കുടിവെള്ളവുമായി പ്രത്യേക തീവണ്ടി; അർ‍ദ്ധസൈനിക വിഭാഗങ്ങളും

By Web TeamFirst Published Aug 17, 2018, 5:13 PM IST
Highlights

കേരളത്തിലേക്ക് അർ‍ദ്ധസൈനിക വിഭാഗങ്ങളുടെ കൂടുതൽ ബോട്ടുകൾ എത്തിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. കുടിവെള്ളവുമായി പ്രത്യേക തീവണ്ടി നാളെയെത്തും. വാർത്താവിനിമയത്തിന് വിസാറ്റ് സംവിധാനം ഉപയോഗിക്കാനാണ് നിർദ്ദേശം.

തിരുവനന്തപുരം: കേരളത്തിലേക്ക് അർ‍ദ്ധസൈനിക വിഭാഗങ്ങളുടെ കൂടുതൽ ബോട്ടുകൾ എത്തിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. കുടിവെള്ളവുമായി പ്രത്യേക തീവണ്ടി നാളെയെത്തും. വാർത്താവിനിമയത്തിന് വിസാറ്റ് സംവിധാനം ഉപയോഗിക്കാനാണ് നിർദ്ദേശം.

കേരളത്തിലെ സ്ഥിതി വിലയിരുത്താൻ തുടർച്ചയായി രണ്ടാം ദിനമാണ് കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചത്. കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് പുറമെ തമിഴ്നാട് ചീഫ് സെക്രട്ടറിയുമായും കാബിനറ്റ് സെക്രട്ടറി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിച്ചു. നിലവിൽ 339 മോട്ടോർ ഘടിപ്പിച്ച ബോട്ടുകളാണ് കേരളത്തിലുള്ളത്. ഇതിനു പുറമെ സിആർപിഎഫ്, ബിഎസ്എഫ്, സശസ്ത്ര സേനാ ബൽ എന്നീ വിഭാഗങ്ങളുടെ കൂടുതൽ ബോട്ടുകൾ എത്തിക്കും. 

യെലഹങ്കയിൽ നിന്നും നാഗ്പൂരിൽ നിന്നും ഹെലികോപ്റ്ററുകൾ കേരളത്തിന് നല്കും. 23 ഹെലികോപറ്ററുകളും 11 ട്രാൻസ്പോർട്ട് വിമാനങ്ങളും ഇപ്പോൾ രക്ഷാപ്രവർത്തനത്തിലുണ്ട്. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം ലിറ്റർ കുടിവെള്ളം ഉൾപ്പടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി ഒരു പ്രത്യേക തീവണ്ടി നാളെ കായംകുളത്ത് എത്തും. കരസേനയുടെ നൂറു പേർ വരെയുള്ള പത്ത് സംഘങ്ങൾ കേരളത്തിലുണ്ട്. ദുരന്തനിവാരണ സേനയുടെ 43ഉം. കൂടുതൽ സൈനികരെ അയയ്ക്കാനാണ് ധാരണ

1220 കോടി രൂപയുടെ സഹായം നേരത്തെ കേരളം കേന്ദ്രത്തോട് തേടിയിരുന്നു. പ്രധാനമന്ത്രി എത്തുമ്പോൾ ഉദാരസമീപനം കൈക്കൊള്ളണം എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. കൊച്ചി നാവിക വിമാനത്താവളം സാധാരണ വിമാന സർവ്വീസിന് ഉപയോഗിക്കാമെന്ന് കാബിനറ്റ് സെക്രട്ടറി കേരളത്തെ അറിയിച്ചു. മൊബൈൽ ഫോൺ തകരാറിലായ സാഹചര്യത്തിൽ വിസാറ്റ് ഉപയോഗിച്ചുള്ള ആശയവിനിമയം പ്രയോജനപ്പെടുത്താനാണ് നിർദ്ദേശം.

click me!