ഇന്ത്യയിലെ കോടിക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് ഗുണം; ആര്‍.സി.ഇ.പി കരാറില്‍നിന്നും പിന്‍മാറിയതിനെക്കുറിച്ച് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍

By Web TeamFirst Published Dec 12, 2019, 2:40 PM IST
Highlights

ഇപ്പോള്‍ ചൈന ഉള്‍പ്പടെയുള്ള 15 രാജ്യങ്ങളാണ് കരാറുമായി മുന്നോട്ട് പോകുന്നത്. അടുത്ത ഫെബ്രുവരി വരെയാണ് ഇന്ത്യയ്ക്ക് കരാറില്‍ പങ്കുചേരാനുള്ള സമയം നല്‍കിയത്. ചൈനയില്‍ നിന്നുള്ള ക്രമാതീതമായ ഇറക്കുമതിയെ ഇന്ത്യ എതിര്‍ത്തിരുന്നു.

ഇന്ത്യ ആര്‍.സി.ഇ.പി കരാറില്‍ നിന്ന് പിന്‍മാറിയത് കാരണം കോടിക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്കാണ് ഗുണം ലഭിച്ചതെന്നും പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടിയ ഇന്ത്യക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യമായി മാറുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഈ തീരുമാനം സഹായിച്ചുവെന്നും ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ പ്രതിനിധി വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി 'അമുല്‍' എന്ന ബ്രാന്‍ഡില്‍ ക്ഷീരോല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ഇവര്‍.

ആര്‍.സി.ഇ.പി കരാര്‍ അനുസരിച്ച് സ്വതന്ത്ര വ്യാപാരത്തിനുള്ള അനുമതിയാണ് ഇന്ത്യയില്‍നിന്ന് ആവശ്യപ്പെട്ടത്. അതായത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ക്ഷീര ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാനുള്ള അവസരം. എന്നാല്‍ ഇത് ഇന്ത്യ അംഗീകരിച്ചില്ല.

ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് ഇന്ത്യയുടെ സീനിയര്‍ ജനറല്‍ മാനേജര്‍ ആയ ജയന്‍ മെഹ്ത പറയുന്നത്, 'കൃഷിയും ക്ഷീര ഉല്‍പ്പന്നങ്ങളും ഇന്ത്യയിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ്. അത് ബിസിനസ് അല്ല. ന്യൂസിലന്‍ഡില്‍ നിന്ന് വന്‍തോതില്‍ പാല്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇന്ത്യയിലെ പ്രാദേശിക ക്ഷീരകര്‍ഷകരെ ബാധിക്കും. ഇന്ത്യയില്‍ പാല്‍ ഉല്‍പാദനം കുറയുകയും ഇറക്കുമതി സാധ്യത കൂടുകയും ചെയ്യും.'

ഇന്ത്യയില്‍ പാല്‍ ഉത്പാദനത്തിനുള്ള ചെലവ് വളരെ കൂടുതലാണ്‌. പച്ചപ്പുല്ലിനും ഫോഡറിനും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വില കൂടുതലാണ്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യം. ഒരു വര്‍ഷത്തില്‍ ഏകദേശം 180 മില്യണ്‍ ടണ്‍ പാല്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

ആര്‍.സി.ഇ.പി കരാര്‍ വരുത്തുന്ന ദോഷങ്ങള്‍

പ്രദേശിക സംയോജിത ഉല്‍പ്പന്ന കൈമാറ്റ ഉടമ്പടിയാണ് യഥാര്‍ഥത്തില്‍ ആര്‍.സി.ഇ.പി. നമ്മുടെ ക്ഷീരമേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ് ഈ കരാര്‍ എന്ന് ഇന്ത്യ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ആസിയാനില്‍ അംഗങ്ങളായ പത്തുരാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും ചേര്‍ന്നുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ആണ് ഇത്. ഈ കരാറിനെക്കുറിച്ചുള്ള ഔദ്യോഗികമായ ചര്‍ച്ചകള്‍ ആരംഭിച്ചത് 2012 നവംബറിലാണ്.

