തല്ലിയതും പോരാ, ഗുണ്ടകള്‍  കുപ്പികളും കൊണ്ടുപോയി!

By പ്രസാദ് പൂന്താനംFirst Published Nov 17, 2017, 7:56 PM IST
Highlights

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

എം ബി എ പഠനകാലത്താണു ഹോസ്റ്റല്‍ ജീവിതത്തിനു ഭാഗ്യമുണ്ടായത്. അങ്ങ് ദൂരെയൊന്നും അല്ല. മ്മളെ മുക്കത്ത്, മൊയ്തീന്റേയും കാഞ്ചനയുടേയും നാട്ടില്‍. ഇരുവഴിഞ്ഞി പുഴ കാണുമ്പോ 'മയപെയ്ത് പൊയവെള്ളം' എന്ന് നജു ഉറക്കെ പാടുന്ന കാലം (ഇപ്പോഴല്ലേ ഇരുവഴിഞ്ഞി പുഴ വല്ല്യെ പത്രാസ്‌കാരി ആയത് !).

മുക്കം കള്ളന്തോട്ടിലെ കുന്നിന്‍ മുകളില്‍ ഒരു വലിയ വീട്. ചുരമിറങ്ങിപോവുന്നത് പോലെയുള്ള മൂന്നുനാലു വളവുകളും തിരിവുകളും എല്ലാം കഴിഞ്ഞ് എത്തിപ്പെടുന്ന പ്രേതഭവനം. വാര്‍ഡനോ സെക്യൂരിറ്റിയോ ഒന്നുമില്ലാത്ത, സ്വയം സൂക്ഷിക്കാനറിയുന്ന തലമുറയ്ക്ക് കോളജ് മാനേജ്‌മെന്റിന്റെ സമ്മാനം. സ്വാശ്രയകോളജുകളുടെ ചതി എന്നും നമുക്കതിനെ വിളിക്കാം. 

സ്വന്തമായി കെട്ടിടം ഇല്ലാത്തത് കൊണ്ട്  എടുത്തതാണു ഈ കെട്ടിടം. അകാലത്തില്‍ പൊലിഞ്ഞുപോയ രണ്ടുമക്കളോടുള്ള ഹോസ്റ്റല്‍ ഉടമയുടെ സ്‌നേഹം പലപ്പോഴും ഭക്ഷണസാധനങ്ങളായി ഹോസ്റ്റലിന്റെ കുന്നുകയറി. പുലരും വരെ പാട്ടും കഥയും ബഹളങ്ങളുമായി ചുറ്റുപാടുള്ളവരെ ഉറക്കാത്തതിനു രാവിലെ ജനലിനരികില്‍ വന്ന് പാത്രങ്ങളില്‍ തല്ലി ശബ്ദമുണ്ടാക്കി ഞങ്ങളെ ശപിക്കുന്ന അയല്‍വാസിയായ ഒരു പാവം വീട്ടമ്മയും.

1000 രൂപയ്ക്ക് ബെറ്റ് വച്ച് ഒരുകുപ്പി മദ്യം മുഴുവന്‍ കുടിച്ച് തീര്‍ക്കാന്‍ ശ്രമിച്ച് വാളുവച്ച് വിഷമദ്യദുരന്തത്തിലെ ഇരയെ ഓര്‍മ്മിപ്പിച്ച് ചുരുണ്ട് കിടന്ന കൂട്ടുകാരന്‍.  രാവിലെ  മുതല്‍ വൈകുന്നേരം വരെ ഫോണ്‍ ചെവിയില്‍ വച്ച് ,'ആ പറയെടാ' എന്നും പറഞ്ഞ് ലേഡീസ് ഹോസ്റ്റലിലേക്ക് കണക്ഷന്‍ വലിച്ചിരുന്ന നീണ്ട് മെലിഞ്ഞ പാലക്കാടന്‍ കാറ്റ്. സീനിയേഴ്‌സിലെ ചീനമുളകിനെ എന്നും പാതിരാത്രി വിളിച്ച് സൊള്ളുന്ന സജീവമായ അന്തര്‍ധാരകള്‍. അങ്ങനെ.ഓര്‍മ്മകള്‍ ഒരുപാടധികമാണ്.

