വീണ്ടെടുക്കാനാകുമോ താലിബാൻ തകർത്തുകളഞ്ഞ ബാമിയാനിലെ ആ ചരിത്രസ്മാരകങ്ങളെ ?

By Web TeamFirst Published Nov 10, 2019, 9:37 AM IST
Highlights

പ്രതിമകളിന്മേൽ വലിയ ദ്വാരങ്ങൾ ഡ്രിൽ ചെയ്തുണ്ടാക്കി. എന്നിട്ട് തടവിലുണ്ടായിരുന്ന ഹസാരകളെ കൊണ്ട് അതിനുള്ളിൽ സ്ഫോടകവസ്തുക്കൾ വെപ്പിച്ചു.

അഫ്ഗാനിസ്ഥാനിലെ സയ്യിദ് മിർസ ഹുസൈന്റെ മുന്നിൽ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ഒരു ചരിത്രസ്മാരകം നശിപ്പിക്കുന്ന പ്രവൃത്തിയിൽ പങ്കുചേരുക, അല്ലെങ്കിൽ താലിബാന്റെ വെടിയേറ്റു മരിക്കുക. അമേരിക്കയിൽ ഭീകരാക്രമണം നടക്കുന്നതിനു മുമ്പുള്ള കാലമാണ്. അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗവും കൈപ്പിടിയിലാക്കി വെച്ചിരുന്ന മതമൗലികവാദികളുടെ തടവിൽ കിടക്കുകയാണ് അന്ന് ഹുസ്സൈൻ അടക്കമുള്ള പലരും. താലിബാൻ കൊടികുത്തിവാണിരുന്ന കാലം. ഇസ്ലാം വിരുദ്ധമെന്ന് തോന്നിയിരുന്നതെല്ലാം നിർദാക്ഷിണ്യം അവർ പൊളിച്ചടുക്കിയിരുന്ന കാലം. 

190 അടി ഉയരമുണ്ടായിരുന്നു ബാമിയാനിലെ ബുദ്ധപ്രതിമകൾക്ക്. മലമുകളിൽ നിവർന്നുനിന്നിരുന്ന ആ പ്രതിമകൾ അവിടെ നിന്ന് താഴ്വരയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആറാം നൂറ്റാണ്ടിൽ ഈ പ്രദേശമത്രയും ബുദ്ധന്മാരുടെ വിഹാരങ്ങളായിരുന്നു. അവരുടെ പുണ്യകേന്ദ്രമായിരുന്നു അത്. ചൈനക്കും യൂറോപ്പിനുമിടയിലെ വ്യാപാര ഇടനാഴിയായ സിൽക്ക് റൂട്ടിലായിരുന്നു ബാമിയാനും. 


2001 ന്റെ ആദ്യപാദത്തിൽ 25 ദിവസങ്ങളോളം നീണ്ടുനിന്ന ഒരു വൻ പ്രയത്നമായിരുന്നു ബാമിയാനിലെ ബുദ്ധപ്രതിമകളുടെ നശീകരണം. ഇന്ന് ആ മണൽപ്പാറകളിൽ കാണുന്ന വൻ  ഗർത്തങ്ങൾ മുമ്പവിടെ ഉണ്ടായിരുന്ന ചരിത്രസ്മാരകങ്ങളുടെ അവശിഷ്ടങ്ങളാണ്. ഇപ്പോൾ, താലിബാന്റെ പതനത്തിനു ശേഷം, അതേ ഇടങ്ങളിൽ ഈ പ്രതിമകൾ പുനർനിർമിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. മൂന്നു രാജ്യങ്ങളിൽ നിന്ന് വിദഗ്ധരുടെ സഹായവും വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. 

തന്റെ അന്നത്തെ ആ പ്രവൃത്തിയിൽ, താലിബാന്റെ ഭീഷണികൾക്ക് വഴങ്ങി  പ്രാണഭയം കൊണ്ടാണ് അന്നങ്ങനെ ചെയ്യേണ്ടി വന്നതെന്ന് പറയുമ്പോൾ പോലും, ഹുസ്സൈന് ഇന്ന് കടുത്ത പശ്ചാത്താപമുണ്ട്. " കുറ്റബോധവും വിഷമവും സദാ എന്നെ അലട്ടാറുണ്ട് " ഹുസ്സൈൻ NBC-യോട് പറഞ്ഞു. ആ നാശത്തിന്റെ കറകൾ തന്റെ കയ്യിൽ പുരണ്ടിട്ടുണ്ടെന്ന് അയാൾക്ക് തോന്നുന്നുണ്ട്. ഇത് അഫ്ഗാനിസ്ഥാന് മാത്രമല്ല ലോകത്തിനുതന്നെ മറക്കാനാകാത്ത ഒരു സംഭവമാണെന്ന് ഹുസ്സൈൻ പറയുന്നു. 

