മോദിയ്ക്കും പുടിനുമിടയിൽ പിന്നിട്ട പതിനെട്ടു സംവത്സരങ്ങൾ

By Web TeamFirst Published Sep 6, 2019, 11:31 AM IST
Highlights

എത്ര ഔപചാരികമായ ഉച്ചകോടികളോ ചർച്ചകളോ സമ്മേളനങ്ങളോ ആയിരുന്നാലും തന്നോട് സംസാരിക്കാൻ പുടിൻ സമയം കണ്ടെത്താറുണ്ട് എന്ന് മോദി പറഞ്ഞു. തനിക്കും പുടിനുമിടയിൽ അപാരമായ ഒരു കെമിസ്ട്രി ഉണ്ടെന്ന് മോദി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി

വർഷം 2001 : ഇന്ത്യൻ പ്രധാനമന്ത്രിയുടെ സംഘം റഷ്യ സന്ദർശിക്കുന്നു. അന്ന് റഷ്യൻ പ്രസിഡന്റ്  വ്ളാദിമിർ പുടിനുമൊത്ത് വാജ്‌പേയി നടത്തിയ പത്രസമ്മേളനത്തിന്റെ ഫയൽ ചിത്രമാണിത്. ചിത്രത്തിൽ വാജ്‌പേയിക്ക് തൊട്ടുപിന്നിലായി, ജസ്വന്ത് സിങിന്റെ വലതുവശത്തായി നിൽക്കുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര ദാമോദർദാസ് മോദിയാണ്.

അന്ന് ചർച്ചകൾക്കുശേഷം മോദി പുടിനെ പരിചയപ്പെട്ടു. രണ്ടുപേരും ഹസ്തദാനം ചെയ്തു. മോദി അന്ന് ഇന്ത്യാമഹാരാജ്യത്തിലെ ഗുജറാത്ത് എന്ന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മാത്രം. ആ ഇന്ത്യൻ ഡെലിഗേഷനിൽ പുടിന്റെ തോളൊപ്പം നിൽക്കുന്നത് സത്യത്തിൽ വാജ്‌പേയി ആയിരുന്നെങ്കിലും തന്നെ ഒട്ടും കുറച്ചുകാണാതെ തന്നെ പുടിൻ പരിചരിച്ചു എന്ന് കഴിഞ്ഞ ദിവസം ഇരുപതാമത്തെ ഇന്തോ-റഷ്യൻ ഉച്ചകോടിയ്ക്കായി മോസ്കോയിലെത്തിയപ്പോൾ മോദി ഓർത്തെടുത്തു. അന്ന് പുടിൻ മോദിക്ക് മുന്നിൽ തുറന്നുകൊടുത്തത് രണ്ടുപതിറ്റാണ്ടിനപ്പുറത്തേക്ക് നീളാനിരിക്കുന്നൊരു സൗഹൃദത്തിന്റെ വാതിലുകളായിരുന്നു. അന്നവർ സംസാരിച്ചത് രണ്ടുരാജ്യങ്ങൾക്കിടയിലെ ബന്ധങ്ങളെപ്പറ്റി മാത്രമല്ല. ആകാശത്തിനു കീഴിലെ പല വിഷയങ്ങളും അന്നവർ ചർച്ചയ്‌ക്കെടുത്തു. പുടിനോടുള്ള സംഭാഷണം ഏറെ വിജ്ഞാനപ്രദമായിരുന്നു എന്നും മോദി പറഞ്ഞു.

ടാസ് എന്ന റഷ്യൻ ഏജൻസിക്ക് അനുവദിച്ച സുദീർഘമായ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി പുട്ടിനെപ്പറ്റി ഹൃദയം തുറന്നുസംസാരിക്കുന്നുണ്ട്. " പുടിൻ ഒരു വിശാലഹൃദയനാണ്. എന്തും തുറന്നു സംസാരിക്കുന്ന ശീലമാണ് അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ 'പക്ഷേ', 'എന്നാലും' എന്നൊന്നും പറയേണ്ടി വരുന്നില്ല സംഭാഷണത്തിൽ. എന്തും വെട്ടിത്തുറന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ എന്റെ എന്തഭിപ്രായവും അദ്ദേഹത്തോട് തുറന്നു പറയാനായി എനിക്ക്..." മോദി പറഞ്ഞു.

