സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി

By Web TeamFirst Published Apr 6, 2020, 11:22 PM IST
Highlights

പുതിയ ഉത്തരവ് പ്രകാരം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം കുറക്കാനും അവധി നല്‍കാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ജോലിയെടുത്ത സമയം മാത്രം കണക്കാക്കി ശമ്പളം നല്‍കാനാണ് അനുമതി. 

റിയാദ്​: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് അവധി നൽകാനും ശമ്പളം കുറയ്ക്കാനും സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇതിനുള്ള അനുമതി നല്‍കിയത്. അപ്രതീക്ഷിതമായ സാഹചര്യങ്ങളിലെ മുന്‍കരുതലിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് ചെലവ്​ കുറക്കാന്‍ നിയമപ്രകാരം അനുമതിയുണ്ട്. 

പുതിയ ഉത്തരവ് പ്രകാരം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം കുറക്കാനും അവധി നല്‍കാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ജോലിയെടുത്ത സമയം മാത്രം കണക്കാക്കി ശമ്പളം നല്‍കാനാണ് അനുമതി. ഇതിന് പുറമെ ഇപ്പോള്‍ ജീവനക്കാർക്ക്​ നൽകുന്ന അവധി, അവരുടെ വാർഷിക അവധിയിൽ നിന്ന് കുറയ്ക്കുകയും ചെയ്യാം. ഇതിനുപുറമെ തൊഴിൽ നിയമത്തിലെ 116-ാം വകുപ്പ് അനുസരിച്ച് പ്രത്യേക അവധിയും തൊഴിലാളികള്‍ക്ക് നൽകാം.

അടുത്ത ആറ് മാസത്തിനകം ജീവനക്കാരുമായി തൊഴിലുടമ ഇത് സംബന്ധിച്ച്​ കരാറിലും ധാരണയിലുമെത്തണം. ഈ കരാര്‍ പ്രകാരം  ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്ക് മാത്രം ശമ്പളം നല്‍കാം. സ്വകാര്യ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഉത്തേജന പാക്കേജ് സ്ഥാപനം ഉപയോഗപ്പെടുത്തിയാൽ, ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനുണ്ടാക്കിയ കരാര്‍ റദ്ദാകും. ഒപ്പം ജീവനക്കാരന്​ ആ സ്ഥാപനത്തിൽ നിന്ന്​ ജോലി ഉപേക്ഷിച്ച്​ പോകാനുള്ള അനുമതിയും ലഭിക്കും. 

പുതിയ ഉത്തരവ്​ നടപ്പാക്കാൻ നിരവധി നിബന്ധനകളുണ്ട്​. ഇവയെല്ലാം പാലിച്ച്​ മാത്രമേ സ്ഥാപനത്തിന്​ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ളവ​ നടപ്പാക്കാൻ കഴിയൂ. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നും സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ‘അജീര്‍’ പോര്‍ട്ടല്‍ വഴി തൊഴിലാളികളെ വാടകയ്​ക്ക്​ കൈമാറാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇക്കാര്യത്തിലുണ്ടായിരുന്ന നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. മലയാളികളടക്കമുള്ള പ്രവാസികളെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഉത്തരവ്.

click me!