Asianet News MalayalamAsianet News Malayalam

ആ പഴ്‌സില്‍ എന്റെ ജീവിതമായിരുന്നു!

Hostel Days Mishal
Author
Thiruvananthapuram, First Published Nov 16, 2017, 7:39 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

Hostel Days Mishal

കൊച്ചിയില്‍ ഡിപ്ലോമ ചെയ്യുന്ന കാലത്താണ് ആദ്യമായൊരു ഹോസ്റ്റല്‍ ജീവിതം തൊട്ടറിയുന്നത്, അഞ്ചാം തരം കഴിഞ്ഞത് മുതല്‍ തന്നെ അത്യാവശ്യം ജോലിയൊക്കെ ചെയ്ത് പഠനത്തിന് അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ഞാന്‍ തന്നെ നടത്താന്‍ ശ്രമിക്കാറുണ്ടായിരുന്നു. വീട്ടിലെ സാമ്പത്തിക ഭദ്രത പലപ്പോഴും അതിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. കൊച്ചിയില്‍ ഡിപ്ലോമ ചെയ്യുന്ന സമയത്തും മോശം പറയാത്തൊരു ജോലി തരപ്പെടുത്തിയതിന് ശേഷമാണ് ഞാന്‍ ഹോസ്റ്റലിലേക്ക് താമസം മാറ്റുന്നത്. ബാല്യ കാല സുഹൃത്തുക്കളായ ജിംഷീര്‍, ഖലീല്‍, ഷൗക്കത്ത്, ദില്‍ഷാദ് , ഷഫീക് എന്നീ അന്തേവാസികള്‍ ആദ്യമേതന്നെ അവിടെ പാര്‍പ്പാരംഭിച്ചിരുന്നു. 

പോക്കറ്റ് മണിയുടെ മുട്ടില്ലാത്ത പൊലിമയില്‍ പൊളിച്ചടുക്കി തിമിര്‍ക്കുന്ന നോവലിലും, സിനിമയിലും കണ്ടിട്ടുള്ള ഒരു ഹോസ്റ്റലല്ല യഥാര്‍ത്ഥത്തില്‍ ഇത് .ജീവിതത്തിന്റെ ഇരുതലകള്‍ ചേര്‍ത്തുവെക്കാന്‍ പങ്കപ്പാട് പെടുന്ന സാധാരണയില്‍ സാധാരണക്കാരുടെ ഒരു ചെറിയ സത്രം. മിക്കവരും ജോലിയും പഠനവും ഒരേ സമയം കൊണ്ട് പോകുന്നവര്‍. വേദനയും കഷ്ടതയും ആവോളം അനുഭവിച്ചവര്‍. അതിനാല്‍ അതിരുവിട്ട ആഘോഷങ്ങളോ നിറപ്പകിട്ടോ ആ അന്തരീക്ഷത്തിന് പരിചയമുണ്ടാവാനിടയില്ല. 

ഉദയേട്ടന്‍ വിളമ്പുന്ന ചൂട് പുട്ടില്‍ പഞ്ചാര ഇട്ട് പരുവപ്പെടുത്തി ശര്‍ക്കരയിട്ട കട്ടന്‍ കാപ്പി മോന്തിക്കുടിച്ചു തുടങ്ങുന്ന അവിടുത്തെ ഓരോ ജീവിതങ്ങളും പഠിത്തവും ജോലിയും ഒതുക്കി തിരികെയെത്തുന്നത് നേരം ഏറെ വൈകിയായിരുന്നു,  വെറും തറയില്‍ പുല്ലുപായില്‍ മുട്ടിയിരുമ്മിയുറങ്ങിയുരുന്ന ആ പോയ കാലം ഇന്നുമോര്‍മിക്കുന്നത് സുഹൃത്തുക്കളുടെ കലര്‍പ്പില്ലാത്ത സ്‌നേഹം കൊണ്ട് തന്നെയാവാം.
 
ആദ്യത്തെ ശമ്പളമായ  നാലായിരം രൂപ പേഴ്‌സില്‍ തിരുകി വെച്ച് ഞാന്‍ രണ്ടു ദിവസത്തെ അവധിയെടുത്തു നാട്ടില്‍   പോയി. വീടെത്തിയപ്പോഴേക്ക് ഇരുട്ടിയിരുന്നു , വാതില്‍ തുറന്ന ഉമ്മയുടെ കയ്യില്‍ ആദ്യ ശമ്പളം വെച്ച് കൊടുത്തപ്പോള്‍ ഹൃദയം പൊട്ടിയൊരു കണ്ണീര്‍ ചാലിട്ട് ഉമ്മയുടെ കവിളില്‍ തങ്ങി നില്‍പ്പുണ്ടായിരുന്നു, കണ്ടില്ലെന്ന് നടിച്ച് അകത്തേക്ക് കയറി കട്ടിലിലേക്ക് കിടന്നപ്പോള്‍  എന്തൊക്കെയോ നേടിയ സംതൃപ്തിയായിരുന്നു മനസ്സ് നിറയെ .

