കലൈഞ്ജർ കരുണാനിധി ഓർമ്മയായിട്ട് ഒരു വർഷം

By Web TeamFirst Published Aug 7, 2019, 1:21 PM IST
Highlights

 " എൻ ഉയിരിനും മേലാന കഴക ഉടമ്പിറപ്പുകളേ..." എന്ന് കരുണാനിധിയുടെ ഉറച്ച ശബ്ദം ഉച്ചഭാഷിണിയിലൂടെ ഒഴുകിവന്നപ്പോഴൊക്കെ, തമിഴർ ആ വിളിക്കു പിന്നാലെ ഇദയം നിറഞ്ഞ അൻപോടെ അണിനിരന്നു.         

ഇന്ന് കരുണാനിധിയുടെ ഒന്നാം ചരമവാർഷികം. കേന്ദ്രത്തിൽ ആരു ഭരിച്ചിരുന്നാലും മുത്തുവേൽ കരുണാനിധി എന്ന തീപ്പൊരി തമിഴ് നേതാവിന് ഒരുപോലെയായിരുന്നു. തമിഴ് സ്വത്വത്തിൽ അഭിമാനിച്ചിരുന്ന കരുണാനിധി  അതിനുനേരെ വരുന്ന ഏതൊരു ആക്രമണത്തെയും പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമായിരുന്നു. ഫെഡറലിസത്തിന്റെ പതാകാവാഹകനായിരുന്നു കരുണാനിധി; അതേ സമയം ഒരു പ്രാദേശിക കക്ഷിയുടെ നേതാവായിരുന്നുകൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ എങ്ങനെ നിർണ്ണായകമായ സ്വാധീനം ചെലുത്താം എന്ന് എന്നും തെളിയിച്ചിട്ടുള്ള രാഷ്ട്രീയധിഷണയും. 

1953  ജൂലൈ 15  : തമിഴ്‌നാട്ടിലെ കള്ളക്കുടി എന്ന സ്ഥലത്ത് പ്രതിഷേധം കടുക്കുകയായിരുന്നു. പ്രസിദ്ധ വ്യവസായി ഡാൽമിയയുടെ ബഹുമാനാർത്ഥം കള്ളക്കുടിയെ 'ഡാൽമിയാപുരം' എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്രം ഏകപക്ഷീയമായി തീരുമാനമെടുത്തതായിരുന്നു കാരണം. ദിഗന്തങ്ങളെ ഞെട്ടിവിറപ്പിച്ചുകൊണ്ട് നല്ല ചെന്തമിഴിൽ നെടുങ്കൻ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു. ഒട്ടുമിക്കതും ഹിന്ദി വിരോധം തുളുമ്പുന്നവ. കരുണാനിധിയുടെ നേതൃത്വത്തിൽ 'തി.മു.ക' അണികൾ സ്റ്റേഷനിലെ ബോർഡിൽ  'ഡാൽമിയാപുരം' എന്ന് പുതുതായി പെയിന്റടിച്ചതിനെ തിരിച്ച് 'കള്ളക്കുടി' എന്ന് മാറ്റി. 

