
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനം നടപ്പാക്കിയിട്ടും പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും ഗുരുതര വീഴ്ച വരുത്തി സംസ്ഥാനത്തെ സര്‍വ്വകലാശാലകൾ. എണ്‍പത് ശതമാനം കോഴ്സുകളും സമയത്ത് പൂര്‍ത്തിയാക്കാൻ പ്രമുഖ സര്‍വ്വകലാശാലകൾക്ക് പോലും കഴിയുന്നില്ല. ഏകീകൃത അക്കാദമിക് കലണ്ടര്‍ എന്ന ആവശ്യവും ഇതുവരെ നടപ്പായില്ല.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂട്ടാനാണ് ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സംവിധാനം കൊണ്ടുവന്നത്. നടപ്പാക്കിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും കേരള സര്‍വ്വകലാശാലകയുടെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും പഴയപടിയാണ്. എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ അജ്മല്‍ ഒന്നര വര്‍ഷമായി അഡ്മിഷനെടുത്തിട്ട്. എന്നാല്‍ ഇതുവരെ ഒരു പരീക്ഷ പോലും എഴുതിയിട്ടില്ല. ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതി ഒരു വര്‍ഷം കഴിഞ്ഞാണ് ഫലം വന്നതെന്ന് മറ്റ് വിദ്യാര്‍ത്ഥികളും പറയുന്നു. പരീക്ഷാ വിജ്ഞാപനം പോലും തോന്നുംപടിയാണ്. ഇത് മടുത്ത് പണം നല്‍കിയാണ് പലരും തമിഴ്നാട് സര്‍വ്വകലാശാലകളിലും മറ്റും പഠിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ അക്കാദമിക് കലണ്ടറിന്‍റെ അപ്രായോഗികതയില്‍ വലയുന്നത് എംഎഡ് വിദ്യാര്‍ത്ഥികളാണ്. മാര്‍ച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കി ഇറങ്ങേണ്ടവരാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എഴുതിയ പരീക്ഷയുടെ ഫലം ഏത് കാലത്ത് വരുമെന്ന് അറിയാതെ അനിശ്ചിതത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍. രണ്ട് കൊല്ലത്തെ എംഎഡ് കോഴ്സ് പഠിച്ചിറങ്ങാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മൂന്ന് വര്‍ഷം വേണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജോലിയ്ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒന്നും രണ്ടും വര്‍ഷമെടുക്കുമെന്നും ഇവര്‍ പറയുന്നു.
സാങ്കേതിക സര്‍വ്വകലാശാലയിലെയും സ്ഥിതി മറിച്ചല്ല. പരീക്ഷാ ഫലം വന്നതിന് പിന്നാലെ ഉത്തര കടലാസുകളെല്ലാം പുനപരിശോധനയ്ക്ക് നല്‍കേണ്ട ഗതികേടിലാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. പാലക്കാട് എന്‍എസ്എസ് എഞ്ചിനിയറിംഗ് കോളേജില്‍ പരീക്ഷയില്‍ തോറ്റ എല്ലാ വിദ്യാര്‍ത്ഥികളും പുനഃപരിശോധനയില്‍ പാസ്സായി. ഏറ്റവും നന്നായി എഴുതിയ പരീക്ഷയുടെ ഫലം വന്നപ്പോള്‍ തോറ്റു. എന്നാല്‍ പുനപരിശോധനയില്‍ ലഭിച്ച മാര്‍ക്ക് 85 ആയിരുന്നുവെന്നും നന്നായി പഠിച്ചെഴുതിയ പരീക്ഷയില്‍ തോറ്റെന്നറിഞ്ഞപ്പോള്‍ കരയാനാണ് തോന്നിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോഴ്സിന് ചേര്‍ന്ന് ഒരു മാസത്തിനകം പരീക്ഷയെഴുതേണ്ടി വരുന്നതടക്കമുള്ള വിചിത്രമായ അനുഭവങ്ങള്‍ വേറെയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam