17 വയസില്‍ അഞ്ച് ഗാനങ്ങള്‍ക്ക് ഈണമിട്ട ബാലഭാസ്‌കറിനോട് മലയാള സിനിമ നീതി കാട്ടിയോ?

By Prashobh PrasannanFirst Published Oct 3, 2018, 3:42 PM IST
Highlights

1997ല്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് ഈണമൊരുക്കുമ്പോള്‍ സിനിമാസംഗീത ലോകത്തും അക്ഷരാര്‍ത്ഥത്തില്‍ ഒരു കുട്ടിസൂര്യനായിരുന്നു അയാള്‍. കേവലം 17 വയസ് മാത്രം പ്രായമുള്ള ഒരു പയ്യനാണോ ആ അഞ്ച് ഗാനങ്ങള്‍ സൃഷ്ടിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അദ്ഭുതം തോന്നാറുണ്ട്.

കണ്ണാടിക്കടവത്തിലെ യേശുദാസ് പാടിയ 'ഇഷ്ടമാണ് ഇഷ്ടമാണ്' എന്നു തുടങ്ങുന്ന ആ ഒരൊറ്റ ഗാനം മതി ജനപ്രിയതയുടെ ആഴം തിരിച്ചറിയാനുള്ള ബാലഭാസ്കറിന്‍റെ പ്രതിഭയളക്കാന്‍. പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും പ്രണയം നെഞ്ചിലേറ്റുന്ന യുവതീയുവാക്കളും കൌമാരക്കാരുമൊക്കെ ആ ഈണത്തില്‍ 'തിരയറിയല്ലേ കാറ്ററിയല്ലേ' എന്നൊക്കെ മൂളുന്നുമുണ്ടാവും, ഈണം ആരുടേതാണെന്നു വലിയ തിട്ടമില്ലാതെ. ഒരുപക്ഷേ ലഹരിയായി പതഞ്ഞിരുന്ന പ്രണയമാവണം ആ 22കാരനെക്കൊണ്ട് ഇങ്ങനൊരു ഈണമുണ്ടാക്കിച്ചതിനു പിന്നിലെന്ന് ചിലര്‍ കരുതുന്നുണ്ടാകും. 

ബാലഭാസ്കരനെന്നാല്‍ ഉദയസൂര്യനെന്നാണ് അര്‍ത്ഥം. അക്ഷരാര്‍ത്ഥത്തില്‍ ഒരു കുട്ടിസൂര്യനായിരുന്നു അയാള്‍. ഒരു കൊച്ചുകുട്ടി, കളിപ്പാട്ടം കൈകാര്യം ചെയ്യുന്നത്ര അനായാസതയോടെ വയലിന്‍ വായിക്കുന്ന മാന്ത്രികനെ  ഒരു പൂര്‍ണസൂര്യനായിട്ടാവും മലയാള ഉപകരണസംഗീത ചരിത്രം അടയാളപ്പെടുത്തുക. ക്ലാസിക് സംഗീതലോകത്തെ പിന്നാമ്പുറക്കാരെ സാധാരണക്കാരന് പരിചയമില്ലാതിരുന്ന കാലത്തെ  തിരുത്തിയവന്‍.  സവര്‍ണ സംഗീത പ്രേമികളുടെ ഇടയില്‍ മാത്രം ഒതുങ്ങിയിരുന്ന ഉപകരണ സംഗീതപ്രതിഭകളുടെ കൂട്ടത്തില്‍ നിന്നും വയലിനും തോളോടു ചേര്‍ത്ത് സാധാരണക്കാരായ സംഗീതാസ്വാദകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നവന്‍. ഇലക്ട്രിക്ക് വയലിന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ സംഗീതജ്ഞന്‍. ആദ്യം ടെലിവിഷനിലും പിന്നെ സ്റ്റേജ് ഷോകളിലും ഏറെ ആഘോഷിക്കപ്പെട്ട ഫ്യൂഷന്‍ പ്രതിഭ. അങ്ങനങ്ങനെ അധികവിശദീകരണം ആവശ്യമില്ലാത്ത അടയാളപ്പെടുത്തലുകള്‍ നീളും.

