പ്രിയഡോക്ടര്‍. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഡോക്ടര്‍മാരെ കുറിച്ചുള്ള കുറിപ്പുകള്‍. മറക്കാനാവാത്ത ചികില്‍സാ അനുഭവങ്ങള്‍ അയക്കൂ. വിലാസം: submissions@asianetnews.in. കുറിപ്പിനൊപ്പം ഡോക്ടറുടെയും നിങ്ങളുടെയും ഒരു ഫോട്ടോ കൂടി അയക്കൂ. സബ്ജക്റ്റ് ലൈനില്‍ പ്രിയഡോക്ടര്‍ എന്നെഴുതാന്‍ മറക്കരുത്.

 

 

''അല്ല കുട്ടീ നിനക്ക് പോയി പ്രേമിച്ചൂടേ...എന്നിട്ട് പ്രേമത്തെക്കുറിച്ച് എഴുതിക്കൂടേ? എന്തിനാണ് ഇത്ര ചെറിയ പ്രായത്തില്‍ മരണത്തെക്കുറിച്ച് ഇങ്ങനെ കവിത എഴുതുന്നത്? ഈ പ്രായത്തിലല്ലാതെ പിന്നെപ്പോഴാണ് പ്രേമത്തെക്കുറിച്ച് എഴുതുക.''

ഫറോക്ക് പേട്ടയിലെ, പഴയൊരു കെട്ടിടത്തിന്റെ ഉള്ളിലൊരിടത്തുള്ള ചെറിയ കണ്‍സല്‍ട്ടിംഗ് മുറിയിലിരുന്ന്, ഡോ. കെ. വി ഹമീദ് ചോദിക്കുന്നു. ഡോക്ടറുടെ കൈയില്‍, തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജില്‍, ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്, ഒരു നീളന്‍ നോട്ടുബുക്കില്‍ ഞാന്‍ എഴുതിക്കൂട്ടിയ കുറേ കവിതകള്‍. അന്നത്തെ ആലോചനകളുടെയും വായനകളുടെയും നിരാശകളുടെയുമെല്ലാം സാക്ഷ്യപത്രമായ ആ കവിതകള്‍, ഡോക്ടറെ കാണാന്‍ പോയപ്പോള്‍, ബാഗില്‍നിന്നെടുത്ത് ഞാന്‍ ചുമ്മാ കാണിച്ചുകൊടുത്തതാണ്. 

കാത്തിരിപ്പുമുറിയില്‍ രോഗികള്‍ ഒന്നുമില്ലാത്തതിനാല്‍ അദ്ദേഹം കുത്തിയിരുന്ന് അതു മുഴുവന്‍ വായിച്ചു. പ്രസവവേദന വന്ന ഭാര്യയെ ഓപ്പറേഷന്‍ തിയറ്ററിലാക്കി, പുറത്ത് കാത്തിരിക്കുന്ന ഭര്‍ത്താവിനെപ്പോലെ, അദ്ദേഹം എന്തു പറയുമെന്ന് കാതോര്‍ത്ത് മുന്നിലുള്ള, പഴയ കസേരകളിലൊന്നില്‍ ഞാനിരുന്നു. അന്നേരമാണ്, എന്തോ ഭയങ്കര സംഭവമാണ് ഞാനെഴുതിപ്പിടിപ്പിച്ചത് എന്ന എന്റെ വിചാരങ്ങളെ മുഴുവന്‍ ട്രോളിക്കൊണ്ട്, ഡോക്ടറുടെ ആ പറച്ചില്‍ വന്നത്. 

''ഇതു നിറയെ മരണത്തെക്കുറിച്ചുള്ള കവിതകളാണല്ലോ. നിനക്കാണേല്‍ അത്രയും വലിയ പ്രശ്‌നങ്ങളുമില്ല. പിന്നെന്തിനാണ് ഇങ്ങനെയൊക്കെ ബേജാറാക്കുന്നത്. പ്രേമത്തെക്കുറിച്ച് എഴുതെടോ. പോയി പ്രേമിച്ചിട്ട് വാ...''

അതു പറയുമ്പോള്‍, അദ്ദേഹം കണ്ണിറുക്കി ചിരിച്ചു. എന്നിട്ട്, സ്‌റ്റെതസ്‌കോപ്പ് എടുത്ത് എന്റെ നെഞ്ചില്‍വെച്ച് അെന്നനിക്കുണ്ടായിരുന്ന എന്തോ അസുഖത്തെക്കുറിച്ച് ചോദിച്ചു. മരുന്നു തന്നു. 