ഒരിക്കലും മറക്കാത്ത, ഇന്നും ഓര്‍ത്താല്‍ പേടിതോന്നുന്ന ന്യൂ ഇയര്‍ രാത്രിയെ കുറിച്ച് പറയാം. എന്തോ പ്രത്യേക കാരണങ്ങളാല്‍ മൂന്നു ദിവസത്തോളം തുടര്‍ച്ചയായി ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റിനു അവധി വന്നൊരു സമയത്തായിരുന്നു പുതുവത്‌സരാഘോഷം വന്നത്. ഗംഭീരമായി തന്നെ ആഘോഷിക്കുവാന്‍ തീരുമാനിച്ചു. പാട്ടും ബഹളങ്ങളും ഭക്ഷണസാധനങ്ങളും അനവധി ബിയര്‍ ബോട്ടിലുകളുമൊക്കെയായി ആഘോഷം തുടങ്ങി. ആഘോഷങ്ങളുടെ ഭാഗമായി ഹോം തീയേറ്ററില്‍ പാട്ടൊക്കെ വച്ച് ആകെ ബഹളമയമായിരുന്നു. മുറ്റത്ത് തന്നെ ഭക്ഷണം വിളമ്പാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു. ചിലരൊക്കെ പാട്ടിനൊപ്പം മുറ്റത്ത് ഡാന്‍സ് കളിക്കുന്നു. 

അതിനിടയിലേക്കാണ് ഒരുസംഘം ഇരച്ചു കയറുന്നത്. 'ഏത് നായിന്റെ മക്കള്‍ക്കാടാ ഇവിടെ പാട്ട് വയ്‌ക്കേണ്ടത്' എന്നൊരു അലര്‍ച്ച. തെങ്ങിന്റെ കൊതുമ്പ് കൊണ്ട് സുഹൃത്തുക്കളില്‍ ഒരുവനെ അടിച്ചു വീഴ്ത്തുന്നു .എല്ലാവരും ചിതറിയോടി.  പലരും ഹോസ്റ്റലിനുള്ളിലേക്ക് പാഞ്ഞു. ചിലരൊക്കെ പുറത്തേക്കും. മദ്യപിച്ചെത്തിയ ആ ഗുണ്ടാസംഘം ഏതാണ്ട് ഒരുമണിക്കൂറിലധികം ഞങ്ങളെ ബന്ദികളാക്കി. ഉള്ളുപിടയുന്ന വേദനയോടെ തല്ല് കൊണ്ടു കരയുന്ന അഞ്ചു കൂട്ടുകാര്‍. നിസ്സഹായതയുടെ രൂപങ്ങളായി അവശേഷിക്കുന്ന ഞങ്ങളും. അന്നുവരെ കേള്‍ക്കാത്ത തെറികളും ഭീഷണികളും. 

ശബ്ദമുയര്‍ത്തിയാല്‍ പിന്നെ അവിടെ കോളേജില്‍ പഠിക്കാന്‍ സാധിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് പ്രതികരണശേഷി ആവിയായി പോവൂന്ന നിസ്സഹായത . അവസാനം ആഘോഷമാക്കി തീര്‍ക്കാന്‍ വാങ്ങിയിരുന്ന മദ്യക്കുപ്പികളുമായി അവര്‍ സ്ഥലം വിടുന്നു. ഭീതിയും ശ്മശാനമൂകതയും അവശേഷിപ്പിച്ച് ന്യൂ ഇയര്‍ പിറന്നുവീഴുന്നു. 

അകലങ്ങളില്‍ എവിടെയൊ തെമ്മാടികൂട്ടങ്ങളില്ലാത്ത നാടുകളിലെ ആഘോഷങ്ങള്‍ നേര്‍ത്ത പാട്ടായും പടക്കങ്ങളുടെ ശബ്ദമായും ചെവിയിലേക്ക് ഒഴുകിയെത്തി.' തല്ലിയതൊക്കെ സഹിക്കാം പട്ടികള്‍ ആ കുപ്പികളും കൊണ്ടോയല്ലോ' എന്ന വാക്കുകള്‍ സങ്കടങ്ങള്‍ക്കിടയിലും ഞങ്ങളില്‍ ചിരി പടര്‍ത്തി. തല്ലുകൊണ്ടവരും കണ്ടവരും അന്നുണ്ടാക്കിയ കരാറായിരുന്നു, ആരോടും ഒന്നും പറയരുതെന്നത്.

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്

ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍... ​

റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച്  നടക്കുന്നത് കേള്‍ക്കാന്‍!'

സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!

വിനീത പാട്ടീല്‍: ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!​

മിഷാല്‍: ആ പഴ്‌സില്‍ എന്റെ ജീവിതമായിരുന്നു!
 

click me!