Asianet News MalayalamAsianet News Malayalam

ശരീരത്തിന്റെ മുറിവുകള്‍ക്കപ്പുറം, മനസ്സിന്റെ മുറിവാണ് ഉണങ്ങേണ്ടത്

പ്രിയഡോക്ടര്‍. കോഴിക്കോട് ബേബി ഹോസ്പിറ്റലിലെ ഡോ. രജനീഷിനെക്കുറിച്ച് മാനസി എഴുതുന്നു

Priya doctor UGC column for doctors by Manasi
Author
Kozhikode, First Published Jul 2, 2021, 6:48 PM IST

പ്രിയഡോക്ടര്‍. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഡോക്ടര്‍മാരെ കുറിച്ചുള്ള കുറിപ്പുകള്‍. മറക്കാനാവാത്ത ചികില്‍സാ അനുഭവങ്ങള്‍ അയക്കൂ. വിലാസം: submissions@asianetnews.in. കുറിപ്പിനൊപ്പം ഡോക്ടറുടെയും നിങ്ങളുടെയും ഒരു ഫോട്ടോ കൂടി അയക്കൂ. സബ്ജക്റ്റ് ലൈനില്‍ പ്രിയഡോക്ടര്‍ എന്നെഴുതാന്‍ മറക്കരുത്.

 

Priya doctor UGC column for doctors by Manasi

 

മടുപ്പിന്റെ, ഒറ്റപ്പെടലുകളുടെ ഈറ്റില്ലങ്ങളാണ് ഓരോ ഹോസ്പിറ്റല്‍ വരാന്തകളും. ഓര്‍മ്മ വെച്ച കാലം മുതല്‍ എന്ത് അസുഖം വന്നാലും കൂത്തുപറമ്പ് ഗവ. ഹോസ്പിറ്റലിന്റെ വരാന്തയില്‍, ഒരു രൂപയുടെ ചീട്ടും പിടിച്ച്, കാത്തിരിപ്പിന്റെ, മടുപ്പിന്റെ, ദു:ഖത്തിന്റെ ഖനീഭവിച്ച മുഖവുമായി ഏതെങ്കിലും ഒരു വരിയുടെ അറ്റത്ത് ഞാനുണ്ടാകും. അന്നൊക്കെ പ്രാര്‍ഥിച്ചിരുന്നത് അസുഖങ്ങളൊന്നും ഉണ്ടാവല്ലേ എന്നതിനേക്കാളുപരി, അസുഖം വന്നാല്‍ കൂട്ടിനിരിക്കാന്‍ ഒരാളുണ്ടാകണേ എന്നായിരുന്നു. 

പക്ഷെ ജീവിതത്തില്‍ വലിയ മാറ്റങ്ങളോ അത്ഭുതങ്ങളോ ഒന്നും സംഭവിച്ചില്ല. ഒറ്റയാന്‍ നടത്തങ്ങള്‍ പിന്നീട് ജീവിതത്തിന്റെ ഭാഗവുമായി. പക്ഷെ ഈയടുത്ത കാലത്ത് 'നീ ഒറ്റയ്ക്കല്ല' എന്നോര്‍മ്മിപ്പിക്കും വിധം കുറച്ച് മനുഷ്യര്‍ ജീവിതത്തിലേക്ക് കടന്നു വന്നു.

ഇടിച്ചു കയറി വന്നു എന്ന് പറയുന്നതായിരിക്കും ശരി. സ്‌റ്റേര്‍കെയ്‌സില്‍ നിന്നും വീണ് കാലിന്റെ ലിഗ്‌മെന്റിന് കേടുവന്ന് പ്ലാസ്റ്റര്‍ ഇടേണ്ടി വന്നത് കണ്ണടച്ചു തുറക്കും മുമ്പാണ്. പുതിയൊരു ബിസിനസ് തുടങ്ങാന്‍ കാത്തിരുന്ന്, അതിന്റെ തൊട്ടടുത്തെത്തിയ സമയത്ത് കാല്‍ പ്ലാസ്റ്ററിനകത്തേക്ക് കയറിയപ്പോള്‍ ഉണ്ടായ സങ്കടം കുറച്ചൊന്നുമായിരുന്നില്ല. 

ഹോസ്പിറ്റലില്‍ പോയപ്പോള്‍ സ്മിതയും, റാഷിയും ഓടി വന്നെങ്കിലും ഫ്‌ളാറ്റില്‍  കുറച്ച് കാലം ഒറ്റപ്പെട്ടങ്ങനെ ഇരിക്കേണ്ട അവസ്ഥ വന്നു ചേര്‍ന്നു. ഹോസ്പിറ്റലില്‍ നിന്ന് പ്ലാസ്റ്ററിടുന്ന നേരത്താണ് കൂടെ ആരൊക്കെയുണ്ട് എന്ന ചോദ്യം ഡോക്ടറില്‍ നിന്നുണ്ടായത്. 