എന്നാല്‍, ബാലഭാസ്കര്‍ എന്ന സിനിമാ സംഗീത സംവിധായകനെ മലയാളികള്‍ എത്രമേല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്? മലയാള സിനിമാ സംഗീതം അയാളിലെ പ്രതിഭയെ എത്രമേല്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്? അങ്ങനെ ചോദിച്ചാല്‍ അത്രയൊന്നും ഇല്ലെന്നാണ് സത്യം. സാധാരണക്കാരന്‍റെ സംഗീത ശാഖയാണ് സിനിമാ സംഗീതം. പണ്ഡിതനെന്നോ, പാമരനെന്നോ ഭേദമില്ലാതെ, സവര്‍ണതയുടെ ദുര്‍ഗ്രാഹ്യതകളില്ലാതെ സംഗീതം നെഞ്ചിലുള്ളവര്‍ക്കെല്ലാം ഒരേമനസോടെ ആസ്വദിക്കാന്‍ കഴിയുന്ന സംഗീതശാഖ. എന്നാല്‍ കേവലം അഞ്ച് സിനിമകളിലായി വെറും 28 ചലച്ചിത്ര ഗാനങ്ങള്‍ മാത്രമാണ് സാധാരണക്കാരന്‍ നെഞ്ചിലേറ്റുന്ന ബാലഭാസ്കര്‍ എന്ന പ്രതിഭയില്‍ നിന്നും മലയാളസിനിമയ്ക്ക് നേടാന്‍ കഴിഞ്ഞത്. വേണമെങ്കില്‍ 16 ആല്‍ബങ്ങളിലായി 231 ഓളം ഗാനങ്ങള്‍ കൂടി അതിനൊപ്പം ചേര്‍ത്തുവയ്ക്കാം. പക്ഷേ ഇത്രമാത്രമായിരുന്നോ ജനപ്രിയ സംഗീതശാഖയ്ക്ക് വേണ്ടി ആ ജനപ്രിയനു നല്‍കാന്‍ കഴിയുക? അല്ലെന്ന് ഉറപ്പിച്ചു പറയാന്‍ മറ്റൊരു തെളിവും വേണ്ട, വിരലിലെണ്ണാവുന്ന സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കുമായി ബാലഭാസ്കര്‍  ഈണമിട്ട ആ പാട്ടുകളില്‍ ചിലവ മാത്രമെടുത്തൊന്നു കേട്ടു നോക്കിയാല്‍ മതി.

1997ല്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് ഈണമൊരുക്കുമ്പോള്‍ സിനിമാസംഗീത ലോകത്തും അക്ഷരാര്‍ത്ഥത്തില്‍ ഒരു കുട്ടിസൂര്യനായിരുന്നു അയാള്‍. കേവലം 17 വയസ് മാത്രം പ്രായമുള്ള ഒരു പയ്യനാണോ ആ അഞ്ച് ഗാനങ്ങള്‍ സൃഷ്ടിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അദ്ഭുതം തോന്നാറുണ്ട്. മംഗല്യപ്പല്ലക്ക് എന്ന സിനിമ വലിയ വിജയമൊന്നും ആയിരുന്നില്ല. എന്നാല്‍ ഗിരീഷ് പുത്തഞ്ചേരി എഴുതി ബാലഭാസ്കര്‍ ഈണമിട്ട ആ പാട്ടുകള്‍ ഇന്നും കാലത്തെ അതിജീവിക്കുന്നു എന്നത് നിസാരകാര്യമല്ല. തൊണ്ണൂറുകളുടെ ഒടുക്കത്തോടെയും പുതിയ നൂറ്റാണ്ടിന്‍റെ തുടക്കത്തോടെയും മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് കൈമോശം വന്ന താളാത്മകത ആ ഈണങ്ങളിലുണ്ട്. സംശയമുള്ളവര്‍ 'നിറതിങ്കളേ, പ്രിയതാരകേ, വിഷുപ്പക്ഷി' തുടങ്ങിയ ആ ഗാനങ്ങളൊക്കെ വീണ്ടുമെടുത്തൊന്നു കേട്ടുനോക്കണം. സിനിമാപ്പാട്ടുകളുടെ അനിവാര്യതയായ സിറ്റുവേഷണല്‍ ഈണങ്ങളുടെ ബ്രില്ല്യന്‍സിനൊപ്പം നിങ്ങളിലെ ദു:ഖത്തെയും ആഘോഷഭാവങ്ങളെയുമൊക്കെ തൊട്ടുണര്‍ത്താന്‍ ആ ഈണങ്ങള്‍ക്ക് ഇന്നും കഴിയും.

