'വിക്രം' നിന്‍റെ വിളിക്കായി ഒരു ജനത കാത്തിരിക്കുന്നു; സംഭവിച്ചിരിക്കുക ഈ 3 കാര്യങ്ങളോ.!

By Web TeamFirst Published Sep 8, 2019, 9:52 AM IST
Highlights

ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നിലവിൽ നഷ്ടമായ സ്ഥിതിയിലാണ് ഉള്ളത്. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയത്. 

ബെംഗളുരു: ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് സംഭവിച്ച പിഴവാണ് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ച. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നിലവിൽ നഷ്ടമായ സ്ഥിതിയിലാണ് ഉള്ളത്. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പ്രധാനമായും മുന്നോട്ട് വയ്ക്കപ്പെടുന്ന വിശദീകരണങ്ങള്‍ മൂന്ന് തരത്തിലാണ്. അവസാന ഘട്ടത്തില്‍ ഈ മൂന്ന് കാര്യങ്ങള്‍ മൂലം ആയിരിക്കാം വിക്രം ലാന്‍ററുമായി ബന്ധം നഷ്ടപ്പെടാന്‍ കാരണം

1. വിക്രം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയിരിക്കാം

ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താന്‍ സാധിക്കാതെ ഇടിച്ചിറങ്ങിയിരിക്കാം. ചന്ദ്രന്‍റെ 2.1 കിലോമീറ്റർ അടുത്തെത്തിയ ലാൻഡറിനെ കുത്തനെ ഇറക്കാനായി നടത്തുന്ന ശ്രമത്തിനിടെ എഞ്ചിനുകളുടെ ജ്വലനം പെട്ടെന്ന് നിന്നുപോയിരിക്കം.  ലാൻഡർ ഇടിച്ചിറങ്ങിയതിന്‍റെ ഫലമായി ഇതില്‍ സ്ഥാപിച്ച ആശയവിനിമയം ഉപകരണങ്ങള്‍ തകര്‍ന്നിരിക്കും. വീഴ്ചയുടെ ആഘാതത്തിൽ ആന്റിനകൾ തകരാനുള്ള സാധ്യതയും ഏറെയാണ്. 

2. വിക്രത്തിന്‍റെ ഉള്ളിലെ പിഴവ്

വിക്രം ലാൻഡറിലെ പ്രോഗ്രം ചെയ്തുവച്ചിരുന്ന കാര്യങ്ങൾ ചിലപ്പോള്‍ ലാന്‍റിംഗ് സമയത്ത് നിശ്ചലമായിരിക്കാം. ഇത് ചെറിയ തകരാര്‍ ആണെങ്കില്‍ ലാന്‍റിംഗിന് ശേഷം ഇത് സ്വയം പരിഹരിക്കാന്‍ ലാന്‍ററില്‍ സംവിധാനം ഉണ്ട്.  ഐഎസ്ആർഒ അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഇത്തരം പ്രോഗ്രാം തകരാര്‍ എത്ര വലുതാണെന്ന് ഇപ്പോള്‍ വ്യക്തമല്ല.

3. ത്രസ്റ്ററിൽ തകരാർ

വിക്രം ലാൻഡറിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കന്ന 800 ന്യൂട്ടൻ  ത്രസ്റ്റർ ജ്വലിക്കുന്നതിലെ പാളിച്ചയാകാം അവസാനഘട്ടത്തിലെ കമ്യൂണിക്കേഷന്‍ ലഭിക്കാത്തതിന് കാരണം. ലാൻഡർ സുരക്ഷിതമായി ഇറക്കാനുള്ള നിർണായക പങ്ക്  800 ന്യൂട്ടന്റെ 5 ത്രസ്റ്റർ എൻജിനുകൾക്കായിരുന്നു. ഇവയാണ് അവസാന15 മിനിറ്റിലെ ഇറക്കം നിയന്ത്രിച്ചത്. ചന്ദ്രനിൽ നിന്നു 30 കിലോമീറ്റർ അകലെ നിന്ന് 7.4  കിലോമീറ്റർ ഉയരത്തിലേക്ക് എത്തിച്ചത് വശങ്ങളിലുള്ള 800 ന്യൂട്ടന്റെ 4 ത്രസ്റ്ററുകളാണ്. തുടർന്ന് മധ്യത്തിലുള്ള 800 ന്യൂട്ടൺ ജ്വലിപ്പിച്ച് ലാൻഡിങ് സാധ്യമാക്കേണ്ടിയിരുന്നത്. 4 ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ച് വേഗം കുറയ്ക്കുന്നതിനിടെ ദിശ തെറ്റിയിരിക്കാം. നടുക്കുള്ള ത്രസ്റ്റർ ജ്വലിപ്പിക്കുന്നതിനു മുൻപ് ഇടിച്ചിറങ്ങിയിരിക്കാം. സാധാരണ ഭ്രമണപഥം ഉയർത്തലിനു ഉപയോഗിക്കുന്ന 440 ന്യൂട്ടൻ ലാം എൻജിനുകളിൽ നിന്നു  വ്യത്യസ്തമായി 800 ന്യൂട്ടൻ ത്രസ്റ്ററുകൾ ഇതാദ്യമായാണ് ഒരു ദൗത്യത്തിൽ ഉപയോഗിക്കുന്നത്. ത്രസ്റ്റ് നിയന്ത്രണവിധേയമായി കുറയ്ക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.

അതേ സമയം ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ 90 മുതല്‍ 95 ശതമാനം വിജയമെന്ന് ഇസ്രോ. നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലായി 7.5 വര്‍ഷം അധിക ആയുസ്സ് ഓര്‍ബിറ്റിനുണ്ടാകും. ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഇസ്രോയുടെ അറിയിപ്പ്. വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്നും അടുത്ത 14 ദിവസം ഇത്‌ തുടരുമെന്നും ഇസ്രോ ചെയർമാൻ കെ ശിവൻ പറഞ്ഞു.

click me!