സ്രാവിന്‍റെ ആക്രമണത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ കൂടുന്നു, കാലാവസ്ഥാ പ്രതിസന്ധിയും കാരണമോ?

By Web TeamFirst Published Oct 19, 2020, 4:36 PM IST
Highlights

അതിന് നിരവധി കാരണങ്ങൾ പറയുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയാണ് അവയിൽ ഏറ്റവും എടുത്തു പറയുന്ന ഒരു സാധ്യത. സമുദ്രങ്ങൾ ചൂടാകുമ്പോൾ, മുഴുവൻ ആവാസവ്യവസ്ഥകളും നശിപ്പിക്കപ്പെടുകയും അവ അതുമായി പൊരുത്തപ്പെടാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.

ഒക്ടോബർ ആദ്യം, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു കടൽത്തീരത്ത് സ്രാവിന്റെ ആക്രമണത്തിൽ പെട്ട് ഒരു സർഫറെ കാണാതാവുകയുണ്ടായി. കാണാതായ സർഫറെ കണ്ടെത്താൻ വേണ്ടി പൊലീസ് ഡ്രോണുകൾ വരെ വിന്യസിച്ചുള്ള പരിശ്രമങ്ങൾ നടത്തി. ബോട്ടുകളിലേറിയും രക്ഷാപ്രവർത്തകർ കടലിൽ ദിവസങ്ങളോളം തെരച്ചിൽ നടത്തി. ഡോക്ടർമാർ കരയിൽ കാത്തുനിന്നു. എന്നാൽ, ദിവസങ്ങളുടെ തെരച്ചിലിനൊടുവിൽ കാണാതായ വ്യക്തിയുടെ സർഫ്ബോർഡ് മാത്രമാണ് അവർക്ക് കണ്ടെത്താനായത്. അദ്ദേഹത്തിന്റെ മൃതദേഹം പോലും കണ്ടെത്താനായില്ല. സർഫിങിനിടെ ഇയാൾ സ്രാവിന്റെ ആക്രമണത്തിന് ഇരയായതാകാം എന്ന സംശയമാണ് ഇപ്പോൾ അധികൃതർ പ്രകടിപ്പിക്കുന്നത്. ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഴാമത്തെ സ്രാവ് ആക്രമണമാണ് ഇത്. കഴിഞ്ഞ 86 -ൽ ഇതാദ്യമായിട്ടാണ് ഒരു വർഷത്തിനിടെ ഇത്രയധികം പേർ രാജ്യത്ത് സ്രാവിന്റെ ആക്രമണത്തിന് ഇരയാകുന്നത്.

2019 -ൽ ഇത്തരത്തിലുള്ള ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതിനുമുമ്പുള്ള വർഷങ്ങളിൽ പ്രതിവർഷം ഒന്നോ രണ്ടോ മരണങ്ങൾ മാത്രമാണ് കണ്ടത്. എന്നാൽ, ഈ വർഷം അതുവച്ച് നോക്കുമ്പോൾ വല്ലാത്ത വർദ്ധനവാണ് കാണുന്നത്. 1934 -ലാണ് രാജ്യത്ത് ഇത്തരത്തിലുള്ള കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്യുന്നത്. അന്ന് ഏഴു പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ച വർഷം, അതിനു മുമ്പ് 1929 ആണ്. ഒമ്പത് മരണങ്ങൾ. പറഞ്ഞുവരുന്നത് ഓസ്‌ട്രേലിയയിൽ സ്രാവ് ആക്രമണങ്ങളിൽ ഗണ്യമായ വർധനവുണ്ടാകുന്നു എന്നല്ല. മറിച്ച് ആക്രമണങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു എന്നതാണ് കാര്യം.   

അതിന് നിരവധി കാരണങ്ങൾ പറയുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയാണ് അവയിൽ ഏറ്റവും എടുത്തു പറയുന്ന ഒരു സാധ്യത. സമുദ്രങ്ങൾ ചൂടാകുമ്പോൾ, മുഴുവൻ ആവാസവ്യവസ്ഥകളും നശിപ്പിക്കപ്പെടുകയും അവ അതുമായി പൊരുത്തപ്പെടാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. മുമ്പൊരിക്കലും താമസമാക്കാത്ത ഇടങ്ങളിൽ സ്രാവുകൾ താമസമാക്കുന്നു. അവയുടെ പെരുമാറ്റത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നു. സ്രാവുകൾ ഇരയെ പിന്തുടർന്ന് മനുഷ്യർ സഞ്ചരിക്കുന്ന തീരങ്ങളിലേക്ക് വരുന്നു.  

