Latest Videos

പശുവിന്‍പാലിനേക്കാള്‍ മികച്ചത് കഴുതപ്പാല്‍? ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം, കഴുതപ്പാലില്‍ നോട്ടമിട്ട് കമ്പനികള്‍

By Web TeamFirst Published Dec 20, 2019, 12:50 PM IST
Highlights

കഴുത പ്രസവിക്കണമെങ്കില്‍ ഒരു വര്‍ഷം കാത്തിരിക്കണം. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു മാസം നിര്‍ബന്ധമായും പാല്‍ നല്‍കിയിരിക്കണം. പച്ചപ്പുല്ല്, ഗോതമ്പ്തവിട്, ചോളത്തിന്റെ തവിട്, അരിയുടെ തവിട് എന്നിവ ചേര്‍ന്ന സമീകൃതാഹാരമാണ് കഴുതയുടെ ഭക്ഷണം.

കഴുതപ്പാലിന്റെ ഗുണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പ്രായത്തെ തോല്‍പ്പിച്ച് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കഴുതപ്പാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതുപോലെ തന്നെ ആന്റി ഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതുകൊണ്ട് സൗന്ദര്യവര്‍ധക വസ്തുക്കളില്‍ കഴുതപ്പാല്‍ അവശ്യഘടകമായി മാറുന്നു. ഒരു കഴുതയില്‍ നിന്ന് ഒരു ദിവസം 200 മുതല്‍ 250 മി.ലിറ്റര്‍ പാലാണ് ലഭിക്കുന്നത്. കഴുതപ്പാല്‍ സൗന്ദര്യവര്‍ധക വസ്തു എന്ന നിലയില്‍ പണ്ടുമുതലേ ഉപയോഗിച്ച് വരുന്നുണ്ട്. ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തന്റെ സൗന്ദര്യവും യൗവനവും നിര്‍ത്തിയത് കഴുതപ്പാലില്‍ കുളിച്ചായിരുന്നുവത്രേ.

2020 ജനുവരി 1 മുതല്‍ ഡെയറി ഫാം ഉടമകള്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്‌കീം അനുസരിച്ച് പാല്‍ പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണമെന്നാണ് തീരുമാനം. പരിശോധിച്ച 2607 പശുവിന്‍ പാലിന്റെ സാമ്പിളുകളില്‍ 10.4 ശതമാനം ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.  അഫ്‌ളാടോക്‌സിന്‍ എം 1,  ആന്റി ബയോട്ടിക്‌സ്, കീടനാശിനികള്‍ എന്നിവയെല്ലാം പാലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രൊസസ്ഡ് മില്‍ക് എന്ന പേരില്‍ പാക്കറ്റുകളില്‍ ലഭിക്കുന്ന പാലിലാണ് അഫ്‌ളാടോക്‌സിന്‍ എന്ന ഘടകം കൂടുതലായി കാണുന്നത്. കാലിത്തീറ്റയിലൂടെയും ഫോഡര്‍ വഴിയും ഈ ഘടകം പാലിലെത്തുന്നു. പരിശോധന നടത്തിയ പാക്കറ്റില്‍ ലഭിക്കുന്ന പാലുകളില്‍ 37.7 ശതമാനം സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മാല്‍ട്രോഡെക്‌സ്ട്രിന്‍, ഷുഗര്‍, കൊഴുപ്പ്, എസ്.എന്‍.എഫ് എന്നിവയെല്ലാം ഹാനികരമായ അളവില്‍ അടങ്ങിയിട്ടുണ്ട്.

മരുന്നുകമ്പനികളും സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളും കഴുതപ്പാലില്‍ നോട്ടമിട്ടു കഴിഞ്ഞു. ഈ പാലില്‍ കട്ടിയുള്ള മാംസ്യം അടങ്ങിയിട്ടില്ലെന്ന് മാത്രമല്ല, വളരെ കുറച്ച് കൊഴുപ്പ് മാത്രമേയുള്ളു. അതിനാല്‍ കഴുതപ്പാല്‍ വളരെ പെട്ടെന്ന് ദഹിക്കുന്നതാണ്. കാല്‍ഷ്യം, മഗ്നീഷ്യം, സോഡിയം, ഇരുമ്പ് തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു. പശുവിന്‍ പാല്‍ അലര്‍ജിയുള്ളവര്‍ക്ക് കഴുതപ്പാല്‍ ഉപയോഗിക്കാം.

