എന്റമ്മോ.... പുളു!

By ജിമ്മി ജെയിംസ്First Published Jun 29, 2016, 2:58 AM IST
Highlights

 

എന്‍ട്രന്‍സ് പരീക്ഷക്ക് പത്ത് മാര്‍ക്ക് തികച്ചുകിട്ടാത്തവന്‍മാരെ എഞ്ചിനീയറിങ് കോളേജുകളുടെ പടിയ്ക്കകത്ത് കയറ്റാതിരിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിരിക്കുകയാണല്ലോ. പതിനൊന്ന് മാര്‍ക്ക് കിട്ടിയവരെല്ലാം അകത്തും. 

മിനിട്ടില്‍ ഒരു ചോദ്യത്തിന് എങ്കിലും ഉത്തരം കണ്ടുപിടിച്ച് വട്ടം കറപ്പിക്കുന്ന പരിപാടി ആണല്ലോ എന്‍ട്രന്‍സ് എന്ന മഹാമഹം. എഞ്ചിനീയറിംഗിന് അഭിരുചി അളക്കാനുള്ള എന്ത് പരിപാടി ആണ് ഇതിനകത്തുള്ളത്? വേഗതയും അഭിരുചിയും രണ്ടല്ലേ എന്നാണ് ചോദ്യം. 

പുരാണങ്ങളുടെ കാലം തൊട്ടേ ഉള്ള പരിപാവനമായ പൂജാവിധി എന്ന മട്ടിലാണ് ഇത് ആചരിക്കപ്പെടുന്നത്. 1981ല്‍ പ്രീഡിഗ്രി മാര്‍ക്ക് ലിസ്റ്റുകള്‍ വ്യാപകമായി തിരുത്തിയത് പിടിക്കപ്പെട്ടപ്പോള്‍ ഒരു പരിഹാരമെന്ന മട്ടില്‍ കേരളത്തില്‍ അവതരിച്ചതാണ്  ഈ പരിപാടി. തട്ടിപ്പ് നടക്കാത്ത ഒരു പരീക്ഷാ രീതി ആയി കൊണ്ടുവന്ന സംവിധാനം ഇന്നത്തെ ആചാരവും ശാസ്ത്രവും ഒക്കെ ആയി മാറിക്കഴിഞ്ഞു. 

വാര്‍ഷിക പരീക്ഷകളെപ്പോലും തള്ളിക്കളഞ്ഞ് വിദ്യാര്‍ത്ഥിയുടെ കഴിവ് ഒരോ ദിവസവും അളക്കുന്ന തുടര്‍മൂല്യനിര്‍ണ്ണയ രീതികളിലേക്ക് ലോകത്തിനൊപ്പം കേരളവും മാറുകയാണ്. ഇന്റേണല്‍ അസെസ്‌മെന്റ്കള്‍, സെമിനാര്‍ അങ്ങനെ പലതുമാണ് ഇപ്പോള്‍ പ്രധാനപ്പെട്ടത്. പക്ഷെ എഞ്ചിനീയറിങിനോ മെഡിസിനോ പോകണമെങ്കില്‍ ഏറ്റവും കൂടുതല്‍ വട്ടം, പറയുന്ന സമയത്ത് കറപ്പിച്ചാലേ പറ്റു!!

അഡ്മിഷന്‍ കിട്ടി. എന്നിട്ട്...?
സംസ്ഥാനത്ത് ആകെ 119 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍. ഇതില്‍ 50 കോളേജുകളില്‍ പകുതി കുട്ടികള്‍  പോലും ഒന്നാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ വര്‍ഷം പാസായില്ല. 

2012ല്‍ എന്‍ജിനീയറിങ് കോളേജുകളുടെ നിലവാരം പഠിക്കാന്‍ ഹൈക്കോടതി ഒരു സമിതിയെ വച്ചു. 80 ശതമാനം കുട്ടികളും തോല്‍ക്കുന്ന ഇഷ്ടം പോലെ കോളജുകള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. നിലവാരം തീരെ ഇല്ലാത്ത 23 കോളജുകളുടെ പട്ടികയും ഉണ്ടാക്കി. അതില്‍ എട്ടെണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള IHRDയുടേതായിരുന്നു!

 

 

 

കാല്‍ക്കാശിന്റെത വിവരമില്ലാത്ത അദ്ധ്യാപകരാണ് പല ഇടത്തും പഠിപ്പിക്കുന്നതെന്നും തെളിവ് സഹിതം കമ്മറ്റി കണ്ടെത്തി. ആവശ്യത്തിന്  അദ്ധ്യാപകരുമില്ല. 