പലപ്പോഴും അനുയോജ്യമായ ഒരു അന്തരീക്ഷം തേടി മത്സ്യങ്ങൾ പുതിയ ഇടങ്ങളിലേയ്ക്ക് കുടിയേറുന്നു. കൂടാതെ, സമുദ്രജലം ഒരു കാലത്തും നിശ്ചലമാകുന്നില്ല. അതിന്റെ അടിയൊഴുക്കുകൾ അർത്ഥമാക്കുന്നത് ചൂടുള്ളതും തണുത്തതുമായ പ്രദേശങ്ങൾ അതിനിടയിൽ ഉണ്ട് എന്നതാണ്. ഇതിൽ വന്ന മാറ്റവും പുതിയ മനുഷ്യഇടങ്ങൾ തേടിപ്പോകാൻ അവയെ പ്രേരിപ്പിക്കുന്നു. അങ്ങനെ കൂടുതൽ സുഖകരമായ താപനില ഉള്ളിടത്തേയ്ക്ക് സ്രാവുകൾ നീങ്ങാൻ തുടങ്ങുന്നു. ഒരുപക്ഷേ, ഇതായിരിക്കാം അവയ്ക്ക് മനുഷ്യരെ ആക്രമിക്കാൻ അവസരങ്ങൾ കൂടുന്നതും.   

ആധുനിക സാങ്കേതികവിദ്യയും, മെച്ചപ്പെട്ട വൈദ്യപരിചരണവും, വേഗത്തിലുള്ള അടിയന്തിര പ്രതികരണ സംവിധാനങ്ങളും കഴിഞ്ഞ ദശകത്തിൽ സ്രാവ് ആക്രമണങ്ങള്‍ കാരണമുണ്ടാവുന്ന മരണനിരക്ക് ഗണ്യമായി കുറക്കാൻ സഹായിച്ചിട്ടുണ്ട്. സ്വാഭാവികമായും മരണനിരക്ക് കുറഞ്ഞിരിക്കേണ്ട അവസരത്തിൽ ഈ വർഷത്തെ വർധനവ് ആശങ്കയ്ക്ക് ഇട നൽകുന്നു. കാലാവസ്ഥാ വ്യതിയാനം മാറ്റിനിർത്തിയാൽ, പിന്നെ ഒരു കാരണമായി പറയുന്നത് കൊവിഡ് -19 മഹാമാരി മൂലം പലരും വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഇത് കൂടുതൽ സമയവും ആളുകൾ വെള്ളത്തിൽ ചെലവഴിക്കുന്നതിനുള്ള അവസരമൊരുക്കുന്നു. പിന്നെ ഉള്ളത് അടുത്തിടെയുണ്ടായ വർധിച്ച ചൂടാണ്. ഇത് കാരണവും ആളുകൾ വെള്ളത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു.  

ഇനി ഒരു പ്രധാനപ്പെട്ട വസ്തുതയുള്ളത് ഇരയെ എവിടെ കടിച്ചു എന്നതാണ്. "കാലിൽ ഒരു സെന്റിമീറ്റർ ഇടതു മാറിയാണ് കടിയേൽക്കുന്നതെങ്കിൽ, മിനിറ്റുകൾ മതി  നിങ്ങൾ മരിക്കാൻ. അതേസമയം, ഒരു സെന്റിമീറ്റർ വലതു മാറിയാണ് കടിയേൽക്കുന്നതെങ്കിൽ നിങ്ങൾക്ക് ഭയങ്കരമായ വേദനയുണ്ടാകുമെങ്കിലും, അതിജീവിക്കാനുള്ള സാധ്യതയുണ്ട്" സ്രാവ് പരിസ്ഥിതിശാസ്‌ത്ര ഗവേഷകനും മക്വാരിയുടെ മറൈൻ പ്രെഡേറ്റർ റിസർച്ച് ഗ്രൂപ്പിന്റെ ഡയറക്ടറുമായ റോബർട്ട് ഹാർകോർട്ട് പറഞ്ഞു. സമുദ്രം മാറിക്കൊണ്ടിരിക്കുന്നു, അതോടൊപ്പം സ്രാവുകളുടെ പെരുമാറ്റരീതികളും മാറുകയാണ്‌. കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ സ്വാഭാവിക ചുറ്റുപാടുകളെ നശിപ്പിക്കുകയും അസന്തുന്തുലിതാവസ്ഥയിലേയ്ക്ക് പ്രകൃതിയെ തള്ളിവിടുകയും ചെയ്യുന്നു എന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു. ഇനിയും മരണസംഖ്യ ഉയർന്നേക്കാം എന്ന മുന്നറിയിപ്പും അവർ നൽകുന്നു.  

click me!