'ഇപ്പോള്‍ കൂടെ ആരുമില്ല. ഒറ്റയ്ക്കാണ്.' എന്ന് പറഞ്ഞ് തിരിച്ചു വരുമ്പോള്‍, പല അസുഖങ്ങള്‍ക്കും മരുന്ന് കുറിച്ച് തരുന്ന ഒരു സാധാരണ ഡോക്ടറായിട്ടായിരുന്നു ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. രജനീഷിനെ ഞാനും കണ്ടിട്ടുണ്ടായിരുന്നത്. പക്ഷെ വീട്ടിലെത്തിയ അന്ന്, 'വേദന കുറവുണ്ടോ' എന്ന അന്വേഷണത്തിലൂടെയും, മസില്‍ പെയിന്‍ കയറി ഉറങ്ങാന്‍ പറ്റാതിരുന്ന എനിക്ക് മെഡിസിന്‍ പറഞ്ഞു തന്നും ഡോക്ടര്‍ കൂടെ നിന്നു. ഇടവിട്ട ദിവസങ്ങളില്‍ ശരീരത്തിന്റെ ആരോഗ്യത്തിന് പുറമേ, മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ചും ഡോക്ടര്‍ മെസേജുകളയച്ചു. 

 

Priya doctor UGC column for doctors by Manasi

ഡോ. രജനീഷ്



സാധാരണ ഡോക്ടര്‍മാര്‍ ഇങ്ങനെ ചെയ്യാറുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ എന്റെ കടുത്ത ഏകാന്തതയിലും, മാനസിക സംഘര്‍ഷങ്ങള്‍ക്കിടയിലും,  'Are you ok?' എന്ന ഡോക്ടറുടെ വാട്ട്‌സാപ് മെസേജുകള്‍ തന്ന സമാധാനം കുറച്ചൊന്നുമല്ല. വിഷാദത്തിന്റെ മുള്‍വേലികളില്‍ കുടുങ്ങിയ കാലത്ത്, ഒരുപാട് ഡോക്ടര്‍മാരുടെ മുന്നില്‍  ഒന്നും പറയാനാവാതെ തല കുമ്പിട്ടിരുന്ന എനിക്ക് ഈ ഡോക്ടര്‍ അതിനാല്‍, ഏറ്റവും സ്‌പെഷല്‍ ആയിരുന്നു. 

ശരീരത്തിന്റെ മുറിവുകള്‍ക്കപ്പുറം, മനസ്സിന്റെ മുറിവാണ് ഉണങ്ങേണ്ടതെന്നും, സഹാനുഭൂതിയും, കരുണയുമാണ് ഒരു ഡോക്ടറുടെ ഏറ്റവും വില പിടിപ്പുള്ള ഡിഗ്രിയെന്നും കുറച്ച് മെസേജുകളിലൂടെ, അന്വേഷണങ്ങളിലൂടെ എന്റെ ദുരിത കാലത്ത് ഞാന്‍ മനസ്സിലാക്കി. 

ഞാന്‍ എപ്പോഴും സംസാരിക്കുന്ന സൗഹൃദപ്പട്ടികയിലൊന്നും ഡോക്ടര്‍ ഒരിക്കലും കടന്ന് വന്നിട്ടില്ല. പക്ഷെ രോഗാതുരമായ ആ കാലത്ത്, ഒറ്റയ്ക്കായിപ്പോയ അവസ്ഥയില്‍, ഞാന്‍ വീഴാതിരിക്കാന്‍ അകലെനിന്നും കാവല്‍നില്‍ക്കുകയായിരുന്നു,അദ്ദേഹം . രോഗിക്ക് മരുന്നിന് പുറമെ എന്താണ് വേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന ഡോക്ടര്‍മാര്‍ ചുരുക്കമാണ്. ഒന്നര മാസം കൊണ്ട്, ആരോഗ്യത്തോടെ കാലിടറാതെയും മനസ്സിടറാതെയും ഞാന്‍ എഴുന്നേറ്റ് നടന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം ഡോക്ടര്‍ തന്നേയാണ്. ഒരു വാക്ക് കൊണ്ട് മരുന്നാകുന്നവരും ഈ ഭൂമിയിലുണ്ടെന്ന് കാട്ടി തന്നതിന്, നന്ദി നന്ദി പ്രിയപ്പെട്ട ഡോക്ടര്‍'ഒറ്റക്കായ സമയത്ത് ഓടി വന്ന പ്രിയപ്പെട്ട അനിയത്തി ഫസ്‌നയേയും ഓര്‍ക്കുന്നു. കുട്ടിക്കാലത്ത് ഞാന്‍ എടുത്ത് നടന്ന അവള്‍, എന്നെ എടുത്ത് നടന്ന് സ്‌നേഹത്തിന്റെ, കരുണയുടെ മറ്റൊരു ഏട് തുറന്നിട്ടത് മറക്കാന്‍ പറ്റില്ല.

Follow Us:
Download App:
  • android
  • ios