അവിടെനിന്നിറങ്ങുമ്പോള്‍, ആ കവിതകളെക്കുറിച്ചോര്‍ത്ത് എനിക്കു തന്നെ ചളിപ്പു തോന്നി. ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും കെട്ടഴിച്ച് പുറത്തുവന്ന മാറ്റങ്ങള്‍ നാട്ടിലാകെ പാഞ്ഞുനടക്കുന്ന കാലമായിരുന്നു. അതിനെതിരായ പല തരം സമരങ്ങള്‍ അരങ്ങുതകര്‍ക്കുന്നു. മാറ്റങ്ങളെ ആധിയോടെ കാണുന്ന പല തരം ലേഖനങ്ങള്‍ വരുന്നു. 'നമ്മളിതാ സര്‍വ്വനാശത്തിന്റെ പാതയിലേക്ക് പ്രവേശിച്ചു' എന്ന് സദാസമയം കേട്ടുകൊണ്ടിരിക്കുന്നു. തിളച്ചുമറിയുന്നുവെന്ന് എനിക്കുതോന്നിയ ആ രാഷ്ട്രീയസാഹചര്യങ്ങള്‍ക്കൊപ്പം, ആ പ്രായത്തില്‍ സഹജമായ വൈയക്തിക വിഷാദങ്ങളും വായനയിലൂടെ കടല്‍കടന്നുവന്ന പല മാതിരി ഉല്‍ക്കണ്ഠകളും എല്ലാം ചേര്‍ന്നാണ്, എഴുതിത്തുടങ്ങുന്ന പ്രായത്തിന്റെ കവിതകളെ മരണചിന്തകളില്‍ മുക്കിയത്. സത്യത്തില്‍, അതെത്രമാത്രം ഇരുണ്ട ലോകമായിരുന്നു എന്ന് ബോധ്യപ്പെടുത്തിയത്, അന്നുമെന്നും അടിമുടി പൊളിറ്റിക്കലായിരുന്ന ഹമീദ് സാറായിരുന്നു. ഡോ. കെവി ഹമീദ് എന്ന വ്യത്യസ്തനായ ഡോക്ടര്‍. 

ആര്‍ക്കും മനസ്സിലാവാത്ത മരുന്നു കുറിപ്പുകള്‍ എഴുതുകയും ചികില്‍സയെക്കുറിച്ച് സംശയം ചോദിച്ചാല്‍ കണ്ണുരുട്ടുകയും ഇസ്തിരിയിട്ട വടിവില്‍ ജീവിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരെ കണ്ടുപോന്ന ഒരു കാലത്താണ്, 'നിനക്ക് പോയി പ്രേമിച്ചൂടേ' എന്നു എന്നു ചോദിച്ച് കണ്ണിറുക്കി ചിരിക്കുന്ന ഒരു ഡോക്ടറെ കാണുന്നത്.  'ഇതെന്ത് ഡോക്ടര്‍' എന്ന് ആര്‍ക്കും തോന്നും വിധം ജനകീയനായ, അക്കാലത്ത് ഡോക്ടര്‍മാര്‍ കൊണ്ടുനടന്നിരുന്ന സവിശേഷപദവിയുടെ ആടയാഭരണങ്ങളെല്ലാം അഴിച്ചുവെച്ച ഒരു പച്ചമനുഷ്യന്‍. 