ഈ റിപ്പോര്‍ട്ട് വച്ച് കോളേജുകളുടെ അംഗീകാരം പുന:പരിശോധിക്കാന്‍ ഒരു  ഉത്തരവിട്ടാല്‍ പലതും പൂട്ടുമെങ്കിലും കുട്ടികളുടെ ഭാവിയെ കരുതി അത് ചെയ്യുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നിട്ട് 40 ശതമാനം കുട്ടികളെങ്കിലും പാസാകാത്ത കോളേജുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന നിദ്ദേശം കുടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി.   ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു  ഈ ഉത്തരവ്. *

 

 

 

മൂന്നാഴ്ചക്കുശേഷം നിയമസഭയില്‍ ബാബു എം പാലിശ്ശേരി  വിദ്യാഭ്യാസ മന്ത്രിയോട്  എന്തുചെയ്യാനാണ് ഉദ്ദേശമെന്ന് ചോദിച്ചു. നിലവാരം മെച്ചപ്പെടുത്താന്‍ നിശ്ചിത സമയപരിധി നല്‍കിയിരിക്കുന്നു എന്നായിരുന്നു മറുപടി. നിശ്ചിത സമയപരിധി എത്രയാണെന്ന് നിയമസഭാ രേഖകളില്‍ ഇല്ലാത്തതിനാല്‍ പിന്നെ എന്തായെന്ന് അറിയില്ല.**

ആ ഉത്തരത്തിന് ഇപ്പോൾ നാലു വയസ് പ്രായമായിരിക്കുന്നു. ഒരു പുതിയ ബാച്ച് പ്രവേശനം നേടി പഠിച്ചിറങ്ങേണ്ടത്ര കാലം. നിലവാരം മെച്ചപ്പെടുത്താനുള്ള ന്യായമായ സമയം എന്തായാലും കഴി‌ഞ്ഞു. ഒരു ശുദ്ധികലം നടത്തിയാലോ? പകുതി കോളേജുകൾ പൂട്ടിയാൽ അത്രയും കുട്ടികളെങ്കിലും രക്ഷപെടും.

അല്ലെങ്കിലും നാട്ടിൽ ഇത്രയും എഞ്ചിനീയർമാർ വേണ്ടെന്ന് ഈ പരിപാടിക്കു തുടക്കംകുറിച്ച മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിപോലും ഇപ്പോൾ സമ്മതിക്കും. (പാസായിട്ടുവേണ്ടെ എഞ്ചിനീയറാകാൻ എന്നത് വേറെ കാര്യം) ആനക്കൊട്ടിലും കശുവണ്ടി ഫാക്ടറിയുമൊക്കെ റീമോഡൽ ചെയ്തു കോളേജ് ആക്കിയവർ ഈ കൃഷി നിർത്തി പുതിയ മേച്ചിൽപ്പുറങ്ങൾ തേടട്ടെ.  

ആ പഴയ റിപ്പോർട്ട് പൊടിതട്ടിയെടുക്കേണ്ട താമസമേ ഉള്ളു. എന്നിട്ട് പുതിയ പരിശോധന നടത്താം.  കൂട്ടിന് ഹൈക്കോടതിയുടെ നീരീക്ഷണങ്ങളും. പ്രൊഫസർ സി. രവീന്ദ്രനാഥ് എന്തു പറയുന്നു?

.......................................................................................................
* C.N.MMACHANDRAN NAIR & BABU MATHEW PJOSEPH,JJ. 1.A.No.358 of 2011  in W.A. No.20l4 of 2010

** പതിമൂന്നാം നിയമസഭ. അഞ്ചാം സമ്മേളനം. നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 7169

........................................................................................................

ഈ പംക്തിയി്ല്‍ നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

ബാറുകള്‍ പൂട്ടിയിട്ടും മദ്യപാനം കുറഞ്ഞില്ലെന്ന് ആര് പറഞ്ഞു?
സ്കൂളുകള്‍ ഏറ്റെടുത്താല്‍ പ്രശ്നം തീരുമെന്ന് ആര് പറഞ്ഞു?

വിവാഹവാഗ്ദാനം നല്‍കി  പീഡിപ്പിക്കാന്‍ പറ്റുമോ?

click me!