താലിബാന്റെ എതിർ ഗ്രൂപ്പായ ഹസാരകളിൽ പെട്ടതായിരുന്നു ഹുസ്സൈൻ. ഹുസൈന്റെ കൂടെയുള്ള നിരവധിപേരെ താലിബാൻ കൊന്നുതള്ളി. ജീവനോടെ രക്ഷപ്പെട്ട അപൂർവം ഭാഗ്യവാന്മാരിൽ ഒരാളായിരുന്നു ഹുസൈനും. അവരെ താലിബാൻ തടവിലാക്കി. അന്നത്തെ തന്റെ ദുരനുഭവം ഹുസ്സൈൻ വളരെ വ്യക്തമായി ഓർത്തെടുക്കുന്നുണ്ട്, " ഒരു ട്രക്കിൽ കയറ്റി ഞങ്ങളെ ബേസിലേക്ക് കൊണ്ടുപോയി. കയ്യിൽ ഒരു ഡയനാമൈറ്റ് പിടിപ്പിച്ചു. കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നതുകൊണ്ട് അതൊട്ടും അതത്ര എളുപ്പം പണിയായിരുന്നില്ല. ഇടക്ക് കാലിടറുമ്പോൾ തോക്കിന്റെ പാത്തികൊണ്ട് നല്ല ഇടി തന്നു അവർ. 

തുടക്കത്തിൽ വിമാനവേധത്തോക്കുകളും ടാങ്കുകൾ തകർക്കാനുപയോഗിക്കുന്ന മൈനുകളും കൊണ്ടാണ് പ്രതിമകൾ തകർക്കാൻ ശ്രമിച്ചത്. അത് വേണ്ടത്ര ഫലം കാണാതെ വന്നപ്പോൾ അവർ ആ പ്രതിമകളിന്മേൽ വലിയ ദ്വാരങ്ങൾ ഡ്രിൽ ചെയ്തുണ്ടാക്കി. എന്നിട്ട് തടവിലുണ്ടായിരുന്ന ഹസാരകളെ കൊണ്ട് അതിനുള്ളിൽ സ്ഫോടകവസ്തുക്കൾ വെപ്പിച്ചു. " വളരെ അപകടം പിടിച്ച പണിയായിരുന്നു അത്. ചത്തുപോകും എന്നുതന്നെ അന്ന് കരുതിയിരുന്നു ഞാൻ. പക്ഷേ, ചെയ്യാൻ മടികാണിച്ചവരെ സ്പോട്ടിൽ വെടിവെച്ചു കൊല്ലുന്നത് കണ്മുന്നിൽ കണ്ടപ്പോൾ പിന്നെ മറ്റൊന്നുമോർത്തില്ല.." അയാൾ പറഞ്ഞു. 

"ആദ്യത്തെ ബോംബ് പൊട്ടിയപ്പോൾ താഴെ നിന്ന ഞങ്ങൾക്ക് തോന്നിയത് ആ മല അപ്പാടെ ഇടിഞ്ഞുപൊളിഞ്ഞിറങ്ങിവന്നു ഞങ്ങളുടെ ദേഹത്ത് വന്നുവീഴും എന്നാണ്. "ഹുസ്സൈൻ തുടർന്നു. താമസിയാതെ മറ്റുബോംബുകളും ഒന്നൊന്നായി പൊട്ടി. മലമുകളിൽ നിന്ന് ബുദ്ധപ്രതിമകളുടെ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച് താഴ്‌വരയിൽ വന്നുവീണുതുടങ്ങി. 

'ഒരു കാലത്ത് പ്രതിമകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് സയ്യിദ് മിർസ ഹുസ്സൈൻ'

"ആ സംഭവം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.", ഹുസ്സൈൻ പറഞ്ഞു, " ഇന്നും ആ പ്രദേശത്തുകൂടി നടന്നുപോകുമ്പോൾ അത് എന്നെ സങ്കടപ്പെടുത്താറുണ്ട്. ഇടക്ക് അതൊക്കെ ഓർത്തു നടക്കുമ്പോൾ വഴിതെറ്റും എനിക്ക്. അത്ര വലിയ പാപമാണ് ചെയ്തത് എന്ന തോന്നലാണ് ഉള്ളിൽ." 

താലിബാന്റെ പതനത്തിനു ശേഷം, 2003-ൽ യുനെസ്‌കോ ബാമിയാൻ താഴ്വര മുഴുവൻ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചു. പക്ഷേ, നഷ്ടപ്പെടേണ്ടതെല്ലാം നഷ്ടമായിക്കഴിഞ്ഞു, ചരിത്രം ആ മണൽപ്പാറകളിൽ നിന്ന് എന്നെന്നേക്കുമായി തകർത്തെറിയപ്പെട്ടുകഴിഞ്ഞു. 