ഇതൊക്കെ വായിച്ചാല്‍, പ്രേമത്തെയും കവിതയെയും കുറിച്ച് തമാശ പറഞ്ഞുനടക്കുന്ന, അതീവകാല്‍പ്പനികനായ ഒരാള്‍ മാത്രമായിരുന്നു അദ്ദേഹമെന്ന് ആര്‍ക്കും തോന്നാനിടയുണ്ട്. അതറിഞ്ഞാല്‍, അദ്ദേഹത്തിന്റെ മുഖത്തുണ്ടായേക്കാവുന്ന ആ ചിരി എനിക്ക് കാണാനുമാവുന്നുണ്ട്. അതിനാല്‍, പറയട്ടെ, പ്രേമത്തെക്കുറിച്ച് എന്നോട് കളിചിരിയോടെ പറയുന്ന ആ സമയത്ത്, അദ്ദേഹമൊരു യുദ്ധമുഖത്തായിരുന്നു. ഒരു നാടിനെ മുഴുവന്‍ വിഷത്തില്‍ മുക്കിയ ബിര്‍ല ഗ്രൂപ്പിന്റെ മാവൂര്‍ ഗ്രാസിം ഫാക്ടറിക്കെതിരെ യുദ്ധംചെയ്യുന്ന അനേകം മനുഷ്യരുടെ മുന്‍നിരയിലുണ്ടായിരുന്ന പോരാളി. സമരസഹായസമിതിയുടെ കണ്‍വീനര്‍. സര്‍ക്കാര്‍ പിന്തുണയും പണക്കൊഴുപ്പും ട്രേഡ് യൂനിയനുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കയ്യയച്ച സഹായങ്ങളും കൊണ്ട്, എന്തുവില കൊടുത്തും പ്രവര്‍ത്തനം തുടരുമെന്ന് പ്രഖ്യാപിച്ച ഗ്രാസിം കമ്പനി ഒരു വശത്ത്. നാടാകെ കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ പടര്‍ത്തുന്ന വിഷമലിനീകരണത്തോടും ജനങ്ങളെ വിഭജിച്ച് കമ്പനിക്ക് അനുകൂലമാക്കുന്ന രാഷ്ട്രീയ-സാമ്പത്തിക തന്ത്രങ്ങളോടും ഒരേ സമയം പൊരുതുന്ന അതിജീവനസമരം മറുവശത്ത്. അതിനിടയിലാണ്, ഡോ. ഹമീദ് അടക്കമുള്ള കുറേ മനുഷ്യര്‍ രാപ്പകല്‍ എന്നില്ലാതെ സമരം വിജയിപ്പിക്കാന്‍ പെടാപ്പാട് പെട്ടിരുന്നത്. സമരം നിര്‍ത്തിയാല്‍ എത്ര പണവും നല്‍കാമെന്ന പ്രലോഭനങ്ങളും, സമരം നിര്‍ത്തിയില്ലെങ്കില്‍, കൊന്നുകളയുമെന്ന ഭീഷണിയുമായിരുന്നു അവര്‍ക്കു മുന്നില്‍.   

 

"

 

ജനകീയ പോരാട്ടങ്ങളില്‍ 

കൊടുങ്ങല്ലൂരിലെ പ്രശസ്തമായ കുടുംബത്തിലെ അംഗമായിരുന്ന ഡോ. ഹമീദിന്റെ തട്ടകം ചാലിയാറിന്റെ കരയിലെ ഫറോക്ക് ആയിരുന്നു. അവിടെ സാധാരണ മനുഷ്യര്‍ക്കിടയില്‍ ചികില്‍സയുമായി കഴിയുന്ന കാലത്താണ് അദ്ദേഹം മാവൂര്‍ സമരവുമായി കണ്ണി ചേരുന്നത്. കാന്‍സര്‍ ബാധയുമായി മുന്നില്‍ വന്നുപെടുന്ന നിരവധി മനുഷ്യരുടെ കണ്ണീരാണ്, ആ ദുരന്തത്തിനു കാരണമായ മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ മലിനീകരണവിപത്തിനെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചാലിയാറിനെയും അതിന്റെ കരയിലെ മനുഷ്യരെയും കൊന്നു തിന്നുന്ന വ്യവസായ ഭീമന്റെ ദുര മൂത്ത ലാഭക്കൊതി അദ്ദേഹത്തിനു എളുപ്പം പിടികിട്ടി. 

വെറും ഒരു പ്രാദേശിക ചെറുത്തുനില്‍പ്പ് ശ്രമം മാത്രമായിരുന്ന സമരത്തിന് കൃത്യമായ ഡാറ്റകളാല്‍ കരുത്ത് നല്‍കാനും ദിശാബോധം നല്‍കാനും സമാന മനസ്‌കരായ മറ്റു കുറേ മനുഷ്യര്‍ക്കൊപ്പം അദ്ദേഹത്തിനു കഴിഞ്ഞു. സമരം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കേ, സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ഉറച്ചുനിന്ന്, ചികില്‍സയും വ്യക്തിപരമായ മറ്റു കാര്യങ്ങളുമെല്ലാം മാറ്റിവെച്ച് ആ പോരാട്ടത്തിനു കരുത്ത് പകരാന്‍ അദ്ദേഹം തയ്യാറായി. സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം അവരില്‍ ഒരാള്‍ ആയി നിന്ന്, ട്രേഡ് യൂനിയനുകളും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍ നിര മാധ്യമങ്ങളുമെല്ലാം ഒന്നിച്ച് പിന്തുണ നല്‍കിയ ബിര്‍ല കമ്പനിയുടെ കൊടും ചൂഷണങ്ങള്‍ക്കെതിരെ ചൂണ്ടുവിരലായി 