2000ത്തില്‍ പുറത്തിറങ്ങിയ 'കണ്ണാടിക്കടവത്ത്' എന്ന സിനിമയായിരുന്നു രണ്ടാമത്തേത്. സൂര്യന്‍ കുനിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കൈതപ്രം എഴുതി ബാലഭാസ്കര്‍ ഈണമിട്ട ഏഴു ഗാനങ്ങളുണ്ട്. യേശുദാസും, കെ പി ഉദയഭാനുവും, എം ജി ശ്രീകുമാറും, കാവാലം ശ്രീകുമാറും, ബിജു നാരായണനും, അനുരാധാ ശ്രീരാമുമൊക്കെ ശബ്ദം നല്‍കിയ ആ ഈണങ്ങളൊന്നും പില്‍ക്കാല മലയാള സിനിമാ സംവിധായകരോ തിരക്കഥാകാരന്മാരോ ഒന്നും ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലെന്നു കരുതാനേ നിവര്‍ത്തിയുള്ളൂ. കാരണം നാടോടി ശീലുകളും ക്ലാസിക് സംഗീതവുമൊക്കെ സമന്വയിപ്പിച്ച ആ പാട്ടുകളില്‍ ഒരെണ്ണമെങ്കിലും അവരിലാരെങ്കിലുമൊക്കെ ഹൃദയം തുറന്നൊന്നു കേട്ടിരുന്നെങ്കില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ മലയാളി ഗാനാസ്വാദകരുടെ ശേഖരത്തിലേക്കു കുറച്ചു മികച്ച ഗാനങ്ങള്‍ക്കു കൂടി ഇടം ലഭിക്കുമായിരുന്നു.

ഇന്നും പ്രണയം നെഞ്ചിലേറ്റുന്നവരും കൌമാരക്കാരുമൊക്കെ 'തിരയറിയല്ലേ കാറ്ററിയല്ലേ' എന്നൊക്കെ മൂളുന്നുമുണ്ടാവും

കണ്ണാടിക്കടവത്തിലെ യേശുദാസ് പാടിയ 'ഇഷ്ടമാണ് ഇഷ്ടമാണ്' എന്നു തുടങ്ങുന്ന ആ ഒരൊറ്റ ഗാനം മതി ജനപ്രിയതയുടെ ആഴം തിരിച്ചറിയാനുള്ള ബാലഭാസ്കറിന്‍റെ പ്രതിഭയളക്കാന്‍. പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും പ്രണയം നെഞ്ചിലേറ്റുന്ന യുവതീയുവാക്കളും കൌമാരക്കാരുമൊക്കെ ആ ഈണത്തില്‍ 'തിരയറിയല്ലേ കാറ്ററിയല്ലേ' എന്നൊക്കെ മൂളുന്നുമുണ്ടാവും, ഈണം ആരുടേതാണെന്നു വലിയ തിട്ടമില്ലാതെ. ഒരുപക്ഷേ ലഹരിയായി പതഞ്ഞിരുന്ന പ്രണയമാവണം ആ 22കാരനെക്കൊണ്ട് ഇങ്ങനൊരു ഈണമുണ്ടാക്കിച്ചതിനു പിന്നിലെന്ന് ചിലര്‍ കരുതുന്നുണ്ടാകും. 

