Asianet News MalayalamAsianet News Malayalam

സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

എന്റെ കൊവിഡ് ദിനങ്ങള്‍. കൊവിഡ് വാര്‍ഡില്‍ കഴിയുന്നതിനിടെ, ജസീന റഹീം എഴുതിയ കുറിപ്പുകള്‍ തുടരുന്നു. 

notes from a covid 19 treatment centre by jaseena rahim part 3
Author
Thiruvananthapuram, First Published May 13, 2021, 6:50 PM IST

പക്ഷേ ആ സമാധാനം കേവലം രണ്ട് മണിക്കൂറിനപ്പുറം നീണ്ടുനിന്നില്ല. ആന്റി വീണ്ടും വളരെ ആക്ടീവായി. ബാത്ത് റൂം തുറന്നിട്ട് ആന്റി വാഷിങ് പണിയിലേക്ക് കടന്നു. ടാപ്പ് തുറന്ന് മലവെള്ള പ്രവാഹം പോലെ കുത്തിയൊലിച്ച് വരുന്ന ജലധാരയുടെ ഘോരശബ്ദവും നിര്‍ത്താതെയുള്ള ആന്റിയുടെ ചുമയും ചേര്‍ന്ന് ഞങ്ങളുടെ ഉറക്കത്തെ തകിടംമറിച്ചു കളഞ്ഞു.  പുലര്‍ വെട്ടത്തിനൊപ്പം ആന്റിയെ വിശാലമായി ഞാന്‍ കാണുമ്പോള്‍ ആ കണ്ണുകളില്‍ ദുഃഖം തളം കെട്ടി നിന്നിരുന്നു.

 

notes from a covid 19 treatment centre by jaseena rahim part 3

 

'ഡും ഡും ഡും... കൊറോണാ രാജകുമാരിയുമായി ഞാനിതാ എത്തിക്കഴിഞ്ഞേ...'

ഏതാണ്ട് ഈ മട്ടിലുള്ള ഒരു വിളംബരവുമായാണ് അര്‍ദ്ധരാത്രി രണ്ട് മണിയോടടുത്ത സമയത്ത് സരസ്വതിയാന്റി കോവിഡ് വാര്‍ഡില്‍ തന്റെ സാന്നിധ്യമറിയിച്ചത്. നെടുനീളന്‍ ഹാളിന്റെ വിശാലതയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് തനിക്ക് കംഫര്‍ട്ടായ ഒരു ബെഡ് തരപ്പെടുത്തി ആന്റി സമാധാനം പൂണ്ടു.

വളരെ വ്യത്തിയായി ഉടുത്തിരുന്ന കടും പച്ച സാരിയില്‍ നിന്ന് നൈറ്റിയിലേക്ക് പരകായപ്രവേശനം ചെയ്ത ആന്റി താനൊരു സൂപ്പര്‍ടെയിലറാണന്നും തയ്യല്‍ ടീച്ചറാണന്നും തയ്യല്‍ സ്റ്റുഡന്റ്‌സ് തന്നെ ടീച്ചറാന്റീന്നാണ് വിളിക്കാറുള്ളതെന്നും  ആ അര്‍ദ്ധരാത്രിയില്‍ ഉറക്കം മുറിഞ്ഞ് കിടന്ന എന്നോട്  വളരെ അഭിമാനത്തോടെ പറഞ്ഞു, അതോട് കൂടി ആ ടീച്ചറാന്റിയെ ഞാനുമങ്ങേറ്റെടുത്തെങ്കിലും ഇനിയും എന്തൊക്കെയോ പറയാന്‍ ആന്റി വീര്‍പ്പുമുട്ടുന്നതറിഞ്ഞ് ആ ശ്രമത്തെ ഞാന്‍ നിരുത്സാഹപ്പെടുത്തി. ബാക്കിയുള്ള മൂന്നു പേരുടെ ഉറക്കത്തിന്റെ താളത്തെ ബാധിക്കരുത് എന്ന സദുദ്ദേശമായിരുന്നു അതിന് പിന്നില്‍.                  

പക്ഷേ ആ സമാധാനം കേവലം രണ്ട് മണിക്കൂറിനപ്പുറം നീണ്ടുനിന്നില്ല. ആന്റി വീണ്ടും വളരെ ആക്ടീവായി. ബാത്ത് റൂം തുറന്നിട്ട് ആന്റി വാഷിങ് പണിയിലേക്ക് കടന്നു. ടാപ്പ് തുറന്ന് മലവെള്ള പ്രവാഹം പോലെ കുത്തിയൊലിച്ച് വരുന്ന ജലധാരയുടെ ഘോരശബ്ദവും നിര്‍ത്താതെയുള്ള ആന്റിയുടെ ചുമയും ചേര്‍ന്ന് ഞങ്ങളുടെ ഉറക്കത്തെ തകിടംമറിച്ചു കളഞ്ഞു. 