കരിയര്‍ മറന്ന്, ്രെപാഫഷനല്‍ സാധ്യതകള്‍ തള്ളിക്കളഞ്ഞ്, ഭീഷണികളും കൊലവിളികളും ലാഭകരമായ ഓഫറുകളും തള്ളിക്കളഞ്ഞ് തനിക്ക് ശരിയെന്ന് തോന്നിയ വഴിയില്‍ ഉറച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനു രണ്ടാമതൊരു ചിന്തയുടെ ആവശ്യം ഇല്ലായിരുന്നു. കുടുംബത്തെയും, പ്രൊഫഷണല്‍ സാധ്യതകളെയും, മികച്ച ഡോക്ടര്‍ എന്ന സാധ്യതകളെയുമെല്ലാം തന്റെ ശരികള്‍ക്ക് വേണ്ടി അദ്ദേഹം പിന്നാമ്പുറത്ത് നിര്‍ത്തി. സമരപ്പന്തലിലും സമര സമിതി പ്രവര്‍ത്തനങ്ങളിലും സമരത്തിനു ഊര്‍ജംപകരുന്ന പ്രവര്‍ത്തനങ്ങളിലും രാപ്പകലുകള്‍ എരിഞ്ഞു തീര്‍ന്നു. കരുത്തും പണക്കൊഴുപ്പും അധികാര സ്ഥാപനങ്ങളുടെ പിന്തുണയുമായി നിറഞ്ഞാടി കളിച്ച ബിര്‍ളയുടെ കേരളത്തിലെ കാര്യസ്ഥന്മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത ആ ജനതയുടെ സമരവീര്യം കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തിലെ ഉജ്വലമായ ഏടാണ്. കെ. എ റഹ്മാന്‍ സാഹിബും ചേക്കുവും സുരേന്ദ്രേട്ടനും വാസുവേട്ടനും മൊയ്തുക്കയും മറ്റനേകം മനുഷ്യരും ചേര്‍ന്ന കരുത്തുള്ള പോരാട്ട നിരയിലെ സൗമ്യമായ, വ്യത്യസ്തമായ സാന്നിധ്യമായിരുന്നു ഡോക്ടര്‍ ഹമീദ്. പൂര്‍ണ്ണസമയ സമര്‍പ്പണമായിരുന്നു അദ്ദേഹത്തിന്റേത്. 

 

മാവൂര്‍ സമരകാലത്ത് സമരപ്പന്തല്‍ സന്ദര്‍ശിച്ച പ്രമുഖ കര്‍ഷക നേതാവ് പ്രൊഫ. നഞ്ചുണ്ടസ്വാമിയെ ഡോ. കെ.വി ഹമീദ് സ്വീകരിക്കുന്നു

 

ഏറെക്കാലമെടുത്ത സമരം കഴിയുമ്പോഴേക്കും,  ജീവിതത്തിലെ നിര്‍ണായകമായ കാലം സമരത്തിനു തീറെഴുതിയ ഹമീദ് ഡോക്ടര്‍ അടക്കമുള്ള മനുഷ്യരുടെ ജീവിതം ഏറെ മാറിപ്പോയിരുന്നു. സമരമില്ലാത്ത കാലത്തെ അവര്‍ അഭിമുഖീകരിച്ചത് ഏറെ മാറിയ മനുഷ്യര്‍ ആയാണ്.  അക്കാലത്തൊരിക്കല്‍ ഡോക്ടറുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ ഫോണ്‍ ഉണ്ടായിരുന്നില്ല. ഹമീദ് സാറിന്റെയും, സമീപത്തെ പ്രശസ്തമായ ആശുപത്രിയില്‍, സജീവമായി ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് ആയ ഭാര്യ ഡോ. ഇന്ദിരയുടെയും വീട്ടില്‍ ഫോണ്‍കണക്ഷന്‍, ബില്‍ അടക്കാന്‍ പറ്റാതെ കട്ട് ചെയ്തതായിരുന്നു. മക്കളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഏറെ കഷ്ടപ്പെട്ടിരുന്നു അന്നാ കുടുംബം. 

ഒപ്പം പഠിച്ച്, മെഡിക്കല്‍ ബിരുദവുമായി ഇറങ്ങിയവര്‍ സമൃദ്ധമായ ജീവിതം ജീവിക്കുമ്പോള്‍ ആയിരുന്നു, ജീവിതം സമരങ്ങള്‍ക്ക് വിട്ടുകൊടുത്ത ഡോ. ഹമീദിന്റെ കുടുംബം നിത്യജീവിതക്കലക്കങ്ങള്‍ക്കായി അത്രയേറെ പൊരുതിയത്. വിജയകരമായ ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രായോഗികമായ സാധ്യതകള്‍ ഒരു പാട് മുന്നില്‍ കിടക്കുമ്പോള്‍ ആയിരുന്നു, ഗംഭീര ഡോക്ടര്‍ കൂടിയായ ഹമീദ് സാറിന്റെ 'കൈ വിട്ട' പോരാട്ടം. എങ്കിലും ജീവിതത്തിനുമുന്നില്‍ അദ്ദേഹം നിസ്സംഗനായി നിന്നില്ല. പൊരുതി നിന്നു, അദ്ദേഹവും കുടുംബവും. മക്കളെയെല്ലാം നല്ല നിലയില്‍ എത്തിക്കാന്‍ അദ്ദേഹം കഠിനമായി പൊരുതി. ആ ശ്രമം വിജയിച്ചു. 
 
സമരകാലത്താണ് ഡോ .ഹമീദിനെ അറിയുന്നത്. സമരസമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനായ എന്റെ സഹോദരന്റെ ഉറ്റ സുഹൃത്ത് എന്ന നിലയിലായിരുന്നു ആ പരിചയപ്പെടല്‍. പിന്നീടങ്ങോട്ട് ഒരു മൂത്ത സഹോദരനെ പോലെ, ജീവിതത്തിന്റെ ഭാഗമായി മാറി, ഡോക്ടര്‍. എല്ലാ അവസ്ഥകളിലും ഒപ്പമുണ്ടായിരുന്ന,  കൂടപ്പിറപ്പിനെ പോലെ അടുത്തറിഞ്ഞു. 

 

ഭാര്യ ഡോ. ഇന്ദിരയ്‌ക്കൊപ്പം ഡോ. കെ വി ഹമീദ്
 

ഡോക്ടര്‍ എന്ന നിലയില്‍ 

എന്ത് രോഗം വന്നാലും ധൈര്യമായി ചെല്ലാവുന്ന ഒരിടമായിരുന്നു ഡോക്ടറുടെ കണ്‍സല്‍റ്റിംഗ് മുറികള്‍. ഒട്ടും സൗകര്യമില്ലാത്ത കുടുസ്സുമുറികളിലായിരുന്നു പലപ്പോഴുമത്. എന്നാല്‍, എത്രനേരം വേണമെങ്കിലും കാത്തുനിന്ന് അദ്ദേഹത്തെ കാണാന്‍ ആളുകളെത്തി. സാധാരണക്കാരും ദരിദ്രരുമാക്കെയായിരുന്നു ആ രോഗികളിലേറെയും. രോഗി എന്ന നിലയിലും കൂടെപ്പോവുന്ന ആള്‍ എന്ന നിലയിലും ഞാനും അക്കൂട്ടത്തില്‍ ഇരുന്നിട്ടുണ്ട്. ഒരിക്കല്‍ പോലും ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം നിരാശനാക്കിയില്ല. 