എന്നാല്‍ കൌമാരം വിട്ടുമാറാത്തൊരു പയ്യന്‍റെ റൊമാന്‍സില്‍ വിടര്‍ന്ന ഈണമെന്നു നിസാരവല്‍ക്കരിക്കാന്‍ വരട്ടെ. ഇതേ ചിത്രത്തില്‍ കെ പി ഉദയഭാനു ആലപിച്ച 'ഒന്നുദിച്ചാല്‍', കാവാലം ശ്രീകുമാറും ബിജു നാരായണനും ചേര്‍ന്ന് ആലപിച്ച 'ചെമ്മാനച്ചെമ്പുലയന്‍' എന്നീ ഗാനങ്ങള്‍ കൂടി ഒന്നു കേട്ടു നോക്കുക. അതേ 22കാരന്‍ തന്നെ സൃഷ്ടിച്ച ഈണങ്ങളാണതെന്ന് വിശ്വസിക്കാന്‍ ചിലരെങ്കിലും പ്രയാസപ്പെടും. കെ പി ഉദയഭാനു എന്ന മലയാളത്തിന്‍റെ നിത്യഹരിത ദു:ഖഗായകന്‍റെ ശോകാദ്രമായ നനുത്ത ശബ്ദത്തിനോട് എത്രമേലാണ് ആ ഈണം ചേര്‍ന്നു നില്‍ക്കുന്നത്! ഏകദേശം അരനൂറ്റാണ്ടോളം തഴക്കവും പഴക്കവുമുള്ള ജീവിതാനുഭവങ്ങളോടു ചേര്‍ന്ന് നിന്നാവും ദാര്‍ശനികത തുളുമ്പുന്ന ഈ വരികള്‍ 18 വര്‍ഷം മുമ്പ് കൈതപ്രം എഴുതിയിട്ടുണ്ടാകുക. എന്നാല്‍ കേവലമൊരു പോസ്റ്റല്‍ ജീവനക്കാരന്‍റെ മകനായ, യൂണിവേഴ്സിറ്റി കോളേജിന്‍റെ വരാന്തകളും തലസ്ഥാനനഗരിയുടെ ഇത്തിരിവട്ടവും മാത്രം കണ്ടുപരിചയമുള്ള ആ 22കാരന്‍ എത്രമേല്‍ പ്രതിഭയുടെ മുകളില്‍ നിന്നാവും ഉദയഭാനു എന്ന മഹാഗായകനെക്കൊണ്ട് അത്രമേല്‍ ആഴമുള്ള ആ ഈണം പാടിച്ചിട്ടുണ്ടാകുക?!  

വെസ്റ്റേണും കര്‍ണാടിക്കുമൊക്കെ സംയോജിപ്പിച്ച് ഫ്യൂഷനൊരുക്കുന്ന അതേ വിരലുകള്‍ തന്നെയാണ് കേരളീയ ഫോക്ക് സംഗീതം ചാലിച്ചെടുത്ത് ചെമ്മാനച്ചെമ്പുലയന് ഈണമുണ്ടാക്കിയതും. യേശുദാസും സംഗീതയും പാടിയ ശരദിന്ദു നാളം, പ്രദീപ് സോമസുന്ദരത്തിന്‍റെ ശബ്ദത്തിലുള്ള 'സന്ധ്യാരാഗമാം', എം ജി ശ്രീകുമാര്‍ ആലപിച്ച 'ചിന്നിച്ചിന്നി', അനുരാധയുടെ 'എങ്ങാണോ' തുടങ്ങിയ കണ്ണാടിക്കടവത്തിലെ ഗാനങ്ങളോരൊന്നും വ്യത്യസ്ത മൂഡുകളിലേക്ക് ആസ്വാദകരെ ഇന്നും കൈപിടിച്ചുയര്‍ത്തും. പിന്നെയുള്ള മൂന്നു ചിത്രങ്ങളിലും തനതു ശൈലിയില്‍ വേറിട്ട ഈണങ്ങളാണ് ബാലഭാസ്കര്‍ ഒരുക്കിയത്. കാവാലം നാരായണപ്പണിക്കരോടൊപ്പം ഒന്നിച്ച മോക്ഷത്തിലെ ഗാനങ്ങള്‍ക്ക് ശേഷം സിനിമകളൊന്നും ബാലഭാസ്കറിനെ തേടിയെത്തിയില്ല. 

