ഗോകുലം എഫ്‍സി സെലക്ഷന്‍ ട്രയലെന്ന് വ്യാജസന്ദേശം: അഞ്ഞൂറോളം കുട്ടികള്‍ തെറ്റിദ്ധരിച്ച് എത്തി

By Web TeamFirst Published Jan 30, 2020, 10:21 AM IST
Highlights

ഏതാണ്ട് അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ദൂരസ്ഥലങ്ങളില്‍ നിന്നടക്കം കളിക്കാനായി തിരുവനന്തപുരം യൂണിവേഴ‍്സിറ്റി സ്റ്റേഡിയത്തില്‍ എത്തിയത്. 

തിരുവനന്തപുരം: പ്രമുഖ ഫുട്ബോള്‍ ക്ലബായ ഗോകുലം എഫ്‍സി കുട്ടികള്‍ക്ക് വേണ്ടി സെലക്ഷന്‍ ട്രെയല്‍ നടത്തുന്നുവെന്ന വ്യാജ വാട്‍സാപ്പ് സന്ദേശം വിശ്വസിച്ച് എത്തിയ നൂറുകണക്കിന് കുട്ടികള്‍ നിരാശരായി. ഗോകുലം എഫ്‍സിയുടെ സെലക്ഷന്‍ ട്രെയലിനായി 30-ാം തീയതി തിരുവനന്തപുരം യൂണിവേഴ്‍സിറ്റി സ്റ്റേഡിയത്തില്‍ എത്തണം എന്ന വാട്‍സാപ്പ് സന്ദേശം കണ്ടു വന്നവരാണ് ചതിക്കപ്പെട്ടത്. 

13 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കായി സെലക്ഷന്‍ ട്രയല്‍ നടക്കുന്നതായിട്ടായിരുന്നു വ്യാജസന്ദേശം. ചില സ്‍കൂളുകളില്‍ നിന്നും സ്പോര്‍ട്‍സ് ക്ലബുകളില്‍ നിന്നും അധ്യാപകര്‍ നേരിട്ട് വിദ്യാര്‍ത്ഥികളുമായി എത്തിയിരുന്നു. ഗോകുലം എഫ്‍സിയുടെ ഒഫീഷ്യല്‍ പേജിലും ഇതേക്കുറിച്ച് വാര്‍ത്ത ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതേസമയം സെലക്ഷന്‍ ട്രയലിനെപ്പറ്റി വന്നത് വ്യാജവാര്‍ത്തയാണെന്നാണ് ഗോകുലം എഫ്‍സി പ്രതിനിധികള്‍ പറയുന്നത്. 

ഏതാണ്ട് അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ദൂരസ്ഥലങ്ങളില്‍ നിന്നടക്കം കളിക്കാനായി തിരുവനന്തപുരം യൂണിവേഴ‍്സിറ്റി സ്റ്റേഡിയത്തില്‍ എത്തിയത്. ഇന്ന് അധ്യയന ദിവസമായതിനാല്‍ തന്നെ സ്‍കൂളില്‍ നിന്നും അവധിയെടുത്താണ്  ഇത്രയും വിദ്യാര്‍ത്ഥികള്‍ പരിപാടിക്കായി എത്തിയത്.  മോഡല്‍ പരീക്ഷയും ലാബ് പരീക്ഷയും നടക്കുന്ന സമയമായിട്ടും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളടക്കം അവധിയെടുത്ത് ഫുട്ബോള്‍ പ്രേമത്തിന്‍റെ പേരില്‍ ട്രെയലിന് എത്തിയിരുന്നു. എറണാകുളം തൊട്ട് വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ വ്യജസന്ദേശം വിശ്വസിച്ച് എത്തിയിരുന്നു. 

click me!