ഇംഗ്ലണ്ട് പകരം വീട്ടി; രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാനെ തകര്‍ത്തു

By Web DeskFirst Published Jul 25, 2016, 5:01 PM IST
Highlights

മാഞ്ചസ്റ്റര്‍: ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ഇംഗ്ലണ്ട് പാക്കിസ്ഥാനോട് മധുരമായി പ്രതികാരംവീട്ടി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 330 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് നാല് മത്സര പരമ്പരയില്‍ പാക്കിസ്ഥാനൊപ്പമെത്തി(1-1). ജയിക്കാന്‍ 565 റണ്‍സെന്ന അസാധ്യലക്ഷ്യത്തിന് മുന്നില്‍ വലിയ പോരാട്ടത്തിനൊന്നും നില്‍ക്കാതെ നാലാം ദിനം തന്നെ പാക്കിസ്ഥാന്‍ തോറ്റു മടങ്ങി. ആദ്യ ഇന്നിംഗ്സില്‍ 198 റണ്‍സെടുത്ത പാക്കിസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ 234 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ ഇംഗ്ലണ്ട് 589/8, 173/1, പാക്കിസ്ഥാന്‍ 198, 234. മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് മൂന്നിന് ഓവലില്‍ തുടങ്ങും. ആദ്യ ഇന്നിംഗ്സില്‍ ഡബിളും രണ്ടാം ഇന്നിംഗസില്‍ അര്‍ധ സെഞ്ചുറിയും നേടിയ ജോ റൂട്ടാണ് കളിയിലെ താരം.

98/1 എന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് കുക്കിന്റെയും(76) റൂട്ടിന്റെയും(48 പന്തില്‍ 71) അതിവേഗ ബാറ്റിംഗിന്റെ കരുത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കുക്കും റൂട്ടും അപൂര്‍വ നേട്ടത്തിന് കാത്തുനില്‍ക്കാതെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

വലിയ വിജയലക്ഷ്യത്തിന് മുന്നില്‍ തകര്‍ച്ചയോടെയാണ് പാക്കിസ്ഥാന്‍ തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ 25 റണ്‍സെത്തിയപ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന് മുഹമ്മദ് ഹഫീസും(42), യൂനിസ് ഖാന്‍(28), ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ്(35), ആസാദ് ഷെഫീഖ്(39), മുഹ്ഹമദ് ആമിര്‍(29) എന്നിവരുടെ ചെറുത്തുനില്‍പ്പിലൂടെ 234ല്‍ എത്താനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആന്‍ഡേഴ്‌സണും വോക്സും മോയിന്‍ അലിയും ചേര്‍ന്നാണ് ഇംഗ്ലീഷ് വിജയം വേഗത്തിലാക്കിയത്.

click me!