പേഴ്‌സിനായി പോക്കറ്റില്‍ പരതിയപ്പോഴാണ് തപിക്കുന്ന ഒരു വിറയല്‍

തിരിച്ചു കൊച്ചിയിലേക്ക് പോകുന്ന ദിവസം ഷൗക്കത്തിന്റെ വീട്ടില്‍ കയറി അവന്റെ ഹോസ്റ്റല്‍ ഫീസായി മൂവായിരം  രൂപ വാങ്ങി ഭദ്രമായി പേഴ്‌സില്‍ തിരുകി ഷൊര്‍ണൂരിലേക്ക് വണ്ടി കയറി. നാളെ കൂടി ഹോസ്റ്റല്‍ ഫീസ് കൊടുത്തില്ലെങ്കില്‍ അവനോടിനി തുടരേണ്ട എന്ന് കട്ടായം പറഞ്ഞതുകൊണ്ട് അവന്റുമ്മ എവിടുന്നൊക്കെയോ സംഘടിപ്പിച്ച തുകയാണത്. രാവേറെ വൈകിയിട്ടും ഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷന്‍ സജീവമാണ്. എങ്ങും തിരക്ക് പിടിച്ച് സ്വയം മറന്നോടുന്ന ആള്‍ക്കൂട്ടം. എങ്ങോട്ടാണീ തത്രപ്പാട്? മരണത്തിലേക്കോ? മരിക്കാനല്ലാതെ മനുഷ്യന്റെ ഈ വേഗതയുടെ അടിസ്ഥാനം മറ്റെന്ത്?

ലോക്കല്‍ കംപാര്‍ട്‌മെന്റാണെങ്കിലും വിന്‍ഡോ സീറ്റ് തന്നെ കിട്ടിയത് ആശ്വാസമായി, തുറന്നു വച്ച പുനത്തില്‍ കുഞ്ഞബ്ദുുള്ളയുടെ സ്മാരക ശിലയിലേക്ക് അലിഞ്ഞിരിക്കുമ്പോഴാണ് സെല്‍ഫോണ്‍ റിങ് ചെയ്തത്.

അങ്ങേ തലക്കല്‍ ഉപ്പയാണ്. 'നിന്റെ ആദ്യത്തെ ശമ്പളമല്ലേ. ബാഗിനുള്ളില്‍ നിന്റെ ചോറ്റു പാത്രത്തില്‍ ഞാനത് തിരിച്ചു വെച്ചിട്ടുണ്ട്. വേണ്ടതെല്ലാം വാങ്ങി കഴിക്കുക. ആവശ്യം പോലെ ഒന്നോ രണ്ടോ പുതിയ ഉടുപ്പോ മറ്റോ വാങ്ങിയേക്ക്.

ബാഗ് തുറന്ന് നോക്കിയപ്പോള്‍ ചോറ്റു പാത്രത്തില്‍ പേപ്പറില്‍ പൊതിഞ്ഞ പണം കണ്ട് എന്റെ ഉള്ളു പിടഞ്ഞു. പണം പേഴ്‌സിനകത്താക്കി പോക്കലിട്ട് തണുത്ത ജാലക കമ്പിയില്‍  മുഖം ചേര്‍ത്ത് കിടന്നപ്പോള്‍ കണ്ണീര്‍ അനിയന്ത്രിതമായി ഒഴുകുന്നുണ്ടായിരുന്നു. അകത്തേക്കൊഴുകുന്ന തണുത്ത കാറ്റിന്റെ കുളിര്‍മ കൊണ്ടാവാം ഞാന്‍ ദീര്‍ഘമായ മയക്കത്തിലേക്ക് സ്വയം അമര്‍ന്നിരുന്നു.
 
നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ തിക്കും ബഹളവും കേട്ടാണ് ഞെട്ടി എണീറ്റത്. ബാഗും ബുക്കും കയ്യിലെടുത്തു വേഗം ട്രെയിനില്‍ നിന്നും ചാടിയിറങ്ങി അടുത്തുള്ള ചായക്കടയില്‍ പോയി ചൂടുള്ള ഒരു ചായയിലേക്ക് മുങ്ങിയിരുന്നു. ചുടു ചായ അകത്താക്കി പേഴ്‌സിനായി പോക്കറ്റില്‍ പരതിയപ്പോഴാണ് തപിക്കുന്ന ഒരു വിറയല്‍ തള്ളവിരലില്‍ കൂടി തപിച്ചു പൊങ്ങി ശിരസ്സില്‍ ആവി തീര്‍ത്ത് പൊള്ളി നിന്നത് .

