ഫാസിസ്റ്റ് ഹിറ്റ്‍ലറിന് അഹിംസാവാദിയായ മഹാത്മാ​ഗാന്ധി രണ്ട് കത്തുകളെഴുതി, അതെന്തിനായിരുന്നു?

By Web TeamFirst Published Oct 2, 2021, 7:31 AM IST
Highlights

"എന്നാൽ നിങ്ങളുടെയും, നിങ്ങളുടെ കൂട്ടാളികളുടെയും പ്രവൃത്തികൾ നിങ്ങൾ ഒരു ഭയങ്കരനും, അന്തസ്സിന് നിരക്കാത്ത പ്രവൃത്തി ചെയ്യുന്നവനുമാണെന്ന് തെളിയിക്കുന്നു. ലോകസ്നേഹത്തിൽ വിശ്വസിക്കുന്ന എന്നെപ്പോലെയുള്ള മനുഷ്യരുടെ കണ്ണിൽ പ്രത്യേകിച്ചും അത് വ്യക്തമാണ്."

തികച്ചും വ്യത്യസ്തരായ രണ്ടുപേരായിരുന്നു മഹാത്മാ ​ഗാന്ധിയും (Mahatma Gandhi), അഡോൾഫ് ഹിറ്റ്‍ലറും (Adolf Hitler). ഒരാൾ അഹിംസാവാദിയായിരുന്നു എങ്കിൽ മറ്റെയാൾ ഹിംസയെ പ്രോത്സാഹിപ്പിച്ചു. അവർ ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ല. എന്നാൽ പക്ഷേ, ഒരു ഘട്ടത്തിൽ മഹാത്മാഗാന്ധി അഡോൾഫ് ഹിറ്റ്‌ലറിന് രണ്ട് കത്തുകൾ (letters) എഴുതുകയുണ്ടായി. ഹിറ്റ്‍ലറെ 'സുഹൃത്ത്' എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. എന്തിനായിരുന്നു തന്റെ നീതിശാസ്ത്രവുമായി ഒട്ടും ഒത്തുപോകാത്ത ഹിറ്റ്ലറിന് ഗാന്ധിജി കത്തെഴുതിയത്? എന്തിനായിരുന്നു കത്തിൽ ഹിറ്റ്‍ലറെ 'സുഹൃത്ത്' എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്?  

"പ്രിയ സുഹൃത്തേ, ഞാൻ നിങ്ങളെ ഒരു സുഹൃത്തായി അഭിസംബോധന ചെയ്തത് ഔപചാരികമായിട്ടല്ല. എനിക്ക് ശത്രുക്കളില്ല" രണ്ടാമത്തെ കത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. 1940 ഡിസംബർ 24 -നാണ് ഇത് എഴുതിയത്. ആദ്യ കത്ത് 1939 ജൂലൈ 23 -നാണ് എഴുതുന്നത്. രണ്ട് കത്തുകളിലും മഹാത്മാഗാന്ധി ഹിറ്റ്ലറോട് അഭ്യർത്ഥിച്ചത് ഒരേ കാര്യമാണ്, രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കുക. ആദ്യത്തെ കത്ത് സുഹൃത്തുക്കളുടെ പ്രേരണ മൂലം എഴുതിയതാണെങ്കിൽ, രണ്ടാമത്തെ കത്ത് ഹിറ്റ്‍ലറുടെ നയങ്ങളിൽ നിരാശനായിട്ടായിരുന്നു എഴുതിയത്.

"മനുഷ്യത്വത്തിന്റെ പേരിൽ നിങ്ങൾക്ക് കത്തെഴുതാൻ സുഹൃത്തുക്കൾ എന്നെ പ്രേരിപ്പിച്ചു. എന്നാൽ, നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന നിസംഗത ഓർത്ത് ഞാൻ അവരുടെ അഭ്യർത്ഥനയെ എതിർത്തു. ഇന്ന് മനുഷ്യരാശിയെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഈ യുദ്ധം പിൻവലിക്കാൻ പ്രാപ്തിയുള്ള ഒരേയൊരു വ്യക്തി നിങ്ങളാണെന്ന് വ്യക്തമാണ്" ആദ്യ കത്തിൽ ഗാന്ധിജി എഴുതി. 

എന്നാൽ ആരുടെയെങ്കിലും ഉപദേശം കേൾക്കുന്ന സ്വഭാവക്കാരനായിരുന്നില്ല ഹിറ്റ്ലർ. മഹാത്മാഗാന്ധിയുടെ ഉപദേശമൊന്നും അവിടെ വിലപ്പോയില്ല. കഷ്ടിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും 1939 സെപ്റ്റംബർ ഒന്നിന്, ഹിറ്റ്ലറുടെ സൈന്യം പോളണ്ട് ആക്രമിച്ചുകൊണ്ട് രണ്ടാം ലോക മഹായുദ്ധത്തിന് തുടക്കം കുറിച്ചു.  

