Asianet News MalayalamAsianet News Malayalam

'മാഷ് മരിച്ച് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞപ്പോള്‍  ഞാന്‍ അദ്ദേഹത്തിന്റെ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചു'

വാഹനാപകടത്തില്‍ മരിച്ച, എഴുത്തുകാരനും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് അധ്യാപകനുമായിരുന്ന കെ വി സുധാകരന്റെ ഭാര്യയാണ് ഷില്‍ന സുധാകര്‍. ഭര്‍ത്താവ് വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കാനായി, ഐ വി എഫ് ട്രീറ്റ്‌മെന്റിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ഷില്‍ന ജന്‍മം നല്‍കി. കോഴിക്കോട്ടെ ഡോ. കുഞ്ഞുമൊയ്ദീനാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയത്. പ്രിയ ഡോക്ടര്‍ എന്ന പംക്തിയില്‍ ഡോക്ടറെക്കുറിച്ചും അസാധാരണമായ തന്റെ അനുഭവത്തെക്കുറിച്ചും ഷില്‍ന എഴുതുന്നു.
 

Priya doctor UGC column for doctors by Shilna sudhakar
Author
Thiruvananthapuram, First Published Jul 15, 2021, 7:27 PM IST

പ്രിയഡോക്ടര്‍. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഡോക്ടര്‍മാരെ കുറിച്ചുള്ള കുറിപ്പുകള്‍. മറക്കാനാവാത്ത ചികില്‍സാ അനുഭവങ്ങള്‍ അയക്കൂ. വിലാസം: submissions@asianetnews.in. കുറിപ്പിനൊപ്പം ഡോക്ടറുടെയും നിങ്ങളുടെയും ഒരു ഫോട്ടോ കൂടി അയക്കൂ. സബ്ജക്റ്റ് ലൈനില്‍ പ്രിയഡോക്ടര്‍ എന്നെഴുതാന്‍ മറക്കരുത്.

 

Priya doctor UGC column for doctors by Shilna sudhakar

 


ദൈവമെന്നൊരാള്‍ ഉണ്ടോയെന്നൊരു ചോദ്യം എന്നോട് ചോദിച്ചാല്‍ ഒരേ ഒരാളേ മാത്രമേ ചൂണ്ടിക്കാണിക്കാനുള്ളു. എത്രയോ വര്‍ഷങ്ങളായി സ്വന്തം എന്ന് കരുതി കരുതലോടെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്ന, പ്രിയപ്പെട്ട ഡോക്ടര്‍ കുഞ്ഞി മൊയ്ദീന്‍.

വിവാഹം കഴിഞ്ഞു എട്ട് വര്‍ഷമായിട്ടും കുഞ്ഞുങ്ങള്‍ ഇല്ലാതെ പലയിടങ്ങളില്‍ ചികിത്സ തേടി നടന്ന ഞാനും മാഷും-മാഷ് എന്ന് ഞാന്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന എന്റെ ഭര്‍ത്താവ്, ഭൗതികമായി അദ്ദേഹ ഇന്നെന്റെ കൂടെയില്ല- അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് കുഞ്ഞു മൊയ്ദീന്‍ ഡോക്ടറെ ചെന്ന് കാണുന്നത്. കോഴിക്കോട് പുതിയറയിലെ ARMCഐ വി എഫ് സെന്ററിലെ പ്രധാന ഡോക്ടറായിരുന്നു അദ്ദേഹം. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി വന്ധ്യതാ ചികിത്സ കേന്ദ്രങ്ങളില്‍ ഇതിനോടകം ചികിത്സ തേടിയിരുന്നെങ്കിലും ഞങ്ങളുടെ സമയവും ആരോഗ്യവും പണവും നഷ്ടപ്പെടുന്നു എന്നതല്ലാതെ കാര്യമായ ഒരു പുരോഗതിയും ചികിത്സയില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഡോക്ടര്‍  രണ്ടുമൂന്നു മാസങ്ങള്‍ കൊണ്ടുതന്നെ എന്താണ് ഞങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം എന്ന് കണ്ടുപിടിച്ചു. നോര്‍മല്‍ പ്രെഗ്‌നന്‍സി ഒരിക്കലും സാധ്യമല്ലെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഞങ്ങളെ പോലുള്ളവര്‍ക്ക് പ്രതീക്ഷയായി ഐ വി എഫ് പോലുള്ള ചികിത്സകള്‍ ഉള്ളതായി അദ്ദേഹം ഉപദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ കീഴില്‍ ഐ വി എഫ് ചികിത്സയ്ക്ക് തയ്യാറാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 

 