ഇല്ല, പേഴ്‌സ് കാണുന്നില്ല!

പാന്‍ഡ്‌സിന്റെ പോക്കറ്റ് ബ്ലേഡ് കൊണ്ട് ഏതോ തെമ്മാടി വെട്ടി മുറിച്ച് പേഴ്‌സ് അപ്പാടെ കവര്‍ന്നിരിക്കുന്നു. തലയിലാകെ ആയിരം യന്ത്രങ്ങള്‍ എണ്ണയില്ലാതെ മുരണ്ടോടുന്നുണ്ട്. അടക്കി വെച്ച വേദന മുഴുവന്‍ പുറത്തേക്ക് തിങ്ങിയൊഴുകാന്‍ കാത്തുനില്‍ക്കുന്നുണ്ട്. അപ്പോഴേക്കും ഹോസ്റ്റലിലേക്ക് കൂട്ടികൊണ്ട് പോവാന്‍ ജിംഷീര്‍ ബൈക്കുമായി എത്തിയിരുന്നു. ഒറ്റ ശ്വാസത്തിന് ഇടറിയ തൊണ്ടയോടെ ഞാന്‍ കാര്യങ്ങള്‍ വേവലാതിയോടെ അവനോട് പറഞ്ഞു തീര്‍ത്തു. അവനൊന്നും പറയാതെ വണ്ടിയില്‍ കയറാന്‍ പറഞ്ഞു. ഹോസ്റ്റലിനെ ലക്ഷ്യം വെച്ച് ബൈക്ക് വേഗത്തില്‍ മുന്നോട്ടു പോയി. പുറകിലേക്കടിക്കുന്ന തണുത്ത കാറ്റില്‍ എന്റെ കണ്ണീര്‍ തുള്ളികള്‍ വേഗത്തില്‍ ഉതിര്‍ന്നുതിര്‍ന്നു പിന്നിട്ട് പോവുന്നതവന്‍ എങ്ങനെയറിഞ്ഞെന്നറിയില്ല. ഹോസ്റ്റലിലെത്തി അകത്തേക്ക് കയറുമ്പോള്‍ മുഖത്ത് നോക്കാതെ അവന്‍ പറഞ്ഞു-'കരയണ്ട ഷൗക്കുവിന്റെ ഹോസ്റ്റല്‍ ഫീസല്ലേ. എന്തേലും ചെയ്യാം ഇപ്പൊ ഉറങ്ങ്'

ഉദയേട്ടന്‍ കതകില്‍ തട്ടി വിളിക്കുന്നത് വരെ ഞാനുണര്‍ന്നിരുന്നില്ല. വാതില്‍ തുറന്നതയാളുടെ ചിരിക്കുന്ന മുഖത്തേക്കായിരുന്നു. ചിരിച്ചു കൊണ്ട് തന്നെ കാവിത്തുണിയുടെ മടിക്കുത്തു തുറന്നു മൂവായിരം രൂപ എന്റെ കയ്യിലേക്ക്  വെച്ച് തന്നു.
 
'ജിംഷീര്‍ തരാന്‍ ഏല്‍പിച്ചതായിരുന്നു. അവന്‍ ഇന്ന് നേരത്തെ പോയി. കുഞ്ഞപ്പൊ ഉറങ്ങുകയായിരിക്കും. അതാണ് എന്നെ ഏല്‍പ്പിച്ചത്'

സങ്കടക്കടല്‍ കണ്ണില്‍ തിരയോട്ടമിട്ടത് കൊണ്ട് ഉദയേട്ടന് മുഖം കൊടുക്കാതെ ഞാന്‍ പുറം തിരിഞ്ഞു നിന്ന് കതകടച്ചു. ഉള്ളില്‍ ഉറവപൊട്ടിയ സൗഹൃദത്തിന്റെ സ്‌നേഹമെഴുതിയ കണ്ണീര്‍ കണങ്ങള്‍ പുല്ലുപായില്‍ ഒഴുകിപ്പടര്‍ന്ന് തറയാകെ കുതിര്‍ന്നു. 

ഞാന്‍ ഏറെ നേരം വെറുതെ കിടന്നു. ഇത്ര നാളും ഞാന്‍ അക്ഷരങ്ങളില്‍ നിന്ന് പഠിച്ചതിലും വലിയ മറക്കാത്ത പാഠമായിരുന്നു അന്നവന്‍ പറയാതെ എന്നെ പഠിപ്പിച്ചത്. 

 

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്

ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍... ​

റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച്  നടക്കുന്നത് കേള്‍ക്കാന്‍!'

സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!

വിനീത പാട്ടീല്‍: ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!​

Follow Us:
Download App:
  • android
  • ios