പ്രകൃതിയെ കൊല്ലാന്‍ സര്‍ക്കാറും സ്വകാര്യമേഖലയും  ഒറ്റക്കെട്ട്; കുടക് ദുരന്തത്തിന്റെ വക്കില്‍

By Web DeskFirst Published May 7, 2017, 5:59 AM IST
Highlights

ദിവസം മുഴുവന്‍ കുന്നിറങ്ങുന്ന കോടമഞ്ഞ്. വേനലിലും തണുപ്പ് പുതയ്ക്കുന്ന മലനിരകള്‍. കാവേരി നദി ഉത്ഭവിച്ചൊഴുകുന്ന പവിത്രമായ തീരങ്ങള്‍.കുടകിന്റെ ചിത്രം നമ്മുടെ വിനോദസഞ്ചാരഭൂപടത്തില്‍ ഇപ്പോഴും ഇങ്ങനെയാണ്. വര്‍ഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ കുടക് വിളിക്കുകയും ചെയ്യുന്നു. 

എന്നാല്‍, കുടക് ഇപ്പോള്‍ അതല്ല. ചുട്ടുപൊള്ളുകയാണ് ഈ സ്വര്‍ഗം. ഈ അതീവ പരിസ്ഥിതി ലോല മേഖലയ്ക്ക് സംഭവിക്കുന്നതെന്താണ്? ഈ വര്‍ഷം ഇതുവരെ കുടകില്‍ രേഖപ്പെടുത്തിയ കൂടിയ ചൂട് 39 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മഴയില്‍ കുറവ് 40 ശതമാനം. എല്ലായിടത്തേയും പോലെ കാലാവസ്ഥാ വ്യതിയാനം കുടകിനെയും ബാധിച്ചുവെന്ന് പറയുമ്പോഴും കാരണങ്ങള്‍ ഈ മണ്ണില്‍ തന്നെയുണ്ട്.

സര്‍ക്കാര്‍ കണക്കില്‍ 2150 ഹോം സ്‌റ്റേകള്‍, 466 റിസോര്‍ട്ടുകള്‍.കുടകിന് തഴച്ചുവളര്‍ന്ന വിനോദസഞ്ചാരവ്യവസായത്തിന്റെ സംഭാവന.ഭൂരിഭാഗവും മലനിരകളിലും വനമേഖലയോട് ചേര്‍ന്നും. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംരക്ഷിത വനമേഖലയിലുണ്ടായ നാല് ശതമാനത്തിന്റെ കുറവും കൂട്ടിവായിക്കുമ്പോള്‍ റിസോര്‍ട്ട് സംസ്‌കാരത്തിന്റെ ഗുണഫലം വ്യക്തം.

'അവര്‍ കുന്നുകള്‍ നിരത്തി.ഒരു പ്രദേശത്തെ മഴയുടെ അളവ് നിശ്ചയിക്കുന്നത് മലനിരകളാണ്.ഇവിടെ എല്ലാം മാറിമറിഞ്ഞു'-കൂര്‍ഗ് വൈല്‍ഡ്‌ലൈഫ് സൊസൈറ്റിയുടെ സി നഞ്ചപ്പ പറയുന്നു.

കുടകിന്റെ പരിസ്ഥിതി നാശത്തിന് കര്‍ണാടക സര്‍ക്കാരിന്റെ സംഭാവനയും ചെറുതല്ല. മടിക്കേരിയില്‍ റിസര്‍വ് വനത്തില്‍ ഏഴ് നിലകളിലായി പണി പുരോഗമിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. മലനിരത്തി വെടിപ്പാക്കി ഇനിയും ഉയരങ്ങളിലേക്ക് നിര്‍മാണം.പ്രകൃതി ദുരന്തത്തിന് വേറെ വഴി തേടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തന്നെ തീരുമാനിച്ചതുപോലെയാണ്. വനഭൂമിയില്‍ തേക്കിന്‍കാട് നട്ടുപിടിപ്പിച്ച് അടിക്കാടുകളെ ഇല്ലാതാക്കി വനംവകുപ്പിന്റെ സംഭാവനയുമുണ്ട്. 

ബംഗളൂരുവും മൈസൂരുമുള്‍പ്പെടെയുളള നഗരങ്ങള്‍ക്ക് കുടിവെളളമെത്തിക്കുന്ന കാവേരി നദി. വെളളത്തിന്റെ അറുപത് ശതമാനവും കുടകില്‍ നിന്ന്. അഞ്ചരലക്ഷം ജനസംഖ്യയുടെ ഇരട്ടിയോളം വിനോദസഞ്ചാരികളെ വര്‍ഷംതോറും സ്വീകരിക്കുന്ന കുടകിലെ മാലിന്യമെല്ലാം പേറുന്നതിപ്പോള്‍ കാവേരിയാണ്.കൈവഴികളുടെയെല്ലാം അവസ്ഥയിങ്ങനെ.

കയ്യേറ്റവും അശാസ്ത്രീയ പദ്ധതികളും തകര്‍ത്ത  കുടകിനെക്കുറിച്ച് കര്‍ണാടകത്തിലെ കാലാവസ്ഥാ വിദഗ്ധര്‍ക്ക് ഇനി വലിയ പ്രതീക്ഷയില്ല. 
 

click me!