പുടിൻ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്നതിൽ പ്രകടിപ്പിക്കുന്ന താത്പര്യത്തെപ്പറ്റിയും മോദി ഏറെ വാചാലനാവുകയുണ്ടായി. " കായികക്ഷമതയുടെ കാര്യത്തിൽ പുടിൻ ഏറെ മുന്നിലാണ്. അദ്ദേഹത്തിന്റെ ജീവിതശൈലി ഏറെ ആകർഷകമാണ്. കസർത്തും മറ്റും മുടങ്ങാതെ ചെയ്ത് ശരീരസൗഷ്ഠവം നിലനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചുപോരുന്നുണ്ട്. ആ ഒരു നിഷ്ഠ എനിക്കിഷ്ടപ്പെട്ടു. അത് അനുകരണീയമാണ് ആർക്കും. പുടിൻ പരിസ്ഥിതി, വനം, കടുവാസംരക്ഷണം തുടങ്ങിയ പല മേഖലകളിലും താത്പര്യമുള്ള ആളാണ്. ഞാനും അങ്ങനെതന്നെ. അതുകൊണ്ടാവും ഞങ്ങൾക്കിടയിൽ വളരെ എളുപ്പത്തിൽ ഒരു 'കണക്ഷൻ' രൂപപ്പെട്ടുവന്നത്..." മോദി പറഞ്ഞു.

ഇന്ത്യക്കും റഷ്യക്കും ഏറെക്കുറെ എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായം തന്നെയാണുള്ളത് എന്നും മോദി ചൂണ്ടിക്കാട്ടി. ഒരേ അഭിപ്രായമില്ലാത്ത വിഷയങ്ങളിലും ഏറെക്കുറെ അടുത്തടുത്ത് നിൽക്കുന്ന അഭിപ്രായങ്ങളാണത്രെ. അതും ഇരുവർക്കുമിടയിലെ അടുപ്പം വർധിക്കാൻ കാരണമായിട്ടുണ്ട്. ഓരോ സന്ദർശനത്തിലും മോദിയും പുടിനും തമ്മിൽ കൂടുതൽ കൂടുതൽ അടുക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞതവണത്തെ ഒരു അനൗപചാരിക സന്ദർശനത്തിനിടെ മോദിയെ പുടിൻ റഷ്യയിലെ ഒരു സ്‌കൂൾ കാണിക്കാൻ കൊണ്ടുപോയി. അവിടത്തെ കുട്ടികളോട് ഇടപഴകിയത് മോദിക്ക് മറക്കാനാവാത്ത അനുഭവമായി. ആ മിടുക്കരായ വിദ്യാർത്ഥികളെ അദ്ദേഹം ഇന്ത്യയിലേക്ക് ക്ഷണിച്ചു. അവർ ഇന്ത്യയിലേക്ക് വന്നു. ഇവിടെ നമ്മുടെ കുട്ടികളുമായി ഇടപഴകി. കഴിഞ്ഞ തവണ മോദി റഷ്യ സന്ദർശിച്ചപ്പോൾ മോദി മനസ്സിൽ ഉറപ്പിച്ചു, ഇന്ത്യയിലെ ഒരു സംഘം ബിസിനസ്സുകാരെ റഷ്യയുടെ പൂർവപ്രദേശങ്ങൾ കാണാൻ അയക്കണം എന്ന്.