ഇന്ത്യയിലെ ക്ഷീരകര്‍ഷകരും വന്‍കിട കമ്പനികളും സര്‍ക്കാരും ഇത്തരം പാല്‍ വ്യാവസായികമായി വിപണിയിലെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതില്‍ അദ്ഭുതമില്ല. മോദി സര്‍ക്കാര്‍ കഴുതപ്പാലിന്റെ ഉപയോഗം വ്യാപകമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്നു. കഴുതപ്പാല്‍ കൊണ്ട് ചീസ് നിര്‍മിക്കാവുന്നതാണ്. തെക്ക് കിഴക്കന്‍ യൂറോപ്പിലെ ബാള്‍ക്കന്‍ മേഖലയിലുള്ളവര്‍ കഴുതകളുടെ പാലില്‍ നിന്നും ചീസ് നിര്‍മിക്കുന്നുണ്ട്. മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ഫേസ്‍പാക്കുകളിലെ പ്രധാന ഘടകമാണ് കഴുതപ്പാല്‍. കേരളത്തിലെ ബ്യൂട്ടി പാര്‍ലറുകള്‍ വഴി കഴുതപ്പാല്‍ ഉപയോഗിച്ചുള്ള ഫേസ്‍പാക്ക് വിറ്റഴിച്ച് പരീക്ഷണം നടത്തിയിട്ടുണ്ട്.

കഴുത പ്രസവിക്കണമെങ്കില്‍ ഒരു വര്‍ഷം കാത്തിരിക്കണം. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു മാസം നിര്‍ബന്ധമായും പാല്‍ നല്‍കിയിരിക്കണം. പച്ചപ്പുല്ല്, ഗോതമ്പ്തവിട്, ചോളത്തിന്റെ തവിട്, അരിയുടെ തവിട് എന്നിവ ചേര്‍ന്ന സമീകൃതാഹാരമാണ് കഴുതയുടെ ഭക്ഷണം.

അതുപോലെ തന്നെ ഒട്ടകത്തിന്റെ പാലും വ്യാവസായികമായി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്. ഇത് മരുഭൂമികളിലെ ഒട്ടകങ്ങളെ സംരക്ഷിക്കാനും അതുവഴി അവര്‍ക്ക് വരുമാന മാര്‍ഗം നേടാനും വഴിയൊരുക്കുന്നു. ഒട്ടകപ്പാല്‍ വിപണനം നടത്താന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ഒരുങ്ങിക്കഴിഞ്ഞതുകൊണ്ട് പാല്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ പ്രയാസമില്ല.

അമൂല്‍ കമ്പനി ഈ അടുത്ത കാലത്ത് ഒട്ടകപ്പാല്‍ വിപണിയിലിറക്കിയിട്ടുണ്ട്. 500 മി.ലി പാല്‍ 50 രൂപയ്ക്കാണ് വിപണനം ചെയ്തത്. ഒട്ടകപ്പാല്‍ ഉപയോഗിച്ച് ഐസ്‌ക്രീം വരെ ഉണ്ടാക്കിയിട്ടുണ്ട്. പശുവിന്‍പാലിനേക്കാള്‍ ഉപ്പുരസം കൂടുതലാണ് ഒട്ടകപ്പാലിന്.

ഇതുപോലെ പശുവിന്‍ പാലിന് പകരം മറ്റുള്ള മൃഗങ്ങളുടെ പാല്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അവയെ സംരക്ഷിക്കാനും കൂടിയുള്ള നടപടികളാണ് സ്വീകരിക്കപ്പെടുന്നത്. അത്തരം മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിച്ച് നിലനിര്‍ത്തേണ്ട കടമ നമുക്കുണ്ട്. ഇത്തരം മൃഗങ്ങളുടെ പ്രജനനം വര്‍ധിപ്പിക്കുക മാത്രമല്ല ഇവരുടെ ലക്ഷ്യം. ഇന്ത്യയിലെ ജൈവവൈവിധ്യം നിലനിലനിര്‍ത്തുകയെന്നത് കൂടിയാണ്.

ലോകത്തിലെ പാല്‍ ഉത്പാദനത്തിന്റെ ഏറിയ പങ്കും ഇന്ത്യയിലാണ്. 2017-18 കാലഘട്ടത്തില്‍ രാജ്യത്തെ ആകെ പാല്‍ ഉത്പാദനം 176.35 മില്യണ്‍ ടണ്‍ ആണ്. 2022 ആകുമ്പോഴേക്കും 254,55 മില്യണ്‍ ആയി പാല്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

click me!