'എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ കടലെടുക്കാം'; നിസ്സഹായരായ ഒരു ജനത

By Web TeamFirst Published May 10, 2020, 11:32 AM IST
Highlights

ഒരുലക്ഷത്തോളം ആളുകൾ ദ്വീപിന്റെ ഈ ഭാഗങ്ങളിൽ താമസിക്കുന്നു. എന്നാൽ, ഈ ദ്വീപസമൂഹത്തെ എപ്പോൾ വേണമെങ്കിലും വിഴുങ്ങാൻ പാകത്തിനാണ് പസഫിക് സമുദ്രത്തിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്.  

ഇന്ന് ലോകം കടുത്ത കാലാവസ്ഥ പ്രതിസന്ധിയെയാണ് നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ പല പുതിയ കരാറുകളിലും ലോകരാജ്യങ്ങൾ ഒപ്പുവയ്ക്കുന്നുണ്ടെങ്കിലും, വേണ്ടരീതിയിൽ അതിനെ മുന്നോട്ട് കൊണ്ടുപോകാൻ അവർക്കാകുന്നില്ല. ഇതിന്റെ പേരിൽ ദുരിതമനുഭവിക്കുന്നതോ, പാവം ദരിദ്ര രാജ്യങ്ങളും. കിരിബതി അതിലൊന്നാണ്. ദക്ഷിണ പസഫിക്കിലെ ദ്വീപ് റിപ്പബ്ലിക്കായ കിരിബതി കടലിനു ഏതാനും അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.  കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ദ്വീപ് എപ്പോൾ വേണമെങ്കിലും കടലെടുക്കുമെന്ന അവസ്ഥയാണ്. എന്നാൽ, ഈ ഗുരുതരമായ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരു ലോകരാജ്യങ്ങളും മുന്നോട്ട് വരുന്നില്ല. ഇതിനെ തടയാൻ തദ്ദേശവാസികൾക്കും കഴിയുന്നില്ല. ലോകം തങ്ങളെ മറന്നുവെന്നോ, തങ്ങളുടെ ദുരിതത്തെ ശ്രദ്ധിക്കുന്നിലെന്നോ പരാതിപ്പെടാൻ മാത്രമേ അവർക്കാവുന്നുള്ളൂ.  

 

ഓഷ്യാനിയയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് കിരിബതി റിപ്പബ്ലിക്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട രാജ്യങ്ങളിലൊന്ന്. പസഫിക് സമുദ്രത്താൽ ചുറ്റപ്പെട്ട അഞ്ച് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു സ്ഥലമാണ് ഇത്. “കിരിബാസ്” എന്ന് ഉച്ചരിക്കപ്പെടുന്ന 33 ദ്വീപുകളുടെ ഒരു ശൃംഖലയാണ് അത്. ഒരുലക്ഷത്തോളം ആളുകൾ ദ്വീപിന്റെ ഈ ഭാഗങ്ങളിൽ താമസിക്കുന്നു. എന്നാൽ, ഈ ദ്വീപസമൂഹത്തെ എപ്പോൾ വേണമെങ്കിലും വിഴുങ്ങാൻ പാകത്തിനാണ് പസഫിക് സമുദ്രത്തിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്.  

 

കിരിബതിയിൽ, പ്രതിവർഷം മൊത്തം ആഭ്യന്തര ഉത്പാദനം 700 ഡോളറിൽ താഴെയാണ്. ഒരു ദരിദ്രരാജ്യമായ ഇവിടെ, ഒരു റോഡ് മാത്രമാണുള്ളത്. സ്കൂൾ കുട്ടികൾ, ആശുപത്രിയിലേക്കുള്ള രോഗികൾ, തൊഴിലാളികൾ, ടാക്സികൾ, എന്നുവേണ്ട സകലരും ഇതിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങൾ പോലും സമുദ്രനിരപ്പിൽ നിന്ന് രണ്ട് മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ സമുദ്രനിരപ്പ് ഉയർന്നാൽ ആദ്യം മുങ്ങാൻ പോകുന്നത് കിരിബതിയായിരിക്കും. ആഗോളതാപനം മൂലം ഓരോ വർഷവും സമുദ്രനിരപ്പ് ക്രമാനുഗതമായി ഉയരുന്നത് തദ്ദേശീയരെ ഭീതിയിലാഴ്ത്തുന്നു. കരയോട് ചേർന്ന് താമസിക്കുന്നവർ അവരുടെ കുടിവെള്ളം പെട്ടെന്ന് ഉപ്പുവെള്ളമായി മാറുന്നതും, തിരമാലകൾ അവരുടെ സ്വത്തുക്കൾ കൂടുതൽ വേഗത്തിൽ കവർന്നെടുക്കുന്നതും നിസ്സഹായാരായി നോക്കിനിൽക്കുകയാണ്.  

