അധിനിവേശ ശക്തിക്ക് മുന്നിൽ പൊരുതിനിന്ന പെൺകരുത്ത്|സ്വാതന്ത്ര്യസ്പർശം|India@75

Jul 31, 2022, 10:25 AM IST

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ആത്മാർപ്പണം ചെയ്ത ഇന്ത്യൻ വനിതകൾ ധാരാളം. ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയെന്ന വീരാംഗനയെ എല്ലാവർക്കും അറിയാം. പക്ഷെ അതേ വീറും വാശിയുമോടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ തമിഴ്‌നാട്ടുകാരായ രണ്ട്  വീരമങ്കകളുണ്ട്. റാണി വേലു നാച്ചിയാരും അവരുടെ സൈന്യാധിപ കുയിലിയും. പതിനെട്ടാം നൂറ്റാണ്ടിൽ തമിഴകത്ത് ഇംഗ്ലീഷുകാർക്കും അവരുടെ തദ്ദേശീയ കൂട്ടാളികൾക്കും എതിരെ പോരാടിയ പാളയക്കാർ പ്രതിരോധ ചരിത്രത്തിലെ ധീരാംഗനകളാണ്.  

മധുരയ്ക്കടുത്ത് ശിവഗംഗയിലെ രാജ്ഞിയായിരുന്ന വേലു നാച്ചിയാർ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആദ്യത്തെ ഇന്ത്യൻ റാണി.  രാമനാഥപുരത്തെ രാജകുമാരിയായിരുന്ന വേലു കൗമാരത്തിൽ തന്നെ ആയോധനമുറകളിലും ആയുധപ്രയോഗങ്ങളിലും കുതിരസവാരിയിലും ഒക്കെ പേരെടുത്തു. മാത്രമല്ല ഉറുദു, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലും നിഷ്ണാത. ശിവഗംഗയിലെ ധീരനായ രാജകുമാരൻ മുത്തു വടുകനാഥ പെരിയ ഉടയ തേവരുടെ റാണിയായി നാച്ചിയാർ. തേവർ ശിവഗംഗ കയ്യടക്കാൻ വന്ന ബ്രിട്ടീഷ് പടയ്ക്കും അവരുടെ സഖ്യകക്ഷിയായ ആർകോട്ട്  നവാബിനും എതിരെ ധീരമായി പൊരുതി. പക്ഷെ ഏറെക്കാലം പ്രതിരോധിച്ചെങ്കിലും ഒടുക്കം രാജാവ് കൊല്ലപ്പെട്ടു. 

റാണി നാച്ചിയാർ കൈക്കുഞ്ഞായ മകൾ വെള്ളച്ചിയുമായി ദിണ്ടിഗലിലെ വിരുപാക്ഷി ഗ്രാമത്തിലേക്ക് സാഹസികമായി രക്ഷപ്പെട്ടു. പക്ഷെ ഒളിച്ചിരിക്കാനല്ല, തന്റെ രാജ്യം തിരിച്ചുപിടിക്കാനായി പടയ്ക്കിറങ്ങാനായിരുന്നു റാണിയുടെ തീരുമാനം. മൈസൂർ രാജ്യത്ത് ഇം​ഗ്ലീഷുകാർക്ക്  എതിരെ പോരാടിയിരുന്ന ഹൈദരലിയുമായി റാണി സൈനിക സഖ്യം സ്ഥാപിച്ചു. ഇംഗ്ലീഷ് സൈനികപ്പാളയങ്ങൾക്കെതിരെ അവർ നിരന്തരം ആക്രമണം നടത്തി. 1780ലെ വിജയദശമി നാളിൽ ആയിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആയുധപ്പുരയ്ക്ക് നേരെ റാണിയുടെ നിർണായകമായ ചാവേറാക്രമണം. അതിനു നേതൃത്വം നൽകിയത് ആകട്ടെ റാണിയുടെ ഏറ്റവും വിശ്വസ്തയായ സൈന്യാധിപ കുയിലി. സ്വന്തം ശരീരം നെയ്യിൽ മുക്കി ആയുധപ്പുരയിൽ കടന്ന കുയിലി സ്വയം തീകൊളുത്തി. നിമിഷങ്ങൾക്കകം ആയുധപ്പുര കത്തിയമർന്നു. കുയിലി എന്ന അധകൃത ജാതിക്കാരി ചരിത്രത്തിലാദ്യത്തെ ചാവേർ പടയാളിയായി. കുയിലിയുടെ ജീവൻ നഷ്ടമായെങ്കിലും ഇം​ഗ്ലീഷുകാർ അതോടെ പരിഭ്രാന്തരായി പിന്മാറി. മരുത് പാണ്ടിയർമാരുടെയും പിന്തുണയോടെ ശിവഗംഗ രാജ്യം നാച്ചിയാർ വീണ്ടെടുത്ത് അധികാരം ഏറ്റെടുത്തു. വൈദേശിക അധിനിവേശത്തിന്റെ ആഗോളക്കരുത്തിനു മുന്നിൽ പൊരുതിനിന്ന പെൺകരുത്തിന്റെ കഥയാണ് വേലുവിന്റെയും കുയിലുടെയും ഇതിഹാസം.