ധോണിയെ നാലാം നമ്പറില്‍ തന്നെയിറക്കണം; വാദിച്ച് റെയ്‌ന

By Web TeamFirst Published Jan 23, 2019, 10:01 PM IST
Highlights

ഏകദിനത്തില്‍ എം എസ് ധോണിയെ നാലാം നമ്പറില്‍ തന്നെ ബാറ്റിംഗിനയകണമെന്ന് സുരേഷ്‌ റെയ്‌ന. ഓസ്‌ട്രേലിയയില്‍ ധോണി നാലാം നമ്പറില്‍ തിളങ്ങിയിരുന്നു.

മുംബൈ: ഫോമിലുള്ള വെറ്ററന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എംഎസ് ധോണിയെ ഏകദിന ലോകകപ്പില്‍ അഞ്ചാം നമ്പറില്‍ ഇറക്കാനാണ് ആലോചനയെന്ന് നായകന്‍ വിരാട് കോലി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടത്തില്‍ ഏകദിനങ്ങളില്‍ ധോണി നാലാം നമ്പറില്‍ തിളങ്ങിയിരുന്നു. ഇതോടെ ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.

ഫോമിലല്ലാതിരുന്ന ധോണിയെ ഏത് നമ്പറില്‍ ബാറ്റിംഗിനിറക്കും എന്ന ആശങ്ക ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ മൂന്നിലും അര്‍ദ്ധ സെഞ്ചുറികള്‍ നേടി ധോണി കരുത്തുകാട്ടി. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പുറത്താവാതെ നിന്ന ധോണി ആകെ 193 റണ്‍സ് അടിച്ചെടുത്ത് പരമ്പരയിലെ താരവുമായി. നാലാം നമ്പറില്‍ പല താരങ്ങളും പരാജയപ്പെട്ടപ്പോഴാണ് ധോണി തിളങ്ങിയത്.

മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന പറയുന്നത് ഏകദിനത്തില്‍ ധോണിയെ നാലാമനായി തന്നെ ബാറ്റിംഗിനയക്കണം എന്നാണ്. അവസാന കുറച്ച് മത്സരങ്ങളില്‍ ധോണി മികച്ച പ്രകടനമാണ് നടത്തുന്നത്. വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യാനും ധോണിക്കാവും. എന്നാല്‍ നാലാം നമ്പറും ധോണിക്ക് ചേരും. ഈ പൊസിഷനില്‍ ഇറങ്ങിയാല്‍ അഞ്ച്, ആറ്, ഏഴ് നമ്പര്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്കൊപ്പം മത്സരം ഫിനിഷ് ചെയ്യാന്‍ ധോണിക്കാകുമെന്നും റെയ്‌ന വ്യക്തമാക്കി.

വളരെ പോസിറ്റീവായാണ് ധോണി കളിക്കുന്നത്. പന്ത് നന്നായി ഹിറ്റ് ചെയ്യുന്നുണ്ട്. കോലിയില്‍ നിന്ന് ഉറച്ച പിന്തുണ ലഭിക്കുന്നു. നായകനില്‍ നിന്ന് പിന്തുണ കിട്ടുന്ന സാഹചര്യത്തില്‍ നാലാം നമ്പറില്‍ ഇറങ്ങി ധോണി മികവ് തുടരുകയാണ് വേണ്ടത്. ഈ ബാറ്റിംഗ് പൊസിഷന്‍ ധോണിക്ക് ഉചിതമാണെന്നും റെയ്‌ന പറഞ്ഞു.

click me!