സമുദ്രനിരപ്പ് ഉയരുന്നത് എങ്ങനെ ചെറുക്കണമെന്നു അവിടത്തെ നിവാസികൾക്ക് അറിയില്ല. അതേസമയം, ലോകരാജ്യങ്ങൾ ഇതെല്ലം കണ്ടു വെറുതെ നോക്കി ഇരിക്കുകയാണ്. ഇപ്പോൾ എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു ജനതയായി അവർ മാറുകയാണ്. ദ്വീപിൽ താമസിക്കുന്ന 65 വയസുകാരിയായ മരിയ ടെക്കായ് പറഞ്ഞു: “എന്റെ കുട്ടികൾ ആശങ്കാകുലരാണ്, അവർ സ്വന്തം നാടുവിട്ടു പോകുന്നതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾക്ക് ആകെയുള്ള ഒരേയൊരു സ്ഥലമാണിത്, ഞങ്ങൾ ഇവിടം ഇഷ്ടപ്പെടുന്നു.”

 

കിരിബതിയ്ക്ക് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും ആണവായുധ പരീക്ഷണത്തിന്റെയും ഇരുണ്ട ഭൂതകാലമുണ്ട്. 1979 ജൂലൈ 12 -നാണു ബ്രിട്ടീഷുകാരിൽ നിന്നും രാജ്യം സ്വാതന്ത്ര്യം നേടുന്നത്. കിരിബതിയിലെ സമുദ്രനിരപ്പ് ഉയരുന്നത് പകുതിയോളം വീടുകളെ ഇതിനകം ബാധിച്ചിട്ടുണ്ടെന്ന് 2016 -ലെ യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുമാത്രവുമല്ല, സമുദ്രനിരപ്പ് ഉയരുന്നത് മുൻപ് കൊളോണിയൽ ഭരണകാലത്ത് ഉപേക്ഷിച്ച ആണവ മാലിന്യങ്ങൾ കരയിൽ അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു.  

കിരിബതിയിൽ, ദ്വീപുവാസികളെ സഹായിക്കുന്നതിന് ചില പദ്ധതികളും നിലവിലുണ്ട്. ഉദാഹരണത്തിന്, വിദേശത്ത് നല്ല തൊഴിൽ കണ്ടെത്താൻ കഴിവുള്ള ഒരു തൊഴിൽ ശക്തിയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കിരിബതി സർക്കാർ “അന്തസ്സോടെ മൈഗ്രേഷൻ” എന്ന ഒരു പദ്ധതി നടപ്പാക്കി. പരിസ്ഥിതി മാറുന്നതിനനുസരിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി 2014 -ൽ 6,000 ഏക്കർ ഫിജിയിൽ സർക്കാർ വാങ്ങിയിട്ടുണ്ട്. ഈ ജനതയെ രക്ഷിക്കാനായി ന്യൂസിലാന്റ്, പസഫിക് ആക്സസ് ബാലറ്റ് എന്ന പേരിൽ ഒരു വാർഷിക അവസര ലോട്ടറിയും ആരംഭിക്കുകയുണ്ടായി. പ്രതിവർഷം 75 കിരിബതി പൗരന്മാരെ ന്യൂസിലാന്റിൽ പുനരധിവസിപ്പികാൻ ഈ ലോട്ടറി പദ്ധതിയിടുന്നു. എന്നാൽ എല്ലാവർഷവും അത്രയും പേരെ പുനരധിവസിപ്പിക്കുന്നില്ലെന്നും ഒരാക്ഷേപമുണ്ട്. മാത്രവുമല്ല, കൂടുതൽ ആളുകളും സ്വന്തം വീടും നാടും വിട്ടു പോകാൻ താല്പര്യമില്ലാത്തവരാണ്.

 

അധികം ചിലവില്ലാത്ത ഒരു വഴിയാണ് കുടിയേറാൻ ജനസംഖ്യയെ പ്രോത്സാഹിപ്പിക്കുക എന്നത്. എന്നാൽ, ഇത് മാത്രമേ ഒരു പരിഹാരം ഉള്ളു എന്ന് ചിന്തിക്കാൻ വയ്യ. ഈ ദ്വീപ് മുങ്ങാൻ അനുവദിക്കരുത്. ഇത് കേവലം മനുഷ്യരുടെ മാത്രം പ്രശ്നമല്ല. ഈ ദ്വീപിനെ കടലിലേക്ക് വലിച്ചെറിഞ്ഞാൽ ക്രമേണ ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത പക്ഷിമൃഗാദികളുടെ വംശനാശത്തിനായിരിക്കും അത് കാരണമാവുക. നാടും വീടും, സ്വത്തുക്കളും എല്ലാം കടലെടുക്കുമ്പോഴും, എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് അവർ. 

click me!