പുലര്‍ വെട്ടത്തിനൊപ്പം ആന്റിയെ വിശാലമായി ഞാന്‍ കാണുമ്പോള്‍ ആ കണ്ണുകളില്‍ ദുഃഖം തളം കെട്ടി നിന്നിരുന്നു. നാല് ദിവസമായി മെഴ്‌സി ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്ന ആന്റിയെ കഴിഞ്ഞ ദിവസം രാവിലെ വിമ്മിഷ്ടം കൂടിയതിനെ തുടര്‍ന്ന് കൊട്ടിയത്തെ ഒരു ആശുപത്രിയിലേക്ക് ഷിഫ്റ്റു ചെയ്‌തെങ്കിലും തിരിച്ചു കൊണ്ടുവന്നതാണ്. 

കൊട്ടിയം ആശുപത്രിയിലെ അവിടുത്തെ അവസ്ഥ പരമദയനീയമായിരുന്നുവെന്നാണ് ആന്റി അതിനു കാരണം പറയുന്നത്. നിന്ന് തിരിയാന്‍ പോലും ഇടമില്ലാത്ത അവസ്ഥ, അവഗണന എന്നിങ്ങനെ പ്രശ്‌നങ്ങള്‍. ഒച്ച ഉയര്‍ത്തിയപ്പോള്‍ തല്‍ക്കാലം ഒരു ഐ വി ഡ്രിപ്പില്‍ ഒതുക്കാം എന്നായി അവിടത്തെ 'ദുഷ്ടര്‍.' അരമിനുറ്റില്‍ ഒരു തുള്ളിയായ് അടര്‍ന്ന് വീഴുന്ന കാനുലയുമായി ആന്റിയെ അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് അടുത്ത ആരോപണം. 

എന്തുകൊണ്ടോ അതിന്റെ വിശ്വാസ്യയോഗ്യതയെക്കുറിച്ച് എനിക്ക് രണ്ടാമത് ആലോചിക്കേണ്ടിവന്നു. കാരണം, എന്റെ അനുഭവം മറിച്ചായിരുന്നു. കൊവിഡ് രോഗികള്‍ക്ക് വേണ്ട പരിചരണം നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം അങ്ങേയറ്റം കാര്യക്ഷമതയോടെ, മനുഷ്യപ്പറ്റോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് എന്റെ വിശ്വാസവും അനുഭവവും. എന്നാലതിനെയൊന്നും തരിമ്പും വകവെയ്ക്കാതെ, ഒരു ഡ്യൂട്ടി ഡോക്ടര്‍ പോലും തന്നെ നോക്കിയിട്ടില്ലെന്ന പരാതിയില്‍നിന്ന് ഒരിഞ്ചു പിന്നോട്ടുപോവാന്‍ ആന്റി തയ്യാറായില്ല.  

കാര്യമെന്തായാലും, ആന്റിയുടെ പ്രതിഷേധം കനത്തപ്പോള്‍, വന്നതിലും വേഗം അവരെ മേഴ്‌സി ഹോസപിറ്റലിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം ഉണ്ടായത്. അങ്ങനെയാണ് പാതിരാത്രിയില്‍ ആംബുലന്‍സില്‍ തനിച്ച് മടക്കി അയക്കാന്‍ ശ്രമമുണ്ടായതത്രെ. തുടര്‍ന്ന്, വിമ്മിഷ്ടം പിടിച്ച കൊവിഡ് രോഗിയായ എന്നെ തനിച്ച് പാതിരാത്രിയില്‍ ആംബുലന്‍സില്‍ കയറ്റി വിട്ടാല്‍ കളി കാര്യമാകും കുഞ്ഞുങ്ങളേ എന്ന ഭീഷണിയില്‍ വിരണ്ട്, ഒരു സെക്യൂരിറ്റിയുടെ അകമ്പടിയോടെ തന്നെ മെഴ്‌സി ഹോസ്പിറ്റലില്‍ തിരികെ എത്തിക്കുകയായിരുന്നു എന്നാണ് ആന്റി പറയുന്നത്.                      

അങ്ങനെയാണ് ആന്റി ഞങ്ങളുടെ വാര്‍ഡില്‍ ഉദയസൂര്യനെപ്പോലെ ജ്വലിച്ചുനില്‍ക്കാന്‍ തുടങ്ങിയത്. 

ആശുപത്രിയുടെ ഭൂമിശാസ്ത്രം കൂടുതലായ് അറിയുന്നത് ടീച്ചറാന്റിയിലൂടെയാണ്. ചെറിയ ഒരു കുന്നിന്‍മുകളിലായി ചുറ്റിനും പച്ചപ്പ് നിറഞ്ഞ ഒരിടത്താണ് മെഴ്‌സി ഹോസ്പിറ്റല്‍. ഭൂമിക്കടിയിലാണ് ആദ്യ നില. ഞാനുള്‍പ്പെട്ടവര്‍ നിറഞ്ഞ ഒന്നാം വാര്‍ഡ് ആദ്യ നിലയിലായതിനാല്‍ എപ്പോഴും ഇരുണ്ട് മൂടി കിടന്നു.ചികിത്സയുടേയും ആഹാരത്തിന്റെയും കാര്യത്തില്‍ പക്കാ ആയിരുന്നെങ്കിലും ക്ലീനിങ്ങ് സംവിധാനങ്ങള്‍ അപ്പാടെ തകരാറിലായിരുന്നു. കോവിഡ് പേഷ്യന്റ്‌സ് നിറഞ്ഞ സ്ഥലം ക്ലീന്‍ ചെയ്യാന്‍ പുറത്ത് നിന്ന് ആളെത്തുന്നതിലുള്ള തടസ്സം തന്നെ കാരണം. അഡ്മിറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ആ കാര്യം ധരിപ്പിച്ചിരുന്നു. അതാത് റൂമിലുള്ളവര്‍ തന്നെ ക്ലീന്‍ ചെയ്യണം എന്നാണ് നിബന്ധന. എന്നാല്‍, അതിന് വേണ്ടി ഒരു ചൂല്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. 'ഇതെന്താപ്പാ ആനേ വാങ്ങാം, പക്ഷേ തോട്ടി വാങ്ങാന്‍ കാശില്ലെന്ന് പറയുന്ന ഗതി! കോവിഡ് കാലത്തിന്റെ തുടക്കം മുതല്‍ അടിഞ്ഞ് കൂടിയ പൊടികളില്‍ കോടിക്കണക്കിന് കൊറോണാ വൈറസ് പാഞ്ഞ് നടക്കുന്നതായി എനിക്ക് തോന്നി. സര്‍വ്വം കൊറോണാമയം എന്ന് ഞാന്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു.

 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

 

അതിനിടയിലാണ്, ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ആന്റിയുടെ കരച്ചില്‍. ഒന്നാം വാര്‍ഡിന്റെ ഇടനാഴിയില്‍ മൂന്നു നേരം കൃത്യമായി നിറച്ച് വെക്കുന്ന ചൂടുവെള്ളം ഫ്‌ളാസ്‌കിലേക്ക് പകര്‍ത്തുന്നതിനിടയിലാണ് സരസ്വതി ആന്റി ഉച്ചത്തില്‍ കരഞ്ഞ് കൊണ്ട് എന്റെയടുത്തേക്ക് വന്നത്. കാരണമന്വേഷിച്ചപ്പോള്‍ ഞാനും സങ്കടത്തിലായി.    
                
ആന്റിയുടെ മുപ്പത്തിയൊന്നുകാരിയായ മകള്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ട് പതിനാറ് ദിവസങ്ങളായി. ഏക മകളാണ്. ആന്റിയുടെ ഭര്‍ത്താവ് മകളുടെ രണ്ടാമത്തെ വയസ്സില്‍ മരണപ്പെട്ടു.മകള്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു അതിന് ശേഷമുള്ള ചേച്ചിയുടെ ജീവിതം. തയ്യല്‍ മെഷീന്‍ ചവുട്ടി ജീവിതം കരുപ്പിടിപ്പിക്കാന്‍ ചേച്ചിക്ക് കഴിഞ്ഞു. കുഞ്ഞൊരു സ്വപ്ന വീട് പണിതു. മകളെ യാതൊരു കുറവുകളുമില്ലാതെ വളര്‍ത്തി വിദ്യാഭ്യാസം നല്‍കി. വിവാഹം കഴിപ്പിച്ചയച്ചു. ഇപ്പോള്‍ മകള്‍ക്ക് മിടുക്കരായ രണ്ട് കുട്ടികളുണ്ട്. ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ജോലിയുണ്ട്. എങ്കിലും, കൊവിഡ് പിടിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായ ശേഷം കാര്യങ്ങള്‍ മാറി. 