അന്ന് കഷ്ടി 30  വയസ്സ് പ്രായമുണ്ടായിരുന്ന കരുണാനിധി, കയ്യിൽ ഒരു കറുത്ത കൊടിയുമേന്തിക്കൊണ്ട് പ്ലാറ്റ് ഫോമിൽ  നിന്നും ചാടി ട്രാക്കിലേക്കിറങ്ങി, പതുക്കെ നീങ്ങിത്തുടങ്ങിയ ഒരു തീവണ്ടിയ്ക്ക് കുറുകേ പാളത്തിൽ കേറി കിടപ്പായി. ക്രമസമാധാനനില തകർന്നു. അവിടെ നടന്ന ലാത്തിചാർജ്ജിലും വെടിവെപ്പിലും രണ്ടുപേർ കൊല്ലപ്പെട്ടു. പ്രതിഷേധസ്വരവുമായി നിന്ന ആ ചുരുളന്മുടിക്കാരനെയും അണികളെയും  പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ, പ്രതിക്ക് അന്നത്തെ 35 രൂപ പിഴ ചാർത്തപ്പെട്ടു. ഒപ്പം, അഞ്ചുമാസത്തേക്ക് തടവ് ശിക്ഷയും വിധിച്ചു കോടതി. പിഴയടയ്ക്കാൻ വിസമ്മതിച്ച ആ യുവാവിന് കോടതി ജയിൽവാസം ഒരു വർഷത്തേക്ക് നീട്ടിക്കൊടുത്തു പുറത്തിറങ്ങി വന്ന അയാളെ തമിഴ് ജനത പാസത്തോടെ വിളിച്ചു,   " കള്ളക്കുടി കൊണ്ട കരുണാനിധി " -  അതായത്, "കള്ളക്കുടിയെ കീഴ്പ്പെടുത്തിയ കരുണാനിധി " എന്ന്. 

തി.മു.ക. എന്ന് തമിഴിലും ഡിഎംകെ എന്ന് ഇംഗ്ലീഷിലും ചുരുക്കി വിളിക്കുന്ന, ദ്രാവിഡ മുന്നേറ്റ കഴകമെന്ന പ്രാദേശിക രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനത്ത് തന്റെ അനുഗൃഹീതമായ തൂലികയിൽ നിന്നും പിറന്നുവീണ സിനിമാക്കഥകളിലൂടെ ആർജ്ജിച്ച ജനസമ്മിതിയുടെ പേരിലും, അണികളെ ആവേശം കൊള്ളിച്ച തീപ്പൊരിപ്രസംഗങ്ങളുടെ പേരിലുമാണ് കരുണാനിധി എത്തിപ്പെട്ടതെങ്കിലും ആ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിൽ 'കള്ളക്കുടി സംഭവം' വഹിച്ച പങ്ക് വലുതാണ്. 

1924 ജൂൺ 3-ന് ട്രിച്ചിക്കടുത്ത് തിരുക്കുവിളൈയിൽ,  പരമ്പരാഗതമായി അമ്പലങ്ങളിൽ നാദസ്വരം വായിക്കുന്ന ഇസൈ വെള്ളാളർ കുടുംബത്തിൽ പിറന്നുവീണ കരുണാനിധി നന്നേ ചെറുപ്പത്തിൽ തന്നെ പെരിയാർ ഇ വി രാമസ്വാമിയുടെ നാസ്തിക, യുക്തിവാദലൈനിൽ ആകൃഷ്ടനായിരുന്നു. കൗമാരത്തിൽ തന്നെ സ്വാഭിമാന പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തനം ആരംഭിച്ചു. ജസ്റ്റിസ് പാർട്ടിയുടെ അനിഷേധ്യനേതാവായ അളഗിരിസ്വാമിയുടെ പ്രസംഗങ്ങളാൽ പ്രേരിതനായി സജീവരാഷ്ട്രീയ പ്രവർത്തനമാരംഭിക്കുമ്പോൾ കരുണാനിധിക്ക് പ്രായം വെറും 14  വയസ്സ്. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കരുണാനിധി മാനവനേശൻ എന്നപേരിൽ ഒരു വാരിക നടത്തിയിരുന്നു.