പാലുല്പന്ന കയറ്റുമതിയുടെ കുത്തക നിലനിര്‍ത്തുന്ന രാജ്യങ്ങളാണ് ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും. നിയന്ത്രണമില്ലാതെ പാല്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയാല്‍ ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകര്‍ ദുരിതത്തിലാകും. ഇത്തരം സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷികമേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്ന് ക്ഷീരമേഖലയുമായി ബന്ധപ്പെട്ടവരും ചൂണ്ടിക്കാണിച്ചിരുന്നു.

ഇപ്പോള്‍ ചൈന ഉള്‍പ്പടെയുള്ള 15 രാജ്യങ്ങളാണ് കരാറുമായി മുന്നോട്ട് പോകുന്നത്. അടുത്ത ഫെബ്രുവരി വരെയാണ് ഇന്ത്യയ്ക്ക് കരാറില്‍ പങ്കുചേരാനുള്ള സമയം നല്‍കിയത്. ചൈനയില്‍ നിന്നുള്ള ക്രമാതീതമായ ഇറക്കുമതിയെ ഇന്ത്യ എതിര്‍ത്തിരുന്നു.

ഇന്ത്യ ആര്‍.സി.ഇ.പി കരാറില്‍ ഒപ്പുവെച്ചാല്‍ കാര്‍ഷികരംഗത്തും ചെറുകിട വ്യവസായമേഖലയിലും കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടി വരുമെന്നാണ് നീരീക്ഷകരുടെ വിലയിരുത്തല്‍. ക്ഷീരമേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാകാന്‍ പോകുന്നത്. ഇന്ത്യയില്‍ ഏകദേശം 10 കോടി കര്‍ഷകര്‍ പാലും പാലുത്പന്നങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്ത് ഉപജീവനം നയിക്കുന്നുണ്ട്. വന്‍കിട ഫാമുകളേക്കാള്‍ ചെറുകിട ഉത്പാദകരാണ് ഇവിടെ ക്ഷീരമേഖലയില്‍ നിന്ന് വരുമാനമുണ്ടാക്കുന്നത്. പലപ്പോഴും രണ്ടോ മൂന്നോ പശുക്കളെ വളര്‍ത്തി ജീവിക്കുന്നവരാണ് പല കര്‍ഷകരും.

പാലുത്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമായ രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ 180 ദശലക്ഷം മെട്രിക് ടണ്ണാണ് ഇന്ത്യയിലെ ആകെ ഉത്പാദനമെന്ന്‌ വിദഗ്ദ്ധര്‍ വിലയിരുത്തുമ്പോള്‍ 2033 ആകുമ്പോള്‍ 330 ദശലക്ഷം മെട്രിക് ടണ്ണായി ഉയരുമെന്നാണ് കരുതുന്നത്.

ആര്‍.സി.ഇ.പി കരാര്‍ നിലവില്‍ വന്നാല്‍ ഇന്ത്യയ്ക്ക് ക്ഷീര ഉത്പന്നങ്ങളുടെ മേല്‍ ചുമത്താവുന്ന തീരുവ പൂജ്യമാകും. ഇപ്പോള്‍ 65 ശതമാനം ബൗണ്ട് താരിഫ് നിലവിലുണ്ടെങ്കിലും 34 ശതമാനം തീരുവയേ ഇന്ത്യ ഉല്‍പ്പന്നങ്ങളുടെ പുറത്ത് ചുമത്തുന്നുള്ളു. കരാര്‍ നിലവില്‍ വന്നാല്‍ ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലണ്ടില്‍ നിന്നും പാല്‍, പാല്‍പ്പൊടി, വെണ്ണ എന്നിവയെല്ലാം നിര്‍ബാധം ഇന്ത്യയിലേക്ക് ഒഴുകിയെത്തുമെന്നതാണ് അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുത. ഇന്ത്യയിലെ ക്ഷീരോല്‍പ്പന്ന വിപണനത്തിന്റെ വലിയൊരു ഭാഗം വിദേശ കുത്തകകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള കുത്തക കമ്പനികളാണ് ഇന്ത്യയില്‍ വാഴുന്നത്. ഹൈദരാബാദിലെ തിരുമല മില്‍ക്ക് പ്രോഡക്ട്‌സ് ഏറ്റെടുത്ത ലാക്ടാലിസ് എന്ന ഫ്രഞ്ച് കമ്പനിയാണ് ആദ്യമായി ഇന്ത്യയില്‍ വന്ന് വലിയ നേട്ടങ്ങളുണ്ടാക്കിയത്. 


 

click me!