത്തിന്റെ വേദനയായിരുന്നു കണ്ണുതുറക്കുമ്പോള്‍. എന്നിലേക്ക് നീണ്ട കുഴലുകളെയും കൊണ്ട്  കിടക്കയില്‍ ഞാന്‍ പുളഞ്ഞു. പക്ഷെ എന്നെ വീണ്ടെടുത്തതിന്റെ ധന്യത അവരുടെ ഓരോരുത്തരുടെയും കണ്ണില്‍ അലയടിക്കുന്നുണ്ടായിരുന്നു. അതിലെന്റെ വേദന ഒഴുകിയില്ലാതായി.

ഉറക്കമില്ലാത്ത രാത്രികളെ പുണര്‍ന്നുകൊണ്ട്, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മുഖവരണമണിഞ്ഞു, വേദനയില്‍ നിന്ന് വെളിച്ചത്തിലേക്ക്, തിരക്കേറിയ ഇടനാഴികകളിലൂടെ, ശ്വാസമിടിപ്പിന്റെയും, രക്തസമ്മര്‍ദ്ദത്തിന്റെയും കണക്കുകള്‍ മനസിലുരുവിട്ടുകൊണ്ട്, കണ്ണില്‍ നിറഞ്ഞ പുഞ്ചിരിയുമായി അവര്‍ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പത്തൊളജി റിസള്‍ട്ടില്‍ ടി ബിയും കാന്‍സറും ഉണ്ടാവാമെന്ന നിഗമനത്തിലെത്തിയിട്ടും ഞാന്‍ കരഞ്ഞില്ല. 

എന്നെ ചിരിക്കാന്‍ പഠിപ്പിച്ചത് ഇവരാണ്. ഈ  രണ്ടാമൂഴം പൊരുതി ജയിക്കാനുള്ളതാണെന്ന കരുത്ത് തന്നതിവരാണ്.

ജീവിതത്തിന്റെ ഫ്രെയിമിലേക്ക്  തൃശൂര്‍ മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി യൂണിറ്റ് 3 വിഭാഗത്തിലെ ഒരു  കൂട്ടം ഡോക്ടര്‍മാര്‍ വന്നത് ദൈവഹിതം ആണെങ്കില്‍, അവരെ ക്യാമറക്കണ്ണുകളിലേക്ക് ക്ഷണിച്ചത് എന്റെ ആഗ്രഹപ്രകാരമായിരുന്നു. നിറപുഞ്ചിരിയോടെ എനിക്കൊപ്പം അവരിന്നും വീടിന്റെ ചുമരിലെ ഫ്രെമിലിരുന്ന് കരുതല്‍ തരുന്നുണ്ട്.

ഇതൊരു അതിജീവനത്തിന്റെയോ, തിരിച്ചറിവിന്റെയോ കുറിപ്പല്ല. നന്ദിപറച്ചിലാണ്. ഒരു വയസുകാരിക്ക് അവളുടെ അമ്മയെ തിരികെ കൊടുത്തതിനുള്ള നന്ദി. തണലേകിയവര്‍ക്കും, തളരാതെ പോരാടിയവര്‍ക്കും, കരള്‍കുത്തി വേദനിപ്പിച്ചവര്‍ക്കും, കണക്കുപറഞ്ഞവര്‍ക്കും നന്ദി. 

 

പ്രിയഡോക്ടര്‍മാര്‍: മുഴുവനായി വായിക്കാം

കേരളം മറക്കരുതാത്ത ഒരു ഡോക്ടര്‍! 

ശരീരത്തിന്റെ മുറിവുകള്‍ക്കപ്പുറം, മനസ്സിന്റെ മുറിവാണ് ഉണങ്ങേണ്ടത്

അമ്മേ, ഞാന്‍ പോവുകയാണ്, ഒരു കുഞ്ഞു ശബ്ദം എന്റെ കാതില്‍ പറഞ്ഞു

ഇതുപോലൊരു ഡോക്ടര്‍ കൂടെ ഉണ്ടെങ്കില്‍, ഒരു കാന്‍സറും നിങ്ങളെ ഭയപ്പെടുത്തില്ല!

'മാഷ് മരിച്ച് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞപ്പോള്‍  ഞാന്‍ അദ്ദേഹത്തിന്റെ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചു'

click me!