രാഷ്ട്രീയത്തിൽ അണ്ണാദുരൈയെ ഗുരുസ്ഥാനത്ത് കണ്ടിരുന്നു കരുണാനിധി. "നമുക്കുള്ളത് ഒരേയൊരു ഉയിർ, അത് നഷ്ടമാകുന്നതും ഒരേയൊരിക്കൽ. എന്നാൽപ്പിന്നെയത് നല്ലൊരു കാര്യത്തിനായിക്കൂടെ..?"- എന്ന് ചോദിച്ചത് അണ്ണാദുരൈ ആയിരുന്നു എങ്കിലും, ആ വാക്കുകളെ ജീവിതപ്രമാണമാക്കിയത് കരുണാനിധിയായിരുന്നു.   പതിനെട്ടുവയസ്സിൽ അദ്ദേഹം മുരശൊലി എന്നൊരു കയ്യെഴുത്തുമാസിക പുറത്തിറക്കി. 'ചേരൻ' എന്നതായിരിക്കുന്നു തൂലികാനാമം. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ കാലം. അന്നുതൊട്ടിന്നുവരെ മുരശൊലി പെരിയാറിന്റെ ദ്രാവിഡമുന്നേറ്റത്തിൽ വഹിച്ച പങ്ക് ഏറെ വലുതാണ്. സി എൻ അണ്ണാദുരൈയും കരുണാ നിധിയും ചേർന്ന് മുരശൊലിയിൽ എഴുതിയ ലേഖനങ്ങൾ പ്രൗഢഗംഭീരങ്ങളായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ പോലും അവ അനുരണനങ്ങൾ ഉണ്ടാക്കി. വിശേഷിച്ചും, കേന്ദ്രത്തിന്റെ നിയന്ത്രണങ്ങൾ സകല സീമകളും അതിലംഘിച്ച എഴുപതുകളിലെ അടിയന്തരാവസ്ഥക്കാലത്ത്. ഇന്ദിരയെ ഹിറ്റ്‌ലർ രൂപത്തിൽ വരച്ചുപ്രസിദ്ധീകരിച്ച ഒരു കാരിക്കേച്ചർ ന്യൂസ് വീക്ക് പുനഃപ്രസിദ്ധീകരിച്ചതോടെ അത് ദേശീയമാധ്യമങ്ങളിൽ ചർച്ചയായി. 

 
'പെരിയാറിനൊപ്പം സി എൻ അണ്ണാദുരൈ '

പെരിയാർ ദ്രാവിഡ കഴകം വിട്ട് 1949-ൽ ഡിഎംകെ എന്ന കക്ഷിയുണ്ടാക്കി അണ്ണാ ദുരൈ പിരിഞ്ഞുപോയപ്പോൾ കൂടെ കരുണാനിധിയും ഇറങ്ങിപ്പോയി.രാഷ്ട്രീയത്തോടൊപ്പം നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. കരുണാനിധി എഴുതി അഭിനയിച്ച 'തൂക്കുമേടൈ'(കഴുമരം) എന്ന സൂപ്പർഹിറ്റ് നാടകത്തിന്റെ നൂറാം വേദിയിൽ നടൻ എംആർ രാധയാണ് അദ്ദേഹത്തിന് കലൈഞ്ജർ എന്ന വിളിപ്പേരുനൽകുന്നത്. തന്റെ തിരക്കഥകളിലൂടെ കരുണാനിധി തമിഴ് രാഷ്ട്രീയത്തിലെ ചലനങ്ങൾ പകർത്തി, ഒപ്പം തന്റെ രാഷ്ട്രീയവും പറഞ്ഞു വെച്ചു. 

1957-ൽ കരുണാനിധി മുന്നോട്ടുവെച്ച രാഷ്ട്രീയ ആവശ്യങ്ങൾ, ഒരു പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ രാജ്യദ്രോഹപരം എന്നുപോലും കണക്കാക്കപ്പെട്ടേനെ. 'ദ്രാവിഡനാട്' എന്ന പേരിൽ സ്വതന്ത്രമായ ഒരു ഭരണസംവിധാനം തന്നെ വേണം എന്നായിരുന്നു അദ്ദേഹം പ്രതിനിധീകരിച്ച ഡിഎംകെ'യുടെ ആവശ്യം. പാർട്ടിക്ക് അന്ന് അംഗീകാരം കിട്ടിയില്ലെങ്കിലും മുപ്പത്തിമൂന്നുകാരനായ കരുണാനിധി കുളിത്തലൈ മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ചു കേറി. അതിനു ശേഷം തമിഴ്‌നാട്ടിൽ നടന്ന പതിനഞ്ചു തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം പതിമൂന്നെണ്ണത്തിൽ മത്സരിച്ചു. എല്ലാ പ്രാവശ്യവും ജയിച്ചുകേറുകയും ചെയ്തു. ഒന്നാമത്തെ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം അദ്ദേഹത്തെ 1961 -ൽ ഡിഎംകെയുടെ ഖജാൻജിയാക്കി. അടുത്ത വർഷം നിയമസഭയിലെ പ്രതിപക്ഷാഉപനേതാവും.