'കഴിഞ്ഞ പതിനാറ്  ദിവസങ്ങളായി, കുളിക്കാന്‍ പോലും കഴിയാതെ പ്രാന്ത് പിടിക്കുന്നമ്മേ' എന്ന് മകള്‍ കരഞ്ഞ് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിഷമത്തിലാണ് ആന്റി ഏങ്ങി കരയുന്നത്. അപ്പോള്‍, കോവിഡ് രോഗം അപ്പാടെ തളര്‍ത്തി കഴിഞ്ഞിരുന്ന  എന്നെ ഉദാഹരണമാക്കി ഞാന്‍ ആശ്വാസവാക്കുകള്‍ ഞാന്‍ ചൊരിഞ്ഞു.  'ദേ ഈ എന്നെ തന്നെയൊന്ന് നോക്ക് ചേച്ചി, നല്ലപോലൊന്ന് കുളിച്ചിട്ടും നനച്ചിട്ടും എത്ര നാളായി. ആന്റിക്കറിയാല്ലോ ഇത് നമ്മുടെ മാത്രം അവസ്ഥയല്ല ലോകത്തിലെ അനേകായിരങ്ങളും ഇങ്ങനെതന്നെയൊക്കെ കെടന്ന് പാട് പെടുവാ. എത്രയോ സ്ഥലങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം കാരണം ആളുകള്‍ പിടഞ്ഞ് വീഴുന്നു, നമ്മക്കിപ്പം ഇത്രേക്കെ സൗകര്യമുണ്ടല്ലോ ആന്റീ.'

എന്റെ സാന്ത്വന വചനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞു, ആന്റി. 

യേശു ഇടപെട്ട് പലര്‍ക്കും പ്രാര്‍ത്ഥനയിലൂടെ പല രോഗങ്ങള്‍ക്കും ശാന്തി  നല്‍കിയിട്ടുണ്ടെന്നും, താനും അതില്‍ അനുഭവസ്ഥയാണെന്നും പറഞ്ഞ ചേച്ചി എന്റെ കുഞ്ഞിന്റെ അസുഖം വേഗം ഭേദമാക്കണേ യേശുവേ എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു.                   

മകളുടെ ഭര്‍ത്താവിനേയും മക്കളേയും ഇതിനകം കൊറോണ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ആര്‍ക്കും ആരേയും സഹായിക്കാന്‍ പറ്റാത്ത അവസ്ഥ. ഒരു സോപ്പ് വാങ്ങി തരാന്‍ ആരെങ്കിലും തയ്യാറായിരുന്നെങ്കില്‍ എന്ന മകളുടെ നിലവിളി കേട്ട നേരം മുതല്‍ ഒരു സോപ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ആന്റി.        
        
പോസ്‌റ്റോഫീസ് വഴി ഒരു സോപ്പ് അയക്കുമോ എന്ന് ബന്ധുവായ പയ്യനെ വിളിച്ച് ചോദിച്ചു. അതൊന്നും അത്ര എളുപ്പം നടക്കുന്ന കാര്യമല്ലെന്നും പത്തോളം വാട്‌സപ് ഗ്രൂപ്പില്‍ അംഗമായ എനിക്ക് ഈ കാര്യത്തില്‍ ആന്റിയെ സഹായിക്കാനാകും എന്നും പക്ഷേ, അവന്‍ ഉറപ്പ് നല്‍കി. 

വാട്ട്‌സാപ്പ് ഗ്രൂപ്പ് എന്നു കേട്ടപ്പോള്‍ തന്നെ ഞാനൊന്നു ഞെട്ടി. കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ളവരുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായ ഞാന്‍ എനിക്കുണ്ടായ അനുഭവമോര്‍ത്താണ് ഞെട്ടിയത്. കോവിഡ് ബാധിച്ചതിന് ശേഷം ആദ്യമായി ഓപ്പണ്‍ ചെയ്തപ്പോള്‍ ആ ഗ്രൂപ്പില്‍ ഓടി നടക്കുന്ന ഒരു മെസേജ് കണ്ടിരുന്നു. അതാരു കണ്ടാലും അങ്ങനെ ഞെട്ടുമായിരുന്നു.  

'പ്രിയപ്പെട്ട ഗ്രൂപ്പ് അംഗങ്ങളേ ,ഈ ഗ്രൂപ്പില്‍ അംഗമായ ശ്രീമതി ജസീനാ റഹിമിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. സംസാരിക്കാനൊന്നും സാധിക്കുന്നില്ല എന്നാണറിവ്.  എല്ലാവരും അവര്‍ക്കായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക'

ഇതായിരുന്നു മെസേജ്. തുടര്‍ന്നങ്ങോട്ട് മറ്റു ചില ഗ്രൂപ്പുകള്‍ ഓപ്പണ്‍ ചെയ്തപ്പോഴും ഇത് തന്നെ സ്ഥിതി. ജസീന റഹിം ക്രിട്ടിക്കലാണ് എന്ന മട്ടിലുള്ള മെസേജുകള്‍് ഒന്ന് വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുക പോലും ചെയ്യാതെ, ഉറ്റവരെന്ന് കരുതിയിരുന്നവര്‍ അടക്കമുള്ളവരുടെ മെസേജുകളും പല മട്ടിലുള്ള വിശദീകരണങ്ങളും ഒക്കെ കണ്ട് ഞാന്‍ ബോധംകെട്ടു. 

എന്തായാലും പയ്യന്‍സിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പിനെ സോപ്പുമായി ബന്ധിപ്പിക്കാന്‍ പിന്നെ ഞാനിടം കൊടുത്തില്ല. തിരുവനന്തപുരത്തുള്ള ഒരു ബന്ധുവിനെ വിളിച്ച് സോപ്പ് എത്തിക്കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്യാം എന്ന് ഞാന്‍ ആന്റിക്ക് ഉറപ്പ് കൊടുത്തു.      
         
'ഇത് ചെയ്ത് തന്നതിന് എന്റെ മോള്‍ക്ക് നൂറ് പുണ്യം കിട്ടുമെന്ന്' ആവര്‍ത്തിച്ച് പറയുന്നതിനിടെ ആന്റിയുടെ മകളുടെ വിളി വീണ്ടുമെത്തി. ഡിസ്ചാര്‍ജാകും എന്ന സൂചനയോടെ സംസാരിച്ച് കൊണ്ടിരിക്കെ ഫോണ്‍ ഡിസ്‌കണക്ട് ആയത് ചേച്ചിയെ വീണ്ടും അങ്കലാപ്പിലാക്കി ..   
      
അന്ന് രാത്രി മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് മണിവരെ ഉണര്‍ന്നിരുന്ന് ആന്റി മകളെ വിളിച്ച് കൊണ്ടേയിരുന്നു. ടെന്‍ഷന്‍ കാരണം ആന്റിയുടെ ഓക്‌സിജന്‍ ലെവല്‍ വല്ലാതെ താഴ്ന്നു. ഇങ്ങോട്ട് വരുന്ന പല കോളുകളും മകളുടേതാണെന്ന് അവര്‍ പലപ്പോഴും വെപ്രാളപ്പെട്ടു.ആന്റി മകളെ വിളിച്ച് കൊണ്ടേയിരുന്നു. ടെന്‍ഷന്‍ കാരണം ആന്റിയുടെ ഓക്‌സിജന്‍ ലെവല്‍ വല്ലാതെ താഴ്ന്നു. ഇങ്ങോട്ട് വരുന്ന പല കോളുകളും മകളുടേതാണെന്ന് അവര്‍ പലപ്പോഴും വെപ്രാളപ്പെട്ടു. 

അങ്ങനെ നീണ്ട മണിക്കൂറുകള്‍ കാത്തിരുന്നതിനൊടുവില്‍ ഏകദേശം പത്തരയോടെ മകളുടെ വിളിയെത്തി. മകളുടെ സ്വരം കേട്ടയുടന്‍ ആന്റി സ്വയം മറന്ന് പലതും പുലമ്പി. 

'അമ്മേടെ പൊന്ന് മോളെ, ചക്കരേ, എന്റെ കുട്ടിയുടെ സ്വരം അമ്മ ദാ കേട്ടല്ലോ, എന്റെ മുത്തേ അമ്മ ഇന്നലെ ഉറങ്ങീല്ലടാ കരളേ, എന്റെ വാവക്കൊരു പ്രശ്‌നവുമില്ലാല്ലോ'

ഒരിക്കലും നിലക്കാത്ത മാത്യസ്‌നേഹപ്രവാഹമായിരുന്നു അത്.            
               
ഫോണ്‍ കംപ്ലയിന്റ് ആയി പോയതാണ് പ്രശ്‌നമെന്ന് മകള്‍ പറഞ്ഞാശ്വസിപ്പിച്ചപ്പോഴേക്കും ആന്റിയെത്തേടി ആംബുലന്‍സ് എത്തിയിരുന്നു; ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞ് പ്രതിസന്ധിയിലായ ആന്റിയെ കൊല്ലം ജില്ലാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാന്‍!

 

(അടുത്ത ഭാഗം നാളെ)

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

Follow Us:
Download App:
  • android
  • ios