Priya doctor UGC column for doctors by Shilna sudhakar

ഡോ. കുഞ്ഞുമൊയ്ദീന്‍
 

മാനസികമായും ശാരീരികമായും തയ്യാറെടുത്തുകൊണ്ട് ആദ്യ ഐ വി എഫ് ചെയ്തു. ആദ്യം തന്നെ പോസിറ്റീവ് ആയി.  സന്തോഷം കൊണ്ട് മതി മറന്ന ഞങ്ങള്‍ കുഞ്ഞു വരുന്നതും സ്വപ്നം കണ്ടു ദിനങ്ങള്‍ കഴിച്ചു കൂടി. എന്നാല്‍ വെറും മൂന്ന് മാസമേ ആ സന്തോഷം നീണ്ടു നിന്നുള്ളൂ. ഹാര്‍ട്ട് ബീറ്റ് കുറയുന്നു എന്ന കാരണത്താല്‍ ഞങ്ങള്‍ക്ക് മൂന്നാം മാസം ആ പ്രെഗ്‌നന്‍സി ടെര്‍മിനേറ്റ് ചെയ്യേണ്ടി വന്നു. പക്ഷെ ഡോക്ടറുടെ നിരന്തര പിന്തുണയില്‍ വീണ്ടും ഒരു ഐ വി എഫ് ശ്രമത്തിനു ഞങ്ങള്‍ മുതിര്‍ന്നെങ്കിലും അതു പരാജയപ്പെട്ടു .

അങ്ങനെ ഞങ്ങള്‍ മൂന്നാമതൊരു ഐ വി എഫിനു കൂടി ശ്രമങ്ങള്‍ തുടങ്ങി. 2017 ആഗസ്ത് 20 നാണ് ചികിത്സ പ്ലാന്‍ ചെയ്തത്. അതിനു മുന്നോടിയായുള്ള ഫൈനല്‍ ചെക്കപ്പിനായി  ആഗസ്ത് 15 ന് ഞങ്ങള്‍ അപ്പോയിന്‍മെന്റ് എടുത്തു. ഭര്‍ത്താവ് ജോലിയുടെ ഭാഗമായുള്ള ഒരു റിഫ്രഷര്‍ കോഴ്‌സ് അറ്റന്‍ഡ് ചെയ്യാനായി നിലമ്പൂര്‍ പോയതായിരുന്നു. വൈകുന്നേരം 6 മണിക്കാണ് ഞങ്ങള്‍ക്ക് ടൈം കിട്ടിയത്. ഞാന്‍ കണ്ണൂര് നിന്നും മാഷ് നിലമ്പൂര്‍ നിന്നും കോഴിക്കോട് എത്താമെന്ന ധാരണയില്‍ ആണ് ഞങ്ങള്‍ പകല്‍ പിരിഞ്ഞത്. അപ്രകാരം ഡോക്ടറെ കാണാനായി കണ്ണൂര്‍ നിന്നും ട്രെയിന്‍ കയറിയ എന്നെ തേടിയെത്തിയത് മറ്റൊരു വിധിയായിരുന്നു. ആ പകല്‍ ഞങ്ങള്‍ ഒരുമിച്ചുള്ള അവസാനത്തെ പകല്‍ ആയി മാറി. എന്നെ ഈ ഭൂമിയില്‍ തനിച്ചാക്കി എന്നെന്നേക്കുമായി മാഷ് എന്നെ വിട്ടു പോയി. ഒരു റോഡ് ആക്സിഡന്റിന്റെ രൂപത്തില്‍ മരണം എന്റെ ജീവിതത്തില്‍ നിന്നും അദ്ദേഹത്തെ തുടച്ചെറിഞ്ഞു ..

ആ ജീവിത പ്രഹരത്തില്‍ നിന്നും ഞാന്‍ മോചിതയാകാന്‍ മാസങ്ങള്‍ എടുത്തു. മാഷ് ഇനി കൂടെ ഇല്ല എന്ന് വിശ്വസിക്കാന്‍ എനിക്ക് വളരെ വളരെ പ്രയാസമായിരുന്നു. ഓര്‍മ്മകള്‍ തിരിച്ചു കിട്ടിയപ്പോള്‍ ചിന്തിക്കാനുള്ള ആര്‍ജ്ജവം കൈവന്നപ്പോള്‍ ഞാന്‍ എടുത്ത ആദ്യത്തെ തീരുമാനം അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം എന്നുള്ളതായിരുന്നു.  ഐ വി എഫ് ചികിത്സാര്‍ത്ഥം ഞങ്ങളുടെ ശീതികരിച്ച ഭ്രൂണങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ അവസാനത്തെ പ്രതീക്ഷ അതായിരുന്നു. ചികിത്സ തുടരുക, മാഷുടെ കുഞ്ഞുങ്ങളെ പ്രസവിക്കുക-കാരണം അദ്ദേഹത്തിന്റെ ജീവന്റെ തുടിപ്പുകള്‍ ഇല്ലാതെ ഈ ഭൂമിയില്‍ എനിക്കിനി ജീവിക്കുക അസാധ്യമായിരുന്നു.

