ഭീകരാക്രമണ ഭീഷണി; ആശങ്ക നീങ്ങിയെങ്കിലും പരിശോധന തുടരുമെന്ന് കേരളാ പൊലീസ്

By Web TeamFirst Published Apr 27, 2019, 9:22 AM IST
Highlights

റെയിൽവെ സ്റ്റേഷനുകളിലടക്കം പൊലീസ് പരിശോധന തുടരും. ജാഗ്രത പാലിക്കണമെന്ന് ഡിജിപിയുടെ സന്ദേശം 

തിരുവനന്തപുരം: ബംഗലൂരുവിൽ നിന്ന് വന്ന ഭീകരാക്രമണ സന്ദേശം വ്യാജമെന്ന് തെളിഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് കേരള പൊലീസിന്‍റെ തീരുമാനം. തിരക്കേറിയ സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും എല്ലാം പൊലീസിന്‍റെ കര്‍ശന പരിശോധന തുടരും. ജാഗ്രതയോടെ ഇരിക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി നൽകിയിട്ടുണ്ട്. 

ട്രെയിൻ വഴി തീവ്രവാദികളെത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് റെയിൽവെ സ്റ്റേഷനുകളിലാണ് കര്‍ശന പരിശോധന നടത്തുന്നത്. റെയിൽവെ സ്റ്റേഷനുകളിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകൾ പരിശോധിക്കുന്നുണ്ട്. യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. 

ശ്രീലങ്കൻ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും ബംഗലൂരു പൊലീസിന്‍റെ സന്ദേശത്തെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കുകയായിരുന്നു. ഭീഷണി സന്ദേശം വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കേരള പൊലീസ് ഇപ്പോഴുള്ളത്. 

ആശുപത്രികൾ ആളുകൂടുന്ന ബസ് സ്റ്റാന്‍റുകൾ എന്നിവിടങ്ങളിലും ബാലറ്റ് പെട്ടികൾ സൂക്ഷിച്ച സ്ട്രോങ് റൂമുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അപരിചിതരെ പ്രത്യേകം നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. 

read : ഭീകരാക്രമണ ഭീഷണി വ്യാജം; സന്ദേശം നൽകിയ ബംഗലൂരു സ്വദേശി അറസ്റ്റിൽ

click me!