അന്വേഷണത്തിനിടയിലാണ് 1992ല്‍ പുറത്തിറങ്ങിയ 'ഹലീലി' എന്ന മാപ്പിളപ്പാട്ടു കാസറ്റിന്‍റെ കവര്‍ കണ്ണിലുടക്കുന്നത്

വിരലിലെണ്ണാവുന്ന ആ ചലച്ചിത്ര ഗാനങ്ങള്‍ക്കൊപ്പം ബാലഭാസ്കര്‍ ഈണമിട്ട 200ല്‍ അധികം വരുന്ന മറ്റുചില ഗാനങ്ങള്‍ മലയാളത്തിനു നല്‍കിയത് പുതിയൊരു ഗാനശാഖയെത്തന്നെയായിരുന്നു. അത്രകാലവും ഉത്സവഗാനം, ലളിതഗാനം, ഗ്രാമീണഗാനം തുടങ്ങിയ പേരുകളിലറിയപ്പെട്ടിരുന്ന സംഗീത ശാഖയെ കുറച്ചുകൂടൊന്നു പരുവപ്പെടുത്തി ആല്‍ബം എന്ന പേരില്‍ തൊണ്ണൂറുകളുടെ ഒടുവില്‍ മലയാളിക്കു മുന്നില്‍ അവതരിപ്പിച്ചത് ബാലഭാസ്കര്‍ തന്നെയാണെന്ന് ഈ ലേഖകന്‍ ഉറപ്പിച്ചു പറയും. അത്തരം ഗാനങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് 1992ല്‍ പുറത്തിറങ്ങിയ 'ഹലീലി' എന്ന മാപ്പിളപ്പാട്ടു കാസറ്റിന്‍റെ കവര്‍ യാദൃശ്ചികമായി കണ്ണിലുടക്കുന്നത്. ബാപ്പു വെള്ളിപ്പറമ്പയുടെ വരികള്‍ക്ക് ഈണമൊരുക്കിയ ആളുടെ പേരു കണ്ടൊന്ന് ഞെട്ടി. ബാലഭാസ്കര്‍. സംഗതി ശരിയാണെങ്കില്‍ അന്ന് ബാലഭാസ്കറിനു വെറും 14 വയസേ ഉള്ളൂ. ഈസ്റ്റ്കോസ്റ്റ് പുറത്തിറക്കിയ ആ ഗാനങ്ങള്‍ തപ്പിയെടുത്തൊന്നു കേട്ടു. മനോയും ബിജു നാരായണനുമാണ് ഗായകര്‍. 'ഇക്കുറി ഞാന്‍ അക്കരേക്ക്' എന്നു തുടങ്ങുന്ന ആ പാട്ടിനൊക്കെ ഇപ്പോഴും എന്തൊരു ജീവനാണ്. ഒരു പതിനാലുകാരനാണ് അതിന്‍റെ ഈണക്കാരനെന്ന് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നി. അറിഞ്ഞതും കേട്ടതുമൊന്നുമല്ല ആ കുട്ടിസൂര്യനെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍.

തരംഗിണിയുടെ ലേബലില്‍ രവീന്ദ്രനെയും ശ്രീകുമാരന്‍ തമ്പിയെയുമൊക്കെ അണിനിരത്തി പലതരം ലളിതഗാനങ്ങള്‍ കൊണ്ട് യേശുദാസ് മാര്‍ക്കറ്റ് നിറച്ചിരുന്ന ഒരു കാലത്തിന്‍റെ അവസാനപാദത്തിലാണ് 'നിനക്കായി' എന്ന പേരില്‍ ഈസ്റ്റ്കോസ്റ്റ് ഒരു ആല്‍ബം ഇറക്കുന്നത്. 1998ല്‍. 'നിനക്കായി തോഴീ', 'ഒന്നിനുമല്ലാതെ', 'എണ്ണക്കറുപ്പിന്‍ ഏഴഴക്' തുടങ്ങിയ ബാലഭാസ്കറിന്‍റെ ഈണങ്ങളൊക്കെ നാട്ടില്‍ തരംഗമായി. തൊട്ടടുത്ത വര്‍ഷം 'ആദ്യമായി' എന്ന ആല്‍ബം കൂടി പുറത്തിറങ്ങിയതോടെ പുതിയൊരു പാട്ടുസംസ്കാരത്തിനു തന്നെയാണ് വഴിതുറന്നത്. ആല്‍ബം ഗാനങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍ കേരളക്കരയിലാകെ. സാങ്കേതിക രംഗത്തെ വിപ്ലവം കൂടിയായപ്പോള്‍ നൂറുകണക്കിന് ആല്‍ബങ്ങളിലൂടെ ആയിരക്കണക്കിനു പാട്ടുകള്‍ പിറന്നു. പുതിയ പാട്ടെഴുത്തുകാരും ഈണക്കാരും പിറന്നു. വിനോദചാനലുകളുടെ എണ്ണം കൂടിയതോടെ ഈ ആല്‍ബം പാട്ടുകളുടെ ദൃശ്യവല്‍ക്കരണവും സജീവമായി.

പല പുതിയ ഈണക്കാരും ബാലഭാസ്കറിന്‍റെ തനതുശൈലി അനുകരിക്കാനാണ് ശ്രമിച്ചത്. നിനക്കായി പരമ്പരയില്‍ 'ഓര്‍മ്മയ്ക്കായ്' എന്നൊരു സമാഹാരം 2001ല്‍ ഈസ്റ്റ് കോസ്റ്റ് അവതരിപ്പിച്ചപ്പോള്‍ എം ജയചന്ദ്രനായിരുന്നു ഈണക്കാരന്‍. എന്നാല്‍ ആദ്യ രണ്ടുഭാഗങ്ങളിലൂടെ ബാലഭാസ്കര്‍ വെട്ടിത്തെളിച്ചിട്ട പുതുവഴി പിന്തുടരാനാല്ലാതെ അധികമൊന്നും ചെയ്യാന്‍ എം ജയചന്ദ്രന് സാധിച്ചിട്ടില്ലെന്ന് ഓര്‍മ്മയ്ക്കായി ഓര്‍മ്മപ്പെടുത്തുന്നു. പക്ഷേ 2011ല്‍ പുറത്തിറങ്ങിയ 'ഹാര്‍ട്ട് ബീറ്റ്സ്' എന്ന തന്‍റെ ഒടുവിലത്തെ ആല്‍ബത്തിലും സ്വന്തം ശൈലിയില്‍ ഉറച്ചു നിന്ന് വേറിട്ട ഈണമൊരുക്കാന്‍ കഴിഞ്ഞു എന്നതാണ് ബാലഭാസ്കറിന്‍റെ പ്രത്യേകത. ഹാര്‍ട്ട് ബീറ്റ്സില്‍ കെ എസ് ചിത്ര ആലപിച്ച 'നിലാമഴ' എന്ന ഗാനമൊക്കെ പഴയവരും പുതിയവരുമായ ആല്‍ബം സംഗീത സംവിധായകര്‍ പഠനവിധേയമാക്കേണ്ടതാണെന്നു ചുരുക്കം. 