 

Priya doctor UGC column for doctors by Shilna sudhakar

സുധാകരനും ഷില്‍നയും
 

അങ്ങനെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അറ്റു പോയെങ്കിലും രണ്ടും കല്‍പ്പിച്ചു ഞാന്‍ ഡോ. കുഞ്ഞു മൊയ്ദീനെ വന്നു കണ്ടു. ശാരീരികമായും മാനസികമായും തളര്‍ന്നു പോയ ഞാന്‍ ഡോക്ടറുടെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു.  ചികിത്സ തുടരാന്‍ അനുവദിക്കണമെന്ന് കെഞ്ചി.

ഡോക്ടര്‍ മാത്രമായിരുന്നു എന്റെ ഒരേ ഒരു പ്രതീക്ഷ. അദ്ദേഹം എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു. എല്ലാ മുറിവുകളും ഉണക്കുവാന്‍ മനസിനേക്കാള്‍ പറ്റിയ മരുന്നില്ലെന്ന് സ്‌നേഹത്തോടെ ഉപദേശിച്ചു. കൂടെ നില്‍ക്കാമെന്ന് ഉറപ്പു നല്‍കി.
എന്നാല്‍ മരിച്ചു പോയ ഒരാളില്‍ നിന്നുമുള്ള ഭ്രുണം ഉപയോഗിച്ചു കുട്ടികള്‍ ഉണ്ടാവുക എന്നത് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതായിരുന്നു. അത് സാധ്യമാവുമോ? എന്തായിരിക്കും അതിന്റെ നിയമ സാധുതകള്‍? 

എല്ലാം ചോദ്യ ചിഹ്നമായി അവശേഷിക്കെ  നിരവധി അന്വേഷണങ്ങള്‍ക്കു ശേഷം ചികിത്സ തുടരാന്‍ സാധ്യത അറിയിച്ചു ഡോക്ടര്‍ വിളിച്ചു. അങ്ങനെ മാഷ് വിട്ടു പോയെങ്കിലും ശീതികരിച്ച ഭ്രൂണങ്ങള്‍ എന്റെ ശരീരത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഡോക്ടറും ഹോസ്പിറ്റലും സമ്മതിച്ചു. അങ്ങനെ 2018 ജനുവരി 23 -നു ഞങ്ങളുടെ അവശേഷിച്ചിരുന്ന രണ്ടു ഭ്രുണങ്ങള്‍ എന്റെ ശരീരത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കൃത്യമായി പറഞ്ഞാല്‍ ആ ഭ്രുണങ്ങള്‍ക്കു മൂന്ന് വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. 

ജീവിതം അവസാനിച്ചിട്ടില്ലെന്നു ഓര്‍മിപ്പിച്ചു കൊണ്ട്, മുന്‍ പരാജയങ്ങളെല്ലാം കാറ്റില്‍ പറത്തി ഞാന്‍ ഗര്‍ഭിണി ആവുകയും മാഷ് മരണപ്പെട്ട് കൃത്യം ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തു. മരണാന്തരം അദ്ദേഹം അച്ഛനായി.

 

Priya doctor UGC column for doctors by Shilna sudhakar

ഷില്‍ന കുട്ടികളോടൊപ്പം
 

മാഷുടെ മരണത്തോടെ അനാഥമായ മൂന്ന് ജീവനുകളെയാണ് എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഏക മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ഉരുകിയൊലിച്ചിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കളും ഞാനും ഇന്ന് ഈ ലോകത്തു ജീവിച്ചിരിക്കുന്നത് തന്നെ ആ മഹാനായ ഡോക്ടറുടെ കരുതല്‍ കൊണ്ടാണ്. 

ദൈവം ഇല്ലെന്നു ആരാണ് പറഞ്ഞത്? 

ഇതാണ് ദൈവം. അല്ലെങ്കില്‍ ഇങ്ങനെയും ദൈവമുണ്ട്.

 

പ്രിയഡോക്ടര്‍മാര്‍: മുഴുവനായി വായിക്കാം

കേരളം മറക്കരുതാത്ത ഒരു ഡോക്ടര്‍! 

ശരീരത്തിന്റെ മുറിവുകള്‍ക്കപ്പുറം, മനസ്സിന്റെ മുറിവാണ് ഉണങ്ങേണ്ടത്

അമ്മേ, ഞാന്‍ പോവുകയാണ്, ഒരു കുഞ്ഞു ശബ്ദം എന്റെ കാതില്‍ പറഞ്ഞു 

 

 

Follow Us:
Download App:
  • android
  • ios