എത്ര ഔപചാരികമായ ഉച്ചകോടികളോ ചർച്ചകളോ സമ്മേളനങ്ങളോ ആയിരുന്നാലും തന്നോട് സംസാരിക്കാൻ പുടിൻ സമയം കണ്ടെത്താറുണ്ട് എന്ന് മോദി പറഞ്ഞു. തിരക്കേറിയ സമ്മിറ്റുകൾക്കിടയിലും അവർ ഇരുവരും ഒരു കോഫീ ടേബിളിന് അപ്പുറം ഇപ്പുറം ഇരുന്ന് മണിക്കൂറുകളോളം സംസാരിക്കും. തനിക്കും പുടിനുമിടയിൽ അപാരമായ ഒരു 'കെമിസ്ട്രി' ഉണ്ടെന്ന് മോദി ടാസിനോട് വെളിപ്പെടുത്തുകയുണ്ടായി. അനിതരസാധാരണമായ ഒരു ലാഘവം കൈവരും ആ സംഭാഷണങ്ങൾക്ക്. ഇത്തവണത്തെ സമ്മേളനത്തിനിടെയും പുടിനുമായി അത്തരത്തിൽ ഒരു സുദീർഘസംഭാഷണം നടത്താമെന്നും വിശേഷങ്ങൾ പങ്കുവെക്കാമെന്നും പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു.

മോദിക്കും പുടിനും ഇടയിലെ ഏറ്റവും ഗൗരവമേറിയ ചർച്ചാവിഷയങ്ങളിലൊന്ന് ഇന്ത്യയുടെ ദേശീയമൃഗം കൂടിയായ കടുവകളുടെ സംരക്ഷണമാണ്. 2020 -ൽ കടുവകളുടെ സംരക്ഷണം എന്ന വിഷയത്തെ കുറേക്കൂടി വലിയ ഒരു ഫോറത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായി മോദി പറഞ്ഞു. പത്തുവർഷം മുമ്പ് പുടിനാണ് ഈ ആശയം ഒരു സൗഹൃദ സംഭാഷണത്തിനിടെ അവതരിപ്പിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു. ഇന്ത്യ കടുവകളുടെ സംരക്ഷണത്തിനായി ചെയ്ത വര്‍ഷങ്ങളുടെ അദ്ധ്വാനം കാരണം ഇന്ന് അവയുടെ സംഖ്യ ഇരട്ടിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഏറെ അറിവും പരിചയവും ഉള്ളയാളാണ് പുടിൻ. അദ്ദേഹത്തോടും ഇതേപ്പറ്റി ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അതിനോടൊപ്പം, മാനവവിഭവ-തൊഴിൽസേനാ-വികസനത്തെപ്പറ്റിയും പുടിന്റെ അഭിപ്രായങ്ങൾ അറിയാൻ ശ്രമിക്കുമെന്നും സമ്മേളനത്തിനിടെ മോദി പറഞ്ഞു.  

റഷ്യൻ പ്രസിഡന്റ് പുടിനും ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ഒരുപോലെ മികച്ചുനിൽക്കുന്ന ഒരു മേഖല ആരോഗ്യസംരക്ഷണമാണ്. പുടിൻ ഒരു ജൂഡോ മാസ്റ്ററാണെങ്കിൽ, മോദി വിദഗ്ധനായ ഒരു യോഗാഭ്യാസിയാണ്. യോഗാ ഫെസ്ടിവലുകൾ സംഘടിപ്പിക്കാനും ന്യൂഫിറ്റ് ഇന്ത്യ എന്ന പേരിൽ ശാരീരിക ക്ഷമത രാജ്യത്ത് മൊത്തം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിലും മോദി ശ്രദ്ധാലുവാണ്.

ഇന്തോ റഷ്യൻ ബന്ധങ്ങളിലെ മറ്റൊരു സവിശേഷതയും മോദി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരിക്കലും ഒരു വില്പനക്കാരനും കസ്റ്റമറും തമ്മിലുള്ള ബന്ധമാവരുത് ഇരുരാജ്യങ്ങൾക്കുമിടയിൽ എന്ന് മോദിക്ക് നിർബന്ധമുണ്ട്. അത് അദ്ദേഹം പുടിനോടുതന്നെ നേരിട്ട് അറിയിച്ചിട്ടുമുണ്ടത്രെ. അടുത്ത സുഹൃത്തുക്കൾ എന്ന ഇപ്പോഴുള്ള ബന്ധം കൈമോശം വരാതെ കാക്കാൻ പുടിനും ബദ്ധശ്രദ്ധനാണെന്ന് മോദി പറയുന്നു. 

click me!