 

'കരുണാനിധിയും അണ്ണാദുരൈയും '

1967-ൽ അണ്ണാദുരൈ സർക്കാരുണ്ടാക്കിയപ്പോൾ കരുണാനിധി പൊതുമരാമത്തുവകുപ്പുമന്ത്രിയായി. 1969-ൽ അണ്ണാദുരൈ മരിച്ചപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയും. അണ്ണാദുരൈക്ക് ശേഷം സ്വാഭാവികമായും നെടുഞ്ചെഴിയാൻ നേതൃസ്ഥാനത്തേക്ക് വരേണ്ടതായിരുന്നു. എന്നാൽ കരുണാനിധി തന്റെ വാഗ്ചാതുരി കൊണ്ട് ആ സ്ഥാനം കയ്യടക്കുകയായിരുന്നു. അന്ന് നെടുഞ്ചെഴിയാനെ മലർത്തിയടിച്ച് അധികാരം കയ്യാളാൻ കരുണാനിധിയ്ക്ക് കൂട്ടുനിന്നത് ഒരു മലയാളിയായിരുന്നു. പേര് മരുതൂർ ഗോപാല രാമചന്ദ്രൻ എന്ന എംജിആർ. രാജകുമാരി, മാലൈക്കള്ളൻ പോലുള്ള ചിത്രങ്ങളിലൂടെ കരുണാനിധി താരമാക്കിയ അതേ എംജിആർ. 1972-ൽ കരുണാനിധിക്കെതിരെ അഴിമതി ആരോപണമുയർത്തി, അതിന്റെ പേരിൽ ഡിഎംകെയിൽ നിന്നും പുറത്തുപോയി, പിന്നീട് എഡിഎംകെ ഉണ്ടാക്കി കരുണാനിധിയുടെ എതിരാളിയായി മാറിയ അതേ എംജിആർ.  

 

'കരുണാനിധിയും എംജിആറും '

1970 -ൽ കരുണാനിധി തമിഴ്നാട് സംസ്ഥാനത്തിനായി ഒരു പ്രത്യേക ഫ്‌ളാഗ് വിഭാവനം ചെയ്ത ചരിത്രവും കരുണാനിധിക്കുണ്ട്.തമിഴ് അമ്പലങ്ങളുടെ ഗോപുരത്തെ സൂചിപ്പിക്കുന്ന ഒരു ഡിസൈൻ ആയിരുന്നു അതിൽ . 1974 വരെ  സംസ്ഥാനമുഖ്യമന്ത്രിമാർക്ക് ദേശീയ പതാക ഉയർത്താനുള്ള അനുവാദമുണ്ടായിരുന്നില്ല. ഗവർണർമാർക്കുമാത്രമുള്ള ഒരു പ്രിവിലേജ് ആയിരുന്നു അത് അന്നോളം. അക്കൊല്ലം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ ആദ്യമായി കരുണാനിധി തന്നെ ഇന്ത്യൻ പതാകയുയർത്തി. 