കിഡ്‌നി സ്റ്റോണ്‍ എന്ന് പറഞ്ഞ് കോഴിക്കോട്ടെ പ്രശസ്തനായ ഡോക്ടര്‍ സര്‍ജറിക്ക് നിര്‍ദേശിച്ച മൂത്ത സഹോദരിക്കൊപ്പം അദ്ദേഹത്തിന്റെ അടുത്ത് ചെന്ന ദിവസം ഓര്‍മ്മ വരുന്നു. മൂന്നാലു മാസം തുടര്‍ച്ചയായി കിഡ്‌നി സ്‌റ്റോണിനു മരുന്നു കഴിച്ച ശേഷം സര്‍ജറിക്ക് കോഴിക്കോട്ടെ പ്രശസ്തമായ ആശുപത്രിയില്‍ എത്തിയതായിരുന്നു പെങ്ങള്‍. സര്‍ജറി നടന്നില്ല. പുതിയ പരിശോധനയില്‍ സ്‌റ്റോണ്‍ കാണുന്നില്ല എന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് അത് മുടങ്ങി. കൈകാലുകള്‍ നീരു വന്നു വീര്‍ത്ത അവസ്ഥയിലായ സഹോദരിക്കൊപ്പം എന്ത് ചെയ്യണം എന്നറിയാതെ ഹമീദ് സാറിന്റെ അടുത്ത് ചെന്നത് പോംവഴി തേടി ആയിരുന്നു. 'സ്‌റ്റോണൊന്നും ഇല്ല. അതിന്റെപേരില്‍ അനാവശ്യമായി കഴിച്ച മരുന്നു കാരണമാണ് ദേഹം നീരു വെച്ചത്. ആ മരുന്നുകള്‍ നിര്‍ത്താം. അതിന്റെ എഫക്റ്റ് കളയുന്നതിനുള്ള ഒരു ഗുളിക മാത്രം കഴിച്ചാല്‍ മതി.'  ഇതായിരുന്നു ഹമീദ് സാറിന്റെ നിര്‍ദേശം. അത് അനുസരിച്ചു. പിന്നൊരിക്കലും അവള്‍ക്ക് കൈകാലുകള്‍ നീരുവെച്ചില്ല. സര്‍ജറിയും വേണ്ടിവന്നില്ല. 

മഞ്ഞപ്പിത്തം പിടിച്ച് കോട്ടയത്തെ എം ജി യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും പനിച്ച് തളര്‍ന്ന് ചെന്നതും അദ്ദേഹത്തിന്റെ അടുത്തായിരുന്നു. ഏതോ പച്ചമരുന്നുകളും ഉപ്പില്ലാത്ത കഞ്ഞിയും മാത്രമേ കഴിക്കാവൂ എന്ന നാട്ടുനടപ്പില്‍ രണ്ടാഴ്ചയോളം പെട്ടുകിടന്ന ഞാന്‍ ഡോക്ടര്‍ക്ക് അടുത്തെത്തുമ്പോള്‍ ഏറെ അവശനായിരുന്നു. 

കണ്ട ഉടനെ ആദ്യം പറഞ്ഞത് ഒറ്റ കാര്യമായിരുന്നു: 'പോയി 'ഇറച്ചീം പത്തിരീം കഴിച്ച് വാ' 

അതു കേട്ടതും ഞാന്‍ അന്തം വിട്ടു. ഊണ്‍ പോലും കഴിക്കാത്ത രണ്ടാഴ്ചയായിരുന്നു കഴിഞ്ഞത്.  കട്ടിയുള്ള ഭക്ഷണം ഒന്നും പറ്റില്ലെന്നായിരുന്നു പറഞ്ഞുകേട്ടത്. എന്റെ കൂടെ വന്ന ഉറ്റ സുഹൃത്തും ഇപ്പോഴത്തെ പ്രശസ്ത ചിത്രകാരനുമായ കെ ഷെരീഫും അതുകേട്ട് അന്തം വിട്ടു. 

അങ്ങനെ അടുത്ത ഹോട്ടലില്‍ പോയി, പത്തിരിയും ഇറച്ചിയും കഴിച്ചു. ഇതെന്താണീ സംഭവിക്കുന്നത് എന്ന്, എന്നെ പോലെ എന്റെ വയറും അന്തം വിട്ടിരിക്കണം. എന്നാല്‍, ഭക്ഷണം കഴിച്ചുതുടങ്ങിയതോടെ ക്ഷീണം കുറഞ്ഞു. മൂന്നാലു ദിവസം മരുന്നു കഴിച്ചപ്പോള്‍, ആരോഗ്യം പഴയതുപോലായി. 

 

മക്കള്‍ക്കൊപ്പം
 

നിരന്തര തലവേദനയുമായി കഷ്ടപ്പെട്ട്, നാട്ടിലെ ഡോക്ടര്‍ നല്‍കിയ മരുന്നുകള്‍ കഴിച്ച് ദിവസങ്ങള്‍ കഴിഞ്ഞിരുന്ന, എന്റെ ഉമ്മയ്ക്ക് 'കാന്‍സര്‍ ആണോ' എന്ന സംശയം ആദ്യം മുന്നോട്ട് വെച്ചത് അദ്ദേഹം ആയിരുന്നു. അദ്ദേഹം പറഞ്ഞത് പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു സര്‍ജനെ കണ്ടു. അദ്ദേഹം ബയോപ്‌സി ചെയ്യാന്‍ പറഞ്ഞു. അടുത്ത ദിവസം റിസല്‍റ്റ് വന്നു, അത് കാന്‍സര്‍ തന്നെ! നിരന്തര ചികില്‍സകളുടെയും നിസ്സഹായതയുടെയും അക്കാലത്ത് കൂടപ്പിറപ്പിനെ പോലെ കൂടെ ഉണ്ടായിരുന്നു അദ്ദേഹം. 

