മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

By പവിത്ര ജെ ദ്രൗപതിFirst Published Nov 9, 2017, 1:26 PM IST
Highlights

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

സ്ത്രീകള്‍ക്ക് ഇത്തരം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ദുരനുഭവങ്ങളാണുണ്ടാകുന്നതെന്ന് പറയാനാകില്ല. വിരലിലെണ്ണാവുന്നത് മാത്രമേ ഇങ്ങനെയുള്ളൂ.

വിശാലമായ ലോകത്തേക്കുള്ള ചുവടുവെപ്പിന്റെ തുടക്കമായിരുന്നു ഫേസ്ബുക്ക്. മാറിവരുന്ന കാലത്തിനൊപ്പം ഞാനും മാറി. ടെക്‌സ്റ്റ്് മെസേജില്‍ നിന്നും ഫേസ്ബുക്ക് മെസേജിലേക്കും പിന്നീടിപ്പോ മെസഞ്ചറിലേക്കും സൗഹൃദങ്ങള്‍ കൂടുകൂട്ടി. കൂട്ടുകാരും വീട്ടുകാരും മാത്രമുള്ള ഫ്രണ്ട്‌സ് ലിസ്റ്റ് വളര്‍ന്നു. ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ക്കും അതിലിടമുണ്ടായി. ആദ്യകാലങ്ങളില്‍ കൂട്ടുകാരോട് മിണ്ടാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഫേസ്ബുക്ക് ഇന്നാകട്ടെ പറയാനുള്ളത് പറയാനും, വായിക്കാനും, വിഷമം വരുമ്പോള്‍ ട്രോള്‍ കണ്ട് ചിരിക്കാനുമുള്ള വേദിയായി. 

പുറം ലോകത്ത് സ്ത്രീകള്‍ക്ക് അവളുടെ സ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങള്‍ എങ്ങനെയാണോ അതുപേലെ തന്നെയാണ് ഇവിടെയും. അത് മാറ്റിയെടുക്കുന്നത് അവരവരാണ്.ഫേസ്ബുക്ക് തുടങ്ങിയപ്പോള്‍ കസിന്‍ പറഞ്ഞതോര്‍മ്മ വരുന്നു, അറിയാത്തവരുടെ റിക്വസ്റ്റ്് ആക്‌സപ്റ്റ് ചെയ്യരുത്, രാത്രിയില്‍ അധികസമയം ഇരിക്കണ്ടാ എന്നൊക്കെ. അവിടെ നിന്നും മാറി ഫ്രീടൈം കിട്ടുമ്പോള്‍ സമയം നോക്കാതെ ഉപയോഗിക്കുന്ന രീതിയായി.

നേരില്‍ കാണാത്ത പല നല്ല സൗഹൃദങ്ങളെയും ഫേസ്ബുക്ക് എനിക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നും കൂടെ ചേര്‍ത്ത് പിടിക്കാനാകുന്ന സൗഹൃദങ്ങള്‍. വായനയ്ക്ക് പുതിയ രൂപം. വാര്‍ത്തയറിയാനും പുതിയ രൂപം. പറഞ്ഞുതുടങ്ങിയാല്‍ ലിസ്റ്റ് നീളും. എന്നാല്‍ ഇവയില്‍ നിന്നും മാറി നില്‍ക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറയാതെ വയ്യ. 

മറ്റ് പല ഉദ്ദേശങ്ങളുമായി രാത്രിയില്‍ പലരും മെസേജ് ചെയ്തിട്ടുണ്ട്. പക്ഷേ, അവരില്‍ ചിലരോട് ഒരു ബഹുമാനം തോന്നിയിട്ടുണ്ട്. കാരണം അങ്ങനെ വരുന്നവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ 'സെക്‌സ് ചാറ്റിന് താത്പര്യമുണ്ടോ?' എന്ന് ചോദിക്കൂ. നമ്മുടെ പ്രതികരണം അങ്ങനെയല്ലെങ്കില്‍ പിന്നെ അവരുടെ പൊടിപോലും കാണില്ല.  പാവങ്ങള്‍. വെറുപ്പ് തോന്നുന്ന ചിലരുണ്ട്, തള്ളിക്കയറി വരും. നമ്മള്‍ പ്രതികരിച്ചാലും ഒരു നാണവുമില്ലാതെ ശല്യം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും. അവര്‍ക്കുള്ള മറുപടി അണ്‍ഫ്രണ്ടോ ബ്ലോക്കോ ആണ്.

എന്നാല്‍ സ്ത്രീകള്‍ക്ക് ഇത്തരം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ദുരനുഭവങ്ങളാണുണ്ടാകുന്നതെന്ന് പറയാനാകില്ല. വിരലിലെണ്ണാവുന്നത് മാത്രമേ ഇങ്ങനെയുള്ളൂ. ഇത്തരം സംഭവങ്ങളിലൂടെയാണ് ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടെന്ന് അറിഞ്ഞത്. ഇക്കൂട്ടരോട് എങ്ങനെ നില്‍ക്കണമെന്ന് പഠിച്ചത്. കാലത്തിനും ആളുകള്‍ക്കുമനുസരിച്ച് നമ്മളെ രൂപപ്പെടുത്തുന്നതിലും മാറ്റുന്നതിലും ഇത്തരമിടങ്ങള്‍ക്ക് വലിയ റോളുണ്ട്.

പച്ചലൈറ്റിന്റെ വെളിച്ചത്തില്‍, രാത്രി വൈകിയും ഒരു പെണ്‍കുട്ടി ഇരിക്കുന്നത് കണ്ടാല്‍ മോശം സ്വഭാവമെന്ന് പറഞ്ഞുകൊണ്ടിരുന്ന കാലത്തില്‍ നിന്നും ഒരുപാട് മാറ്റമുണ്ട്. ഒരുപക്ഷേ കൂടുതല്‍ ലൈറ്റുകള്‍ കൂടുതല്‍ നേരം കത്തിക്കിടക്കാന്‍ തുടങ്ങിയതാകാം കാരണം. ഈ മാറ്റം വെബ് ലോകത്ത് ഒതുങ്ങേണ്ടതല്ല, നമ്മുടെ സമൂഹത്തിലും വരണം. അതെ, പച്ച കത്തിത്തന്നെ കിടക്കട്ടെ. എല്ലായിടത്തും കത്തട്ടെ. 

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!
 

click me!