വംശീയ അധിക്ഷേപം: ജർമൻ മിഡ്ഫീൽഡർ മെസൂട് ഓസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു

By Web DeskFirst Published Jul 23, 2018, 6:20 AM IST
Highlights
  • തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനൊപ്പം ഓസിൽ ചിത്രമെടുത്തതിനെതിരെ ജർമ്മനിയിൽ ജനരോഷം ശക്തമായിരുന്നു

ബെര്‍ലിന്‍: ജർമൻ മിഡ്ഫീൽഡർ മെസൂട് ഓസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു. വംശീയമായി അധിക്ഷേപം നേരിട്ടെന്നു തുറന്നുപറഞ്ഞ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഓസിൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനൊപ്പം ഓസിൽ  ചിത്രമെടുത്തതിനെതിരെ ജർമ്മനിയിൽ ജനരോഷം ശക്തമായിരുന്നു. റഷ്യൻ ലോകകപ്പിന്റെ കിക്കോഫിനു മുൻപേ തുടങ്ങി ആദ്യ റൗണ്ടിൽ ജർമനി തോറ്റു പുറത്തായതിനു പിന്നാലെ കത്തിപ്പടർന്ന രാഷ്ട്രീയ കായിക വിവാദത്തിനൊടുവിൽ മെസൂദ് ഓസിൽ കളം വിടുകയാണ്. 

തുർക്കി വംശജരായ ഓസിലും സഹതാരം ഇൽക്കേ ഗുൻഡോഗനും തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്. ഇതിന്റെ പേരിൽ രൂക്ഷമായ വംശീയാധിക്ഷേപവും ആരോപണങ്ങളും താരങ്ങൾ നേരിട്ടു. ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ഉയർന്നു. ആരാധകർ ഇരുതാരങ്ങളെയും കൂകിവിളിച്ചു. അച്ഛൻ കളിനിർത്താൻ ആവശ്യപ്പെട്ടിട്ടും വിവാദത്തിൽ ഇത്രയും നാൾ ഒരുവാക്കുപോലും പറയാതിരുന്ന ഓസിൽ കഴിഞ്ഞ ദിവസമാണ് മനസുതുറന്നത്. 

എർദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല. ഞാനൊരു പ്രഫഷനൽ ഫുട്ബോൾ കളിക്കാരനാണ്. ചിത്രമെടുത്തതിന്റെ പേരിൽ ജർമൻ ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ ഒട്ടേറെ മേഖലയിൽനിന്ന് എതിർപ്പുണ്ടായി.

ഇനിയും ജർമനിയുടെ ജഴ്സി ഞാൻ ധരിക്കുന്നത് അവർക്കിഷ്ടമല്ലെന്നു മനസ്സിലായി. വലിയ ഹൃദയഭാരത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും ഓസിൽ പറഞ്ഞു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസനലിന്റെ താരമായ ഓസിൽ ക്ലബ് ഫുട്ബോളിൽ തുടരും. കാൽപന്തുകളിയിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന മെസൂദ് ഓസിൽ ജർമനിക്കായി 92 കളിയിൽ നിന്നും 23 ഗോൾ നേടിയിട്ടുണ്ട്.

click me!