കടുത്ത പനി പിടിച്ച് എന്റെ സഹോദരന്‍ ആശുപത്രിക്കിടക്കയില്‍ ബോധാബോധങ്ങള്‍ക്കിടെ സഞ്ചരിച്ച കാലത്ത് ഒപ്പം നിന്നതും അദ്ദേഹം ആയിരുന്നു. പൊള്ളുന്ന പനി  എല്ലാവരെയും പേടിപ്പിച്ച നേരത്തും ആ മനുഷ്യന്‍ കാവല്‍ മാലാഖയെ പോലെ, ഉറ്റവരില്‍ ഒരാളായി കൂടെത്തന്നെ നിന്നു. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍. 

 

ഡോ. കെ വി ഹമീദ്
 

എഴുത്തും വായനയും സംഗീതവും

കൊറോണ വൈറസ് എന്ന പേര് ഞാനാദ്യം കേള്‍ക്കുന്നത് അദ്ദേഹത്തില്‍നിന്നാണ്. പതിനൊന്നു വര്‍ഷം മുമ്പായിരുന്നു അത്. അന്നദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിലെ മെഡിക്കല്‍ ഓഫീസര്‍ ആയിരുന്നു. 'ഗള്‍ഫ് യാത്രികര്‍ക്ക് ഭീഷണിയാവും വിധം നോവല്‍ കൊറോണ വൈറസ് സൗദിയിലും മറ്റും പടരുന്നു' എന്നെഴുതിയ ഒരു ലേഖനം അദ്ദേഹം എനിക്കയച്ചു. അതിനു പിന്നാലെ വിളിച്ചു. 'സീരിയസായ രോഗമാണ്. ഗള്‍ഫുകാരെയൊക്കെ ബാധിക്കാനിടയുണ്ട്. ഹജ്ജ് കാലമൊക്കെ വന്നാല്‍, അപകടം കൂടും. ഈ വിഷയത്തിന്റെ പ്രാധാന്യം ആളുകളില്‍ എത്തിക്കണം.'-അദ്ദേഹം പറഞ്ഞു. ഞാന്‍ എഡിറ്റര്‍ ആയിരുന്ന 'നാലാമിടം' പോര്‍ട്ടലില്‍ ഗൗരവത്തോടെ തന്നെ ആ ലേഖനം പ്രസിദ്ധീകരിച്ചു. അതേറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. 

ആധുനിക വൈദ്യശാസ്ത്രത്തിന്റെ കച്ചവടവല്‍ക്കരണത്തെക്കുറിച്ച് ഉല്‍ക്കണ്ഠകള്‍ സൂക്ഷിച്ചിരുന്നു ഡോ. ഹമീദ്. ജനങ്ങളുടെ ഭാഗത്തുനിന്നുകൊണ്ട്, രാഷ്ട്രീയമായി ഈ വിഷയത്തെ കൈകാര്യം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മരുന്നു കമ്പനികളുടെ ചൂഷണത്തെക്കുറിച്ച് ഏറെ ആധികള്‍ കൊണ്ടുനടന്ന അദ്ദേഹം, അനാവശ്യ മരുന്നുകള്‍ എഴുതി മരുന്നുകമ്പനികളെ സഹായിക്കുന്ന ഡോക്ടര്‍മാര്‍ക്ക് എന്നും എതിരായിരുന്നു. എന്നാല്‍, പ്രകൃതി ചികില്‍സയുടെയും മറ്റും പേരില്‍ നടക്കുന്ന അപകടകരമായ വ്യാജചികില്‍സയെയും അതിനെ പ്രകീര്‍ത്തിക്കുന്ന നിലപാടുകളെയും ഇതോടൊപ്പം തന്നെ അദ്ദേഹം എതിര്‍ത്തു. 