 

അതേ വർഷം ട്രിച്ചിയിൽ നടന്ന ഡിഎംകെ സമ്മേളനത്തിൽ കരുണാനിധി മുന്നോട്ടുവെച്ച 'മാനിലത്തിലെ സുയാട്ച്ചി, മതിയിലെ കൂട്ടാട്ച്ചി'അഥവാ 'സംസ്ഥാനത്ത് സ്വയംഭരണം, കേന്ദ്രത്തിൽ കൂട്ടുകക്ഷി  ഭരണം' എന്ന മുദ്രാവാക്യം തമിഴ്‌നാട്ടിൽ ഏറെ പ്രസിദ്ധമായി. കേന്ദ്രവും സംസ്ഥാനവും എന്ന സങ്കല്പങ്ങളെ ഊട്ടിയുറപ്പിക്കാനും, അതേ സമയം തന്നെ സംസ്ഥാനത്തിന്റെ പരമാധികാരങ്ങൾ അതുപോലെ നിലനിർത്തുവാനും അവർ ശ്രമിച്ചു. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ ജീവൻ കൊടുത്തും ചെറുക്കുമെന്ന് കരുണാനിധി അറിയിച്ചു. 

മാതൃകാ കേന്ദ്രഭരണം എന്നത് 'സംസ്ഥാനങ്ങളുടെ അധികാരങ്ങൾ അവർക്ക് വിട്ടുനൽകുന്ന, രാജ്യത്തിൻറെ അഖണ്ഡതയും പരമാധികാരവും നിലനിർത്താൻ വേണ്ടത്ര മാത്രം അധികാരം സ്വന്തം കൈയ്യിൽ നിലനിർത്തുന്ന ഒന്നാണ് 'എന്നായിരുന്നു അണ്ണാദുരൈയുടെ സങ്കൽപം. അദ്ദേഹത്തിന്റെ കാലടികൾ പിന്തുടർന്നായിരുന്നു കരുണാനിധിയുടെയും രാഷ്ട്രീയപ്രയാണം. തന്റെ സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കടന്നുകയറാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ എന്നും കരുണാനിധി ശക്തിയുക്തം എതിർത്തുപോന്നിരുന്നു. 
 
രാഷ്ട്രീയത്തിൽ കരുണാനിധിക്ക് സ്ഥിരം ശത്രുക്കളാരും തന്നെ ഉണ്ടായിരുന്നില്ല. 1976-ൽ, അടിയന്തരാവസ്ഥ നിലവിലുള്ളപ്പോൾ എംജിആറിന്റെ അഴിമതിയാരോപണങ്ങളുടെ ചുവടുപിടിച്ച് തന്റെ മന്ത്രിസഭയെ പിരിച്ചുവിട്ട അതേ ഇന്ദിരയ്ക്കുതന്നെ  എൺപതുകളിൽ സഖ്യമുണ്ടാക്കാൻ നേരം, " നെഹ്‌റുവിൻ മകളേ വരിക, നിലയാന ആട്ചി തരിക .." - നെഹ്രുവിന്റെ മകളേ വരിക, സ്ഥിരതയുള്ള ഭരണം തരിക.."  എന്ന് സ്വാഗതമോതി കരുണാനിധി. 

 

'കരുണാനിധി ഇന്ദിരയ്‌ക്കൊപ്പം '
 

തമിഴ്‍നാട് മക്കൾ നെഞ്ചേറ്റിയ അരസിയൽ ബിംബങ്ങളിൽ ഒരു പക്ഷേ, അവസാനത്തേതായിരുന്നു കരുണാനിധി. ഒരേസമയം നേതാവും കലാകാരനുമായിരിക്കാൻ അദ്ദേഹത്തിനായി. " എൻ ഉയിരിനും മേലാന കഴക ഉടമ്പിറപ്പുകളേ..." എന്ന് കരുണാനിധിയുടെ ഉറച്ച ശബ്ദം ഉച്ചഭാഷിണിയിലൂടെ ഒഴുകിവന്നപ്പോഴൊക്കെ, തമിഴർ ആ വിളിക്കു പിന്നാലെ ഇദയം നിറഞ്ഞ അൻപോടെ അണിനിരന്നു.                                                                      

click me!