പട്ടാളമിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടത് ചോരക്കുഞ്ഞു മുതല്‍ മുത്തശ്ശി വരെ

By Web TeamFirst Published Aug 17, 2018, 6:19 PM IST
Highlights

വിവിധ സൈനികവിഭാഗങ്ങൾ തോളോട് തോൾ ചേർന്നാണ് പ്രളയക്കെടുതി രക്ഷാപ്രവർത്തനം നടത്തുന്നത്. നാവികസേന കമാൻഡോകൾ രക്ഷിച്ച ഗർഭിണിയായ യുവതി കൊച്ചിയിലെ സൈനിക ആശുപത്രിയിൽ പ്രസവിച്ചു. 100 വയസ്സുള്ള വൃദ്ധ മുതൽ കൈക്കുഞ്ഞുകളെ വരെ പാടുപെട്ടാണ് സൈന്യം സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്
 


തിരുവനന്തപുരം: വിവിധ സൈനികവിഭാഗങ്ങൾ തോളോട് തോൾ ചേർന്നാണ് പ്രളയക്കെടുതി രക്ഷാപ്രവർത്തനം നടത്തുന്നത്. നാവികസേന കമാൻഡോകൾ രക്ഷിച്ച ഗർഭിണിയായ യുവതി കൊച്ചിയിലെ സൈനിക ആശുപത്രിയിൽ പ്രസവിച്ചു. 100 വയസ്സുള്ള വൃദ്ധ മുതൽ കൈക്കുഞ്ഞുകളെ വരെ പാടുപെട്ടാണ് സൈന്യം സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്

ഏറെ പാടുപെട്ടാണ് ആലുവ ചെങ്ങമനാട് നിന്നും പൂർണ്ണ ഗർഭിണിയായ സജിത ജബിലിനെ നേവി രക്ഷിക്കുന്നത്. വീടു മുഴുവൻ വെള്ളത്തിൽ മുങ്ങിയ സജീതക്ക് രാവിലെ രക്തസ്രാവവും തുടങ്ങിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് നേവി സജിതയെ രക്ഷിക്കുന്നത്.

സഞ്ജീവിനി സൈനിക ആശുപത്രിയിലെത്തിച്ച് ഉച്ചക്ക് രണ്ട് മണിക്ക് ശസ്ത്രക്രിയ നടത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു നേവിയുടെ ഓപ്പറേഷൻ 'മദത്ത്' ലെ മികച്ച നേട്ടം. 100 വയസ്സായ കാർത്യായനി അമ്മയെ ചാലക്കുടിയിൽ നിന്നും വ്യോമനസേന രക്ഷിച്ചതായിരുന്നു മറ്റൊരു പ്രധാന ദൗത്യം. 

ഇതേ ഹെലികോപ്റ്ററിൽ തന്നെ ഇരുപത് ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും ഉണ്ടായിരുന്നു. ഓപ്പറേഷൻ കരുണയിലൂടെ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇതുവരെ രക്ഷിച്ചത് 314 ജീവനുകൾ. വിവിധ സേനകളുടെ 23 ഹെലികോപ്റ്ററുകളാണ് രക്ഷാദൗത്യത്തിലുള്ളത്. പ്രളയ ബാധിത സ്ഥലങ്ങളിൽ ഭക്ഷണവും മരുന്നും സൈന്യം വിതരണം ചെയ്യുന്നു. കരസേനയുടെ ഓപ്പറേഷന്‍ സഹയോഗ് പത്ത് ജില്ലകളിൽ രാപ്പകലില്ലാതെ തുടരുന്നു. 

ബംഗളൂരിൽ നിന്നും സേനയുടെ പാരാ റെജിമെൻറലിലെ വിദ്ഗദ സംഘം എത്തിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങളിൽ താൽക്കാലിക പാലങ്ങളും യാത്ര സൗകര്യവും സൈന്യത്തിൻറ എഞ്ചിനിയറിംഗ് വിഭാഗം ഒരുക്കുന്നു. ദേശീയ ദുരന്ത നിവാരണ സേന ഇതുവരെ രക്ഷിച്ചത്  4000 ത്തിലേറെ പേരെ. ജില്ലാ കേന്ദ്രങ്ങളിൽ സംയുക്ത സൈനിക കൺട്രോൾ റൂമുകളുണ്ട്. ദുരന്തനിവാരണ അഥോറിറ്റിയുടെ സംസ്ഥാന കൺട്രോൾ റൂമിൽ നിന്നും ജില്ലാ കലക്ടർമാരിൽ നിന്നും കിട്ടുന്ന സന്ദേശങ്ങള്‍ക്കനുസരിച്ചാണ് ദൗത്യം.
 

click me!