നല്ല വായനക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മാത്രമായിരുന്നില്ല, ചരിത്രവും ഫിലോസഫിയും സാഹിത്യവും രാഷ്ട്രീയവും എല്ലാം ആ പുസ്തകലിസ്റ്റില്‍ ഉണ്ടായിരുന്നു. വൈദ്യശാസ്ത്രം അടക്കമുള്ള വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍, സാധാരണ മനുഷ്യരോട് സംവദിക്കുന്ന മട്ടില്‍ എഴുതുന്ന ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. ആഴമുള്ള വായനയുടെ, വ്യത്യസ്തമായ നിരീക്ഷണങ്ങളുടെ, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങളുടെ കരുത്ത് ഉണ്ടായിരുന്നു ഡോ. ഹമീദിന്റെ എഴുത്തിന്. എം ഗോവിന്ദന്റെ പ്രശസ്തമായ 'ജയകേരളം മാസിക' ഏറെ കാലത്തിനു ശേഷം 1995-ല്‍ പുന: പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷറായിരുന്നു അദ്ദേഹം.  പി ടി തോമസായിരുന്നു എഡിറ്റര്‍. അത്യാവശ്യം തിരക്കുള്ള ഡോക്ടറായിരിക്കെ, മാസിക കവറിലാക്കി സ്റ്റാമ്പാട്ടിച്ച്, വരിക്കാരുടെ പേരെഴുതി പോസ്റ്റ് ചെയ്യുന്ന ചുമതല അദ്ദേഹത്തിനു തന്നെയായിരുന്നു എന്നോര്‍ക്കുന്നു. 

സംഗീതത്തെ ആഴത്തിലറിഞ്ഞ ഒരാളായിരുന്നു ഡോ. ഹമീദ്. മികച്ച ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. നിരവധി സംഗീത സ്‌നേഹികള്‍ അദ്ദേഹത്തിന്റെ സായാഹ്‌ന സംഗീത വിരുന്നുകളില്‍ വന്നുചേര്‍ന്നിരുന്നു. 

 

സൈമണ്‍ ബ്രിട്ടോയ്‌ക്കൊപ്പം
 

മറവിയുടെ തുരുത്തില്‍

ആ വലിയ ജീവിതത്തെ അത്ര അടുത്തുനിന്നല്ലാതെ അറിഞ്ഞ ഒരാളുടെ ഓര്‍മ്മകളുടെ ചേര്‍ത്ത് വെയ്പ്പ് മാത്രമാണിത്. ഇതിനപ്പുറമാണ് ഡോ. കെ വി ഹമീദ് എന്ന വലിയ മനുഷ്യന്റെ പ്രസക്തി. ഇതോടൊപ്പമുള്ള പടത്തില്‍, തന്നെ കാണാന്‍ എത്തിയ, ജീവിക്കുന്ന രക്തസാക്ഷി ആയിരുന്ന, സൈമണ്‍ ബ്രിട്ടോയ്ക്കടുത്ത് നില്‍ക്കുന്ന അദ്ദേഹമുണ്ട്. ജീവിതകാലം മുഴുവന്‍ ഡോ. ഹമീദ് പുലര്‍ത്തിയ നിലപാടുകളുടെ അടയാളമാണ് ഈ ചിത്രം. എവിടെയും രേഖപ്പെടാത്ത അത്തരം അനേകം ചിത്രങ്ങളുടെ കൂട്ടി വായനയിലൂടെ മാത്രമേ മനുഷ്യപ്പറ്റിന്റെ ഈ വലിയ ഡോക്ടറെ നമുക്ക് മനസ്സിലാക്കാനാവൂ. 

2017 ജൂണ്‍ 23-നായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം വിടപറഞ്ഞത്. എത്രയോ കാലം വാര്‍ത്താ റിലീസുകളുമായി കോഴിക്കോട്ടെ പത്രമോഫീസുകളില്‍ കയറിയിറങ്ങിയ ആളായിട്ടും, വെറുമൊരു ചരമവാര്‍ത്തയില്‍ അദ്ദേഹം ഒതുങ്ങി. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷികം. ജീവിതകാലം മുഴുവന്‍ സഹജീവികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം എന്നാല്‍, നമ്മുടെ പൊതുജീവിതത്തിലൊരിടത്തും ഓര്‍മ്മപോലുമായി അവശേഷിച്ചില്ല. കേരളം ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഈ ഭിഷഗ്വരനെ സമൂഹം എന്ന നിലയില്‍ നമ്മള്‍ കുറച്ചുകൂടി മനസ്സിലാക്കേണ്ടതായിരുന്നു.