എന്നാൽ, അങ്ങനെ പിന്മാറാൻ ഗാന്ധിജിയും ഒരുക്കമല്ലായിരുന്നു. അദ്ദേഹം ഹിറ്റ്‌ലറിന് രണ്ടാമതും കത്തെഴുതി. ഇപ്രാവശ്യം അത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. രണ്ടാമത്തെ കത്തിൽ, മഹാത്മാഗാന്ധി രണ്ടാം ലോക മഹായുദ്ധത്തെ നിന്ദിച്ചു. "പിതൃരാജ്യത്തോടുള്ള നിങ്ങളുടെ ഭക്തിയെക്കുറിച്ച് ഞങ്ങൾക്ക് സംശയമില്ല. അതുപോലെ എതിരാളികൾ നിങ്ങളെ രാക്ഷസനെന്ന് വിശേഷിപ്പിക്കുന്നതും ഞങ്ങൾ വിശ്വസിക്കുന്നില്ല" മഹാത്മാ ഗാന്ധി ഹിറ്റ്‌ലറോട് പറഞ്ഞു.

തുടർന്ന് കത്തിൽ തനിക്ക് മാത്രം സ്വന്തമായ ശൈലിയിൽ മഹാത്മാഗാന്ധി ഹിറ്റ്‌ലറെ പരിഹസിച്ചു. അദ്ദേഹം എഴുതി, "എന്നാൽ നിങ്ങളുടെയും, നിങ്ങളുടെ കൂട്ടാളികളുടെയും പ്രവൃത്തികൾ നിങ്ങൾ ഒരു ഭയങ്കരനും, അന്തസ്സിന് നിരക്കാത്ത പ്രവൃത്തി ചെയ്യുന്നവനുമാണെന്ന് തെളിയിക്കുന്നു. ലോകസ്നേഹത്തിൽ വിശ്വസിക്കുന്ന എന്നെപ്പോലെയുള്ള മനുഷ്യരുടെ കണ്ണിൽ പ്രത്യേകിച്ചും അത് വ്യക്തമാണ്."

ഇതിനോടകം ഹിറ്റ്ലർ പോളണ്ട്, ചെക്കോസ്ലോവാക്യ, ഡെൻമാർക്ക് എന്നിവ ആക്രമിക്കുകയും കീഴടക്കുകയും ചെയ്തിരുന്നു. "ചെക്കോസ്ലോവാക്യയെ അപമാനിച്ചതും, പോളണ്ടിനെ പീഡിപ്പിച്ചതും, ഡെൻമാർക്കിനെ അപ്പാടെ വിഴുങ്ങിയതും എല്ലാം അത്തരം പ്രവൃത്തികളായിരുന്നു. നിങ്ങളുടെ ജീവിതവീക്ഷണം അത്തരം നെറികേടിനെ സദാചാരപ്രവൃത്തികളായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ, അതെല്ലാം മനുഷ്യത്വത്തെ അവഹേളിക്കുന്ന പ്രവൃത്തികളായി കാണാനാണ് കുട്ടിക്കാലം മുതലേ ഞങ്ങൾ പഠിച്ചത്. അതിനാൽ നിങ്ങൾക്ക് വിജയം ആശംസിക്കാൻ ഞങ്ങൾക്കാവില്ല" ഗാന്ധി കൂട്ടിച്ചേർത്തു.

എന്നാൽ, ആ യുദ്ധം ഹിറ്റ്ലറുടെ തോൽവിയിലേക്കുള്ള യാത്രയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്‌ലറുടെ പതനം 1941 -ന്റെ രണ്ടാം പകുതിയിൽ ആരംഭിച്ചു. ഫ്രാൻസ്, യുകെ, ബ്രിട്ടീഷ് ഇന്ത്യ, സോവിയറ്റ് യൂണിയൻ, യുഎസ്എ എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യസേന അയാളെ മുട്ടുകുത്തിച്ചു. തുടർച്ചയായ തോൽവികൾക്ക് ശേഷം, 1945 ഏപ്രിൽ 30 -ന് ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. അയാളുടെ യുദ്ധനയങ്ങൾ പിന്നീട് അയാൾ ഭരിച്ച ജർമ്മനി തന്നെ തള്ളിപ്പറയുകയുണ്ടായി. ഹിറ്റ്‌ലറിന് എഴുതിയ കത്തിൽ മഹാത്മാഗാന്ധി ഇത് പ്രവചിച്ചിരുന്നു.

"ബ്രിട്ടീഷുകാരല്ലെങ്കിൽ, മറ്റേതെങ്കിലും ശക്തി തീർച്ചയായും നിങ്ങളുടെ ആയുധം ഉപയോഗിച്ച് നിങ്ങളെ തന്നെ തോൽപ്പിക്കും. നിങ്ങളുടെ ജനങ്ങൾക്ക് അഭിമാനിക്കാവുന്ന ഒരു പൈതൃകവും നിങ്ങൾ അവശേഷിപ്പിക്കില്ല" മഹാത്മാ ഗാന്ധി പറഞ്ഞു. ഇന്ന് ഭീകരത സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിൽ ഗാന്ധിജിയുടെ ആ കത്തിൽ പരാമർശിക്കുന്ന സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കൂടുതൽ പ്രസക്തമാവുന്നു.  

click me!