ബാമിയാനിലെ സ്മാരകങ്ങളുടെ സൂക്ഷിപ്പുകാരനാണ് അബ്ദുൽ ഹമീദ് ജാലിയ. തന്റെ ജീവിതകാലം മുഴുവൻ പുരാതനസ്മാരകങ്ങളുടെ പരിചരണത്തിനായി ഉഴിഞ്ഞുവെച്ചയാളാണ് ജാലിയ. ബുദ്ധപ്രതിമകൾ തകർക്കപ്പെട്ട ദിവസം തനിക്കൊരിക്കലും മറക്കാൻ സാധിക്കില്ല എന്നദ്ദേഹം പറഞ്ഞു. " കുട്ടികളും സ്ത്രീകളുമൊക്കെ അന്ന് വാവിട്ടു നിലവിളിച്ചുപോയിരുന്നു. ഞങ്ങൾക്ക് സ്വന്തം അസ്തിത്വം നഷ്ടമായ ദുർദിനമായിരുന്നു അത്. " ജാലിയ തുടർന്നു. 

അബ്ദുൽ ഹമീദ് ജാലിയ

തകർന്നുവീണ പൗരാണിക ശിലാവശിഷ്ടങ്ങൾ കൃത്യമായി നമ്പറിട്ട് സൂക്ഷിച്ചിട്ടുണ്ട് ബാമിയാനിലെ ആർക്കിയോളജി വകുപ്പുകാർ. ആ ശേഷിപ്പുകളിൽ നിന്ന് നഷ്ടമായ ഭൂതകാലം പുനരാവിഷ്കരിക്കാൻ സാധിക്കുമെന്ന് അവർ കരുതുന്നു. കോടിക്കണക്കിന് ഡോളർ ചെലവുള്ള ആ ഭഗീരഥപ്രയത്നത്തിനുവേണ്ട മൂലധനം എന്തായാലൂം അഫ്ഗാനിസ്ഥാനിൽ ഇല്ല. ജപ്പാൻ,ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളാണ് സാങ്കേതികസഹായം വാഗ്ദാനം ചെയ്‌തിട്ടുള്ളത്‌. 

എന്നാൽ  ഫ്രഞ്ച് ആർക്കിയോളജിസ്റ്റായ തോമസ് ലോറന്റെ അഭിപ്രായം അത് കണക്കില്ലാത്ത പണം ചെലവിട്ടുകൊണ്ടുള്ള ഒരു വൃഥാവ്യായാമമാകും എന്നാണ്. ബാമിയാനിലെ ജനങ്ങളുടെ ഒരു വൈകാരികതമാത്രമാണ് ഈ ബുദ്ധപ്രതിമകളുടെ പുനർനിർമാണം. അത് ടൂറിസ്റ്റുകളെ തങ്ങളുടെ നഗരത്തിലേക്ക് വീണ്ടും വരാൻ പ്രേരിപ്പിക്കുമെന്ന് തദ്ദേശവാസികൾ കരുതുന്നു. എന്നാൽ, മുൻകാലങ്ങളിൽ ടൂറിസ്റ്റുകൾ വന്നിരുന്നത് അവിടെ ഉറങ്ങിക്കിടന്നിരുന്ന ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ കാണാനാണെന്നും, ഇനി എങ്ങനെ പുനഃസൃഷ്ടിച്ചാലും അത് കൃത്രിമമെന്നേ കാണാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ ഗവണ്മെന്റ് പ്രതിമകളുടെ പുനഃസ്ഥാപനത്തെ അഭിമാനപ്രശ്നമായാണ് കാണുന്നത്. അതുകൊണ്ട് യുനെസ്‌കോയെ ചാക്കിട്ടുപിടിച്ച് ഒരു പ്രതിമയെങ്കിലും പുനർനിർമിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. 

" ഒരു പ്രതിമയെങ്കിലും ബാമിയാനിലെ ജനങ്ങൾക്കുവേണ്ടി പുനർനിർമിക്കണം. ഒന്നും പഴയപോലെ ഇനി ആവില്ലെന്നറിയാം. എന്നാലും, താലിബാൻ ചെയ്ത കൊടും കുറ്റകൃത്യത്തെപ്പറ്റി ഈ ലോകത്തോട് വിളിച്ചുപറയാൻ ഒരു പ്രതിമ, ഒരൊറ്റ ബുദ്ധപ്രതിമ ബാമിയാൻ താഴ്‌വരയിൽ ഉയർന്നുകാണണമെന്നാണ് എന്റെ ആഗ്രഹം" ഹുസ്സൈൻ പറഞ്ഞു നിർത്തി. 

click me!