സിനിമ തനിക്കൊരു ഭ്രമമല്ലെന്നും ജീവിതം തന്നെ വയലിനാണെന്നും ബാലഭാസ്കര്‍ തന്നെ പറഞ്ഞിരുന്നു

ഇത്രയും പ്രതിഭാധനനായ ഒരു സംഗീതസംവിധായകനെ എന്തുകൊണ്ടാണ് മലയാളസിനിമ വേണ്ടവിധത്തില്‍ പരിഗണിക്കാതെ പോയത്? അറിയില്ല. പുത്തന്‍ തലമുറയുടെ രുചിഭേദങ്ങളെപ്പറ്റി നമ്മുടെ സിനിമാലോകത്തിനുള്ള മുന്‍വിധികളും തെറ്റായ ധാരണകളുമാവാം ഒരുപക്ഷേ കാരണം. സ്റ്റേജ് ഷോകളുടെയും വിദേശപര്യടനങ്ങളുടെയും മറ്റും തിരക്കുകള്‍ മൂലം അദ്ദേഹം തന്നെ പിന്നോട്ടു പോയതാണെന്നാവും ഒരുപക്ഷേ സിനിമാലോകത്തിന്‍റെ ഒഴിവുപറച്ചില്‍. സിനിമ തനിക്കൊരു ഭ്രമമല്ലെന്നും ജീവിതം തന്നെ വയലിനാണെന്നും ബാലഭാസ്കര്‍ തന്നെ പറഞ്ഞതായും എവിടയോ കേട്ടിട്ടുണ്ട്. പക്ഷേ എങ്ങനെയായാലും നഷ്ടം നമുക്കു മാത്രമാണ്, മലയാള ചലച്ചിത്ര ഗാനശാഖയ്ക്കാണ്. കാരണം അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ സിനിമാപ്പാട്ടിലെ താളാത്മതക നമുക്ക് കൈമോശം വരില്ലായിരുന്നു.   ഫോക്കും പരമ്പരാഗത ശീലുകളും മോഡേണ്‍ ഉപകരണസംഗീതവുമൊക്കെ സമന്വയിപ്പിച്ച് ന്യൂജനറേഷന്‍കാര്‍ക്ക് താളം ചവിട്ടാനും ഓര്‍മ്മകളില്‍ സൂക്ഷിക്കാനും കുറച്ചു മികച്ചപാട്ടുകള്‍ കൂടി ലഭിക്കുമായിരുന്നു. 

എന്തായാലും സിനിമാ ലോകത്ത് പൂര്‍ണമായുദിക്കാതിരുന്ന ആ കുട്ടിസൂര്യന്‍ താനൊരുക്കിയ വിരലിലെണ്ണാവുന്ന ആ മനോഹര ഈണങ്ങളായി ഇവിടെ അവശേഷിക്കുന്നുണ്ട്. പേരറിയാത്ത ഏതോ ലോകത്ത് തന്‍റെ കുഞ്ഞിനെ മടിയിലിരുത്തി, പതിവു പുഞ്ചിരിയോടെ വയലിനില്‍ കൈകളോടിച്ച് ഇനി ഒരിക്കലും തന്നെ കേള്‍ക്കാനാവാത്ത പുത്തന്‍ കുഞ്ഞുങ്ങള്‍ക്കായി അയാളിപ്പോള്‍ പാടുന്നുണ്ടാവും. 'നോ നോ ലൈഫില്‍ ടെന്‍ഷന്‍... ലെഫ്റ്റും റൈറ്റും നോക്കി വണ്ടി വിടാം...'  ഒപ്പം തന്നെ കേട്ടു വളര്‍ത്തിയവരെയും, കേട്ടു വളര്‍ന്നവരെയുമൊക്കെ ഉദയഭാനുവിന്‍റെ വിതുമ്പുന്ന ശബ്ദത്തില്‍ അയാളിപ്പോഴും ഓര്‍മ്മിപ്പിക്കുന്നുമുണ്ടാവും 
ഒന്നുദിച്ചാല്‍ അന്തിയുണ്ടേ 
ഇന്നിനെല്ലാം നാളെയുണ്ടേ
ചെമ്പാകുമ്പാ ചെമ്മരത്തി
പിറവിയുണ്ടേല്‍ അറുതിയുണ്ടേ

click me!